റെക്കോർഡ് തൂക്കി! 3 കോടി കാറുകൾ വിറ്റ് മാരുതി, ഏറ്റവും കൂടുതൽ ആളുകൾ വാങ്ങിയത് ഏത് മോഡലാണെന്ന് ഗസ്സുണ്ടോ
ജനങ്ങളുടെ പൾസറിഞ്ഞ് കൃത്യമായ രീതിയിൽ കാറുകൾ പുറത്തിറക്കാൻ പ്രത്യേക കഴിവുള്ളവരാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. ചെറിയ വിലയുള്ള ഹാച്ച്ബാക്കുകൾ മുതൽ വലിയ 8 സീറ്റർ പ്രീമിയം എംപിവി വരെ ഇപ്പോൾ കമ്പനിയുടെ നിരയിലുണ്ട്. മൊത്തത്തിൽ ഇന്ത്യക്കാരെ മനസിലാക്കി പ്രവർത്തിക്കുന്ന കമ്പനിയാണ് മാരുതി. സാധാരണക്കാരൻ ഒരു കാർ വാങ്ങിയേക്കാമെന്ന് വിചാരിച്ചാൽ അവന്റെ ആദ്യ ചോയ്‌സ് സുസുക്കി ബാഡ്‌ജുള്ള മോഡലായിരിക്കും. അതിപ്പോൾ സെക്കൻഡ് ഹാൻഡായാലും പുതിയതായാലും അങ്ങനെ തന്നെയാവും. അങ്ങേയറ്റത്തെ വിശ്വാസം, കുറഞ്ഞ മെയിന്റനെൻസ്, ഒടുക്കത്തെ മൈലേജ് എന്നിവയാണ് മാരുതി കാറുകളെ മറ്റുള്ളവരിൽ നിന്നും വേറിട്ടുനിർത്തുന്നത്.
ഇപ്പോഴിതാ ഇന്ത്യയിൽ സുപ്രധാനമായൊരു നാഴികക്കല്ല് താണ്ടിയിരിക്കുകയാണ് ബ്രാൻഡ്. ഇന്ത്യയിൽ 3 കോടി കാറുകളുടെ വിൽപ്പനയെന്ന നേട്ടമാണ് മാരുതി സുസുക്കി താണ്ടിയിരിക്കുന്നത്. ഇതുവരെ വേറൊരു വാഹന നിർമാതാക്കൾക്കും നേടിയെടുക്കാൻ സാധിക്കാത്ത ഈ കാര്യം വളരെ അനായാസമായാണ് കമ്പനി തങ്ങളുടെ പേരിലാക്കിയിരിക്കുന്നതെന്ന് പറയാം. ഈ നാഴികക്കല്ല് കൈവരിക്കുന്ന രാജ്യത്തെ ആദ്യത്തെ പാസഞ്ചർ വാഹന നിർമാതാക്കളായി ഇനി മാരുതി അറിയപ്പെടും.

മാരുതി സുസുക്കിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ച് വെറും 42 വർഷത്തിനുള്ളിലാണ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. ഇത് കമ്പനിയുടെ സമാനതകളില്ലാത്ത നേതൃത്വം, ഉപഭോക്തൃ വിശ്വാസം, ഇന്ത്യൻ കാർ വാങ്ങുന്നവരുമായുള്ള ആഴത്തിലുള്ള ബന്ധം എന്നിവയെയാണ് സൂചിപ്പിക്കുന്നതും. ആദ്യത്തെ 1 കോടി കാർ വിൽപ്പനയ്ക്ക് 28 വർഷവും 2 മാസവും എടുത്തു. അടുത്ത 1 കോടി വെറും 7 വർഷവും 5 മാസവും കൊണ്ടാണ് ബ്രാൻഡ് കൈവരിച്ചത്.
അതിന് ശേഷമുള്ള 1 കോടി യൂണിറ്റുകൾ വിറ്റത് വെറും 6 വർഷവും 4 മാസവും കൊണ്ടാണ് കേട്ടോ. മൂന്ന് കോടി കാറുകൾ വിറ്റഴിച്ചതിൽ 47 ലക്ഷത്തിലധികം യൂണിറ്റുകളുമായി മാരുതി ആൾട്ടോയാണ് എക്കാലത്തെയും ടോപ്പ് സെല്ലർ മോഡൽ. 34 ലക്ഷം യൂണിറ്റുകളുടെ വിൽപ്പനയുമായി വാഗൺആർ രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ 32 ലക്ഷം യൂണിറ്റുകളുമായി സ്വിഫ്റ്റ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.

പിന്നാലെ ബ്രെസ, ഫ്രോങ്ക്സ് തുടങ്ങിയ ജനപ്രിയ എസ്‌യുവികളും പ്രധാന സംഭാവനകൾ നൽകിയിട്ടുണ്ട്. 1983 ഡിസംബർ 14-ന് ആദ്യ ഉപഭോക്താവിന് കൈമാറിയ ഐക്കണിക് മാരുതി 800 ഹാച്ച്ബാക്കിൽ നിന്നാണ് മാരുതി സുസുക്കിയുടെ ഇന്ത്യൻ ഇന്നിംഗ്സിന് തുടക്കമാവുന്ന്ത. ഇത് ഇന്ത്യയുടെ ആധുനിക ഓട്ടോമോട്ടീവ് വിപ്ലവത്തിന് തുടക്കം കുറിക്കുകയും ചെയ്‌തു. ഇന്ന് മാരുതി സുസുക്കി ഒന്നിലധികം എഞ്ചിൻ, ട്രാൻസ്മിഷൻ ഓപ്ഷനുകളിലായി 19 മോഡലുകളോളമാണ് വിപണനത്തിന് എത്തിക്കുന്നത്.
ഒപ്പം ഇന്ത്യയിലെ വൈവിധ്യമാർന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 170-ലധികം വേരിയന്റുകളും ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നു. മാരുതിയുടെ വിൽപ്പന കണക്കുകളുമായി താരതമ്യം ചെയ്യാൻ ഇതുവരെ എതിർബ്രാൻഡുകൾക്കായിട്ടില്ലെന്നതാണ് യാഥാർഥ്യം. ഓരോ മാസവും ലക്ഷക്കണക്കിന് കാറുകളാണ് കമ്പനി ഇന്ത്യയിൽ മാത്രം വിറ്റഴിക്കുന്നത്.

ടാറ്റ മോട്ടോർസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹ്യുണ്ടായി എന്നീ പ്രധാന എതിരാളികളുടെ വിൽപ്പന ഒന്നിച്ച് കൂട്ടിയാലും ചിലപ്പോൾ മാരുതിയുടെ മൊത്ത വിൽപ്പനയെ മറികടക്കാനാവില്ല. 2025 ഒക്ടോബർ മാസത്തിൽ ബ്രാൻഡ് വിറ്റത് 220,894 യൂണിറ്റുകളാണ്. പാസഞ്ചർ വാഹന സെഗ്മെൻ്റിൽ 176,318 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റത്. സൂപ്പർ ക്യാരി ലൈറ്റ് കൊമേഴ്‌സ്യൽ മോഡൽ പോയമാസം 4,357 യൂണിറ്റ് വിൽപ്പനയാണ് നേടിയത്.
മാരുതി സുസുക്കി ടൊയോട്ടയ്ക്ക് 8,915 യൂണിറ്റുകൾ വിതരണം ചെയ്തത് കൂടി കണക്കിലെടുക്കുമ്പോൾ ഈ മാസത്തെ മൊത്തം ആഭ്യന്തര വിൽപ്പന 189,590 യൂണിറ്റാണ്. ഇതിനൊപ്പം തന്നെ കയറ്റുമതി 31,304 യൂണിറ്റുകൾ കൂടി കൂട്ടുമ്പോൾ കമ്പനിയുടെ മൊത്തം പ്രതിമാസ വിൽപ്പന 220,894 യൂണിറ്റുകളായി ഉയർന്നു. 2024 ഒക്ടോബറിൽ വിറ്റത് വച്ച് നോക്കുമ്പോൾ 206,434 യൂണിറ്റുകളിൽ നിന്ന് ഗണ്യമായ വളർച്ചയാണ ബ്രാൻഡ് കൈവരിച്ചിരിക്കുന്നത്.


Click it and Unblock the Notifications








