ഫ്രോങ്ക്‌സ് വാങ്ങാനിരുന്നവർക്ക് പണികൊടുത്ത് മാരുതി, ഷോറൂമിലേക്ക് വണ്ടി തിരിക്കുന്നതിന് മുമ്പ് ഇതൊന്ന് വായിച്ചോ
ആളുകളുടെ പൾസറിഞ്ഞ് വാഹനങ്ങൾ പുറത്തിറക്കുന്നവരാണ് നമ്മുടെ മാരുതി സുസുക്കി. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിരുന്ന ബലേനോ പ്രീമീയം ഹാച്ച്ബാക്കിന്റെയും ബ്രെസ എസ്‌യുവിയുടേയും നടുവിലായി എന്തെങ്കിലും വേണമെന്ന ആലോചനയിൽ പിറവിയെടുത്ത മോഡലാണ് ഫ്രോങ്ക്‌സ്. കൂപ്പെ എസ്‌യുവികളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ പണികഴിപ്പിച്ച വണ്ടി ഷോറൂമുകളിലെത്തിയതോടെ ആളുകളെല്ലാം വെച്ചുപിടിച്ചത് ഫ്രോങ്ക്‌സ് സ്വന്തമാക്കാനായിരുന്നു. 2023 ഓട്ടോ എക്സ്പോയിൽ ജിംനിക്കൊപ്പം സർപ്രൈസായി കൊണ്ടുവന്ന വാഹനത്തിന് പിന്നെ ഇതുവരെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നതാണ് സത്യം. കൂപ്പെ പോലുള്ള സ്റ്റൈലിംഗും താങ്ങാനാവുന്ന വിലയും കൂടിയായപ്പോൾ സംഗതി കളറായി.
വിപണിയിലെത്തി ആദ്യത്തെ 10 മാസത്തിനുള്ളിൽ 1 ലക്ഷം വിൽപ്പനയുമായി ഈ നേട്ടം കൈവരിക്കുന്ന വേഗതയേറിയ മോഡലായും ഫ്രോങ്ക്‌സ് റെക്കോർഡിട്ടിരുന്നു. അങ്ങനെ നേട്ടങ്ങൾ വേഗത്തിൽ കൊട്ടയിലാക്കി മുന്നേറുന്ന വാഹനത്തിന്റെ വില ചെറുതായൊന്ന് വർധിപ്പിച്ചിരിക്കുകയാണ് മാരുതി സുസുക്കി ഇപ്പോൾ. 2025 ഫെബ്രുവരി മുതൽ മോഡൽ നിരയിലുടനീളം വില വർധന പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് ജനപ്രിയനും വില കൂട്ടിയിരിക്കുന്നത്.

ഇനി ഫ്രോങ്ക്‌സ് വാങ്ങാൻ പോവാനിരിക്കുന്നവരാണ് നിങ്ങൾ എങ്കിൽ മാരുതിയുടെ കൂപ്പെ എസ്‌യുവിയുടെ പുതിയ വിലകൾ അറിഞ്ഞിട്ട് പോവുന്നതാവും ഉചിതം കേട്ടോ. ഡെൽറ്റ 1.2 എജിഎസ്, ഡെൽറ്റ പ്ലസ് 1.2 എജിഎസ്, ഡെൽറ്റ പ്ലസ് (O) 1.2 എജിഎസ് തുടങ്ങിയ തെരഞ്ഞെടുത്ത വകഭേദങ്ങൾക്ക് 5,500 രൂപയാണ് കമ്പനി ഇപ്പോൾ ഉയർത്തിയിരിക്കുന്നത്. ഇതുകൂടാതെയുള്ള കാറിന്റെ മറ്റെല്ലാ വകഭേദങ്ങളും 500 രൂപയുടെ വർധനവാണ് സംഭവിച്ചിരിക്കുന്നത്.
അങ്ങനെ മാരുതി സുസുക്കി ഫ്രോങ്ക്സിന്റെ പുതുക്കിയ എക്സ്ഷോറൂം വില 7.52 ലക്ഷം രൂപ മുതൽ 13.04 ലക്ഷം രൂപ വരെയാണ് വരുന്നത്. വിലയിലെ പരിഷ്ക്കാരം മാറ്റി നിർത്തിയാൽ കൂപ്പെ സ്റ്റൈൽ എസ്‌യുവിയിൽ കമ്പനി മറ്റ് മാറ്റങ്ങളൊന്നും കൊണ്ടുവന്നിട്ടില്ല. 10 കളർ ഓപ്ഷനുകളിൽ ആറ് വേരിയൻ്റുകളിലായി ഫ്രോങ്ക്സ് തുടർന്നും ലഭ്യമാവും. ഒപ്പം പഴയ രണ്ട് എഞ്ചിൻ ഓപ്ഷനുകൾ തന്നെയാണ് വാഹനത്തിന് തുടിപ്പേകാൻ എത്തുക.

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകളാണ് ഫ്രോങ്ക്‌സിന്റെ ഹൃദയം. ഇതിൽ ബലേനോയിൽ നിന്ന് നേരിട്ട് കടമെടുത്ത NA പെട്രോൾ 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ക്ലച്ച്ലെസ് ട്രാൻസ്മിഷനുമായി ജോടിയാക്കിയാണ് വിപണിയിലെത്തുന്നത്. അങ്ങനെ ഈ എഞ്ചിന് 88 bhp പവറിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാനാവും.
അതേസമയം 1.0 ലിറ്റർ ടർബോ ബൂസ്റ്റർജെറ്റ് എഞ്ചിൻ മോഡലുകൾക്ക് 99 bhp കരുത്തിൽ പരമാവധി 147.6 Nm torque വരെ വികസിപ്പിക്കാനാവും. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ബ്രാൻഡിൻ്റെ ലൈനപ്പിലേക്ക് 1.0 ലിറ്റർ ടർബോ ബൂസ്റ്റർജെറ്റ് എഞ്ചിൻ തിരികെ കൊണ്ടുവന്നത് പലർക്കും സന്തോഷം പകരുന്ന സംഗതിയായിരുന്നു. ഇതോടൊപ്പം സിഎൻജി ഓപ്ഷനിലും കാർ വാങ്ങാനാവും. ഫ്രോങ്ക്‌സിന്റെ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റുകൾക്ക് 28.51 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.

ഫീച്ചറുകളിലേക്ക് നോക്കിയാൽ 9 ഇഞ്ച് സ്മാർട്ട്പ്ലേ പ്ലോ പ്ലസ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജർ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, 360-ഡിഗ്രി ക്യാമറ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ്, കീലെസ് എൻട്രി, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, റിയർ ഡിഫോഗർ തുടങ്ങിയ സംവിധാനങ്ങളെല്ലാം ഒരുക്കിക്കൊണ്ടാണ് മാരുതി ഫ്രോങ്ക്സിനെ വിപണിയിൽ എത്തിച്ചിരിക്കുന്നത്.
ഡിസൈൻ വശങ്ങളിലേക്ക് വന്നാൽ ഗ്രാൻഡ് വിറ്റാരയെ അനുസ്‌മരിപ്പിക്കുന്ന ഫ്രണ്ട് ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി മൾട്ടി-റിഫ്ലക്ടർ ഹെഡ്‌ലാമ്പുകൾ, പരുക്കൻ ശൈലി സമ്മാനിക്കുന്ന ചങ്കി ബോഡി ക്ലാഡിംഗ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, കണക്‌റ്റഡ് എൽഇഡി ടെയിൽ ലാമ്പ്, കൂപ്പെ പോലെ പിന്നിലേക്ക് ചരിഞ്ഞിറങ്ങുന്ന റിയർ ഗ്ലാസ് ഏരിയ എന്നിവയെല്ലാമാണ് ഹൈലൈറ്റുകൾ.


Click it and Unblock the Notifications








