29 KM മൈലേജുള്ള മാരുതി എസ്‌യുവി വാങ്ങിക്കൂട്ടി ഇന്ത്യക്കാർ, പോയമാസം വിക്ടോറിസ് വാങ്ങിയത് 13,496 ആളുകൾ
ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലേക്ക് മാരുതി സുസുക്കി പുതുതായി കൊണ്ടുവന്ന മിടുക്കനാണ് വിക്ടോറിസ്. ഗ്രാൻഡ് വിറ്റാരയ്ക്ക് തകർക്കാനാവാതെ പോയ ഹ്യുണ്ടായി ക്രെറ്റയുടെ രാജപദവി വിക്ടോറിസിന് നേടാനാവുമോയെന്നാണ് ഏവരും ഉറ്റുനോക്കിയിരുന്നത്. ഇപ്പോഴിതാ എന്തും തന്നെക്കൊണ്ട് സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ആശാൻ. ലുക്ക് കൊണ്ടും ഫീച്ചറുകൾകൊണ്ടും മാത്രമല്ല, വിലയുടെ കാര്യത്തിലും വിസ്‌മയിപ്പിച്ചാണ് വിക്ടോറിസ് വിപണിയിലേക്ക് എത്തിയത്. ഈയൊരു കാരണം മാത്രം മതി വിക്ടോറിസ് വിക്ടറി നേടാനെന്ന് പലരും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. 2025 ഒക്ടോബർ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവന്നപ്പോൾ അക്കാര്യം ഉറപ്പാവുകയും ചെയ്‌തിരിക്കുകയാണ്.
പോയമാസം വിക്‌ടോറിസിന്റെ 13,496 യൂണിറ്റുകളാണ് മാരുതി സുസുക്കി നിരത്തിലെത്തിച്ചത്. വിപണിയിലെത്തിയ ആദ്യമാസം തന്നെ 4261 യൂണിറ്റുകള്‍ വിതരണം ചെയ്യാനും മാരുതിക്ക് സാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒരു മാസം മുഴുവനും പൂർത്തിയാക്കിയ വിൽപ്പന കണക്കിലും മുന്നേറാൻ എസ്‌യുവിക്കായിരിക്കുന്നത്. പുറത്തിറങ്ങി ദിവസങ്ങൾക്കകം മിഡ്-സൈസ് എസ്‌യുവിക്ക് 25,000 യൂണിറ്റ് ബുക്കിംഗ് മറികടന്നിരുന്നു.

LXi, VXi, ZXi, ZXi(O), ZXi+, ZXi+ (O) എന്നിങ്ങനെ വ്യത്യസ്‌ത വേരിയന്റുകളിൽ വരുന്ന മോഡലിന് 10.50 ലക്ഷം മുതൽ 19.99 ലക്ഷം വരെയാണ് എക്സ്ഷോറൂം വില നിശ്ചയിച്ചിരുന്നത്. എന്നാൽ ഇക്കഴിഞ്ഞ ദിവസം വിക്‌ടോറിസിന്റെ ചില വേരിയന്റുകള്‍ക്ക് 15,400 രൂപ വരെയാണ് കമ്പനി വര്‍ധിപ്പിച്ചിരുന്നു. ഇതോടെ വാഹനത്തിന്റെ വില 1.13 ശതമാനത്തോളം ഉയർന്നിരുന്നു. സാധാരണക്കാരുടെ LXI, VXI വേരിയന്റുകളുടെ വിലയില്‍ മാറ്റം വരുത്താതെയാണ് വില വർധനവ് നടപ്പിലാക്കിയത്.
വിക്ടോറിസിന്റെ ZXI, ZXI (O), ZXI പ്ലസ്, ZXI പ്ലസ് (O) വേരിയന്റുകള്‍ക്കാണ് 15,400 രൂപയുടെ വര്‍ധനവ് വരുത്തിയത്. വിക്‌ടോറിസിന്റെ ടോപ്പ് ഹൈബ്രിഡ് വേരിയന്റിനെ ഈ വില വര്‍ധനവ് ബാധിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. വില വര്‍ധനവിന് പുറമേ മാരുതി സുസുക്കിയുടെ മിഡ്-സൈസ് എസ്‌യുവിയുടെ ZXI, ZXI (O) വേരിയന്റുകളില്‍ നിന്ന് ലെതറെറ്റ് അപ്ഹോള്‍സ്റ്ററി ഫീച്ചറും നീക്കം ചെയ്തു.

മൂന്ന് വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകളിലാണ് മാരുതി വിക്ടോറിസ് എസ്‌യുവി വാങ്ങാനാവുന്നത്. അതിൽ ആദ്യത്തേത് 1.5 ലിറ്റർ NA പെട്രോൾ, രണ്ടാമത്തേത് സിഎൻജി ബൈ-ഫ്യുവൽ ഓപ്ഷൻ, മൂന്നാമത്തേത് ടൊയോട്ടയിൽ നിന്ന് കടമെടുത്ത 1.5 ലിറ്റർ പെട്രോൾ ഇലക്ട്രിക് ഹൈബ്രിഡ് എന്നിവയാണ്. മൈലേജിലേക്ക് വന്നാൽ 28.65 കിലോമീറ്റര്‍ ആണ് ഹൈബ്രിഡ് വേരിയന്റുകളിൽ കമ്പനി അവകാശപ്പെടുന്നത്.
അതേസമയം വിക്‌ടോറിസിന്റെ പെട്രോള്‍ മാനുവല്‍ വേരിയന്റുകള്‍ ലിറ്ററിന് 21.18 കിലോമീറ്ററും പെട്രോള്‍ ഓട്ടോമാറ്റിക് ലിറ്ററിന് 21.06 കിലോമീറ്ററുമാണ് മൈലേജ് അവകാശപ്പെടുന്നത്. അതേസമയം പെട്രോള്‍ AWD വേരിയന്റിന് ലിറ്ററിന് 19.07 കിലോമീറ്റര്‍ മൈലേജ് മാത്രമേ ലഭിക്കൂ. വിക്ടോറിസ് സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ് കിലോഗ്രാമിന് 27.02 കിലോമീറ്ററാണ്. ഭാരത് NCAP, ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റുകളിൽ വാഹനം 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗും സ്വന്തമാക്കി ഏവരേയും ഞെട്ടിച്ചിരുന്നു.

മുതിർന്നവരുടെ സേഫ്റ്റിയിൽ 34-ൽ 33.72 പോയിന്റും കുട്ടികളുടെ സുരക്ഷയ്ക്ക് 49-ൽ 41 പോയിന്റും കരസ്ഥമാക്കിയാണ് വിക്ടോറിസ് 5-സ്റ്റാർ റേറ്റിംഗ് ഇടിച്ചിട്ടത്. അങ്ങനെ സുരക്ഷയുള്ള എസ്‌യുവി തേടുന്നവരും മാരുതി സുസുക്കിയുടെ പുത്തൻ മോഡലിൽ ഫ്ലാറ്റായിട്ടുണ്ട്. ഗ്രാൻഡ് വിറ്റാരയെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നതെങ്കിലിം വലിപ്പത്തിലും സമ്പന്നമാണ് കക്ഷി. അതോടൊപ്പം ഗ്രാൻഡ് വിറ്റാരയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് വിക്ടോറിസിന്റെ ഉൾഭാഗം.
പുതിയ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡോൾബി അറ്റ്‌മോസ് മ്യൂസിക് സിസ്റ്റം, വെന്റിലേറ്റഡ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, ലെവൽ 2 ADAS സ്യൂട്ട്, ജെസ്റ്റർ കൺട്രോളോടുകൂടിയ പവർഡ് ടെയിൽഗേറ്റ്, അണ്ടർബോഡി സിഎൻജി ടാങ്ക്, പനോരമിക് സൺറൂഫ്, 60W, 45W യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ, HUD, ആംബിയന്റ് ലൈറ്റിംഗ്, 10.25 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ തുടങ്ങിയ ഫീച്ചറുകളെല്ലാം വിക്ടോറിസിൽ കുത്തിനിറച്ചിട്ടുണ്ട് കമ്പനി.
പുതിയ എൽഇഡി ഡിആർഎൽ, പുതിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, എൽഇഡി ലൈറ്റിംഗ്, 17 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകൾ, ടെയിൽഗേറ്റിലെ എൽഇഡി ലൈറ്റ് ബാർ, സിൽവർ നിറമുള്ള റൂഫ് റെയിലുകൾ എന്നിവയാണ് എസ്‌യുവിയുടെ പ്രധാന എക്സ്റ്റീരിയർ ഹൈലൈറ്റുകൾ. ഇതോടൊപ്പം കിടിലൻ കളർ ഓപ്ഷനുകളും കൂടിയാവുമ്പോൾ മാരുതി സുസുക്കി വിക്ടോറിസ് ഇന്ത്യക്കാരുടെ എല്ലാം മനംകവർന്നു.


Click it and Unblock the Notifications








