റെനോയ്ക്ക് മാരുതി വക മുട്ടൻ പണി! 6 ലക്ഷത്തിന് പുത്തൻ 7-സീറ്റർ എംപിവി വരുന്നു, അതും സ്വിഫ്റ്റിന്റെ എഞ്ചിനുമായി
സാധാരണക്കാരെ മനസിൽ കണ്ടുകൊണ്ട് വാഹനങ്ങൾ നിർമിക്കുന്നവരാണ് മാരുതി സുസുക്കി (Maruti Suzuki). ബ്രാൻഡിന്റെ ഏത് മോഡൽ വാങ്ങിയാലും പോക്കറ്റ് കീറികില്ലെന്ന് ഉറപ്പുമാണ്. കുറഞ്ഞ മെയിന്റനെൻസും നല്ല മൈലേജുമെല്ലാം പണ്ട് മുതലേ മാരുതി കാറുകളുടെ ഹൈലൈറ്റുകളാണ്. ഇന്നും അതിനൊന്നും യാതൊരു കുറവും വരുത്താതെ മുമ്പോട്ട് പോവുന്നതിനാലാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായി തുടരാൻ കമ്പനിക്കാവുന്നത്. ബജറ്റ് ഫ്രണ്ട്ലിയായിട്ടുള്ള ചെറുകാറുകൾ, പ്രീമിയം എസ്‌യുവികൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുൾപ്പെടെ നിരവധി പുതിയ മോഡലുകളും മാരുതി സുസുക്കി അണിയറയിൽ ഒരുക്കുന്നുണ്ട് കേട്ടോ.
ഇതുകൂടാതെ ഇന്ത്യൻ വിപണിക്കായി ഒരു കുഞ്ഞൻ എംപിവിയെ കൂടി അവതരിപ്പിക്കാനുള്ള തയാറെടുപ്പുകളും മാരുതി സുസുക്കി ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. മൾട്ടി പർപ്പസ് വാഹന നിരയിൽ എർട്ടിഗ അരങ്ങുവാഴുന്നുണ്ടായിട്ടും ഇതിന് താഴെയായി പുതിയ മോഡൽ വരുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കുന്നവർക്കുള്ള ഉത്തരവും കമ്പനിയുടെ പക്കലുണ്ട്. എന്തായാലും താങ്ങാനാവുന്ന വിലയിൽ എംപിവി കിട്ടുന്നത് സന്തോഷകരമായ കാര്യം തന്നെയാണ്.

YDB എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ഈ പുതിയ മാരുതി കോംപാക്‌ട് എംപിവി ജപ്പാനിലെ ജനപ്രിയ കെയ് കാറായ സുസുക്കി സ്പേഷ്യ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ചിത്രങ്ങളിലൂടെ ഇന്ത്യാക്കാർക്ക് സുപരിചിതനായ കക്ഷി അതുപോലെ തന്നെ ഇവിടെ എത്തില്ലെന്നത് ആദ്യമേ പറയാം കേട്ടോ. ഇന്ത്യയിലെ ഉപയോഗത്തിന് അനുസൃതമായുള്ള പരിഷ്ക്കാരങ്ങളെല്ലാം വാഹനത്തിൽ കാര്യമായുണ്ടാവും.
ജാപ്പനീസ് പതിപ്പ് സുസുക്കി സ്പേഷ്യയ്ക്ക് 3,395 മില്ലീമീറ്റർ നീളവും രണ്ട് നിര ഇരിപ്പിടവുമാണ് ഉണ്ടാവുക. അതായത് വണ്ടി എംപിവി ആണെങ്കിലും 7-സീറ്റർ മോഡലായിരിക്കില്ലെന്ന് സാരം. എന്നിരുന്നാലും, ഇന്ത്യയിലേക്ക് വരുന്ന മോഡൽ സ്പേഷ്യയേക്കാൾ നീളമുള്ളതായിരിക്കും. 4 മീറ്ററിൽ താഴെയുള്ള വിഭാഗത്തിലായിരിക്കും മാരുതി ഇതിനെ പുറത്തിറക്കുകയെങ്കിലും ഇതൊരു മൂന്നുവരി 7-സീറ്റർ മോഡലാവാനാണ് സാധ്യത.

പുതിയ മാരുതി കോംപാക്‌ട് എംപിവിയിൽ മൂന്ന് നിര ഇരിപ്പിടങ്ങൾ ഉണ്ടായിരിക്കുമെന്നത് വലിയ ഫാമിലികൾക്ക് പോലും പ്രായോഗികമാവുന്ന കാര്യമായിരിക്കും. റെനോ ട്രൈബറിനോട് ഏറ്റുമുട്ടാനാണ് ഇന്തോ-ജാപ്പനീസ് ബ്രാൻഡിന്റെ ഉദ്ദേശമെന്ന് വ്യക്തമാണ്. ഇനി ഡിസൈനിലേക്ക് വന്നാൽ ജപ്പാൻ-സ്പെക്ക് സ്പേഷ്യയിൽ വാഗ്ദാനം ചെയ്യുന്ന സ്ലൈഡിംഗ് റിയർ ഡോറിന്റെ അഭാവമാണ് ഇന്ത്യയിലെത്തുന്ന മോഡലിനെ കൂടുതൽ വ്യത്യസ്തമാക്കുക.
ചെലവ് നിയന്ത്രിക്കുന്നതിനും ഇന്ത്യയിൽ മത്സരാധിഷ്ഠിത വില കൈവരിക്കുന്നതിനുമായി മറ്റ് ചില ഫാൻസി സവിശേഷതകളും ഇത് നഷ്ടപ്പെടുത്തിയേക്കാം. വരാനിരിക്കുന്ന മാരുതി മിനി എംപിവി ഫ്രോങ്ക്‌സ് കോംപാക്ട് ക്രോസ്ഓവർ, ബലേനോ ഹാച്ച്ബാക്ക് എന്നിവയുമായി ചില ഫീച്ചറുകൾ പങ്കിടാൻ സാധ്യതയുണ്ട്. ക്രോം അലങ്കാരങ്ങളുള്ള കറുത്ത ഗ്രിൽ, ചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, മുൻ ബമ്പറിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന വീതിയേറിയ എയർ ഡാം എന്നിവ ഉപയോഗിച്ച് വാഹനം ബോക്‌സി നിലപാട് നിലനിർത്താൻ സാധ്യതയുണ്ട്.

ജപ്പാനിൽ സുസുക്കി സ്പേഷ്യ ചെറിയ 660 സിസി എഞ്ചിനിലാണ് ലഭ്യമാകുന്നത്. എന്നാൽ ഇന്ത്യയിൽ ഇതൊട്ടും പ്രായോഗികമല്ലാത്തതിനാൽ ഇന്ത്യയിലെ പുതിയ മാരുതി കോംപാക്‌ട് എംപിവിക്ക് സ്വിഫ്റ്റിൽ നിന്ന് കടമെടുത്ത ഏറ്റവും പുതിയ 1.2 ലിറ്റർ, 3-സിലിണ്ടർ Z-സീരീസ് പെട്രോൾ എഞ്ചിനാവും തുടിപ്പേകാൻ എത്തുക. ഇത് റെനോ ട്രൈബറിനേക്കാൾ അനായാസം മുന്നേറാൻ വാഹനത്തിനെ സഹായിക്കുകയും ചെയ്യും. 5-സ്പീഡ് മാനുവൽ, അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ആയിരിക്കും ട്രാൻസ്മിഷൻ ഓപ്ഷൻ.
1.2 ലിറ്റർ 3-സിലിണ്ടർ പെട്രോൾ എഞ്ചിന് 82 bhp കരുത്തിൽ പരമാവധി 108 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. മാരുതിയുടെ മോഡൽ നിരയിൽ പുതിയ കോംപാക്‌ട് എംപിവി എർട്ടിഗ, XL6 എന്നിവയ്ക്ക് താഴെയായിരിക്കും സ്ഥാനം പിടിക്കുക. റെനോ ട്രൈബർ, നിസാന്റെ വരാനിരിക്കുന്ന ട്രൈബർ അധിഷ്ഠിത എംപിവി തുടങ്ങിയ മോഡലുകളുമായി മത്സരിക്കുന്ന കക്ഷിക്ക് 6 ലക്ഷം മുതൽ 7 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന പ്രാരംഭ വില.


Click it and Unblock the Notifications








