6.49 ലക്ഷത്തിന് 25KM മൈലേജുള്ള കാര്‍ കൊടുത്താല്‍ ഇന്ത്യക്കാര്‍ അതല്ലേ വാങ്ങു! വീണ്ടും ഫസ്റ്റടിച്ച് ജനപ്രിയന്‍
ഇന്ത്യയില്‍ ഇപ്പോള്‍ കാര്‍ വാങ്ങുന്നവരില്‍ പകുതിയാളുകളും വാങ്ങുന്നത് സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങളാണ് (എസ്‌യുവി). എന്നിരുന്നാലും ഹാച്ച്ബാക്ക് സെഗ്‌മെന്റ് ഇപ്പോഴും തരക്കേടില്ലാത്ത വില്‍പ്പനയുമായി പിടിച്ച് നില്‍ക്കുന്നുണ്ട്. അതിന് നന്ദി പറയേണ്ടത് ചില മാരുതി മോഡലുകളോടാണ്. ഇന്ത്യയില്‍ കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറുകളുടെ പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനത്തെത്തിയത് മാരുതി കാറുകളാണ്. പട്ടികയില്‍ 10000 യൂണിറ്റിന് മുകളില്‍ പ്രതിമാസ വില്‍പ്പന നേടിയതും ഈ മൂന്ന് കാറുകളാണ്. 2025 ഏപ്രിലില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഹാച്ച്ബാക്കുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
2025 ഏപ്രിലില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഹാച്ച്ബാക്ക് മാരുതി സുസുക്കി സ്വിഫ്റ്റ് (Maruti Suzuki Swift) ആയിരുന്നു. സ്വന്തം കുടുംബത്തില്‍ നിന്ന് തന്നെയുള്ള വാഗണ്‍ആറിനെ മറികടന്നാണ് സ്വിഫ്റ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ അപ്‌ഡേറ്റ് സ്വിഫ്റ്റിന് കാര്യമായി ഗുണം ചെയ്തുവെന്ന് വില്‍പ്പന കണക്കുകളില്‍ നിന്ന് വ്യക്തമാണ്. 2024 ഏപ്രിലിനെ അപേക്ഷിച്ച് 256 ശതമാനം വളര്‍ച്ചുയോടെ 14,593 സ്വിഫ്റ്റ് കാറുകളാണ് മാരുതി വിറ്റത്.

12 മാസം മുമ്പ് സ്വിഫ്റ്റിന്റെ വില്‍പ്പന വെറും 4,104 യൂണിറ്റ് മാത്രമായിരുന്നു. 13,413 യൂണിറ്റ് വില്‍പ്പനയുമായി മാരുതി സുസുക്കി വാഗണ്‍ആര്‍ സ്വിഫ്റ്റിന് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി. 2024 ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് ടോള്‍ബോയ് ഹാച്ചിന്റെ വില്‍പ്പന 25 ശതമാനം ഇടിഞ്ഞു. മാരുതിയുടെ തന്നെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയാണ് മൂന്നാം സ്ഥാനത്ത്. ആറ് ശതമാനം ഇടിവുണ്ടായെങ്കിലും ബലേനോക്ക് പോയ മാസം 13,180 പുതിയ ഉപഭോക്താക്കളെ ലഭിച്ചു.
22 ശതമാനം വളര്‍ച്ചയോടെ 8,270 യൂണിറ്റ് വില്‍പ്പനയുമായി ടാറ്റ ടിയാഗോയാണ് പട്ടികയില്‍ നാലാമതെത്തിയത്. 38 ശതമാനം ഇടിവുണ്ടായെങ്കിലും 5,606 യൂണിറ്റ് വില്‍പ്പനയുമായി ആള്‍ട്ടോ അഞ്ചാം സ്ഥാനത്താണ്. ആറ്, ഏഴ് സ്ഥാനങ്ങളിലുള്ള ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസിന്റെയും ടൊയോട്ട ഗ്ലാന്‍സയുടെയും വില്‍പ്പന യഥാക്രമം 4,137 യൂണിറ്റും 4,132 യൂണിറ്റുമായിരുന്നു. ഗ്രാന്‍ഡ് i10 നിയോസിന്റെ വില്‍പ്പന 19 ശതമാനവും ഗ്ലാന്‍സയുടേത് ആറ് ശതമാനവും കുറഞ്ഞതാണ്.

എട്ട്, ഒമ്പത് സ്ഥാനങ്ങളിലുള്ള ഹ്യുണ്ടായി i20, ടാറ്റ ആള്‍ട്രോസ് എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യമായ ഇടിവ് നേരിട്ടു. 32 ശതമാനം ഇടിവോടെ i20-യുടെ വില്‍പ്പന 3525 യൂണിറ്റായിരുന്നു. അതേസമയം 2172 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തിയ ആള്‍ട്രോസിന്റെ ഇടിവ് 58 ശതമാനമാണ്. വെല്ലുവിളികള്‍ക്കിടയിലും മാരുതി സുസുക്കി ഇഗ്‌നിസ് വില്‍പ്പന ഒരു ശതമാനം വര്‍ധിപ്പിക്കുകയും 1,936 കാറുകള്‍ വിറ്റഴിച്ച് ടോപ് 10 പട്ടികയില്‍ ഇടം നേടുകയും ചെയ്തു.
ഹാച്ച്ബാക്ക് മോഡലുകള്‍ക്കിടയിലുള്ള ഈ വ്യത്യസ്ത പ്രകടനം ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വിപണിയിലെ വളര്‍ന്നുവരുന്ന മാറ്റങ്ങളെ കൂടിയാണ് പ്രതിനിധീകരിക്കുന്നത്. 2025 ഏപ്രിലില്‍ മാരുതി സുസുക്കി സ്വിഫ്റ്റ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്കായി ഉയര്‍ന്നത് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ അതിന്റെ ജനപ്രീതിയുടെ തെളിവാണ്. കഴിഞ്ഞ വര്‍ഷം വമ്പന്‍ അപ്‌ഡേറ്റ് ലഭിച്ചിട്ടും കാര്‍ 6.49 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ലഭ്യമാണ്. ടോപ് സ്‌പെക് വേരിയന്റിന് വില 9.64 ലക്ഷം രൂപ മാത്രമാണ്. എക്‌സ്-ഷോറൂം വിലകളാണിത്.

കഴിഞ്ഞ വര്‍ഷത്തെ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഭാഗമായി പുത്തന്‍ എഞ്ചിന്‍ ലഭിച്ചതോടെ സ്വിഫ്റ്റിന്റെ മൈലേജും കൂടിയിരുന്നു. ഹാച്ച്ബാക്കിന്റെ പെട്രോള്‍ പതിപ്പുകള്‍ക്ക് ലിറ്ററിന് 25.75 കിലോമീറ്റര്‍ വരെയും സിഎന്‍ജി വേരിയന്റിന് കിലോഗ്രാമിന് 32.85 കിലോമീറ്ററുമാണ് ക്ലെയിംഡ് മൈലേജ്. ഇന്ത്യയിലെ മിഡില്‍ ക്ലാസ് കുടുംബങ്ങള്‍ മാത്രമല്ല പണക്കാരും സെലിബ്രിറ്റികളും പോലും സെക്കന്‍ഡറി കാര്‍ ആയി സ്വിഫ്റ്റ് വാങ്ങുന്നത് നമുക്ക് കാണാം. വര്‍ഷങ്ങള്‍ കൊണ്ട് ഈ കാര്‍ സ്വന്തമാക്കിയ വിശ്വാസവും ഉപഭോക്തൃ അടിത്തറയും അത്രയും വലുതാണ്.
കാലികമായി അപ്‌ഡേറ്റുകള്‍ക്ക് വിധേയമാകുന്നത് കൂടിയാണ് സ്വിഫ്റ്റിന്റെ വിജയത്തിന് പിന്നിലെ രഹസ്യങ്ങളിലൊന്ന്. ഇന്ത്യയില്‍ ഹൈബ്രിഡ് കാറുകള്‍ക്ക് സ്വീകാര്യത കൂടി വരുന്ന സാഹചര്യത്തില്‍ അടുത്ത അപ്‌ഡേറ്റില്‍ സ്വിഫ്റ്റ് ഹൈബ്രിഡ് ആയി അവതാരപ്പിറവിയെടുത്തേക്കും. അങ്ങനെ വന്നാല്‍ കഴിഞ്ഞ വര്‍ഷം പറഞ്ഞ് കേട്ട പോലെ ലിറ്ററിന് 35 കിലോമീറ്റര്‍ മൈലേജ് തരുന്ന സ്വിഫ്റ്റ് നമുക്ക് കാണാന്‍ പറ്റിയേക്കും. അത് ഇന്ത്യന്‍ കാര്‍ വിപണിയില്‍ വലിയ വിപ്ലവമായിരിക്കും സൃഷ്ടിക്കുക.


Click it and Unblock the Notifications








