വിദേശത്ത് കാർ കയറ്റി അയക്കുന്നതിലും മാരുതിക്ക് റെക്കോർഡ്, ഇന്ത്യയിൽ വിറ്റതിനേക്കാൾ ലാഭം കയറ്റുമതിയിൽ
ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളാണ് മാരുതി സുസുക്കി. വിൽപ്പനയുടെ കാര്യത്തിൽ മറ്റൊരു കമ്പനിക്കും ഇതുവരെ ബ്രാൻഡിന് വെല്ലുവിളിയാവാൻ സാധിച്ചിട്ടില്ലെന്നതാണ് സത്യം. ഓരോ മാസവും ലക്ഷക്കണക്കിന് കാറുകളാണ് ഇന്ത്യയിൽ മാത്രം മാരുതി വിറ്റഴിക്കുന്നത്. ഒപ്പം വിദേശത്തേക്ക് കാർ കയറ്റി അയക്കുന്നതിലും ഇവർക്കൊപ്പം ഓടിയെത്താൻ എതിരാളികൾക്കാവുന്നില്ല. 2025-26 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലെ സാമ്പത്തിക ഫലങ്ങൾ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പുറത്തുവിട്ടതോടെ ഇക്കാര്യം ഊട്ടിയുറപ്പിക്കാനുമാവും. ഇതിൽ ആഗോള കയറ്റുമതി ആഭ്യന്തര വിൽപ്പനയെക്കാൾ കൂടുതലായിരുന്നുവെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?
എന്നാൽ അതാണ് യാഥാർഥ്യം. ആഭ്യന്തര വിപണിയിലെ വിൽപ്പനയിൽ താൽക്കാലിക ഇടിവ് നേരിട്ടപ്പോഴും മാരുതി സുസുക്കിയുടെ കയറ്റുമതി പുതിയ റെക്കോർഡിലെത്തി. 2025 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ കാർ നിർമാതാവ് 1,10,487 കാറുകളാണ് വിദേശത്തേക്ക് കയറ്റുമതി ചെയ്തിരിക്കുന്നത്. അങ്ങനെ 42.2 ശതമാനം വളർച്ചയും കയറ്റുമതി രംഗത്ത് നിന്നും ബ്രാൻഡിന് നേടിയെടുക്കാനായിട്ടുണ്ട്.

സെപ്റ്റംബർ അവസാനം പ്രഖ്യാപിച്ച ജിഎസ്ടി നിരക്കുകളുടെ വെട്ടിക്കുറക്കൽ കാരണം ആളുകൾ അധികം ഷോറൂമുകളിൽ എത്താൻ തയാറായില്ല. വിലക്കുറവ് നിലവിൽ വന്നതിന് ശേഷം കാർ വാങ്ങാമെന്ന ട്രെൻഡ് രാജ്യമെമ്പാടും അലയടിച്ചു. ആഭ്യന്തര വിൽപ്പന മന്ദഗതിയിലാകാൻ കാരണമായതും ഇതുതന്നെയാണ്. ഈ പാദത്തിൽ ആഭ്യന്തര മൊത്ത വിൽപ്പന 5.1 ശതമാനം ഇടിഞ്ഞ് 4,40,387 യൂണിറ്റിലെത്തിയെങ്കിലും വിദേശത്തെ ശക്തമായ ഡിമാൻഡ് കാരണം ത്രൈമാസ വിൽപ്പന 1.7 ശതമാനം ഉയർന്ന് 5,50,874 യൂണിറ്റിലെത്തി.
2025-26 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ മാരുതി സുസുക്കി മൊത്തം 10.78 ലക്ഷം കാറുകൾ ഇതുവരെ വിറ്റഴിച്ചിട്ടുണ്ട്. ഇതിൽ 8.71 ലക്ഷം യൂണിറ്റുകൾ ആഭ്യന്തര വിപണിയിലും 2.07 ലക്ഷം യൂണിറ്റുകൾ വിദേശത്തേക്ക് കയറ്റിയയച്ചതുമാണ്. ബ്രാൻഡിന്റെ എക്കാലത്തെയും മികച്ച അർദ്ധ വാർഷിക കയറ്റുമതി കണക്കാണിത്. ഇന്ത്യയിലെ വർധിച്ചുവരുന്ന ഉത്സവകാല ആവശ്യം നിറവേറ്റുന്നതിനായി, ഡീലർഷിപ്പുകളിൽ മികച്ച സ്റ്റോക്ക് ലഭ്യത ഉറപ്പാക്കാൻ വാഹന നിർമ്മാതാക്കൾ തങ്ങളുടെ പ്ലാന്റുകളിലുടനീളം ഉത്പാദനം ഉയർത്തിയിരുന്നു.

5 ഡോർ ജിംനിയുടെ വിജയം ഒരു ലക്ഷം കയറ്റുമതി നാഴികക്കല്ല് പിന്നിട്ടതും മാരുതി സുസുക്കിയുടെ കയറ്റുമതി ആക്കം കൂട്ടി. ജപ്പാൻ, മെക്സിക്കോ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ചിലി തുടങ്ങിയ വിപണികൾ ഉൾപ്പെടെ 100-ലധികം രാജ്യങ്ങളിലേക്കാണ് ഇപ്പോൾ മെയ്‌ഡ് ഇൻ ഇന്ത്യ ജിംനി 5-ഡോർ കയറ്റുമതി ചെയ്യുന്നത്. സുസുക്കിയുടെ ആഗോള കയറ്റുമതി അടിത്തറ എന്ന നിലയിൽ ഇന്ത്യ സുപ്രധാനമായി മാറിയിട്ടുണ്ട്.
ഫ്രോങ്ക്‌സിന് ശേഷം മാരുതി സുസുക്കിയിൽ നിന്നും ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യപ്പെടുന്ന രണ്ടാമത്തെ മോഡലാണ് ജിംനി 5-ഡോർ. പരമ്പരാഗത ചെറുകാർ വിഭാഗങ്ങളിൽ ലോകമെമ്പാടും കമ്പനിയുടെ സ്ഥാനം ഈ രണ്ട് മോഡലുകളും കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. 2023-ൽ പുറത്തിറക്കിയ ഇന്ത്യയിൽ നിർമfച്ച 5-ഡോർ പതിപ്പ് പ്രായോഗികതയിൽ വിദേശികളെ വരെ ഞെട്ടിച്ചു. ഈ വർഷം ആദ്യം ജിംനി നോമാഡ് എന്ന പേരിൽ ജപ്പാനിൽ എത്തിയപ്പോൾ വലിയ വിജയമാണ് കൈവരിച്ചത്.

ദിവസങ്ങൾക്കുള്ളിൽ വാഹനത്തിനായുള്ള ബുക്കിംഗ് 50,000 യൂണിറ്റുകൾ കവിഞ്ഞിരുന്നു. ലാഡർ-ഫ്രെയിം ഷാസിയിൽ നിർമിച്ച എസ്‌യുവിക്ക് സുസുക്കിയുടെ ഓൾഗ്രിപ്പ് പ്രോ 4WD സിസ്റ്റവും ലഭിക്കുന്നുണ്ട്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഗുജറാത്ത് പ്ലാന്റിൽ നിന്ന് ആറായിരത്തിലധികം യൂണിറ്റ് ഇ വിറ്റാരയും യുകെ, മറ്റ് യൂറോപ്യൻ വിപണികൾ എന്നിവക്കായും മാരുതി കയറ്റിയയച്ചിട്ടുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








