ഇത് മാരുതിയുടെ എസ്‌യുവിയാണോന്ന് സംശയിച്ച് പോവും, ബേസിക് അല്ലാത്ത വിക്ടോറിസിന്റെ LXi ബേസ് മോഡൽ
പുതിയൊരു കാർ വാങ്ങുമ്പോൾ കൂടുതൽ ആളുകളും ബേസ് മോഡൽ വാങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. കാര്യമായ ഫീച്ചറുകളൊന്നും ഇല്ലാത്തതും ബേസിക്കായി മാത്രം കൊണ്ടുനടക്കാൻ മാത്രമേ ഉപകരിക്കൂവെന്നതുമാണ് പലരേയും ഇതിൽ നിന്നും അകറ്റി നിർത്തുന്ന കാര്യം. എന്നാൽ ബജറ്റ് പരിമിതിയുള്ളവരിൽ പലരും ബേസ് നോക്കി വാങ്ങാൻ ശ്രമിക്കാറുമുണ്ട്. എന്നിട്ട് കൈയിൽ കാശ് കിട്ടുന്നതനുസരിച്ച് ആഫ്റ്റർ മാർക്കറ്റ് ആക്‌സസറികൾ കുത്തിനിറച്ച് വണ്ടിയെ മോടിപിടിപ്പിക്കാൻ ആഗ്രഹിക്കുന്നവരും ഒരുപാടാണ്. ഇന്ത്യൻ എസ്‌യുവി വിപണി വെട്ടിപ്പിടിക്കാൻ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി അടുത്തിടെ പുത്തനൊരു മോഡലിനെ അവതരിപ്പിക്കുകയുണ്ടായി.
വിക്‌ടോറിസ് എന്ന മാരുതിയുടെ പുതിയ മിഡ്-സൈസ് എസ്‌യുവി ഇതിനോടകം രാജ്യത്ത് വലിയ ചർച്ചയായിട്ടുണ്ട്. അരീന ഡീലർഷിപ്പുകൾ വഴി മാത്രം വിപണനം ചെയ്യാൻ പോവുന്ന വാഹനം ഹ്യുണ്ടായി ക്രെറ്റ മുതൽ ടാറ്റ ഹാരിയർ വരെയുള്ള വമ്പൻമാരോടാണ് ഏറ്റുമുട്ടാൻ പോവുന്നത്. LXi, VXi, ZXi, ZXi (O), ZXi+, ZXi+ (O) എന്നിങ്ങനെ 6 വേരിയന്റുകളിലാണ് പുതിയ വിക്ടോറിസ് ലഭ്യമാവുക.

സാധാരണ മാരുതി സുസുക്കി കാറുകളെ പോലെ അത്ര ബേസിക്കായിട്ടില്ല വിക്‌ടോറിസിന്റെ എൻട്രി ലെവൽ LXi വേരിയന്റിനെ പണികഴിപ്പിച്ചിരിക്കുന്നത്. പുതുതലമുറയ്ക്ക് ആവശ്യമായ അത്യാവിശ്യം വേണ്ടുന്ന കാര്യങ്ങളെല്ലാം ഇതിൽ ഒരുക്കിയിട്ടുണ്ടെന്ന് വേണം പറയാൻ. വില ഇനിയും അറിയാനുണ്ടെങ്കിലും വിക്‌ടോറിസ് LXi ബേസ് മോഡലിൽ എന്തെല്ലാം കിട്ടുമെന്ന് വിശദമായി നോക്കിയാലോ?
ഹാലൊജൻ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, ടേൺ ഇൻഡിക്കേറ്ററുകൾ, സിൽവർ ഫ്രണ്ട്, റിയർ സ്‌കിഡ് പ്ലേറ്റുകൾ, ഷാർക്ക്-ഫിൻ ആന്റിന, ഹൈ മൗണ്ടഡ് എൽഇഡി സ്റ്റോപ്പ് ലാമ്പ് എന്നിവയാണ് മാരുതി സുസുക്കിയുടെ പുതിയ മിഡ്-സൈസ് എസ്‌യുവിയായ വിക്ടോറിസിന്റെ എക്സ്റ്റീരിയറിൽ ഒരുക്കിയിട്ടുള്ള പ്രധാന ഹൈലൈറ്റുകൾ. ഇനി ഇന്റീരിയറിലേക്ക് കയറിയാലും ആർക്കും നിരാശപ്പെടേണ്ടി വരില്ല കേട്ടോ.

മാരുതി വിക്ടോറിസ് ബേസ് മോഡലിന്റെ അകത്തളം കറുപ്പും ഐവറി നിറത്തിലുമുള്ള തീം ഉപയോഗിച്ചാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഇക്കൂടെ പിയാനോ ബ്ലാക്ക് ഇൻസേർട്ടുകൾ, 4.2 ഇഞ്ച് TFT സ്‌ക്രീൻ, 60:40 സ്പ്ലിറ്റ് റിയർ സീറ്റുകൾ, എല്ലാ സീറ്റുകൾക്കും അഡ്‌ജസ്റ്റബിൾ ഹെഡ്‌റെസ്റ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെന്റുകൾ, സ്റ്റോറേജുള്ള ഫ്രണ്ട് സ്ലൈഡിംഗ് ആംറെസ്റ്റ്, കപ്പ് ഹോൾഡറുകളുള്ള റിയർ ആംറെസ്റ്റ് എന്നിവയെല്ലാം എസ്‌യുവിയുടെ ഇന്റീരിയറിൽ ലഭ്യമാവും.
കൂടാതെ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, OTA അപ്‌ഡേറ്റുകൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ എന്നീ ഫീച്ചറുകളും വിക്ടോറിസിന് ലഭിക്കുന്നുണ്ട്. സേഫ്റ്റിയിലേക്ക് വന്നാൽ ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് നേടിയിരിക്കുന്ന മോഡലിൽ 6 എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ESP, TCS, EDC, HHA, റിയർ പാർക്കിംഗ് സെൻസറുകൾ, സ്പീഡ് അലേർട്ട് സിസ്റ്റം, സീറ്റ് ബെൽറ്റ് റിമൈൻഡർ സിസ്റ്റം എന്നിവ പോള്ള സജ്ജീകരണങ്ങളെല്ലാം കമ്പനി കൊടുത്തിട്ടുണ്ട്.

ബേസ് വേരിയന്റായ വിക്ടോറിസ് LXi പതിപ്പിന്റെ എഞ്ചിൻ ഓപ്ഷനിലേക്ക് നോക്കിയാൽ 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കിയ 1.5 ലിറ്റർ NA പെട്രോൾ എഞ്ചിൻ ആയിരിക്കും കിട്ടുക. പെട്രോൾ പതിപ്പ് 102 bhp കരുത്തിൽ പരമാവധി 139 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. അതേസമയം സിഎൻജി പതിപ്പ് 87 bhp പവറിൽ 121 Nm torque നൽകും. പെട്രോളിൽ 21.18 കിലോമീറ്ററും നാച്ചുറൽ ഗ്യാസിൽ കിലോഗ്രാമിന് 27.02 കിലോമീറ്റർ മൈലേജുമാണ് മാരുതി പറയുന്നത്.
ഡിസൈൻ വരാനിരിക്കുന്ന ഇ വിറ്റാരയോട് സമാനമായതിനാൽ വേഗം ക്ലച്ചുപിടിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. ആർട്ടിക് വൈറ്റ്, സ്പ്ലെൻഡിഡ് സിൽവർ, എറ്റേണൽ ബ്ലൂ, സിസ്ലിംഗ് റെഡ്, ബ്ലൂയിഷ് ബ്ലാക്ക്, മാഗ്മ ഗ്രേ, മിസ്റ്റിക് ഗ്രീൻ, ബ്ലാക്ക് റൂഫുള്ള സ്പ്ലെൻഡിഡ് സിൽവർ, ബ്ലാക്ക് റൂഫുള്ള സിസ്ലിംഗ് റെഡ്, ബ്ലാക്ക് റൂഫുള്ള എറ്റേണൽ ബ്ലൂ എന്നിവയാണ് വികടോറിസ് മിഡ്-സൈസ് എസ്‌യുവിയിലെ കളർ ഓപ്ഷനുകൾ.


Click it and Unblock the Notifications








