മാരുതി കാറുകൾക്ക് 2.25 ലക്ഷം വരെ വില കുറയും, ഔദ്യോഗിക പ്രഖ്യാപനം കാത്ത് രാജ്യം; ആൾട്ടോയെല്ലാം ചീപ്പാവും
ജിഎസ്‌ടി കുറച്ചതോടെ രാജ്യത്തെ പ്രമുഖ വാഹന ബ്രാൻഡുകളെല്ലാം വിലക്കുറവ് പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ഷോറൂമിലേക്ക് ആകർഷിക്കുകയാണ്. ടാറ്റ മോട്ടോർസ്, റെനോ, മഹീന്ദ്ര, ടൊയോട്ട, സ്കോഡ, കിയ, എംജി, ഹ്യുണ്ടായി തുടങ്ങിയവരെല്ലാം അവരുടെ വാഹനങ്ങളുടെ പുതിയ വില പ്രസിദ്ധീകരിക്കുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ ഓരോ മാസവും ലക്ഷക്കണത്തിന് കാറുകൾ വിറ്റഴിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി മാത്രം ഇതുവരെ നികുതി കുറച്ചുള്ള വിലയൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്നത് പലരേയും അമ്പരപ്പിച്ചിട്ടുണ്ട്. സെപ്റ്റംബർ 22 വരെ കാത്തിരിക്കാനാണോ മാരുതിയുടെ പ്ലാൻ എന്നതാണ് ഇനി കണ്ടറിയേണ്ടത്.
എന്തായാലും പുതിയ ജിഎസ്‌ടിയെ അടിസ്ഥാനമാക്കിയുള്ള ഔദ്യോഗിക വില വിവരങ്ങൾ കമ്പനി ഉടൻ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് അനുമാനം. മാരുതി സുസുക്കി ചെയർമാൻ ആർസി ഭാർഗവ ഇതിനകം തന്നെ ജനപ്രിയമായ ചില മോഡലുകളിൽ ഗണ്യമായ വില കുറയ്ക്കുമെന്ന് സൂചന നൽകിയിട്ടുണ്ട്. അതിൽ ചെറുകാറുകളും ഉൾപ്പെടുമെന്നതാണ് ശ്രദ്ധേയമായ കാര്യം.

മാരുതി സുസുക്കിയുടെ മോഡൽ നിരയിൽ 35,000 രൂപ മുതൽ 2.25 ലക്ഷം രൂപ വരെ വില കുറയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ ജിഎസ്ടി സ്ലാബുകൾ ഉടൻ നടപ്പിലാക്കാൻ പോകുന്നതിനാൽ മാരുതിയുടെ പാസഞ്ചർ വാഹനങ്ങൾക്ക് എത്രത്തോളം വിലക്കുറവ് സംഭവിക്കുമെന്ന കണക്കുകൾ ഒന്ന് നോക്കിയാലോ? ഔദ്യോഗികമല്ലെങ്കിലും ഏകദേശ രൂപം ഇതിലൂടെ നിങ്ങൾക്ക് മനസിലാക്കാൻ സാധിക്കും.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചെറുകാറുകൾ വിൽക്കുന്നത് മാരുതി സുസുക്കിയാണ്. ആൾട്ടോ K10 മോഡലിൽ നിന്നാണ് ബ്രാൻഡിന്റെ പാസഞ്ചർ വാഹന ശ്രേണി ആരംഭിക്കുന്നത്. അതേസമയം ഫ്ലാഗ്ഷിപ്പ് മോഡലായുള്ളത് ടൊയോട്ട ഹൈക്രോസിന്റെ റീബാഡ്‌ജ് പതിപ്പായ ഇൻവിക്ടോ ആണ്. ഈ പ്രീമിയം എംപിവിക്കായിരിക്കും ഏറ്റവും വലിയ വിലക്കുറവ് ലഭിക്കുക. ആയതിനാൽ ഏകദേശം 2.25 ലക്ഷം രൂപ വരെ വില കുറഞ്ഞേക്കാം.

അതേസമയം ആൾട്ടോ K10, എസ്-പ്രെസോ, സെലേറിയോ, വാഗൺആർ എന്നിവയ്ക്കും കാര്യമായ വിലക്കുറവുണ്ടായേക്കുമെന്നാണ് വിവരം. ആൾട്ടോയ്ക്ക് 40,000 രൂപ വരെ വിലക്കുറവ് ലഭിക്കും. അങ്ങനെ ഹാച്ച്ബാക്കിന്റെ പ്രാരംഭ വില 4.09 ലക്ഷത്തിൽ നിന്ന് 3.79 ലക്ഷമായി കുറയും. വാഗൺആർ, സെലേറിയോ, എസ്-പ്രെസോ തുടങ്ങിയ മോഡലുകൾക്ക് യഥാക്രമം 57,000 രൂപ, 50,000 രൂപ, 38,000 രൂപ എന്നിങ്ങനെയായിരിക്കും വില കുറയുക.
പുതിയ ജിഎസ്ടി സ്ലാബുകൾ നിലവിൽ വരുന്നത് പ്രകാരം മാരുതി സുസുക്കി സ്വിഫ്റ്റ്, ഡിസയർ, ബലേനോ, ഫ്രോങ്ക്സ് എന്നീ കോംപാക്‌ട് മോഡലുകൾക്ക് യഥാക്രമം 58,000 രൂപ, 61,000 രൂപ, 60,000 രൂപ, 68,000 രൂപ വരെ വിലക്കുറവുണ്ടായേക്കും. യൂട്ടിലിറ്റി വെഹിക്കിൾ വിഭാഗത്തിലേക്ക് വന്നാൽ ബ്രെസ, എർട്ടിഗ എന്നീ ജനപ്രിയ മോഡലുകൾക്ക് യഥാക്രമം 78,000 രൂപ, 41,000 രൂപ എന്നിങ്ങനെയും വില കുറയും.

മാരുതി സുസുക്കി XL6 എംപിവിക്ക് 35,000 രൂപയോളം വിലക്കുറവും മാരുതി സുസുക്കി ജിംനിക്ക് 1.14 ലക്ഷം വിലക്കുറവും ലഭിക്കുമെന്നതും കച്ചോടം കൂടാൻ സഹായിക്കും. അടുത്തിടെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് തങ്ങളുടെ രണ്ടാമത്തെ മോഡലും കമ്പനി അവതരിപ്പിച്ചിരുന്നു. വികടോറിസ് എന്നുപേരിട്ടിരിക്കുന്ന വണ്ടിയുടെ വില ഇതുവരെ പ്രഖ്യപിക്കാത്തതും ജിഎസ്ടിയിലെ പുതിയ നിരക്കുകൾ അറിയാനായിരുന്നുവെന്ന് വേണ് മനസിലാക്കാൻ.
LXi, VXi, ZXi, ZXi (O), ZXi+, ZXi+ (O), ZXi+ 4WD, ZXi+(O) 4WD എന്നിങ്ങനെ എട്ടോളം വേരിയന്റുകളിലായിരിക്കും മാരുതി സുസുക്കി വിക്ടോറിസ് വിപണിയിലെത്തുക. ജിഎസ്ടി കുറഞ്ഞതിനാൽ 10 ലക്ഷത്തിൽ താഴെ വിലയിൽ എക്സ്ഷോറൂം വില നിശ്ചയിക്കാനും കമ്പനിക്ക് സാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. മാരുതി സുസുക്കിയുടെ അരീന ഡീലർഷിപ്പ് ശൃംഖല വഴിയായിരിക്കും മോഡൽ വിപണനത്തിന് എത്തുക.


Click it and Unblock the Notifications








