മാരുതിയുടെ 8 സീറ്റർ ഹൈബ്രിഡ് എംപിവി വാങ്ങാൻ പ്ലാനുണ്ടായിരുന്നോ? കണ്ണ് നനയിക്കുന്ന തീരുമാനമെടുത്ത് കമ്പനി
ടൊയോട്ടയും മാരുതി സുസുക്കിയും തമ്മിലുള്ള പങ്കാളിത്തം ഇന്ത്യയിൽ കാര്യമായ വിറ്റുവരാണ് നേടുന്നത്. ബലേനോ ഗ്ലാൻസ ആയപ്പോഴും ബ്രെസ അർബൻ ക്രൂയിസറായപ്പോഴും എർട്ടിഗ റൂമിയോൺ ആയപ്പോഴും ടൊയോട്ട കാശുവാരുകയായിരുന്നു. റീബാഡ്‌ജിംഗ് ആണെന്നറിഞ്ഞിട്ടും ടൊയോട്ടയുടെ എംബ്ലമുള്ള വണ്ടികൾ വാങ്ങാൻ ഇന്ത്യക്കാർ മത്സരിക്കുകയായിരുന്നു. എന്നാൽ ടൊയോട്ടയുടെ ഒരു വണ്ടി എപ്പോഴാണ് മാരുതിയുടെ കുപ്പായമിട്ട് വരുന്നതെന്നായിരുന്നു പലരുടേയും ചോദ്യം. ഇന്നോവയുടെ ഏറ്റവും പുതിയ പതിപ്പായ ഹൈക്രോസ് അവതരിപ്പിച്ചപ്പോൾ ഫാൻസിന് അതിനുള്ള ഉത്തരവും കിട്ടി. അങ്ങനെ മാരുതിയുടെ പ്രീമിയം കാർ എന്ന ബഹുമതിയോടെ ഇൻവിക്റ്റോ പ്രതിഷ്ഠിക്കപ്പെട്ടു.
ഹൈക്രോസായി മൂന്നാംതലമുറയിലെത്തിയ ഇന്നോവയെ മാരുതി സുസുക്കി തങ്ങളുടെ ഉടുപ്പണിയിച്ചത് 2023-ലായിരുന്നു. അന്ന് മുതൽ മോശമാക്കാതെ കിട്ടിയ യൂണിറ്റുകളെല്ലാം വിറ്റഴിക്കാൻ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾക്ക് സാധിക്കുകയും ചെയ്‌തിരുന്നു. ഇപ്പോഴിതാ ഹൈക്രോസിന് വില കൂടി രണ്ട് മാസത്തിന് ശേഷം ഇൻവിക്റ്റോയുടെ വിലയിലും വർധനവുണ്ടായിരിക്കുകയാണ്.

ഫെബ്രുവരി 1 മുതൽ മാരുതി സുസുക്കിയുടെ എല്ലാ കാറുകളിലും നടപ്പിലാക്കിയ വില വർധനവിന്റെ ഭാഗമാണ് ഇൻവിക്റ്റോയിലേക്കും എത്തിയിരിക്കുന്നത്. 7-സീറ്റർ എംപിവിയുടെ എല്ലാ വേരിയൻ്റുകളിലും 20,500 രൂപയുടെ ഏകീകൃത വില പരിഷ്ക്കാരമാണ് കമ്പനി നടപ്പിലാക്കിയിരിക്കുന്നത്. സീറ്റ പ്ലസ്, ആൽഫ പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് മാരുതി സുസുക്കി ഇൻവിക്റ്റോ വിപണിയിൽ എത്തുന്നത്.
ഇൻവിക്റ്റോയുടെ സാറ്റ പ്ലസ് 7 എല്ലെങ്കിൽ 8 സീറ്റർ ഓപ്‌ഷനുകളിൽ വിപണിയിലെത്തുമ്പോൾ ടോപ്പ് എൻഡ് മോഡലായ ആൽഫ 7 സീറ്റർ രൂപത്തിൽ മാത്രമാണ് പോർച്ചിലെത്തിക്കാനാവുന്നത്. ഈ വില പരിഷ്‌ക്കരണത്തോടെ ഇൻവിക്‌റ്റോയുടെ എക്‌സ്‌ഷോറൂം വില 25.51 ലക്ഷം രൂപ മുതൽ 29.22 ലക്ഷം രൂപ വരെയാണ് വരുന്നത്. വില മാറിയെങ്കിലും വാഹനത്തിൽ പ്രത്യേകിച്ച് കാര്യമായ കൂട്ടിച്ചേർക്കലുകളോ നവീകരണങ്ങളോ കമ്പനി നടപ്പിലാക്കിയിട്ടില്ലെന്നതും ശ്രദ്ധിക്കുമല്ലോ.

ടൊയോട്ട ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനമാക്കിയുള്ള വാഹനം ഗ്രാൻഡ് വിറ്റാര, ഹൈറൈഡർ എന്നിവ പോലെ ടൊയോട്ടയുടെ ബിഡാദി പ്ലാന്റിലാണ് മാരുതി ഇൻവിക്റ്റോയുടെ നിർമാണവും നടക്കുന്നത്. മാരുതിയുടെ വാഹനമായി മാറുമ്പോഴുണ്ടാവുന്ന പരിഷ്ക്കാരങ്ങൾ മാത്രമാണ് ടൊയോട്ട ഹൈക്രോസിൽ നിന്നും ഇൻവിക്റ്റോയെ വേറിട്ടു നിർത്തുന്നത്. ഒരേ എഞ്ചിൻ ഓപ്ഷനുകളും അതേ നിർമാണ നിലവാരവുമെല്ലാം പുലർത്തുന്നത് ആളുകൾക്ക് ഇഷ്‌ടമായിട്ടുണ്ട്.
അടിസ്ഥാനപരമായ രൂപം ഒന്നാണെങ്കിലും മാരുതി സുസുക്കിയുടെ നെക്സയുടെ മറ്റു വാഹനങ്ങളിൽ കാണുന്ന ശൈലി പിന്തുടർന്നാണ് ഡിസൈൻ പൂർത്തീകരിച്ചിരിക്കുന്നത്. വ്യത്യസ്തമായ ഗ്രില്ലും നവീകരിച്ച മെഷ് പാറ്റേണും ഹെഡ്‌ലൈറ്റുകളിലേക്ക് നീളുന്ന കട്ടിയുള്ള തിരശ്ചീനവുമായ ക്രോം സ്ലാറ്റുകളും ഇൻവിക്റ്റോയ്ക്ക് പുതുമ നൽകുന്നുണ്ട്. ത്രീ-ബ്ലോക്ക് സിഗ്നേച്ചർ ഡേടൈം റണ്ണിംഗ് ലാമ്പുകളും ഹൈക്രോസിൽ നിന്നും വേറിട്ടുനിൽക്കുന്ന സംഗതിയാണ്.

ഇന്റീരിയർ ലേഔട്ടോ സമാനമാണെങ്കിലും ഇൻവിക്റ്റോ ഷാംപെയ്ൻ ഗോൾഡ് ആക്‌സന്റുകളോട് കൂടിയ ബ്ലാക്ക് തീമിലാണ് ഒരുക്കിയിരിക്കുന്നത്. 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, കണക്റ്റഡ് ഫീച്ചറുകൾ, 360 ഡിഗ്രി ക്യാമറ, പനോരമിക് സൺറൂഫ്, പവർഡ് ഡ്രൈവർ സീറ്റ്, പവർഡ് ടെയിൽ ഗേറ്റ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും കപ്പ് ഹോൾഡറുകളും, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയെല്ലാമാണ് എംപിവിയുടെ അകത്തളത്തിൽ ലഭിക്കുക.
സ്ട്രോംഗ് ഹൈബ്രിഡ് സംവിധാനമുള്ള 2.0 ലിറ്റർ, ഫോർ സിലിണ്ടർ എഞ്ചിനാണ് മാരുതി ഇൻവിക്റ്റോയ്ക്ക് തുടിപ്പേകുന്നത്. ഇലക്ട്രിക് മോട്ടോറുമായി പ്രവർത്തിച്ച് ഇത് പരമാവധി 184 bhp കരുത്ത് വരെ നൽകാൻ പ്രാപ്‌തമാണ്. ഒരു e-CVT ട്രാൻസ്‌മിഷൻ ഓപ്ഷൻ മാത്രമാണ് ഇൻവിക്റ്റോയ്ക്ക് ലഭിക്കുന്നത്. 9.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാവുന്ന മാരുതി പ്രീമിയം എംപിവിക്ക് 23.24 കിലോമീറ്റർ മൈലേജും തരാനാവും.


Click it and Unblock the Notifications








