ഇന്നോവയുടെ യാത്രാസുഖമുള്ള മാരുതി കാറിന് വില കൂട്ടി, 6-സീറ്റർ എംപിവിക്ക് എന്നിട്ടും 11.83 ലക്ഷമേയുള്ളൂ
ഇന്നോവ പോലെ യാത്രാ സുഖം തരുന്ന മാരുതി സുസുക്കിയുടെ മൾട്ടി പർപ്പസ് വാഹനമാണ് XL6. ഏറ്റവും വിറ്റഴിയുന്ന എംപിവി മോഡലായ എർട്ടിഗയുടെ കൂടുതൽ പ്രീമിയം പതിപ്പായി പണികഴിപ്പിച്ചിരിക്കുന്ന വണ്ടി പലർക്കും ഇഷ്‌ടമാണ്. രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകൾ ഒരുക്കിയിട്ടുള്ള XL6 ഏത് ദൂരയാത്രയ്ക്കും അനുയോജ്യമായ ഫാമിലി കാറാണ്. കിയ കാരെൻസിനോടും ടൊയോട്ട ഇന്നോവയോടുമെല്ലാം പടപൊരുതി നിൽക്കാൻ തുടങ്ങിയിട്ട് നാളിമ്മിണിയായ വാഹനത്തിന്റെ വില വർധിപ്പിച്ചതാണ് ഇപ്പോഴത്തെ ഏറ്റവും പുതിയ വാർത്ത. 2025 ഏപ്രിൽ 8 മുതൽ മോഡൽ നിരയിൽ വില പരിഷ്ക്കാരമുണ്ടാവുമെന്ന് മാരുതി സുസുക്കി നേരത്തെ അറിയിച്ചിരുന്നു.
ഇതിന്റെ ഭാഗമായാണ് 6-സീറ്റർ എംപിവിക്കും വില കൂട്ടിയിരിക്കുന്നത്. മുമ്പത്തെ വിലയിൽ നിന്നും 1.07 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. അതായത് മാരുതി XL6 മോഡലിന്റെ എല്ലാ വേരിയന്റുകൾക്കും 12,500 രൂപ ഇനി മുതൽ അധികം മുടക്കേണ്ടി വരുമെന്ന് സാരം. സീറ്റ, ആൽഫ, ആൽഫ പ്ലസ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് പ്രീമിയം മൾട്ടി പർപ്പസ് വാഹനം വിപണനത്തിന് എത്തുന്നത്.

11.71 ലക്ഷം മുതൽ 14.71 ലക്ഷം വരയായിരുന്ന എക്സ്ഷോറൂം വില 12,500 രൂപയോളം ഉയർന്ന് 11.83 ലക്ഷം മുതൽ 14.83 ലക്ഷം രൂപ വരെയായി പുതിയ എക്സ്ഷോറൂം വില. ഇനി വേരിയന്റ് തിരിച്ചുള്ള പുതിയ വില അറിയേണ്ടവർക്കായി അതും പറഞ്ഞുതരാം കേട്ടോ. മാരുതി XL6 സീറ്റ മാനുവലിന് 11.83 ലക്ഷം, ആൽഫ മാനുവലിന് 12.83 ലക്ഷം, ആൽഫ പ്ലസ് മാനുവലിന് 13.43 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടത്.
അതേസമയം മാരുതി സുസുക്കി XL6 സീറ്റ ഓട്ടോമാറ്റിക്കിന് 13.23 ലക്ഷം, ആൽഫ ഓട്ടോമാറ്റിക്കിന് 14.23 ലക്ഷം, ആൽഫ പ്ലസ് ഓട്ടോമാറ്റിക്കിന് 14.83 ലക്ഷം എന്നിങ്ങനെയാണ് പുതുക്കിയ എക്സ്ഷോറൂം വില വരുന്നത്. 6-സീറ്റർ എംപിവിക്കൊരു സിഎൻജി മോഡൽ കൂടിയുണ്ട് കേട്ടോ. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുന്ന വണ്ടിക്കായി മുടക്കേണ്ട പുതിയ വില 12.78 ലക്ഷമാണ്.

വിലയിലെ മാറ്റമൊഴികെ മാരുതി സുസുക്കിയുടെ പ്രീമിയം എംപിവിയിൽ വേറെ പരിഷ്ക്കാരങ്ങളൊന്നും കമ്പനി സമ്മാനിച്ചിട്ടില്ല. 2019 ഓഗസ്റ്റിൽ പുറത്തിറങ്ങിയ XL6 അടുത്തിടെ 2 ലക്ഷം യൂണിറ്റ് വിൽപ്പന നാഴികക്കല്ലും താണ്ടിയിരുന്നു. വിപണിയിലെത്തി 66 മാസം അല്ലെങ്കിൽ അഞ്ചര വർഷത്തിന് ശേഷമാണ് മോഡൽ ആഭ്യന്തര വിപണിയിൽ ഈ നേട്ടം കൈവരിക്കുന്നത്. ലോഞ്ച് മുതൽ 2025 ഫെബ്രുവരി അവസാനം വരെയുള്ള കണക്കുകളാണിത്.
എർട്ടിഗയ്ക്ക് അടിസ്ഥാനമായിരിക്കുന്ന അതേ സുസുക്കിയുടെ അഞ്ചാം തലമുറ ഹാർട്ടെക്റ്റ് സി പ്ലാറ്റ്‌ഫോമിലാണ് XL6 എംപിവിയും നിർമിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതിയുടെ മനേസർ പ്ലാന്റിലാണ് XL6 പണികഴിപ്പിക്കുന്നതും. എർട്ടിഗയുടെ 6 സീറ്റർ പതിപ്പാണെങ്കിലും പ്രീമിയം കാർ ഫീൽ നൽകുന്ന തരത്തിലാണ് മോഡൽ ഡിസൈൻ ചെയ്‌ത് എടുത്തിരിക്കുന്നത്.

സുഖസൗകര്യങ്ങളും പ്രായോഗികതയും ഒത്തുചേർന്ന XL6 എംപിവിക്ക് എർട്ടിഗയിലെ അതേ 1.5 ലിറ്റർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. ഒപ്പം മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷന്റെ സൌകര്യവും കൂടിയാവുമ്പോൾ സംഗതി ഉഷാറാവും. മാരുതി സുസുക്കിയുടെ ഡ്യുവൽ ജെറ്റ് സാങ്കേതികവിദ്യയും സ്റ്റാർട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയും സജ്ജീകരിച്ചിരിക്കുന്നതിനാൽ പെർഫോമൻസും മൈലേജും ഒരുപോലെ ലഭിക്കും.
XL6 എംപിവിയിലെ 1.5 ലിറ്റർ പെട്രോൾ എഞ്ചിന് 6000 ആർപിഎമ്മിൽ 103hp കരുത്തും 4400 ആർപിഎമ്മിൽ 136.8 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. നിലവിലെ മാനുവൽ ഗിയർബോക്‌സിൽ 20.97 കിലോമീറ്റർ ഇന്ധനക്ഷമതയും ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ 20.27 കിലോമീറ്റർ മൈലേജുമാണ് ഈ മൾട്ടി പർപ്പസ് വാഹനത്തിൽ മാരുതി സുസുക്കി അവകാശപ്പെടുന്നത് കേട്ടോ. അതേസമയം സിഎൻജിയിൽ 26.32 കിലോമീറ്റർ മൈലേജും കമ്പനി പറയുന്നുണ്ട്.

7.0 ഇഞ്ച് ഡിസ്‌പ്ലേയുള്ള പുതിയ സ്മാർട്ട്‌പ്ലേ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം. ഓട്ടോ എസി കൺട്രോൾ, ഡ്രൈവിംഗ് ബിഹേവിയർ അസസ്‌മെന്റ്, ജിയോ-ഫെൻസിംഗ് അലേർട്ട്, നിരവധി കണക്റ്റഡ് കാർ ടെക്കുള്ള സുസുക്കി കണക്റ്റ്, സ്മാർട്ട് വാച്ച് കണക്റ്റിവിറ്റി, 360-ഡിഗ്രി ക്യാമറ, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, 6 എയർബാഗുകൾ, ഹിൽ-ഹോൾഡ് കൺട്രോൾ, സ്റ്റെബിലിറ്റി പ്രോഗ്രാം, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം പോലുള്ള എല്ലാത്തരം മോഡേൺ ഫീച്ചറുകളാലും XL6 സമ്പന്നമാണ്.


Click it and Unblock the Notifications








