എന്റമ്മോ 4WD, ADAS, ഹൈബ്രിഡ് എഞ്ചിൻ, 5-സ്റ്റാർ സേഫ്റ്റി അങ്ങനെ കുറേ... മാരുതിയുടെ പുത്തൻ എസ്‌യുവി ഇങ്ങെത്തി
മാരുതി സുസുക്കിയുടെ നിരയിലേക്ക് പുതിയൊരു എസ്‌യുവി കൂടിയെത്തിയിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളിൽ നിന്നുള്ള ആദ്യ വൈദ്യുത കാറിനെ പ്രതീക്ഷിച്ചിരിക്കുന്ന സമയത്താണ് സർപ്രൈസായി മറ്റൊരു മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത്. അടുത്തിടെയായി ടീസർ ചിത്രങ്ങളിലൂടെ ഹൈപ്പുയർത്തിയ വിക്ടോറിസ് എന്ന സുന്ദരക്കുട്ടപ്പനാണ് വിപണനത്തിന് എത്തിയിരിക്കുന്നത്. വില പ്രഖ്യാപനം പിന്നീട് നടക്കുമെങ്കിലും ഉത്സവ സീസണിൽ പുതിയ കാർ വാങ്ങാനിരിക്കുന്നവരെ ആകർഷിക്കാനായാണ് വണ്ടിയുടെ അവതരണം നടത്തിയിരിക്കുന്നത്. FWD, 4WD കോൺഫിഗറേഷനുകളിലുടനീളം 8 വേരിയൻ്റുകളിൽ മാരുതി വിക്ടോറിസ് (Maruti Suzuki Victoris) സ്വന്തമാക്കാനാവും.
LXi, VXi, ZXi, ZXi (O), ZXi+, ZXi+ (O), ZXi+ 4WD, ZXi+(O) 4WD എന്നിവയായിരിക്കും മാരുതി സുസുക്കിയുടെ പുത്തൻ എസ്‌യുവിയിലെ ആ വേരിയന്റുകൾ. ഗ്രാൻഡ് വിറ്റാരയ്ക്ക് ശേഷം മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് എത്തുന്ന ബ്രാൻഡിന്റെ രണ്ടാമത്തെ മോഡൽ എന്ന പ്രത്യേകതയും വിക്ടോറിസിനുണ്ട്. മാരുതി സുസുക്കിയുടെ അരീന ഡീലർഷിപ്പ് ശൃംഖല വഴിയായിരിക്കും മോഡൽ വിപണനത്തിന് എത്തുക.

വരാനിരിക്കുന്ന മാരുതി സുസുക്കി ഇ വിറ്റാര ഇലക്ട്രിക് എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു പുതിയ ഡിസൈൻ ശൈലിയാണ് വിക്ടോറിസ് സ്വീകരിച്ചിരിക്കുന്നത്. മുൻവശത്ത് ക്രോം സ്ട്രിപ്പുള്ള സ്ലിം ഗ്രിൽ കവർ, കട്ടിയുള്ള പ്ലാസ്റ്റിക് ക്ലാഡിംഗ്, സിൽവർ സ്കിഡ് പ്ലേറ്റ്, എൽഇഡി ഹെഡ്‌ലൈറ്റുകൾ എന്നിവയാണ് എക്സ്റ്റീരിയറിൽ വിക്ടോറിസിനെ വേറിട്ടുനിർത്തുന്നത്. വശക്കാഴ്ച്ചയിൽ എസ്‌യുവിയുടെ 18 ഇഞ്ച് അലോയ് വീലുകൾ തന്നെയാണ് എറിച്ചുനിൽക്കുന്നത്.
അതോടൊപ്പം കറുപ്പിൽ ഒരുക്കിയിരിക്കുന്ന പില്ലറുകൾ, സിൽവർ റൂഫ് റെയിലുകൾ, ചതുരാകൃതിയിലുള്ള ബോഡി ക്ലാഡിംഗ് എന്നിവയും വശങ്ങളെ മനോഹരമാക്കുന്നുണ്ട്. പിന്നിലേക്ക് വന്നാൽ ഒരു സെഗ്‌മെന്റഡ് എൽഇഡി ലൈറ്റ് ബാറും 'വിക്ടോറിസ്' ലെറ്ററിംഗുമാണ് എസ്‌യുവിയെ കിടിലമാക്കാനായി എത്തിയിരിക്കുന്നത്. മൊത്തത്തിൽ 10 കളർ ഓപ്ഷനുകളിൽ പുതിയ എസ്‌യുവി സ്വന്തമാക്കാം.

ആർട്ടിക് വൈറ്റ്, സ്പ്ലെൻഡിഡ് സിൽവർ, എറ്റേണൽ ബ്ലൂ, സിസ്ലിംഗ് റെഡ്, ബ്ലൂയിഷ് ബ്ലാക്ക്, മാഗ്മ ഗ്രേ, മിസ്റ്റിക് ഗ്രീൻ, ബ്ലാക്ക് റൂഫുള്ള സ്പ്ലെൻഡിഡ് സിൽവർ, ബ്ലാക്ക് റൂഫുള്ള സിസ്ലിംഗ് റെഡ്, ബ്ലാക്ക് റൂഫുള്ള എറ്റേണൽ ബ്ലൂ എന്നിവയാണ് വാഹനത്തിലെ കളർ ഓപ്ഷനുകൾ. ഗ്രാൻഡ് വിറ്റാരയെ അടിസ്ഥാനമാക്കിയുള്ള ഈ എസ്‌യുവി ഗ്രാൻഡ് വിറ്റാരയേക്കാൾ വലുപ്പത്തിൽ വലുതാണ്. അതോടൊപ്പം ഗ്രാൻഡ് വിറ്റാരയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് വിക്ടോറിസിന്റെ ഉൾഭാഗം.
കൂടുതൽ സാങ്കേതികമായി കേന്ദ്രീകരിച്ചുള്ള ഡാഷ്‌ബോർഡ് ഡിസൈനാണ് മാരുതി വിക്ടോറിസിന്റെ ഏറ്റവും വലിയ സവിശേഷത. ഡാഷ്‌ബോർഡിന് മുകളിൽ 10.25 ഇഞ്ച് വലിപ്പമുള്ള വലിയ ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ, വലതുവശത്ത് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും ത്രീ സ്‌പോക്ക് സ്റ്റിയറിംഗ് വീലും ഉണ്ട്. വിക്ടോറിസ് ഒരു 5 സീറ്റർ എസ്‌യുവിയായിട്ടാണ് നിർമിച്ചിരിക്കുന്നത്. അന്യായ വലിപ്പമുള്ളതിനാൽ നല്ല സ്പേസും കിട്ടും.

ഫീച്ചറുകളുടെ കാര്യത്തിൽ വിക്ടോറിസിൽ വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഡോൾബി അറ്റ്‌മോസ്റ്റുള്ള 8-സ്പീക്കർ സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, കണക്റ്റഡ് കാർ ടെക്, ലെതറെറ്റ് അപ്ഹോൾസ്റ്ററി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, വയർലെസ് ചാർജർ, 8-വേ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ക്യാബിൻ എയർ ഫിൽട്ടർ, പവർഡ് ടെയിൽഗേറ്റ് തുടങ്ങി നിരവധി സവിശേഷതകൾ കുത്തിനിറച്ചിട്ടുണ്ട്.
വിക്ടോറിസിന്റെ സേഫ്റ്റിയിലേക്ക് വന്നാലും യാതൊരു വിട്ടുവീഴ്ച്ചയുമില്ലാതെയാണ് മാരുതി സുസുക്കി തങ്ങളുടെ പുത്തൻ എസ്‌യുവി പണികഴിപ്പിച്ചിരിക്കുന്നത്. 6 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ബ്രേക്ക് അസിസ്റ്റ്, ഹിൽ ഹോൾഡ് കൺട്രോൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ തുടങ്ങിയ സുരക്ഷാ സന്നാഹങ്ങളെല്ലാം സ്റ്റാൻഡേർഡായി തന്നെ കമ്പനി ഒരുക്കിയിട്ടുണ്ട്.
അതേസമയം മിഡ്-സൈസ് എസ്‌യുവിയുടെ ടോപ്പ് എൻഡ് വേരിയന്റുകളിൽ 360-ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, മാരുതി മോഡലിന് ആദ്യമായി ലെവൽ 2 ADAS എന്നിവയും ലഭിക്കും. മാത്രമല്ല, വിക്ടോറിസിന് ഭാരത് NCAP ക്രാഷ് സേഫ്റ്റി റേറ്റിംഗിൽ 5-സ്റ്റാർ ഉണ്ടെന്നും ബ്രാൻഡ് അവകാശപ്പെടുന്നു. ഗ്രാൻഡ് വിറ്റാരയ്ക്ക് സമാനമായ എഞ്ചിൻ ഓപ്ഷനുകളിലാണ് മോഡൽ വരുന്നത്.
1.5 ലിറ്റർ, 4 സിലിണ്ടർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ, 1.5 ലിറ്റർ, 3 സിലിണ്ടർ സ്ട്രോങ്ങ് ഹൈബ്രിഡ്, 1.5 ലിറ്റർ പെട്രോൾ-സിഎൻജി ഓപ്ഷൻ എന്നിങ്ങനെ മൂന്ന് എഞ്ചിനുകളിൽ വിക്ടോറിസ് വാങ്ങാനാവും.മാരുതി സുസുക്കി സിഎൻജി ടാങ്ക് അണ്ടർബോഡിയിലേക്ക് മാറ്റിയിട്ടുണ്ട്. ആയതിനാൽ ബൂട്ട് സ്പേസ് കൂടുതൽ സ്വതന്ത്രമാക്കാനായിട്ടുണ്ട്. പെട്രോൾ എഞ്ചിന് 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോ, സ്ട്രോംഗ് ഹൈബ്രിഡിന് ഇ-സിവിടി, സിഎൻജി വേരിയന്റുകൾക്ക് 5-സ്പീഡ് മാനുവൽ എന്നിവയാണ് ഗിയർബോക്സ് ഓപ്ഷനുകൾ.


Click it and Unblock the Notifications








