ഇറങ്ങിയിട്ട് 20 കൊല്ലം, ഇന്നും ബെസ്റ്റ് സെല്ലര്‍! 'പാവങ്ങളുടെ മിനി കൂപ്പര്‍' 32 ലക്ഷം ഇന്ത്യന്‍ വീടുകളില്‍
42 വര്‍ഷം മുമ്പ് വിപണിയില്‍ പ്രവേശിച്ചത് മുതല്‍ ഇന്ത്യയിലെ നമ്പര്‍ 1 കാര്‍ നിര്‍മാതാക്കളാണ് മാരുതി സുസുക്കി. 1983 ഡിസംബര്‍ 14-ന് ഇന്ത്യന്‍ ഓട്ടോമോട്ടീവ് ലാന്‍ഡ്സ്‌കേപ്പില്‍ വിപ്ലവം സൃഷ്ടിച്ച മാരുതി 800 പുറത്തിറക്കിയത് മുതലാണ് മാരുതി സുസുക്കിയുടെ ജൈത്രയാത്ര ആരംഭിച്ചത്. ഇന്ന്, വിവിധ പവര്‍ട്രെയിന്‍, ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലായി 19 വ്യത്യസ്ത മോഡലുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ ദിവസമാണ് 3 കോടി കാര്‍ വിറ്റഴിക്കുന്ന ആദ്യത്തെ കമ്പനിയായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (Maruti Suzuki India Ltd) മാറിയത്.
ആദ്യത്തെ 1 കോടി (2012 ഫെബ്രുവരി) കാര്‍ വില്‍ക്കാന്‍ കമ്പനിക്ക് 28 വര്‍ഷവും രണ്ട് മാസവും വേണ്ടിവന്നപ്പോള്‍ വെറും 7 വര്‍ഷവും 5 മാസവും കൊണ്ട് രണ്ടാമത്തെ കോടിയിലെത്തി (2019 ജൂലൈ). 2 കോടിയില്‍ നിന്ന് 3 കോടിയിലെത്താന്‍ (2025 നവംബര്‍) വറും 6 വര്‍ഷവും 4 മാസവും മാത്രമാണ് വേണ്ടിവന്നത്. ഇതില്‍ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കാറുകളില്‍ ഒന്നായ മാരുതി സ്വിഫ്റ്റിന്റെ സംഭാവ എത്രയണെന്ന് ഈ ലേഖനത്തില്‍ വായിക്കാം.

2004-ലാണ് ആദ്യമായി പുറത്തിറങ്ങിയ സ്വിഫ്റ്റ് 20025-ലാണ് ഇന്ത്യയിലെത്തിയത്. ഈ വര്‍ഷമാണ് സ്വിഫ്റ്റിന്റെ ആഗാളതലത്തിലുള്ള വില്‍പ്പന 1 കോടി കടന്നത്. ഇതില്‍ നല്ലൊരു പങ്ക് സംഭാവന ചെയ്തത് ഇന്ത്യയാണ്. ഇന്ത്യന്‍ വിപണിയില്‍ മാരുതി 3 കോടിയിലധികം കാറുകള്‍ വിറ്റഴിച്ചതിലും സ്വിഫ്റ്റിന് വലിയ പങ്കുണ്ട്. ആള്‍ട്ടോയ്ക്കും (47 ലക്ഷം യൂണിറ്റ്) വാഗണ്‍-ആറിനും (34 ലക്ഷം യൂണിറ്റ്) ശേഷം രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ വാഹനമാണിത്.
മാരുതി സുസുക്കി ഇന്ത്യയില്‍ 32 ലക്ഷം യൂണിറ്റ് സ്വിഫ്റ്റുകള്‍ വിറ്റഴിച്ചിട്ടുണ്ട്. ഇതിനോടകം സ്വിഫ്റ്റ് നാല് തലമുറകളിലൂടെ കടന്നുപോയി. ഓരോന്നും വലിയ വിജയമായിരുന്നു. പുതിയ സാങ്കേതികവിദ്യ, മികച്ച സേഫ്റ്റി ഫീച്ചറുകള്‍, മോഡേണ്‍ സ്‌റ്റൈലിംഗ് എന്നിവ ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്യുന്നതിനിടയിലും കോംപാക്റ്റ് വലുപ്പം, സ്പോര്‍ട്ടി ഡിസൈന്‍, ദൈനംദിന ഉപയോഗക്ഷമത എന്നിവ നിലനിര്‍ത്താന്‍ കമ്പനി ശ്രദ്ധിക്കാറുണ്ട്.

ഓട്ടോ ഇന്‍ഡസ്ട്രി വലിയ മാറ്റങ്ങള്‍ക്ക് വിധേയമാകുമ്പോഴും പതിവ് അപ്‌ഡേറ്റുകള്‍ വഴി കാലികമായി നിലനിര്‍ത്തുന്നതാണ് സ്വിഫ്റ്റിന്റെ വിജയ ഫോര്‍മുലകളില്‍ ഒന്ന്. നിലവില്‍ 5,78,900 രൂപ മുതലാണ് ഇന്ത്യയില്‍ സ്വിഫ്റ്റിന്റെ വില ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം നാലാം തലമുറ അപ്‌ഡേറ്റിന്റെ ഭാഗമായി വന്ന പുതിയ Z സീരീസ് എഞ്ചിന്‍ സ്വിഫറ്റിന് മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു.
1.2 ലിറ്റര്‍ Z12E 3-സിലിണ്ടര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 80bhp പവറും 112nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 5-സ്പീഡ് മാനുവല്‍, 5-സ്പീഡ് എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും ലഭിക്കുന്നു. സ്വിഫ്റ്റ് മാനുവല്‍ വേരിയന്റ് ലിറ്ററിന് 24.80 കിലോമീറ്റര്‍ മൈലേജും ഓട്ടോമാറ്റിക് വേരിയന്റ് ലിറ്ററിന് 25.75 കിലോമീറ്റര്‍ മൈലേജും നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

കിലോഗ്രാമിന് 32.85 കിലോമീറ്റര്‍ ഇന്ധനക്ഷമത അവകാശപ്പെടുന്ന സിഎന്‍ജി വേരിയന്റും മാരുതി വില്‍പ്പനക്കെത്തിക്കുന്നു. മൈലേജിന്റെ കാര്യത്തില്‍ മാത്രമല്ല മോഡേണ്‍ ഫീച്ചറുകള്‍ നിറഞ്ഞ ആകര്‍ഷകമായ ക്യാബിനും പുതിയ സ്വിഫ്റ്റിന്റെ പ്രത്യേകതയാണ്. റിയര്‍ എസി വെന്റുകള്‍, വയര്‍ലെസ് ചാര്‍ജര്‍, ഡ്യുവല്‍ ചാര്‍ജിംഗ് പോര്‍ട്ടുകള്‍ എന്നിവയും ഇതിലുണ്ട്.
പാര്‍ക്കിംഗ് എളുപ്പമാക്കാന്‍ സഹായിക്കുന്ന റിയര്‍ വ്യൂ ക്യാമറയും ഈ മോഡലില്‍ ലഭ്യമാണ്. 9 ഇഞ്ച് ഫ്രീ-സ്റ്റാന്‍ഡിംഗ് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, പുതുക്കിയ ഡാഷ്ബോര്‍ഡ്, വയര്‍ലെസ് കണക്റ്റിവിറ്റിയോടുകൂടിയ ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണ എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്. സെന്റര്‍ കണ്‍സോളില്‍ ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍ പാനലും നല്‍കിയിട്ടുണ്ട്.
സ്റ്റാന്‍ഡേര്‍ഡായി 6 എയര്‍ബാഗുകള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഇലക്‌ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, പുതിയ സസ്‌പെന്‍ഷന്‍, ക്രൂയിസ് കണ്‍ട്രോള്‍, എല്ലാ സീറ്റുകളിലും 3-പോയിന്റ് സീറ്റ്‌ബെല്‍റ്റ്, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (EBD), ബ്രേക്ക് അസിസ്റ്റ് (BA) എന്നിവയും ഇതിലെ സുരക്ഷാ ഫീച്ചറുകളാണ്. ഇടത്തരം കുടുംബങ്ങള്‍ കാര്‍ വാങ്ങുമ്പോള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എല്ലാം താങ്ങാവുന്ന വിലയില്‍ ലഭ്യമാകുന്നതിനാല്‍ വരും നാളുകളിലും സ്വിഫ്റ്റ് ഇതേ പ്രൗഡിയോടെ ഇന്ത്യയില്‍ തന്നെ കാണും.


Click it and Unblock the Notifications








