33 കിലോമീറ്റർ മൈലേജ്! വില വെറും 4.27 ലക്ഷം! എന്നിട്ടും മാരുതിയുടെ ഈ കാർ വാങ്ങിയത് ആകെ 912 പേർ
ഇറങ്ങിയ കാലത്ത് സോപ്പു പെട്ടി പോലുള്ള ഡിസൈനിന്റെ പേരിൽ ഏറെ കളിയാക്കലുകൾ കേട്ടിരുന്ന വണ്ടിയായിരുന്നു മാരുതി സുസുക്കി എസ്-പ്രെസോ. അതുവരെ ഇന്ത്യക്കാർ അത്രകണ്ട് പരിചിതമല്ലാത്ത രൂപവുമായി എത്തിയപ്പോൾ വിപണിയിൽ മൂക്കുകുത്തി വീഴുമെന്ന് പ്രവചിച്ചവരായിരുന്നു അധികവും. എന്നാൽ കാറിന്റെ പ്രായോഗികതയും കഴിവുകളും കണ്ട് ആളുകൾ ഫ്ലാറ്റായ കാഴ്ച്ചയാണ് കാണാനായത്. ഇന്ത്യയിൽ ഏറ്റവും ജനപ്രിയമായ മോഡേൺ സിറ്റി കാറുകളിൽ ഒന്നാണ് മാരുതി സുസുക്കി എസ്-പ്രെസോയെന്ന് നിസംശയം പറയാം. കോംപാക്‌ടായ രൂപവും ഉയർന്ന സീറ്റിംഗ് പൊസിഷനും എല്ലാമുള്ള മോഡൽ സിറ്റി ട്രാഫിക്കിലെല്ലാം കൊണ്ടുനടക്കാൻ എളുപ്പമാണ്.
എസ്‌യുവിയുടേയും ഹാച്ച്ബാക്കിന്റെയും സമന്വയമാണ് എസ്-പ്രെസോ എന്ന് പറഞ്ഞാലും തെറ്റൊന്നുമില്ല. പക്ഷേ കുറച്ചുകാലമായി ആളുകൾ കാര്യമായി എസ്-പ്രെസോ മൈൻഡ് ചെയ്യുന്നില്ലെന്നതാണ് സത്യം. ഇവികളുടെ വരവോടെ പലരും സിറ്റി യാത്രകൾക്കെല്ലാം ഇലക്ട്രിക് കാറുകളെ തെരഞ്ഞെടുക്കാൻ തുടങ്ങിയതോടെയാണ് മാരുതിക്ക് ഈയൊരു നഷ്‌ടം സംഭവിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തൽ.

2025 ജൂലൈ മാസത്തെ കണക്കുകൾ പുറത്തുവരുമ്പോൾ എസ്-പ്രെസോയുടെ വെറും 912 യൂണിറ്റുകൾ മാത്രമേ മാരുതി സുസുക്കിക്ക് വിറ്റഴിക്കാനായിട്ടുള്ളൂ. അതായത് 2024 ജൂലൈയിലെ 2,607 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 65.02 ശതമാനത്തിന്റെ ഇടിവാണ് കാറിന്റെ വിപ്പനയിൽ മാരുതി നേരിട്ടിരിക്കുന്നത്. ഇനി പ്രതിമാസ വിൽപ്പന കണക്കുകൾ നോക്കിയാലും എസ്-പ്രെസോയ്ക്ക് ക്ഷീണം തന്നെയാണ്.
2025 ജൂണിൽ മാരുതി സുസുക്കി എസ്-പ്രെസോയുടെ 1,369 യൂണിറ്റുകളായിരുന്നു വിറ്റഴിച്ചത്. എന്നാൽ ഒരുമാസത്തിനിപ്പുറം എത്തിനിൽക്കുമ്പോൾ ഒറ്റയടിക്ക് വിൽപ്പനയിൽ 33.38 ശതമാനം ഇടിവാണ് സംഭവിച്ചത്. വിലയുടെ കാര്യമെടുത്താൽ രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന മോഡലുകളിൽ ഒന്നാണിത്. 4.27 ലക്ഷം മുതൽ എക്സ്ഷോറൂം വില ആരംഭിക്കുന്ന കാർ പെട്രോൾ, സിഎൻജി ഫ്യുവൽ ഓപ്ഷനുകളിലും സ്വന്തമാക്കാനാവും.

1.0 ലിറ്റർ, ത്രീ സിലിണ്ടർ, K10C പെട്രോൾ എഞ്ചിനാണ് മാരുതി സുസുക്കി എസ്-പ്രെസോയുടെ ഹൃദയം. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 66 bhp കരുത്തിൽ പരമാവധി 89 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ VVT ടെക്‌നോളജി ഫീച്ചറുകള്‍ കൂടാതെ ഐഡല്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയും ഉള്‍ക്കൊള്ളുന്ന ഈ എഞ്ചിൻ ഇന്ധനക്ഷമതയുടെ കാര്യത്തിലും മിടുക്കനാണ്.
കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ മാരുതി എസ്-പ്രെസോയ്ക്ക് 5,300 ആർപിഎമ്മിൽ 56.69 bhp കരുത്തും 3,400 ആർപിഎമ്മില്‍ പരമാവധി 82.1 Nm ടോർക്കും വരെയാണ് നൽകാനാവുക. സിഎൻജിയിൽ 5 സ്പീഡ് മാനുവല്‍ ഗിയർബോക്‌സ് മാത്രമാണുള്ളത്. മാനുവൽ പെട്രോൾ വേരിയന്റിന് 24.76 കിലോമീറ്റർ മൈലേജും, ഓട്ടോമാറ്റിക് പെട്രോൾ വേരിയന്റിന് 25.3 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് കമ്പനി അവകാശപ്പെടുന്നത്.

അതേസമയം മാനുവൽ സിഎൻജി വേരിയന്റിന് കിലോഗ്രാമിന് 32.73 കിലോമീറ്റർ വരെ മൈലേജ് നൽകാനാവുമെന്നും മാരുതി സുസുക്കി പറയുന്നു. മാരുതിയുടെ ഹാര്‍ടെക് പ്ലാറ്റ്‌ഫോമില്‍ ബോക്സി ഡിസൈനിലാണ് എസ്-പ്രെസോ ഒരുക്കിയെടുത്തിരിക്കുന്നത്. ഫീച്ചറുകളിലേക്ക് നോക്കിയാലും തരക്കേടില്ലാത്ത രീതിയിൽ കാറിനെ ഒരുക്കിയെടുക്കാൻ കമ്പനിക്കായിട്ടുണ്ടെന്ന് വേണം പറയാൻ. പക്ഷേ തങ്ങളുടെ എല്ലാ മോഡലുകൾക്കും 6 എയർബാഗുകൾ മാരുതി കൊടുത്തപ്പോൾ അതിൽ നിന്നും എസ്-പ്രെസോയെ ഒഴിവാക്കിയിരുന്നു.
7 ഇഞ്ച് സ്മാർട്ട്പ്ലേ സ്റ്റുഡിയോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, USB, AUX ഇൻപുട്ട്, എയർ കണ്ടീഷനിംഗ്, പവർ സ്റ്റിയറിംഗ്, ഫ്രണ്ട് പവർ വിൻഡോകൾ, കീലെസ് എൻട്രി, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ORVM-കൾ, റിയർ പാർസൽ ട്രേ, 60:40 സ്പ്ലിറ്റ് റിയർ സീറ്റ് തുടങ്ങീ അത്യാവിശ്യം വേണ്ടുന്ന ഫീച്ചറുകളെല്ലാം മാരുതിയുടെ എൻട്രി ലെവൽ വാഹനത്തിലുണ്ട്.


Click it and Unblock the Notifications








