ജിഎസ്‌ടി 2.0: ഈ കമ്പനിയുടെ കാറുകൾക്ക് 11 ലക്ഷം വരെ വില കുറയും, ഇന്ത്യക്കാരെ സ്നേഹിച്ച് കൊല്ലാൻ ബെൻസ്
പുതിയൊരു വാഹനം വാങ്ങാനിരുന്നവർക്കെല്ലാം പുതിയ ജിഎസ്‌ടി നിരക്കിലെ കുറവ് ലോട്ടറിയായി മാറിയിരിക്കുകയാണ്. ചരക്ക് സേവന നികുതി വെട്ടിക്കുറച്ചതോടെ വാഹന നിർമാതാക്കളും ഹാപ്പിയായിട്ടുണ്ട്. ഇതിന്റെ ഗുണഫലങ്ങൾ ഉടനടി തന്നെ ആളുകളിലേക്ക് കൈമാറി ഷോറൂമിൽ ആളെക്കൂട്ടുകയാണ് രാജ്യത്തെ ബ്രാൻഡുകളെല്ലാം. മാരുതിയും മഹീന്ദ്രയും ടാറ്റയും ഹ്യുണ്ടായിയും മാത്രമല്ല, ആഡംബര വാഹന രംഗത്തെ പ്രമുഖരായ മെർസിഡീസ് ബെൻസ് വരെ ലക്ഷക്കണക്കിന് പൈസയാണ് അവരുടെ മോഡലുകൾക്ക് കുറച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ തങ്ങളുടെ കാറുകളുടെ വില 11 ലക്ഷം രൂപ വരെ കുറച്ചതായി കമ്പനി പത്രക്കുറിപ്പിലൂടെ ഔദ്യോഗികമായി അറിയിച്ചു.
നേരത്തെ ഇന്ത്യയിൽ മെർസിഡീസ് ബെൻസ് കാറുകൾ 48 ശതമാനം നികുതി വിഭാഗത്തിലായിരുന്നുവെങ്കിൽ പുതിയ ജിഎസ്ടി 2.0 പ്രകാരം 40 ശതമാനം നികുതി സ്ലാബിലേക്ക് ജർമൻ കാറുകൾ മാറിയിട്ടുണ്ട്. അതേസമയം മെർസിഡീസ് ബെൻസ് ഇലക്ട്രിക് കാറുകൾക്കുണ്ടായിരുന്ന 5 ശതമാനം ജിഎസ്ടി നിരക്ക് അതേപടി തുടരും. അതിനാൽ ഇവികളുടെ വിലയിൽ മാറ്റമൊന്നും ഉണ്ടാകില്ലെന്ന കാര്യവും ബ്രാൻഡ് പ്രത്യേകം അറിയിച്ചിട്ടുണ്ട്.

ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയ്ക്ക് അനുസൃതമായി ജിഎസ്ടി കുറയ്ക്കലിന്റെ മുഴുവൻ ആനുകൂല്യവും മെർസിഡീസ് ബെൻസ് ഇന്ത്യ നേരിട്ട് ഉപഭോക്താക്കൾക്ക് കൈമാറുന്നതിൽ സന്തോഷമുണ്ടെന്നാണ് ജർമൻ ആഡംബര വാഹന നിർമാതാക്കളുടെ ഔദ്യോഗിക സ്ഥിരീകരണം. ഇനി മോഡൽ അടിസ്ഥാനത്തിൽ വിലയിൽ വന്നിരിക്കുന്ന മാറ്റം കൂടി പറഞ്ഞുതരാം. ഏറ്റവും കൂടുതൽ വിറ്റഴിയപ്പെുന്ന എസ്-ക്ലാസ് S 450 4മാറ്റിക് മോഡലിന് പരമാവധി 11 ലക്ഷം രൂപയുടെ വിലക്കുറവ് ലഭിക്കും.
സെപ്റ്റംബർ 22 മുതൽ മുമ്പത്തെ 1.99 കോടി രൂപയിൽ നിന്ന് 1.88 കോടി രൂപയായി എസ്-ക്ലാസിന്റെ വില കുറയുമെന്ന് സാരം. അടുത്തതായി ബ്രാൻഡിന്റെ ഫ്ലാഗ്ഷിപ്പ് എസ്‌യുവി മോഡലായ GLS 450d AMG ലൈനിന് ഇപ്പോൾ 10 ലക്ഷം രൂപയോളം വില കുറയുന്നതായിരിക്കും. ജിഎസ്ടി 2.0 പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള 1.44 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 1.34 കോടി രൂപയാവും പുതുക്കിയ വില.

മറുവശത്ത് GLE 450 4മാറ്റിക്കിന്റെ വില 8 ലക്ഷം രൂപ കുറച്ചിട്ടുണ്ട്. മുമ്പത്തെ 1.15 കോടി രൂപയിൽ നിന്ന് ഇപ്പോൾ എക്സ്ഷോറൂം വില 1.07 കോടി രൂപയായി മാറിയിട്ടുണ്ട്. ജർമൻ ബ്രാൻഡിന്റെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായ മെർസിഡീസ് ബെൻസ് ഇ-ക്ലാസ് LWB 450 4മാറ്റിക്കിന് 6 ലക്ഷം രൂപയാണ് കുറയാൻ പോവുന്നത്. സെപ്റ്റംബർ 22 മുതൽ 91 ലക്ഷം രൂപ മാത്രം മുടക്കിയാൽ വാഹനം മുറ്റത്തെത്തിക്കാനാവും.
ഇ-ക്ലാസ് മോഡലുകൾക്ക് 97 ലക്ഷം രൂപയായിരുന്നു മുമ്പത്തെ വില. ജിഎസ്ടിക്ക് മുമ്പുള്ള സി-ക്ലാസ് 300 AMG ലൈൻ പതിപ്പിന് 68 ലക്ഷമായരുന്നു വിലയെങ്കിൽ ഇനി മുതൽ 64.30 ലക്ഷം രൂപയുണ്ടെങ്കിൽ സെഡാൻ സ്വന്തമാക്കാനാവും. 3.70 ലക്ഷം രൂപയുടെ വിലക്കുറവാണ് സംഭവിച്ചിരിക്കുന്നതെന്ന് ചുരുക്കം. പുതിയ ജിഎസ്ടി സ്ലാബുകൾ നടപ്പിലാക്കുന്നതിന് മുമ്പ് ഇന്ത്യയിൽ 79.25 ലക്ഷം രൂപയ്ക്ക് വിറ്റഴിക്കപ്പെട്ട സി-ക്ലാസ് GLC 300 4മാറ്റിക് എസ്‌യുവിക്ക് 73.95 ലക്ഷം മുടക്കിയാൽ മതിയാവും.

സെപ്റ്റംബർ 22 മുതൽ നടപ്പിലാക്കാൻ പോവുന്ന പുതിയ ജിഎസ്ടി നിരക്കുകൾ പ്രകാരം ബെൻസിന്റെ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് 5.30 ലക്ഷം രൂപയോളമാണ് വിലക്കുറവ് സംഭവിക്കാൻ പോവുന്നത്. എൻട്രി ലെവൽ എ-ക്ലാസ് സെഡാന് 2.60 ലക്ഷം രൂപയുടെ വിലക്കുറവാണ് സംഭവിക്കാൻ പോവുന്നത്. മുമ്പ് ഇതിന്റെ വില 48.55 ലക്ഷം രൂപയായിരുന്നുവെങ്കിൽ ഇനി മുതൽ 45.95 ലക്ഷം രൂപയുണ്ടേൽ വണ്ടി സ്വന്തമാക്കാം.
മെർസിഡീസ് ബെൻസ് GLA 220d 4മാറ്റിക് AMG ലൈനിന് 3.80 ലക്ഷം രൂപയുടെ വിലക്കുറവ് ലഭിച്ചിട്ടുണ്ട്. മുമ്പത്തെ 56.50 ലക്ഷം രൂപയിൽ നിന്ന് 52.70 ലക്ഷം രൂപയായി പുതിയ വില. കുറഞ്ഞ ജിഎസ്‌ടി നിരക്കുകളുടെ ഗുണങ്ങൾ ജർമൻ ബ്രാൻഡ് ഉപഭോക്താക്കളിലേക്ക് എത്തിച്ചതിനാൽ പ്രധാന എതിരാളികളായ ബിഎംഡബ്ല്യു, ജാഗ്വർ ലാൻഡ് റോവർ, ഔഡി, വോൾവോ തുടങ്ങിയ ആഡംബര ബ്രാൻഡുകളും ഉടൻ തന്നെ വിലക്കുറവ് പ്രഖ്യാപിക്കുമെന്നാണ് അനുമാനം.


Click it and Unblock the Notifications








