സ്വിഫ്റ്റല്ല കുഞ്ഞുങ്ങളെ, കഴിഞ്ഞ 28 ദിവസത്തിൽ ഏറ്റവും കൂടുതൽ കച്ചോടം പിടിച്ച ഹാച്ച്ബാക്ക് 5.64 ലക്ഷത്തിന്റേത്
മാരുതിയുടെ ഹാച്ച്ബാക്ക് ലിസ്റ്റെടുക്കാൽ ഹിറ്റടിച്ച വമ്പൻമാരുടെ പേരുകൾ മാത്രമേ അതിൽ കാണാനാവൂ. ഇക്കൂട്ടത്തിൽ ഏറ്റവും ജനപ്രിയമായത് ഏതാണെന്ന് ചോദിച്ചാൽ പലരും പറയുന്നത് സ്വിഫ്റ്റ് എന്നോ ബലേനോ എന്നോ ആവും അല്ലേ. പക്ഷേ ആ വിളിപ്പേരിന് ശരിക്കുമുള്ള അവകാശി നമ്മുടെ സ്വന്തം വാഗൺആർ എന്ന ടോൾബോയ് മോഡലാണെന്നതാണ് സത്യം. 2024 കലണ്ടർ വർഷത്തിൽ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഹാച്ച്ബാക്കാണിത്. ഇതിൽ കൂടുതൽ തെളിവ് വേണ്ടവർക്ക് മുന്നിലേക്ക് 2025 ഫെബ്രുവരി മാസത്തെ വിൽപ്പന കണക്കുകൾ കൂടി നിരത്താം.
കഴിഞ്ഞ മാസത്തെ 28 ദിവസക്കാലയളവിൽ വാഗൺആറിന്റെ 19,879 യൂണിറ്റുകളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. ഫ്രോങ്ക്‌സിന് പിന്നിൽ ഏറ്റവും കൂടതൽ വിറ്റഴിക്കപ്പെട്ട വാഹനമെന്ന ബഹുമതിയും ടോൾബോയ് കുട്ടന് അവകാശപ്പെടാനുള്ളതാണ്. വാഗൺആറിന് പിന്നലെ സ്വിഫ്റ്റ് 16,269 യൂണിറ്റ്, ബലേനോ 15,480 യൂണിറ്റ് എന്നിവയാണ് പിന്നിലുള്ളത്. എങ്കിലും സ്വിഫ്റ്റിനേക്കാൾ മൂവായിരത്തിലധികം യൂണിറ്റുകളുടെ വ്യത്യാസത്തിലാണ് വാഗൺആർ ലീഡ് ചെയ്യുന്നത്.

1999-ലാണ് ഇന്ത്യൻ വിപണിയിലേക്ക് ഈ ഐതിഹാസിക ഹാച്ച്ബാക്ക് കാലെടുത്ത് വെക്കുന്നത്. അതിനുശേഷം വാഗൺആറിന്റെ 33 ലക്ഷം യൂണിറ്റിലധികം വിൽപ്പനയും ഇന്ത്യയിൽ നടന്നിട്ടുണ്ട്. 5,64,500 രൂപ മുതൽ 7,47,500 രൂപ വരെ എക്സ്ഷോറൂം വിലയുള്ള വാഗൺആർ നിലവിൽ മൂന്നാം തലമുറ ആവർത്തനത്തിലാണ് നിരത്തിലോടുന്നത്. മികച്ച ഡിസൈൻ, ഇന്റീരിയർ സ്പേസ്, കിടിലൻ മൈലേജ്, ശക്തമായ എഞ്ചിൻ ലൈനപ്പ് എന്നിവയാണ് മാരുതി സുസുക്കി വാഗൺആറിലേക്ക് ആളുകളെ അടുപ്പിക്കുന്നത്.
അതോടൊപ്പം കുറഞ്ഞ പരിപാലന ചെലവും കൂടിയാവുന്നതോടെ സംഗതി കളറാവുന്നുണ്ട്. LXI, VXI, ZXI, ZXI പ്ലസ് എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് വാഗൺആർ വിപണനത്തിന് എത്തുന്നത്. 1.0 ലിറ്റർ, 1.2 ലിറ്റർ കെ-സീരീസ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് കാറിലുള്ളത്. ആദ്യത്തെ 1.0 ലിറ്റർ ത്രീ-സിലിണ്ടർ പെട്രോളിന് 66 bhp പവറിൽ പരമാവധി 89 Nm ടോർക്ക് ഉത്പാദിപ്പിക്കാനാവും.

അതേസമയം ജനപ്രിയ ഹാച്ച്ബാക്കിലെ രണ്ടാമത്തെ 1.2 ലിറ്റർ എഞ്ചിന് 88 bhp കരുത്തിൽ 113 Nm torque വരെ വികസിപ്പിക്കാൻ പ്രാപ്‌തവുമാണ്. കൂടാതെ സിഎൻജി ബൈ ഫ്യുവൽ ഓപ്ഷനും വാഗൺആറിലുണ്ടെന്നതാണ് പ്രായോഗികമായ മറ്റൊരു വശം. മൈലേജിലേക്ക് വന്നാൽ വാഗൺആർ പെട്രോളിന് 25.19 കി.മീ. ഇന്ധനക്ഷമതയും സിഎൻജിക്ക് 33.48 കി.മീ. മൈലേജുമാണ് കമ്പനി പറയുന്നത്.
5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷൻ ഓപ്ഷനുകളാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്കിന്റെ രണ്ട് എഞ്ചിനുകളിലും വാഗ്‌ദാനം ചെയ്യുന്നത്. സേഫ്റ്റിയുടെ കാര്യത്തിലും അത്രയ്ക്ക് മോശമൊന്നുമല്ല ഈ ജനകീയ വാഹനം. ഡ്യുവൽ എയർബാഗുകൾ, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ (EBD) ഉള്ള ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ-ഹോൾഡ് തുടങ്ങിയ സുരക്ഷാ സവിശേഷതകളോടെയാണ് ഇത് വരുന്നത്.

ഓഫ്‌സെറ്റ്, സൈഡ് ക്രാഷ്, കാൽനട സുരക്ഷ എന്നിവയുൾപ്പെടെ എല്ലാ ക്രാഷ് ടെസ്റ്റ് ചട്ടങ്ങളും മാരുതി സുസുക്കിയുടെ ടോൾബോയ് പാലിക്കുന്നുമുണ്ട്. സുസുക്കിയുടെ അഞ്ചാം തലമുറ ഹാർട്ടെക്റ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് മാരുതി വാഗൺആർ പണികഴിപ്പിച്ചിരിക്കുന്നതും. ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാലും ആള് മോശക്കാരനൊന്നുമല്ലെന്ന് കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ടേ.
7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ, ബ്ലൂടൂത്ത് കൺട്രോളുകൾ, ടാക്കോമീറ്റർ, റിമോട്ട് സെൻട്രൽ ലോക്കിംഗ് തുടങ്ങിയ ആധുനിക സവിശേഷതകളെല്ലാം കോർത്തിണക്കിയാണ് മാരുതി സുസുക്കി വാഗൺആർ വരുന്നത്. ZXI+ ടോപ്പ് എൻഡ് വേരിയന്റിന് 14 ഇഞ്ച് അലോയ് വീലുകളും ഫ്രണ്ട് ഫോഗ് ലാമ്പുകളും റിയർ വൈപ്പറും വാഷറും വരെ ഉണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








