പേര് പോലെ തന്നെ വിൽപ്പനയും, 28.65 KM മൈലേജുള്ള മാരുതിയുടെ ഹൈബ്രിഡ് എസ്‌യുവി വാങ്ങാൻ തള്ളിക്കയറി ജനം
ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെൻ്റിൽ മാരുതി സുസുക്കി രണ്ടാമതായി പുറത്തിറക്കിയ മോഡലാണ് വിക്ടോറിസ്. ഗ്രാൻഡ് വിറ്റാരയ്ക്ക് നേടാനാവാതെ പോയ സൌഭാഗ്യങ്ങൾ നേടിക്കൊടുത്തുകൊണ്ട് വാഹനം തകർക്കുകയാണിപ്പോൾ. ആദ്യമാസം മുതൽ ചൂടപ്പം പോലെ വിറ്റഴിയുന്ന ഈ ഹൈബ്രിഡ് എസ്‌യുവി വാങ്ങാൻ ആളുകൾ തള്ളിക്കയറുകയാണിപ്പോൾ. ലുക്ക് കൊണ്ടും ഫീച്ചറുകൾകൊണ്ടും മാത്രമല്ല, വിലയുടെ കാര്യത്തിലും വിസ്‌മയിപ്പിച്ചാണ് വിക്ടോറിസ് വിപണിയിലേക്ക് എത്തിയത്. എല്ലാത്തരത്തിലും മിടുക്കനായി എത്തിയ എസ്‌യുവിക്ക് കുറ്റം കണ്ടുപിടിക്കാൻ നടക്കുന്നവർ പോലും കൈയടിച്ചാവും മടങ്ങിയിരിക്കുക. 2025 നവംബർ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ ഇക്കാര്യം ഉറപ്പിക്കാനും സാധിക്കുന്നതാണ്.
2025 നവംബർ മാസത്തിൽ മാരുതിയുടെ ഹൈബ്രിഡ് എസ്‌യുവി പോയമാസം വാങ്ങിപ്പോയത് 12,300 പേരാണ്. മൂന്ന് മാസങ്ങൾക്ക് മുമ്പ് മാത്രം പുറത്തിറക്കിയ മോഡലിൻ്റെ വാർഷിക വിൽപ്പനുമായി താരതമ്യം ഇല്ലെങ്കിലും പ്രതിമാസക്കണക്കുകൾ നോക്കുമ്പോഴും സ്ഥിരമായ വിൽപ്പന നേടാൻ എസ്‌യുവിക്ക് സാധിക്കുന്നുണ്ട്. 13,496 യൂണിറ്റുകളാണ് മാരുതി സുസുക്കി കഴിഞ്ഞ ഒക്ടോബർ മാസം നിരത്തിലെത്തിച്ചിരുന്നത്.

ശരിക്കും പറഞ്ഞാൽ മാരുതി സുസുക്കിയുടെ ഗ്രാൻഡ് വിറ്റാരയേക്കാൾ കൂടുതൽ വിറ്റഴിക്കുന്നത് ഇപ്പോൾ വിക്ടോറിസാണ്. പുറത്തിറങ്ങി ദിവസങ്ങൾക്കകം മിഡ്-സൈസ് എസ്‌യുവിക്ക് 25,000 യൂണിറ്റ് ബുക്കിംഗ് മറികടന്നിരുന്നു. അപ്പോൾ തന്നെ വാഹനത്തിന് സൃഷ്ടിച്ചെടുക്കാനായ സ്വീകാര്യത മനസിലാക്കാവുന്നതല്ലേയുള്ളൂ... LXi, VXi, ZXi, ZXi(O), ZXi+, ZXi+ (O) എന്നിങ്ങനെ വ്യത്യസ്‌ത വേരിയൻ്റുകളിൽ വിണനത്തിന് എത്തുന്ന മോഡലിന് 10.50 ലക്ഷം മുതൽ 19.99 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്.
ഡിസൈനിലേക്ക് നോക്കിയാൽ പൊതുവേ മാരുതി എസ്‌യുവികളിൽ ഉപയോഗിച്ചിരിക്കുന്ന രൂപമേയല്ല വിക്ടോറിസിനുള്ളത്. നല്ല വലിപ്പം തോന്നിക്കുന്ന ആകൃതിയാണ് മോഡലിനുള്ളത്. പുതിയ എൽഇഡി ഡിആർഎൽ, പുതിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, എൽഇഡി ലൈറ്റിംഗ്, 17 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകൾ, ടെയിൽഗേറ്റിലെ എൽഇഡി ലൈറ്റ് ബാർ, സിൽവർ നിറമുള്ള റൂഫ് റെയിലുകൾ എന്നിവയെല്ലാം ഉപയോഗിച്ച് വിക്ടോറിസിന് എക്സ്റ്റീരിയർ അടിപൊളിയാക്കാനായിട്ടുണ്ട്.

ഇതോടൊപ്പം മിസ്റ്റിക് ഗ്രീൻ, എറ്റേണൽ ബ്ലൂ, സിസ്ലിംഗ് റെഡ്, മാഗ്മ ഗ്രേ, സ്പ്ലെൻഡിഡ് സിൽവർ, ആർട്ടിക് വൈറ്റ്, ബ്ലൂയിഷ് ബ്ലാക്ക്, എറ്റേണൽ ബ്ലൂ വിത്ത് ബ്ലൂയിഷ് ബ്ലാക്ക് റൂഫ്, സിസ്സിംഗ് റെഡ് വിത്ത് ബ്ലൂയിഷ് ബ്ലാക്ക് റൂഫ്, സ്പ്ലെൻഡിഡ് സിൽവർ വിത്ത് ബ്ലൂയിഷ് ബ്ലാക്ക് റൂഫ് എന്നിങ്ങനെ ഗംഭീരമായ 10 കളർ ഓപ്ഷനുകളും പുതിയ വിക്ടോറിസ് എസ്‌യുവിയിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.
ഇൻ്റീരിയറും ഗ്രാൻഡ് വിറ്റാരയിൽ നിന്നും തികച്ചും വ്യത്യസ്‌തമായാണ് മാരുതി സുസുക്കി ഒരുക്കിയിരിക്കുന്നത്. പുതിയ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡോൾബി അറ്റ്‌മോസ് മ്യൂസിക് സിസ്റ്റം, വെൻ്റിലേറ്റഡ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, 60W, 45W യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ, HUD, ആംബിയൻ്റ് ലൈറ്റിംഗ്, 10.25 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ തുടങ്ങിയ ഫീച്ചറുകളെല്ലാം വിക്ടോറിസിൽ ലഭ്യമാണ്.

ലെവൽ 2 ADAS സ്യൂട്ട്, ജെസ്റ്റർ കൺട്രോളോടുകൂടിയ പവർഡ് ടെയിൽഗേറ്റ്, അണ്ടർബോഡി സിഎൻജി ടാങ്ക് എന്നിവ കൂടിയാവുമ്പോൾ മൊത്തത്തിൽ വേറിട്ടുനിൽക്കാൻ ആശാന് സാധിക്കുന്നുണ്ട്. ഭാരത് NCAP, ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗും സ്വന്തമാക്കാൻ വിക്ടോറിസിന് സാധിച്ചിരുന്നു. മുതിർന്നവരുടെ സേഫ്റ്റിയിൽ 34-ൽ 33.72 പോയിന്റും കുട്ടികളുടെ സുരക്ഷയ്ക്ക് 49-ൽ 41 പോയിൻ്റും കരസ്ഥമാക്കിയാണ് എസ്‌യുവി ഇടിപ്പരീക്ഷയിൽ മിന്നും വിജയം കൈവരിച്ചത്.
1.5 ലിറ്റർ, 4 സിലിണ്ടർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ, 1.5 ലിറ്റർ, 3 സിലിണ്ടർ സ്ട്രോങ്ങ് ഹൈബ്രിഡ്, 1.5 ലിറ്റർ പെട്രോൾ-സിഎൻജി ഓപ്ഷൻ എന്നിങ്ങനെ മൂന്ന് എഞ്ചിനുകളിൽ വിക്ടോറിസ് വാങ്ങാനാവും. മാനുവൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും കൊടുത്തിട്ടുണ്ട്. മൈലേജിലേക്ക് വന്നാൽ 28.65 കിലോമീറ്റര്‍ ആണ് ഹൈബ്രിഡ് വേരിയൻ്റുകൾ നൽകുക. വിക്‌ടോറിസിൻ്റെ പെട്രോള്‍ മാനുവല്‍ ലിറ്ററിന് 21.18 കിലോമീറ്ററും പെട്രോള്‍ ഓട്ടോമാറ്റിക് ലിറ്ററിന് 21.06 കിലോമീറ്ററുമാണ് മൈലേജ് അവകാശപ്പെടുന്നത്.
അതേസമയം പെട്രോള്‍ AWD വേരിയന്റിന് ലിറ്ററിന് 19.07 കിലോമീറ്റര്‍ മൈലേജ് മാത്രമേ ലഭിക്കൂ. വിക്ടോറിസ് സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ് കിലോഗ്രാമിന് 27.02 കിലോമീറ്ററാണ്. ഭാരത് NCAP, ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റുകളിൽ വാഹനം 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗും സ്വന്തമാക്കി ഏവരേയും ഞെട്ടിച്ചിരുന്നു. എന്തായാലും പേര് പോലെ തന്നെ വിൽപ്പനയും വിക്‌ടറിയായതിനാൽ സെഗ്മെൻ്റിലെ എതിരാളികളെല്ലാം ഒന്ന് ഭയന്നിട്ടുണ്ടാവുമെന്ന് തന്നെ കരുതാം.


Click it and Unblock the Notifications








