33 KM മൈലേജുള്ള 5.78 ലക്ഷത്തിന്റെ കാറിന് 57,100 രൂപയുടെ ഡിസ്‌കൗണ്ടുമായി മാരുതി; ഇടംവലം നോക്കാതെ വാങ്ങിക്കോ
എത്ര എസ്‌യുവികൾ നാട് ഭരിക്കാൻ ഇറങ്ങിയാലും സാധാരണക്കാരന് ഹാച്ച്ബാക്കുകളോടുള്ള സ്നേഹം അങ്ങനെ പെട്ടെന്ന് ഇല്ലാതാവുകയൊന്നുമില്ല. പ്രത്യേകിച്ച് മാരുതി സുസുക്കിയുടെ (Maruti Suzuki) ഇതിഹാസ കാറുകൾ ഇപ്പോഴും ചൂടപ്പം പോലെ വിറ്റഴിയുന്ന സാഹചര്യത്തിൽ ഇതൊന്നും അത്രവേഗം നടപ്പാവില്ല. മാരുതി മോഡലുകളിൽ ഏറ്റവും പ്രശസ്‌തനാണ് സ്വിഫ്റ്റ് (Swift) എന്ന കോംപാക്‌ട് ഹാച്ച്ബാക്ക്. കാലങ്ങളായി ഇന്ത്യക്കാരുടെ പെർഫോമൻസ് കാറായി വിലസുന്ന വണ്ടി വർഷങ്ങൾക്കഴിഞ്ഞിട്ടും വൻജന പിന്തുണയോടെ മുമ്പോട്ട് പോവുകയാണ്. വിപണിയിലെത്തിയിട്ട് 20 കൊല്ലത്തിന് മുകളിലായെങ്കിലും പകിട്ടിനും പത്രാസിനും ഇതുവരെ കുറവൊന്നും സംഭവിച്ചിട്ടുമില്ല.
ഏറ്റവും പുതിയ നാലാംതലമുറ സ്വിഫ്റ്റ് ത്രീ സിലിണ്ടർ എഞ്ചിൻ സ്വീകരിച്ചത് ആളുകൾക്ക് അത്ര പിടിച്ചിട്ടില്ലെങ്കിലും ഇന്നും ഓരോമാസവും കാറിന്റെ പതിനായിരക്കണക്കിന് യൂണിറ്റുകളാണ് വിറ്റഴിയുന്നത്. അടുത്തിടെ ജിഎസ്‌ടി വെട്ടിക്കുറച്ചതോടെ മോഡലിന്റെ വിലയിലും വലിയ കുറവ് സംഭവിച്ചിരുന്നു. ഇതോടെ മാരുതി സുസുക്കി ഷോറൂമുകളിൽ സ്വിഫ്റ്റ് വാങ്ങാനെത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.

ഇപ്പോഴിതാ ഈ വിലക്കുറവിന് പുറമെ 2025 നവംബർ മാസത്തേക്കായി പ്രത്യേക ഓഫറുകളും ആനുകൂല്യങ്ങളും അവതരിപ്പിച്ചിരിക്കുകയാണ് മാരുതി സുസുക്കി. ഈ മാസം ഹാച്ച്ബാക്ക് വാങ്ങാനെത്തുന്നവർക്ക് ZXi, VXi, പെട്രോൾ മാനുവൽ, എഎംടി, സിഎൻജി മോഡലുകൾക്ക് പരമാവധി 57,100 രൂപ വരെ ഡിസ്‌കൌണ്ടാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ബേസ് LXi വേരിയന്റ് തെരഞ്ഞെടുക്കുന്നവർക്ക് 37,100 രൂപ വരെ ലാഭിക്കാം.
ഇതിൽ 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 15,000 രൂപ എക്സ്ചേഞ്ച് ബോണസ് അല്ലെങ്കിൽ 25,000 രൂപ സ്ക്രാപ്പേജ് ബോണസ്, കൂടാതെ 2,100 രൂപ വരെ അധിക ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടെയാണ് 37,100 രൂപ വരെ ഉപയോഗപ്പെടുത്താനാവുന്നത്. പുതുക്കിയ ജിഎസ്‌ടി നിരക്കുകൾക്ക് ശേഷം മാരുതി സ്വിഫ്റ്റിന്റെ എക്സ്ഷോറൂം വില നിലവിൽ 5.78 ലക്ഷം മുതൽ 8.64 ലക്ഷം രൂപ വരെയാണ്.

LXI, VXI, VXI, ZXI, ZXI+ എന്നീ വേരിയുന്റുകളിൽ വിപണിയിലെത്തുന്ന ഹാച്ച്ബാക്ക് പെട്രോൾ, സിഎൻജി ഫ്യുവൽ ഓപ്ഷനുകളിലാണ് ഇപ്പോൾ വാങ്ങാനാവുന്നത്. 1.2 ലിറ്റർ Z- സീരീസ് ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിനുമായി വരുന്ന ഹാച്ച്ബാക്കിന് 80 bhp കരുത്തിൽ 112 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ കാറിന് പെർഫോമൻസ് ചെറുതായൊന്ന് ഇടിയും.
അതിൽ ചെറിയ കോംപ്രമൈസ് ചെയ്‌താൽ കിലോഗ്രാമിന് 32.85 കിലോമീറ്റർ മൈലേജാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. പെട്രോളിലാണെങ്കിൽ മാനുവലിന് 24.80 കിലോമീറ്റർ ഇന്ധനക്ഷമതയും എഎംടി വേരിയന്റിന് 25.75 കിലോമീറ്ററാണ് കമ്പനി പറയുന്ന ഇന്ധനക്ഷമത. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷൻ ഓപ്ഷനുകളും മാരുതി സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാക്കിൽ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഫീച്ചറുകളുടെ കാര്യം നോക്കിയാലും എല്ലാവരേയും സ്വിഫ്റ്റ് തൃപ്ത്തിപ്പെടുത്തുമെന്ന് ഉറപ്പാണ്. 9 ഇഞ്ച് സ്മാർട്ട്‌പ്ലേ പ്രോ പ്ലസ് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, 40-ലധികം കണക്റ്റഡ് കാർ സവിശേഷതകൾ, ക്രൂയിസ് കൺട്രോൾ, വയർലെസ് ചാർജർ, വയർലെസ് ഫോൺ മിററിംഗ്, റിയർ എസി വെന്റുകൾ, 60:40 സ്പ്ലിറ്റ് പിൻ സീറ്റുകൾ, കീലെസ് എൻട്രി പോലുള്ള പ്രായോഗികമായ ഫീച്ചറുകളെല്ലാം കുത്തിനിറച്ചാണ് മോഡൽ വിപണിയിൽ എത്തുന്നത്.
സ്റ്റാൻഡേർഡായി തന്നെ 6 എയർബാഗുകൾ വാഗ്‌ദാനം ചെയ്‌തുകൊണ്ട് കോംപാക്‌ട് ഹാച്ച്ബാക്കിന്റെ സേഫ്റ്റിയും വർധിപ്പിക്കാൻ മാരുതി സുസുക്കിക്ക് സാധിച്ചിട്ടുണ്ട്. സേഫ്റ്റി ഉയർത്താൻ എയർബോഗിന് പുറമെ റോൾഓവർ മിറ്റിഗേഷനോടുകൂടിയ ഇലക്ട്രോണിക് സ്റ്റൈബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ്, ഇബിഡിയുള്ള എബിഎസ്, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകളും ത്രീ-പോയിന്റ് ബെൽറ്റുകളും പോലുള്ള സുരക്ഷാ സന്നാഹങ്ങളും സ്വിഫ്റ്റിന്റെ പുതുതലമുറ മോഡലിൽ ഒരുക്കിയിട്ടുണ്ട്.


Click it and Unblock the Notifications








