പേടിക്കാതെ യാത്ര ചെയ്യാം! XL6 എംപിവിയിൽ ഇനി 6 എയർബാഗും, 6-സീറ്ററിന്റെ സേഫ്റ്റി കൂട്ടി മാരുതി
പപ്പടമെന്ന ചീത്തപ്പേരെല്ലാം മാറ്റി തങ്ങളുടെ കാറുകളെ കൂടുതൽ സേഫ്റ്റിയുള്ളതാക്കി മാറ്റുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി (Maruti Suzuki). ക്രാഷ് ടെസ്റ്റിൽ മിന്നുന്ന പ്രകടനവുമായി ഡിസയറും ബലേനോയും കരുത്ത് കാട്ടിയപ്പോൾ മറ്റുള്ള മോഡലുകളും മോശക്കാരല്ലെന്ന് തെളിയിക്കാനായി 6 എയർബാഗ് പോലുള്ള സുരക്ഷാ സന്നാഹങ്ങൾ തങ്ങളുടെ മോഡൽനിരയിലുടനീളം സ്റ്റാൻഡേർഡാക്കുകയാണ് കമ്പനി. അടുത്തിടെ ബലേനോയും എർട്ടിഗയും 6 എയർബാഗ് സ്റ്റാൻഡേർഡായി അവതരിപ്പിച്ച് വാർത്തകളിൽ ഇടംനേടിയിരുന്നു. ഇപ്പോഴിതാ തങ്ങളുടെ 6-സീറ്റർ എംപിവിയിലും സമാനമായ പരിഷ്ക്കാരങ്ങളുമായി എത്തിയിരിക്കുകയാണ് മാരുതി.
എർട്ടിഗയുടെ പ്രീമിയം പതിപ്പായ XL6 എംപിവിയിലും 6 എയർബാഗ് സ്റ്റാൻഡേർഡായി അവതരിപ്പിച്ചതായി അറിയിച്ചിരിക്കുകയാണ് മാരുതി സുസുക്കി. മോഡലിന്റെ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ ഘടിപ്പിക്കുമെന്നാണ് ബ്രാൻഡ് അറിയിച്ചിരിക്കുന്നത്. 2025 ജൂലൈ 23 മുതൽ അപ്‌ഡേറ്റ് പ്രാബല്യത്തിൽ വരുമെന്നതും ശ്രദ്ധേയമായ കാര്യമാണെന്ന് പറയാം.

രാജ്യത്തെ ഉപഭോക്താക്കൾക്കിടയിൽ വളർന്നുകൊണ്ടിരിക്കുന്ന സുരക്ഷാ പ്രതീക്ഷകൾക്കനുസരിച്ച് തങ്ങളുടെ ഉൽപ്പന്ന നിരയെ നവീകരിക്കാനുള്ള മാരുതിയുടെ നിരന്തരമായ ശ്രമത്തിന്റെ ഭാഗമാണ് ഈ സുരക്ഷാ മെച്ചപ്പെടുത്തൽ. മുമ്പ്, XL6 എംപിവിയുടെ തെരഞ്ഞെടുത്ത ടോപ്പ് വേരിയന്റുകളിൽ മാത്രമേ 6 എയർബാഗുകൾ ലഭ്യമായിരുന്നുള്ളൂ. പുതിയ പരിഷ്ക്കരണത്തോടെ ഈ ഫീച്ചർ ഇപ്പോൾ മുഴുവൻ ശ്രേണിയിലും സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യും.
ഈ അപ്‌ഡേറ്റിന്റെ ഫലമായി XL6 പ്രീമിയം കാറിന്റെ എക്സ്ഷോറൂം വിലയിൽ 0.8 ശതമാനത്തിന്റെ നേരിയ വർധനവ് കാണും. വേരിയന്റിനെ ആശ്രയിച്ച് കൃത്യമായ വില ക്രമീകരണം വ്യത്യാസപ്പെടാം. പുതിയ വില സംബന്ധിച്ച പ്രഖ്യാപനം മാരുതി സുസുക്കി അധികം വൈകാതെ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 11.83 ലക്ഷം മുതൽ 14.83 ലക്ഷം രൂപ വരെയായിരുന്നു ഇതിന് മുമ്പ് എംപിവിയുടെ എക്സ്ഷോറൂം വില.

എന്തായാലും എയർബാഗിന്റെ എണ്ണം കൂടിയതും വിലയിൽ വർധനവുണ്ടായതും മാറ്റി നിർത്തിയാൽ എംപിവിയിൽ മറ്റ് നവീകരണങ്ങളൊന്നും കാണില്ല. 2019 ഓഗസ്റ്റിൽ പുറത്തിറങ്ങിയ XL6 അടുത്തിടെ 2 ലക്ഷം യൂണിറ്റ് വിൽപ്പന നാഴികക്കല്ലും താണ്ടിയിരുന്നു. വിപണിയിലെത്തി 66 മാസം അല്ലെങ്കിൽ അഞ്ചര വർഷത്തിന് ശേഷമാണ് മോഡൽ ആഭ്യന്തര വിപണിയിൽ ഈ നേട്ടം കൈവരിക്കുന്നത്. ലോഞ്ച് മുതൽ 2025 ഫെബ്രുവരി അവസാനം വരെയുള്ള കണക്കുകളാണിത്.
എർട്ടിഗയുടെ 6-സീറ്റർ മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്‌സ ചാനൽ വഴിയാണ് വിപണനം ചെയ്യുന്നത്. എർട്ടിഗയ്ക്ക് അടിസ്ഥാനമായിരിക്കുന്ന അതേ സുസുക്കിയുടെ അഞ്ചാം തലമുറ ഹാർട്ടെക്റ്റ് പ്ലാറ്റ്‌ഫോമിലാണ് XL6 പണികഴിപ്പിച്ചിരിക്കുന്നത്. 6 സീറ്റർ പതിപ്പാണെങ്കിലും പ്രീമിയം കാർ ഫീൽ നൽകുന്ന തരത്തിലാണ് മോഡൽ ഡിസൈൻ ചെയ്‌ത് എടുത്തിരിക്കുന്നതെന്നതാണ് ശ്രദ്ധേയമായ വിഷയം.

ഇന്റീരിയറിലും ഇതേ പ്രീമിയംനെസ് കാണാനാവും. 7.0 ഇഞ്ച് ഡിസ്‌പ്ലേയുള്ള പുതിയ സ്മാർട്ട്‌പ്ലേ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം. ഓട്ടോ എസി കൺട്രോൾ, ഡ്രൈവിംഗ് ബിഹേവിയർ അസസ്‌മെന്റ്, ജിയോ-ഫെൻസിംഗ് അലേർട്ട്, നിരവധി കണക്റ്റഡ് കാർ ടെക്കുള്ള സുസുക്കി കണക്റ്റ്, സ്മാർട്ട് വാച്ച് കണക്റ്റിവിറ്റി, 360-ഡിഗ്രി ക്യാമറ, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, 6 എയർബാഗുകൾ, ഹിൽ-ഹോൾഡ് കൺട്രോൾ, സ്റ്റെബിലിറ്റി പ്രോഗ്രാം, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം പോലുള്ള ഫീച്ചറുകളാൽ XL6 എംപിവിയുടെ അകത്തളം സമ്പന്നമാണ്.
എർട്ടിഗയിലെ അതേ 1.5 ലിറ്റർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് XL6 മോഡലിനും തുടിപ്പേകുന്നത്. മാരുതി സുസുക്കിയുടെ ഡ്യുവൽ ജെറ്റ് സാങ്കേതികവിദ്യയും സ്റ്റാർട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയും സജ്ജീകരിച്ചിരിക്കുന്നതിനാൽ പെർഫോമൻസും മൈലേജും ഒരുപോലെ ലഭിക്കും. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന എംപിവിക്ക് 6000 ആർപിഎമ്മിൽ 103hp കരുത്തും 4400 ആർപിഎമ്മിൽ 136.8 Nm ടോർക്കും ഉത്പാദിപ്പിക്കാവും.
നിലവിലെ മാനുവൽ ഗിയർബോക്‌സിൽ 20.97 കിലോമീറ്റർ ഇന്ധനക്ഷമതയും ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ 20.27 കിലോമീറ്റർ മൈലേജുമാണ് ഈ മൾട്ടി പർപ്പസ് വാഹനത്തിൽ മാരുതി സുസുക്കി അവകാശപ്പെടുന്നത് കേട്ടോ. അതേസമയം സിഎൻജിയിൽ 26.32 കിലോമീറ്റർ മൈലേജും കമ്പനി പറയുന്നുണ്ട്. ഇന്ത്യയിലെ എംപിവി വിഭാഗത്തിൽ കിയ കാരെൻസ് ക്ലാവിസ്, ടൊയോട്ട ഇന്നോവ ക്രിസ്റ്റ പോലുള്ള മോഡലുകളുമായാണ് ഇതിന്റെ മത്സരം.


Click it and Unblock the Notifications








