കച്ചോടം കുറഞ്ഞു, എന്നിട്ടും എതിരാളികൾക്ക് തൊടാനാവാതെ മാരുതിയുടെ കുതിപ്പ്! ഓഗസ്റ്റിൽ വിറ്റത് 1.80 ലക്ഷം കാറുകൾ
വിൽപ്പനയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിക്ക് ശക്തമായ മത്സരം ഇല്ലെന്നതാണ് സത്യം. ഓരോ മാസവും ലക്ഷക്കണക്കിന് കാറുകൾ വിറ്റഴിക്കുന്ന കമ്പനിയുടെ പകുതി പോലും കച്ചോടം പല എതിരാളികൾക്കും ലഭിക്കുന്നില്ലെന്നതാണ് സത്യം. ഹ്യുണ്ടായിയും മഹീന്ദ്രയും ടാറ്റയുമെല്ലാം കിണഞ്ഞ് ശ്രമിച്ചിട്ടും എത്തിപ്പിടിക്കാനാവാത്ത ഉയരത്തിലാണ് മാരുതിയുടെ സ്ഥാനം എന്ന് ഇതിനോടകം മനസിലായിട്ടുണ്ടായിരിക്കണം. 2025 ഓഗസ്റ്റ് മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവിട്ട് ബ്രാൻഡ് വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. പോയ 31 ദിവസത്തിൽ 1,80,683 യൂണിറ്റുകളാണ് കമ്പനി മൊത്തത്തിൽ വിപണനം ചെയ്‌തിരിക്കുന്നത്.
കഴിഞ്ഞ വർഷം ഇതേ മാസത്തെ 1,81,782 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വിൽപ്പനയിൽ വളരെ ചെറിയ ഇടിവുണ്ടായിട്ടുണ്ടെങ്കിലും നിരാശപ്പെടേണ്ട കാര്യങ്ങളൊന്നുമില്ലെന്ന് വേണം പറയാൻ. ആഭ്യന്തര വിൽപ്പനയാണ് പിന്നാക്കം പോയതെങ്കിലും കയറ്റുമതിയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 41 ശതമാനം വർധനവാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾക്ക് കൈയെത്തിപ്പിടിക്കുവാനായത്.

ആകെ 1,34,050 കാറുകൾ ആഭ്യന്തര വിപണിയിൽ വിറ്റഴിച്ചപ്പോൾ 36,538 യൂണിറ്റുകളാണ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്‌തിരിക്കുന്നത്. മറ്റ് ഒഇഎമ്മുകളിലേക്കുള്ള വിൽപ്പന 10,095 യൂണിറ്റായിരുന്നുവെന്നും മാരുതി സുസുക്കി ചൂണ്ടിക്കാട്ടി. ആൾട്ടോ K10, എസ്-പ്രെസോ, സ്വിഫ്റ്റ്, വാഗൺആർ, ബലേനോ, ഡിസയർ, ഇഗ്നിസ്, സെലെറിയോ തുടങ്ങിയ മോഡലുകൾ ഉൾപ്പെടുന്ന മിനി, കോംപാക്‌ട് സെഗ്മെന്റിൽ 66,450 യൂണിറ്റുകൾ വിറ്റഴിച്ചു.
ഒരു വർഷം മുമ്പ് ഈ വിഭാഗത്തിലെ വിൽപ്പന 68,699 യൂണിറ്റുകളായിരുന്നു. സിയാസ് 2024 ഓഗസ്റ്റിൽ 707 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ ഈ മാസം വിൽപ്പനയൊന്നും രേഖപ്പെടുത്തിയില്ലെന്നതും ഇതിനകത്തുണ്ടായ കുറവിന് കാരണമാണ്. വളർച്ചയുടെ പ്രധാന ഘടകമായ യൂട്ടിലിറ്റി വാഹനങ്ങളുടെ വിൽപ്പനയിൽ ഇടിവ് നേരിട്ടിട്ടുണ്ട്. ബ്രെസ, എർട്ടിഗ, ഫ്രോങ്ക്സ്, ഗ്രാൻഡ് വിറ്റാര, ഇൻവിക്റ്റോ, ജിംനി, XL6 എന്നിവയുൾപ്പെടെയുള്ള മോഡലുകളുടെ വിൽപ്പന 54,043 യൂണിറ്റായിരുന്നു.

കഴിഞ്ഞ വർഷം വിറ്റ 62,684 യൂണിറ്റുകളേക്കാൾ ഇടിവ് ഇവിടെയും സംഭവിച്ചിട്ടുണ്ട്. വാൻ സെഗ്മെന്റിൽ സ്ഥിരത പുലർത്തിയത് നേട്ടമായിട്ടുണ്ടെന്ന് പറയാം. ഈ ശ്രേണിയിലെ ഒരേയൊരു മോഡലായ ഈക്കോ 10,785 യൂണിറ്റുകളാണ് ഓഗസ്റ്റ് മാസത്തിൽ സംഭാവന ചെയ്‌തിരിക്കുന്നത്. അങ്ങനെ ആഭ്യന്തര പാസഞ്ചർ വാഹന വിൽപ്പന 1,31,278 യൂണിറ്റായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇത് 1,43,075 യൂണിറ്റായിരുന്നു.
അതേസമയം വാണിജ്യ വാഗന രംഗത്തെ മാരുതി സുസുക്കിയുടെ ഏക മോഡലായ സൂപ്പർ ക്യാരി ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾ 2,772 യൂണിറ്റുകളുടെ വിൽപ്പനയാണ് പോയമാസം നേടിയെടുത്തത്. 2024 ഓഗസ്റ്റിൽ നിരത്തിലെത്തിച്ച 2,495 യൂണിറ്റുകളേക്കാൾ അല്പം കൂടുതലാണ്. എൽസിവികൾ ഉൾപ്പെടെ മൊത്തം ആഭ്യന്തര വിൽപ്പന ഒരു വർഷം മുമ്പ് 1,45,570 യൂണിറ്റുകളിൽ നിന്ന് 1,34,050 യൂണിറ്റുകളായി.

മറ്റ് ഒഇഎമ്മുകളിലേക്കുള്ള വിൽപ്പന 10,000 യൂണിറ്റുകളായിരുന്നു. അതായത് ടൊയോട്ടയ്ക്ക് നൽകിയ റീബാഡ്‌ജ് മോഡലുകളുടെ കണക്കാണിത്. നിലവിൽ ഉത്സവ സീസണിന് കൊടിയേറിയ സാഹചര്യത്തിൽ വിൽപ്പന കൂട്ടാൻ സാധിക്കുമെന്ന കണക്കുകൂട്ടലുകളിലാണ് ബ്രാൻഡ്. വിൽപ്പനയ്ക്ക് കൂടുതൽ മൈലേജ് നൽകാനായി 2 പുത്തൻ എസ്‌യുവികളെ കൂടി വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് മാരുതി സുസുക്കി.
ഈ മാസം മൂന്നാം തീയതി ഇക്കൂട്ടത്തിലെ ആദ്യ മോഡൽ വിപണിയിലെത്തുമെന്ന സൂചനയും കമ്പനി നൽകിയിട്ടുണ്ട്. രണ്ടാമതായി വരുന്നത് ഇ വിറ്റാരയെന്ന മാരുതിയുടെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയായിരിക്കും. ഓഗസ്റ്റ് 26-ാം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ ഹന്‍സപൂരിലുള്ള കമ്പനിയുടെ പ്ലാന്റില്‍ നിന്ന് ഇലക്ട്രിക് കാറിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ഫ്ലാഗ് ഓഫ് ചെയ്‌തിരുന്നു. ഇന്ത്യയിലേക്ക് ഉടൻ തന്നെ വിപണനത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഇവിയുടെ വിലയറിയാനാണ് ആളുകൾ കാത്തിരിക്കുന്നത്.


Click it and Unblock the Notifications








