ടാറ്റ ഏയ്‌സ് ഇനി വിയർക്കും, സേഫ്റ്റി ഫീച്ചറുകൾ കുത്തിനിറച്ച് മാരുതിയുടെ മിനി ട്രക്ക്; 23.24 കി.മീ മൈലേജുമുണ്ട്
ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ കാർ നിർമാതാക്കളായി മാരുതി സുസുക്കി വിലസാൻ തുടങ്ങിയിട്ട് കാലം കുറേയായി. എന്നാൽ വാണിജ്യ വാഹന നിരയിലേക്ക് വന്നാൽ അവിടെ ടാറ്റ മോട്ടോർസും മഹീന്ദ്രയുമെല്ലാമാണ് കിങ് മേക്കേഴ്‌സ്. പക്ഷേ ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾ നിരയിൽ മാരുതിയുടെ തുറുപ്പുചീട്ടായി ഒരു കിടിലൻ മോഡൽ അരങ്ങുവാഴുന്നുണ്ട് കേട്ടോ. മറ്റാരുമല്ല, നമ്മുടെ സ്വന്തം സൂപ്പർ ക്യാരിയാണ് ആ കക്ഷി. ചെറുകിട വാണിജ്യ വാഹന വിഭാഗത്തിൽ പലരുടേയും ഇഷ്ട മോഡലായ ക്യാരി മികച്ച നിലവാരവും വൈവിധ്യമാർന്ന ഡെക്കുമാണ് വാഗ്‌ദാനം ചെയ്യുന്നത്.
ഇന്ത്യൻ മിനി ട്രക്ക് വിപണിയിൽ ടാറ്റ ഏയ്‌സിനോടും മഹീന്ദ്രയുടെ സുപ്രോയോടും മത്സരിച്ച് വെന്നിക്കൊടി പാറിക്കാനും ഈ മോഡലിനായിട്ടുണ്ട്. ഇപ്പോഴിതാ എൽവിസിയെ കൂടുതൽ ഫീച്ചറുകളുടെ അകമ്പടിയോടെ പരിഷ്ക്കരിച്ചിരിക്കുകയാണ് മാരുതി. ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP) അവതരിപ്പിച്ചുകൊണ്ടാണ് സൂപ്പർ ക്യാരിയെ കമ്പനി സുരക്ഷിതമായി നവീകരിച്ചിരിക്കുന്നത്.

വാഹനത്തിന്റെ സ്റ്റെബിലിറ്റി മെച്ചപ്പെടുത്തുകയും ഡ്രൈവറെയും കാർഗോയെയും സംരക്ഷിക്കുകയും ചെയ്യുന്ന ഏഴ് പ്രധാന സുരക്ഷാ സവിശേഷതകളുമായാണ് ഏറ്റവും പുതിയ മാരുതി സുസുക്കി സൂപ്പർ ക്യാരി വരുന്നത്. വീൽ ലോക്കപ്പ് തടയുന്നതിനായി ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ബാലൻസ്ഡ് ബ്രേക്കിംഗിനായി ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ (EBD), പെട്ടെന്നുള്ള വേഗത കുറയ്ക്കുമ്പോൾ വീൽ സ്ലിപ്പ് നിർത്താൻ എഞ്ചിൻ ഡ്രാഗ് കൺട്രോൾ (EDC) എന്നിവ ഇപ്പോൾ എൽസിവിയിൽ ഉണ്ട്.
ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (TCS) തെന്നിതെറിച്ച് കിടക്കുന്ന റോഡുകളിൽ നല്ല ഗ്രിപ്പ് വാഹനത്തിന് കൊടുക്കുന്നതിനായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. അതേസമയം വലിയ വളവുകളിലും സ്ഥിരത നിലനിർത്താനായി റോളോവർ പ്രിവൻഷനും കമ്പനി ഒരുക്കിയിട്ടുണ്ട്. കൂടാതെ, ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ് (HBA) അടിയന്തര സാഹചര്യങ്ങളിൽ ബ്രേക്ക് ചവിട്ടുമ്പോൾ കൺട്രോൾ നഷ്ടപ്പെടാതെ സഹായിക്കുകയും ചെയ്യും.

ഈ നവീകരണങ്ങൾ സൂപ്പർ ക്യാരിയെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ മിനി ട്രക്കുകളിൽ ഒന്നാക്കി മാറ്റുന്നു. ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും മെച്ചപ്പെടുത്തിയ ബ്രേക്കിംഗ് സാങ്കേതികവിദ്യകളും കൂടി ചേർത്തതോടെ വാണിജ്യ വാഹന വിഭാഗത്തിലെ മാരുതിയുടെ ഗുലാന്റെ ഇമേജ് തന്നെ ഒന്ന് മാറുമെന്നതിൽ സംശയൊന്നുമില്ല. ഇത്തരം പരിഷ്ക്കാരങ്ങൾ ഒഴികെ സൂപ്പർ ക്യാരിക്ക് മറ്റ് മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല.
അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കിയ പരിചിതമായ 1.2 ലിറ്റർ കെ-സീരീസ് ഡ്യുവൽ ജെറ്റ്, ഡ്യുവൽ വിവിടി എഞ്ചിനാണ് മാരുതി സുസുക്കി സൂപ്പർ ക്യാരിക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. ഇ-കൊമേഴ്‌സ്, കൊറിയർ സേവനങ്ങൾ, എഫ്എംസിജി, സാധനങ്ങളുടെ വിതരണം തുടങ്ങിയ മേഖലകളിൽ സൂപ്പർ കാരി വ്യാപകമായി ഉപയോഗിച്ചുവരുന്ന വാഹനമാണ്.
270 നഗരങ്ങളിലായി 370-ലധികം വാണിജ്യ ഔട്ട്‌ലെറ്റുകളിലൂടെയാണ് മാരുതി സുസുക്കി സൂപ്പർ ക്യാരിയുടെ വിപണനം നടത്തുന്നത്. പെട്രോൾ, സിഎൻജി ഫ്യുവൽ ഓപ്ഷനുകളിലും എൽവിസി വാങ്ങാനാവും. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ പെട്രോളിൽ 72.4 bhp കരുത്തിൽ 98 Nm torque വരെ ഉത്പാദിപ്പിക്കാൻ മാരുതിയുടെ കൊമേഴ്‌സ്യൽ മോഡലിനാവും. അതേസമയം സിഎൻജി പതിപ്പിന് 64.3 bhp പവറിൽ 85 Nm ടോർക്ക് വരെ വികസിപ്പിക്കാൻ കഴിയും.
രണ്ടും 5-സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. വിലകളെ സംബന്ധിച്ചിടത്തോളം മാരുതി സുസുക്കി സൂപ്പർ ക്യാരിയുടെ ബേസ് പെട്രോൾ ക്യാബ് ഷാസിക്ക് 5.49 ലക്ഷം രൂപയും മിഡ്-സ്പെക്ക് ഗ്യാസോലിൻ ഡെക്ക് വേരിയന്റിന് 5.64 ലക്ഷം രൂപയുമാണ് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. മറുവശത്ത് സിഎൻജി കാബ് ഷാസി വേരിയന്റിന് 6.49 ലക്ഷം രൂപയും സിഎൻജി ഡെക്കിന് 6.64 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്. 3 വർഷം അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ വാറണ്ടിയാണ് വാഹനത്തിനുള്ളത്.


Click it and Unblock the Notifications








