പ്രായമായവർക്ക് ഇനി കാറിൽ സുഖമായി കയറാം, വാഗൺആർ വാങ്ങാൻ പുതിയ കാരണമുണ്ടാക്കി മാരുതി

ഇന്ത്യക്കാരുടെ ആവശ്യങ്ങൾ മനസിൽ കണ്ട് കൃത്യമായി വാഹനങ്ങൾ പുറത്തിറക്കുന്നവരാണ് മാരുതി സുസുക്കി. ഹാച്ച്ബാക്ക് വിപണിയിൽ അനേകം മോഡലുകളുണ്ടെങ്കിലും കുടുംബങ്ങളുടെ പ്രിയസുഹൃത്തായി മാറിയവനാണ് വാഗൺആർ. ഇന്ത്യക്കാരുടെ ദേശീയ വാഹനമായി പ്രഖ്യാപിക്കേണ്ട കാറാണിത് എന്നുപറഞ്ഞാലും തെറ്റൊന്നുമില്ല. കാലങ്ങൾക്ക് മുമ്പേ അവതരിച്ച മോഡൽ ഇന്നും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി വിലസണമെങ്കിൽ അതിൻ്റെ സ്വീകാര്യത എത്രത്തോളമാണെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ. 5 പേരടങ്ങുന്ന കുടുംബത്തിന് ഇതുപോലെ ഇണങ്ങുന്ന മറ്റൊരു ചെറുഹാച്ച്ബാക്ക് ഇല്ലെന്ന് പറയാം. വിലയിലായാലും മെയിൻ്റനെൻസിനായാലും പോക്കറ്റിൽ ഒതുങ്ങുന്നതാണ് വാഗൺആർ എന്ന മഹാത്ഭുതം.

ആര് വാങ്ങിയാലും അവരുടെ ഇഷ്‌ടത്തിന് അനുസരിച്ച് വാഗൺആർ ഉപയോഗിക്കാനാവും. കൂടുതലും വയസായവർക്കാണ് ഈയൊരു കാറിനോട് പ്രിയം കൂടുതലെന്ന് സംസാരമുണ്ട്. അതിൻ്റെ പ്രധാന കാരണം കൊണ്ടുനടക്കാനുള്ള എളുപ്പവും നല്ല വിസിബിലിറ്റി തരുന്ന ഡ്രൈവിംഗ് പൊസിഷനും എല്ലാമാണ്. മുതിർന്ന പൗരന്മാർക്കും വികലാംഗർക്കും കാറിലേക്ക് കയറാൻ ഇനി മുതൽ കൂടുതൽ എളുപ്പമായിരിക്കും കേട്ടോ.

Maruti Suzuki WagonR Swivel Seat Option Launched Details Inside

എന്താണന്നല്ലേ, വാഗൺആറിൽ ഒരു സ്വിവൽ സീറ്റ് ഓപ്ഷൻ അവതരിപ്പിച്ചിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. മുതിർന്ന പൗരന്മാർക്കും വൈകല്യമുള്ളവർക്കും ദൈനംദിന യാത്ര എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ വേരിയൻ്റ് വാഗൺആറിലേക്ക് എത്തിയിരിക്കുന്നത്. സീറ്റ് സ്ലൈഡ് ചെയ്യാനും പുറത്തേക്ക് തിരിക്കാനും സാധിക്കുന്നതിലൂടെ കോ-ഡ്രൈവർ സീറ്റിലിരിക്കുന്ന യാത്രക്കാർക്ക് വേഗത്തിൽ പുറത്തേക്ക് ഇറങ്ങാനും അല്ലെങ്കിൽ കയറുമ്പോൾ സീറ്റിൽ അനായാസം പുറത്തുനിന്ന് തന്നെ ഇരിക്കാനും കഴിയും.

കാറിൽ ഇരിക്കാനോ എഴുന്നേൽക്കാനോ ബുദ്ധിമുട്ടുള്ളവർക്കെല്ലാം ഇത് വലിയൊരു അനുഗ്രഹം തന്നെയായിരിക്കുമെന്നതിൽ സംശയം വേണ്ട. വാഹനത്തിൻ്റെ ഘടനയിലോ കോർ മെക്കാനിക്കൽ സിസ്റ്റങ്ങളിലോ മാറ്റം വരുത്താതെ തന്നെ ഇത് ഇൻസ്റ്റാൾ ചെയ്യാൻ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. നേരത്തെ കാർ വാങ്ങിയവർക്കും ഇത്തരത്തിലൊരു സീറ്റ് ഘടിപ്പിക്കാനാവും. ഇൻസ്റ്റാളേഷന് ഏകദേശം ഒരു മണിക്കൂർ സമയം മാത്രമാണ് വേണ്ടിവരിക.

Maruti Suzuki WagonR Swivel Seat Option Launched Details Inside

ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നായ വാഗൺആറിൻ്റെ പൈലറ്റ് പ്രോജക്റ്റായി 11 നഗരങ്ങളിലായി 200-ലധികം മാരുതി സുസുക്കി അരീന ഡീലർഷിപ്പുകളിൽ ഈ സീറ്റ് ഫിറ്റ് ചെയ്യാനാവും. ഉപഭോക്തൃ പ്രതികരണത്തെ ആശ്രയിച്ച്, ഭാവിയിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് ലഭ്യത വ്യാപിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നുമുണ്ട്. പുതിയ വാഗൺആർ വാങ്ങുമ്പോഴോ 2019-ന് ശേഷം വിൽക്കുന്ന നിലവിലുള്ള വാഗൺആർ മോഡലുകൾക്കോ സ്വിവൽ സീറ്റ് ഘടിപ്പിക്കാനാവും.

ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ട്രൂഅസിസ്റ്റ് (TRUEAssist) ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് മാരുതി സുസുക്കി സ്വിവൽ സീറ്റ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇത്തരം സീറ്റ് ഘടിപ്പിക്കുന്നത് സേഫ്റ്റിയെ ബാധിക്കുമോയെന്ന് ആശങ്കപ്പെടുന്നവരും ഉണ്ടാവും അല്ലേ. എന്നാൽ സ്വിവൽ സീറ്റ് കിറ്റ് ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI) പരീക്ഷിച്ച് സാക്ഷ്യപ്പെടുത്തിയിട്ടുള്ളതായതിനാൽ ആശങ്കയുടെ ആവശ്യമേയില്ല.

Maruti Suzuki WagonR Swivel Seat Option Launched Details Inside

മൂന്ന് വർഷത്തെ വാറണ്ടിയോടെയാണ് സ്വിവൽ സീറ്റ് കിറ്റ് മാരുതി സുസുക്കി ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. ഉയർന്ന റൂഫും വിശാലമായ ക്യാബിൻ സ്പേസുമുള്ള വാഗൺആറിൻ്റെ ടോൾബോയ് ഡിസൈനാണ് ഇത്തരത്തിലൊരു സംരംഭം നടപ്പിലാക്കാൻ സഹായിച്ചത്. മറ്റ് കാറുകളിൽ ഈയൊരു ഫീച്ചർ നൽകാത്തതിൻ്റെ കാരണവും ഇതുതന്നെയാണ്. എന്തായാലും ഇത്തരത്തിൽ ഉപകാരപ്പെടുന്ന കാര്യങ്ങൾ ചെയ്യാൻ എപ്പോഴും മാരുതി തന്നെയാണ് മുൻകൈയെടുക്കാറുള്ളത്.

വാഗൺആറിന് നിലവിൽ 4.99 ലക്ഷം മുതൽ 6.95 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്. നല്ല റിഫൈൻമെന്റും നല്ല പെർഫോമൻസുമുള്ള രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനാണ് മാരുതിയുടെ ടോൾബോയ് ഹാച്ചിൽ ഇപ്പോഴുള്ളത്. ഇതിൽ ആദ്യത്തേത് 1.0 ലിറ്റർ ത്രീ സിലിണ്ടർ പെട്രോളും രണ്ടാമത്തേത് 1.2 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനുമാണ്. ബേസ് മോഡലുകളിലെ ചെറിയ എഞ്ചിന് 65 bhp കരുത്തിൽ പരമാവധി 89 Nm torque വരെ നൽകാനാവും.

1.2 ലിറ്റർ എഞ്ചിനിലേക്ക് വന്നാൽ പലരേയും വിസ്മയിപ്പിക്കുന്ന പെർഫോമൻസ് കണക്കുകളായിരിക്കും കാണുക. 88 bhp പവറിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കുന്ന കിടുക്കൻ യൂണിറ്റാണിത്. ഇതുകൂടാതെ 56 bhp, 82 Nm ടോർക്ക് എന്നിവ നൽകുന്ന സിഎൻജി വേരിയന്റിലും മാരുതി കാർ വാങ്ങാനാവും. മൈലേജിലേക്ക് വന്നാൽ വാഗൺആർ പെട്രോളിന് 25.19 കി.മീ. ഇന്ധനക്ഷമതയും സിഎൻജിക്ക് 33.48 കി.മീ. മൈലേജുമാണ് കമ്പനി പറയുന്നത്.

More from DriveSpark

Article Published On: Thursday, December 18, 2025, 15:02 [IST]
English summary
Maruti suzuki wagonr swivel seat option launched details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X