എഞ്ചിൻ മാറ്റിയതോടെ പഴയ കച്ചോടമില്ല! 33 KM മൈലേജ് തരുന്ന ഇന്ത്യക്കാരുടെ ഫേവറീറ്റ് കാറിന്റെ വിൽപ്പന കുറഞ്ഞു
സ്ത്രീകൾക്കിടയിൽ വരെ ആരാധകരുള്ള കാറാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. കോംപാക്‌ട് ഹാച്ച്ബാക്ക് സെഗ്മെന്റിൽ എത്തിയിട്ട് ഇരുപത് കൊല്ലത്തിന് മുകളിലായെങ്കിലും പകിട്ടിനും പത്രാസിനും ഇതുവരെ കുറവൊന്നും വരാതെ സ്വിഫ്റ്റ് കുതിച്ചുപായുകയാണ്. എസ്‌യുവികൾ ചൂടപ്പം പോലെ വിറ്റഴിയുന്ന കാലത്താണ് മാരുതിയുടെ ഇതിഹാസ പരിവേഷമുള്ള ഹാച്ച്ബാക്ക് ഇതുപോലെ വിറ്റഴിയുന്നത് എന്നതുകൂടി കേൾക്കുമ്പോൾ ആർക്കായാലും ഒരു അമ്പരപ്പ് തോന്നിയേക്കാം. പക്ഷേ പഴയ മോഡലുകളെ അപേക്ഷിച്ച് നോക്കുമ്പോൾ പുതിയ നാലാംതലമുറ ആവർത്തനത്തിനോട് പലർക്കും അത്ര അടുപ്പമില്ല. അതിന്റെ പ്രധാന കാരണം ത്രീ-സിലിണ്ടർ എഞ്ചിനിലേക്ക് മാറിയത് തന്നെയാണ്.
ഒപ്പം ഡിസൈനിലുണ്ടായ മാറ്റങ്ങളും ആളുകൾക്ക് കാര്യമായി ദഹിച്ചില്ലെന്നതാണ് യാഥാർഥ്യം. എങ്കിലും ഓരോ മാസവും പതിനായിരം യൂണിറ്റുകൾക്ക് മുകളിൽ വിൽപ്പന നേടാൻ മാരുതി സുസുക്കി സ്വിഫ്റ്റിന് സാധിക്കുന്നുണ്ട്. പക്ഷേ കമ്പനിയുടെ അഹങ്കാരം തീർക്കുന്ന കണക്കുകളാണ് 2025 ജൂലൈ മാസത്തെ വിൽപ്പന കണക്ക് പുറത്തുവരുമ്പോൾ കാണാവുന്നത്. എന്താണന്നല്ലേ, കഴിഞ്ഞ വർഷം ഇതേ സമയത്തെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ സ്വിഫ്റ്റിന്റെ വിൽപ്പന 16 ശതമാനം കുറഞ്ഞു.

അതായത് 2024 ജൂലൈയിൽ മാരുതി സുസുക്കി സ്വിഫ്റ്റിന്റെ 16,854 യൂണിറ്റുകൾ കമ്പനി വിറ്റഴിച്ചപ്പോൾ ഒരു വർഷത്തിനിപ്പുറം 2025 ജൂലൈയിൽ 14,190 യൂണിറ്റുകൾ മാത്രമാണ് നിരത്തിലെത്തിക്കാനിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേസമയവുമായി താരതമ്യപ്പെടുത്തുമ്പോൾ 2025 ജൂലൈയിൽ 2,664 യൂണിറ്റുകളുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്. ഈയൊരു കാര്യം രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി ഗൌരവമായി എടുക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
LXI, VXI, VXI, ZXI, ZXI+ എന്നീ വേരിയുന്റുകളിൽ വിപണിയിലെത്തുന്ന ഹാച്ച്ബാക്കിന് 6.49 ലക്ഷം മുതൽ 9.64 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ഏറ്റവും പുതിയ സ്വിഫ്റ്റിന് 1.2 ലിറ്റർ Z- സീരീസ് ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 80 bhp കരുത്തിൽ 112 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും.

പെട്രോളിന് പുറമെ സിഎൻജി ബൈ-ഫ്യുവൽ സംവിധാനവും സ്വിഫ്റ്റിൽ ലഭ്യമാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. കിലോഗ്രാമിന് 32.85 കിലോമീറ്റർ മൈലേജാണ് കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ മാരുതിയുടെ ഹാച്ച്ബാക്കിനായി മുടക്കേണ്ടി വരുന്നത്. പെട്രോൾ മാനുവലിന് 24.80 കിലോമീറ്റർ ഇന്ധനക്ഷമതയും എഎംടി വേരിയന്റിന് 25.75 കിലോമീറ്ററാണ് കമ്പനി പറയുന്ന മൈലേജ്.
3 വർഷത്തെ അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ വാറണ്ടിയും ഹാച്ച്ബാക്കിന് മാരുതി സുസുക്കി വാഗ്‌ദാനം ചെയ്യുന്നുണ്ടെന്നതിനാൽ ആർക്കും കണ്ണുംപൂട്ടി വാങ്ങിക്കാനാവും. പണ്ടത്തെ പോലെ പപ്പടമല്ലാത്തതിനാൽ സേഫ്റ്റിയുടെ കാര്യത്തിലും ആശങ്കയൊന്നും വേണ്ട. ഇപ്പോൾ സ്റ്റാൻഡേർഡായി തന്നെ 6 എയർബാഗുകൾ വാഗ്‌ദാനം ചെയ്‌തുകൊണ്ടാണ് മാരുതി സുസുക്കിയുടെ ഇതിഹാസ കാർ വിപണിയിൽ എത്തുന്നത്.

അതോടൊപ്പം റോൾഓവർ മിറ്റിഗേഷനോടുകൂടിയ ഇഎസ്‌പി, ഹിൽ ഹോൾഡ്, ഇബിഡിയുള്ള എബിഎസ്, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകളും ത്രീ-പോയിന്റ് ബെൽറ്റുകളും പോലുള്ള സുരക്ഷാ സന്നാഹങ്ങളും സ്വിഫ്റ്റിന്റെ പുതുതലമുറ മോഡലിൽ ഒരുക്കിയിട്ടുണ്ട്. ഫീച്ചറുകളിലായാലും ആധുനിക എസ്‌യുവികളോട് കിടപിടിക്കുന്ന രീതിയിലാണ് സ്വിഫ്റ്റ് വരുന്നത്.
9 ഇഞ്ച് സ്മാർട്ട്‌പ്ലേ പ്രോ പ്ലസ് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, 40-ലധികം കണക്റ്റഡ് കാർ സവിശേഷതകൾ, ക്രൂയിസ് കൺട്രോൾ, വയർലെസ് ചാർജർ, വയർലെസ് ഫോൺ മിററിംഗ്, റിയർ എസി വെന്റുകൾ, 60:40 സ്പ്ലിറ്റ് പിൻ സീറ്റുകൾ, കീലെസ് എൻട്രി പോലുള്ള പ്രായോഗികമായ ഫീച്ചറുകളെല്ലാം വാഹനത്തിലുണ്ട്. ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി സ്വിഫ്റ്റ് വളരെ ജനപ്രിയമാതിനാൽ നിലവിലെ ഇടിവ് താൽക്കാലികം മാത്രമായിരിക്കുമെന്ന് വിശ്വസിക്കാം.


Click it and Unblock the Notifications








