മൈലേജ്, റീസെയിൽ വാല്യു അങ്ങനെ എല്ലാമുള്ള മാരുതിയുടെ മഹാത്ഭുതങ്ങളിൽ ഒന്ന്! ഇതുവരെ വാങ്ങിയത് 34 ലക്ഷം പേർ
ഇന്ത്യൻ വാഹന വിപണിയിൽ 3 കോടി കാറുകളുടെ വിൽപ്പന പൂർത്തിയാക്കി റെക്കോർഡ് തൂക്കിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി (Maruti Suzuki). പതിറ്റാണ്ടുകളായി ആൾട്ടോ, വാഗൺആർ, സ്വിഫ്റ്റ് എന്നീ മൂന്ന് മോഡലുകൾ ചൂടപ്പം പോലെ വിറ്റഴിയുന്നതിന്റെ കരുത്തിലാണ് ഈ വലിയൊരു നേട്ടം കമ്പനി സ്വന്തമാക്കിയിരിക്കുന്നത്. ആൾട്ടോ എന്ന എൻട്രി ലെവൽ ഹാച്ച്ബാക്ക് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലായി മാറിയപ്പോൾ രണ്ടാം സ്ഥാനം ടോൾബോയ് വാഗൺആറിനാണ് സ്വന്തം. ഇന്ത്യക്കാരുടെ ദേശീയ വാഹനമായി പ്രഖ്യാപിക്കേണ്ട കാറാണ് വാഗൺആർ.
കാലങ്ങൾക്ക് മുമ്പേ അവതരിച്ച മോഡൽ ഇന്നും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി വിലസണമെങ്കിൽ അതിന്റെ റേഞ്ച് മനസിലാക്കാനാവുന്നതല്ലേയുള്ളൂ. കുറഞ്ഞ വിലയും അപാര മൈലേജും ഇന്റീരിയറിൽ നല്ല സ്പേസുമെല്ലാമായി ഇന്ത്യക്കാരുടെ ഫാമിലി കാറായി വാഗൺആർ അങ്ങനെ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണിപ്പോഴും. ഇതുവരെ മോഡലിന്റെ 34 ലക്ഷം യൂണിറ്റുകൾ കമ്പനി വിറ്റഴിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ.

കാറിന് 4.99 ലക്ഷം മുതൽ 6.95 ലക്ഷം വരെയാണ് ഇപ്പോഴത്തെ വില. 1999-ലാണ് മാരുതി സുസുക്കിയുടെ നിരയിലേക്ക് ടോൾബോയ് ഡിസൈനുമായി വാഗൺആർ അവതരിക്കുന്നത്. അന്ന് 1.1 ലിറ്റർ പെട്രോൾ എഞ്ചിനും 5 സ്പീഡ് മാനുവൽ ഗിയർബോക്സും ഇതിൽ ഉണ്ടായിരുന്നു. മറ്റ് എൻട്രി ലെവൽ ഹാച്ച്ബാക്കുകളെ അപേക്ഷിച്ച് നല്ല ഇന്റീരിയർ സ്പേസും പവർ വിൻഡോകൾ പോലുള്ള ഫീച്ചറുകളും വാഗ്ദാനം ചെയ്തുകൊണ്ടാണ് ഇന്ത്യയുടെ ഫാമിലി കാർ പ്രശസ്‌തിയാർജിച്ചത്.
ബോഡി-കളർ ബമ്പറുകൾ, ക്ലിയർ-ലെൻസ് ടെയിൽ ലാമ്പുകൾ തുടങ്ങിയ കോസ്മെറ്റിക് അപ്‌ഡേറ്റുകൾ ഉപയോഗിച്ച് 2003-2006 കാലഘട്ടത്തിനിടയിൽ വാഗൺആറിന് ഫെയ്‌സ്‌ലിഫ്റ്റ് മോഡലും ലഭിച്ചു. 2006-ൽ കമ്പനി വാഗൺആറിൽ ഒരു എൽപിജി ഓപ്ഷൻ അവതരിപ്പിച്ചതും എടുത്ത് പറയേണ്ട കാര്യമാണ്. ഇത് ഉപഭോക്താക്കൾക്ക് പെട്രോളിലും താങ്ങാനാവുന്ന വിലയിൽ ഒരു ബദൽ വാഗ്ദാനം ചെയ്തു. വിപണിയിൽ വലി വിജയം തീർക്കാനും ഈ മോഡലിനായിരുന്നു.

പിന്നീട് 2010-ൽ വാഗൺആറിന്റെ രണ്ടാം തലമുറയെ പുറത്തിറക്കി മാരുതി വീണ്ടും ഞെട്ടിച്ചു. പൂർണമായും റീഡിസൈൻ ചെയ്‌ത മോഡലിലേക്ക് പുതിയ 1.0 ലിറ്റർ ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിൻ കടന്നുവരികയും ചെയ്‌തു. ഒപ്പം ഓട്ടോമാറ്റിക് പ്രേമികളെ കൈയിലെടുക്കാനായി എഎംടി ഓപ്ഷനും ഉപയോഗിച്ചാണ് ഇത് അവതരിപ്പിച്ചത്. 2013-ൽ കമ്പനി രണ്ടാം തലമുറ വാഗൺആറിനെ പുതിയ ഫെയ്‌സ്‌ലിഫ്റ്റുമായി നവീകരിച്ചു.
മെച്ചപ്പെട്ട ഓഡിയോ സിസ്റ്റം, ഡ്യുവൽ ഗ്ലൗബോക്‌സ് തുടങ്ങിയ സവിശേഷതകളോടെയാണ് ഈയൊരു മോഡൽ വിപണത്തിന് എത്തിയത്. 2019-ൽ കമ്പനി മൂന്നാം തലമുറ വാഗൺആർ പുറത്തിറക്കി. പുതിയൊരു പ്ലാറ്റ്‌ഫോമിലാണ് ഇത് നിർമിച്ചത്. പിന്നീട് 2022-ൽ ഇതിന് ഒരു ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ചു. അതിൽ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ പോലുള്ള ഫീച്ചറുകളും മാരുതി സുസുക്കി അവതരിപ്പിച്ചു. അങ്ങനെ ഇന്ന് മോഡേൺ ഫീച്ചറുകളെല്ലാമുള്ള മിടുക്കൻ ഫാമിലി കാറാണിത്.

നാവിഗേഷൻ, ക്ലൗഡ് അധിഷ്ഠിത സേവനങ്ങൾ, 6 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, എഎംടിയിൽ ഹിൽ-ഹോൾഡ് അസിസ്റ്റ്, 4 സ്പീക്കറുകൾ, മൗണ്ടഡ് കൺട്രോളുകളുള്ള സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൾട്ടി ഫങ്ഷൻ സ്റ്റിയറിംഗ് വീൽ, 7 ഇഞ്ച് സ്മാർട്ട്‌പ്ലേ സ്റ്റുഡിയോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയെല്ലാം നിലവിൽ മാരുതി സുസുക്കി വാഗൺആറിൽ ഉൾപ്പെടുന്നുണ്ട്.
നല്ല റിഫൈൻമെന്റും നല്ല പെർഫോമൻസുമുള്ള രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനാണ് മാരുതിയുടെ ടോൾബോയ് ഹാച്ചിൽ ഇപ്പോഴുള്ളത്. ഇതിൽ ആദ്യത്തേത് 1.0 ലിറ്റർ ത്രീ സിലിണ്ടർ പെട്രോളും രണ്ടാമത്തേത് 1.2 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനുമാണ്. ബേസ് മോഡലുകളിലെ ചെറിയ എഞ്ചിന് 65 bhp കരുത്തിൽ പരമാവധി 89 Nm torque വരെ നൽകാനാവും. അതേസമയം 1.2 ലിറ്റർ എഞ്ചിനിലേക്ക് വന്നാൽ പലരേയും വിസ്മയിപ്പിക്കുന്ന പെർഫോമൻസ് കണക്കുകളായിരിക്കും കാണുക.
88 bhp പവറിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കുന്ന കിടുക്കൻ യൂണിറ്റാണിത്. ഇതുകൂടാതെ 56 bhp, 82 Nm ടോർക്ക് എന്നിവ നൽകുന്ന സിഎൻജി വേരിയന്റിലും മാരുതി കാർ വാങ്ങാനാവും. അങ്ങനെ എല്ലാത്തരം ആളുകളേയും തൃപ്ത്തിപ്പെടുത്താൻ കഴിയുന്ന ഇന്ത്യയിലെ ചുരുക്കം ചില കാറുകളിൽ ഒന്നാണിത്. മൈലേജിലേക്ക് വന്നാൽ വാഗൺആർ പെട്രോളിന് 25.19 കി.മീ. ഇന്ധനക്ഷമതയും സിഎൻജിക്ക് 33.48 കി.മീ. മൈലേജുമാണ് കമ്പനി പറയുന്നത്.


Click it and Unblock the Notifications








