സേഫ്റ്റിയില്ലെന്ന് പറഞ്ഞ് മോങ്ങല്ലേ, 5.65 ലക്ഷത്തിന്റെ മാരുതി കാറിൽ ഇനി 6 എയർബാഗ്! വാങ്ങാൻ വേറെ കാരണം വേണോ
ഒരു രാജ്യത്തെ തദ്ദേശീയമായ ജീവികളെ ലോകത്തിന് മുന്നിൽ കാട്ടാനും അതുവഴി രാജ്യത്തെ ജൈവസമ്പത്തിന്റെ സൂചന നൽകാനുമൊക്കെയാണ് ദേശീയ മൃഗം, ദേശീയ പക്ഷികൾ തുടങ്ങിയവയെ രാജ്യങ്ങൾ പ്രഖ്യാപിക്കുന്നത്. അതുപോലെ ഇന്ത്യക്ക് ഒരു ദേശീയ കാർ വേണമെന്ന് കൂടി തീരുമാനമെടുത്താൽ നിസംശയം തെരഞ്ഞെടുക്കാനാവുന്ന കാറാണ് മാരുതി സുസുക്കി വാഗൺആർ. രാജ്യത്തെ മുഴുവൻ കാർ എന്ന സ്വപ്‌നം യാഥാർഥ്യമാക്കാനെത്തിയ ബ്രാൻഡിൽ നിന്നും കാലാകാലങ്ങളായി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്കാണ് വാഗൺആർ. ടോൾബോയ് ഡിസൈനിലെത്തിയിട്ട് പതിറ്റാണ്ടുകളായെങ്കിലും ഇന്നും ജനപ്രിയനായി തുടരുന്ന ചുരുക്കം ചില മോഡലുകളിൽ ഒന്നായി വേണം ഇതിനെ വിശേഷിപ്പിക്കാൻ.
കുറഞ്ഞ വില, അന്യായ മൈലേജ്, പോക്കറ്റ് കീറാത്ത മെയിന്റനെൻസ് ചെലവുകളും സർവീസ് കോസ്റ്റും, അകത്ത് ധാരാളം സ്പേസ്, ഓടിക്കാനുള്ള എളുപ്പം എന്നിങ്ങനെ വിവിധ കാരണങ്ങളാണ് ആളുകളെ വാഗൺആറിലേക്ക് ആകർഷിക്കുന്നത്. ഇക്കൂട്ടിത്തിലേക്ക് മറ്റൊരു കാരണം കൂടിയെത്തിയിരിക്കുകയാണ് ഇപ്പോൾ. മറ്റൊന്നുമല്ല, രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന കാറിലേക്ക് 6 എയർബാഗിന്റെ സുരക്ഷ സ്റ്റാൻഡേർഡായി ചേർത്തിരിക്കുകയാണ് മാരുതിയിപ്പോൾ.

മാരുതി കാറുകൾക്ക് സേഫ്റ്റിയില്ല, പപ്പടമാണ് എന്നൊക്കെ പറഞ്ഞ് വിമർശിച്ചിരുന്നവർക്കുള്ള തിരിച്ചടിയാണ് ഇപ്പോൾ 6 എയർബാഗുകൾ ചേർത്തുകൊണ്ട് കമ്പനി നൽകിയിരിക്കുന്നത്. ഏറ്റവും പുതിയ വാഗൺആറിൽ 6 എയർബാഗുകൾ സ്റ്റാൻഡേർഡ് ഫിറ്റ്മെന്റായി വരുന്നത് വലിയ വിപ്ലവങ്ങൾക്ക് തന്നെ വഴിയൊരുക്കുമെന്ന് വേണം പറയാൻ. ഇന്ത്യയിലെ നിലവിലുള്ള സുരക്ഷാ ചട്ടങ്ങൾ പൂർണമായും പാലിച്ചുകൊണ്ടാണ് മോഡൽ ഇപ്പോൾ വിപണനത്തിന് എത്തുന്നത്.
ആറ് എയർബാഗുകൾക്ക് പുറമേ വാഗൺആറിൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), എബിഎസ്, ഇബിഡി, സീറ്റ് ബെൽറ്റ് പ്രീ-ടെൻഷനറുകൾ, ഫോഴ്‌സ് ലിമിറ്ററുകൾ, ബസറുള്ള സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡ് അലേർട്ട് സിസ്റ്റം, സ്പീഡ് സെൻസിറ്റീവ് ഓട്ടോ ഡോർ ലോക്ക്, റിയർ പാർക്കിംഗ് സെൻസറുകൾ, ചൈൽഡ് പ്രൂഫ് റിയർ ഡോർ ലോക്ക്, ഹിൽ ഹോൾഡ് അസിസ്റ്റ് തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും മാരുതി സുസുക്കി ഉൾപ്പെടുത്തിയിട്ടുണ്ട്.

6 എയർബാഗുകൾ ചേർത്തുവെങ്കിലും വില വർധിപ്പിച്ചിട്ടൊന്നുമില്ല കേട്ടോ, 5.65 ലക്ഷം മുതൽ 8.50 ലക്ഷം രൂപ വരെയാണ് പുതുപുത്തൻ മാരുതി വാഗൺആറിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. പുതിയ സുരക്ഷാ സംവിധാനം കൂട്ടിച്ചേർത്തതിന് പിന്നാലെ മറ്റ് പരിഷ്ക്കാരങ്ങളൊന്നും ഫാമിലി കാറിന് കമ്പനി സമ്മാനിച്ചിട്ടുമില്ല. 1.0 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ, 1.2 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വാഹനം വിപണത്തിന് എത്തുന്നത്.
1.2 ലിറ്റർ എഞ്ചിൻ 83 bhp കരുത്തിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം 1.0 ലിറ്റർ 3-സിലിണ്ടർ യൂണിറ്റ് 66.62 bhp പവറിൽ 89 Nm torque നൽകുന്ന വിധത്തിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. ഇതിൽ സിഎൻജി ബൈ-ഫ്യുവൽ പതിപ്പും ആളുകൾക്ക് തെരഞ്ഞെടുക്കാനാവും. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷൻ ഓപ്ഷനുകളാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറിൽ തെരഞ്ഞെടുക്കാനാവുന്നത്.

മൈലേജിലേക്ക് വന്നാൽ വാഗൺആർ പെട്രോളിന് 25.19 കി.മീ. ഇന്ധനക്ഷമതയും സിഎൻജിക്ക് 33.48 കി.മീ. മൈലേജുമാണ് കമ്പനി പറയുന്നത്. LXI, VXI, ZXI, ZXI പ്ലസ് എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് വാഗൺആർ വിപണനത്തിന് എത്തുന്നത്. ഇതിൽ എല്ലാ മോഡലുകളിലും 6 എയർബാഗുകൾ സ്റ്റാൻഡേർഡായി ലഭിക്കുന്നത് എന്തായാലും വിൽപ്പന ഇനിയും കൂട്ടാൻ സഹായിക്കുമെന്നതിൽ തർക്കമൊന്നുമില്ല.
7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ, ബ്ലൂടൂത്ത് കൺട്രോളുകൾ, ടാക്കോമീറ്റർ, റിമോട്ട് സെൻട്രൽ ലോക്കിംഗ് തുടങ്ങിയ ആധുനിക സവിശേഷതകളെല്ലാം കോർത്തിണക്കിയാണ് മാരുതി സുസുക്കി വാഗൺആർ വരുന്നത് എന്നതിനാൽ മുടക്കുന്ന കാശ് വസൂലാണ്. ZXI+ ടോപ്പ് എൻഡ് വേരിയന്റിന് 14 ഇഞ്ച് അലോയ് വീലുകളും ഫ്രണ്ട് ഫോഗ് ലാമ്പുകളും റിയർ വൈപ്പറും വാഷറും വരെ ഒരുക്കിയിട്ടുണ്ട് എന്നത് കണക്കിലെടുക്കുമ്പോൾ സംഗതി കളറാവും.


Click it and Unblock the Notifications








