ഇന്നോവയേക്കാൾ ആഡംബരമുള്ള എൻട്രി ലെവൽ 7-സീറ്റർ എസ്‌യുവി ഇനി വാങ്ങാൻ പറ്റില്ല! നിർത്തലാക്കാൻ തീരുമാനിച്ച് കമ്പനി
ഇന്ത്യൻ വിപണിയിൽ 7-സീറ്റർ വാഹനങ്ങൾക്കായുള്ള ഡിമാന്റ് ഏറിവരികയാണ്. കൊവിഡ് മഹാമാരിക്ക് ശേഷമാണ് ഈ വാഹന വിഭാഗത്തിന് വളർച്ചയേറിയത്. മൂന്നുവരി വാഹനങ്ങളുടെ രാജാവായി അറിയപ്പെടുന്നത് ടൊയോട്ട ഇന്നോവ ക്രിസ്റ്റയും ഇന്നോവ ഹൈക്രോസുമാണെങ്കിലും മാരുതി എർട്ടിഗ, കിയ കാരെൻസ്, മഹീന്ദ്ര സ്കോർപിയോ തുടങ്ങിയ മോഡലുകളും ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. ആഡംബര വാഹന വിഭാഗത്തിലും ഇതേ ട്രെൻഡ് കാണാം. മെർസിഡീസ് ബെൻസിന്റെ (Mercedes-Benz) സെവൻ സീറ്ററുകൾ വാങ്ങാൻ രാജ്യത്ത് ആളുകൾ ഏറെയാണ്. പ്രത്യേതിച്ച് സെലിബ്രിറ്റികളിൽ ഭൂരിഭാഗം ആളുകളും വാങ്ങുന്നത് ഫാമിലി കാറുകളാണ്.
കുടുംബമായി ഒന്നിച്ചുള്ള യാത്രകൾക്കായാലും ലൊക്കേഷൻ യാത്രകൾക്കായാലും ഇത്തരം വാഹനങ്ങൾക്കുള്ള പ്രായോഗികത ഒന്ന് വേറെ തന്നെയാണ്. ഇന്നോവയേക്കാൾ ആഡംബരമുള്ള 7-സീറ്റർ എസ്‌യുവി നിർത്തലാക്കിയ വാർത്തയാണ് ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്. ഇന്ത്യൻ വിപണിയിലെ ബെൻസിന്റെ ഏറ്റവും താങ്ങാനാവുന്ന 7 സീറ്റർ എസ്‌യുവിയുടെ വിൽപ്പനയാണ് നിർത്തിവെച്ചിരിക്കുന്നത്.

ഏകദേശം രണ്ട് വർഷത്തിലേറെയായി വിപണനം ചെയ്യുന്ന GLB എസ്‌യുവിയുടെ വിൽപ്പനയാണ് മെർസിഡീസ് ബെൻസ് നിർത്തലാക്കിയിരിക്കുന്നത്. 2022 ഡിസംബറിൽ ഇന്ത്യയിൽ പുറത്തിറക്കിയ മോഡൽ ഇനി മുതൽ വാങ്ങാനാവില്ല. പക്ഷേ EQB എന്നറിയപ്പെടുന്ന GLB എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പ് ഇന്ത്യയിൽ വിൽപ്പനയിൽ തുടരും. രാജ്യത്തെ എൻട്രി ലെവൽ ലക്ഷ്വറി 7-സീറ്റർ എസ്‌യുവി സെഗ്മെന്റ് അടക്കിവാഴാനാണ് ഈ വണ്ടിക്ക് ജർമൻ ബ്രാൻഡ് രൂപംകൊടുത്തത്.
ചെലവ് കുറഞ്ഞ രീതിയിൽ കംപ്ലീറ്റ്ലി നോക്കഡ് ഡൌൺ (CKD) റൂട്ട് വഴി ഇന്ത്യയിൽ അസംബിൾ ചെയ്യുന്നതിന് പകരം മെർസിഡീസ് ബെൻസ് GLB കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് (CBU) റൂട്ട് വഴിയാണ് പുറത്തിറക്കിയത്. മെക്‌സിക്കോയിലെ മെർക്കിന്റെ പ്ലാന്റിൽ നിന്നാണ് ഇവ പൂർണമായും നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. ആയതിനാൽ തന്നെ വണ്ടിക്ക് 63.8 ലക്ഷം രൂപ മുതലായിരുന്നു എക്സ്ഷോറൂം വില വന്നിരുന്നത്.

ലോഞ്ച് ചെയ്യുമ്പോൾ 63.80 ലക്ഷം മുതൽ 69.80 ലക്ഷം രൂപ വരെ വിലയുണ്ടായിരുന്ന മെർസിഡീസ് GLB സെഗ്മെന്റിൽ ലാൻഡ് റോവർ ഡിസ്‌കവറി സ്‌പോർട്ടിനേക്കാൾ 7.60 ലക്ഷം രൂപ വരെ വില കുറവുള്ളതായിരുന്നു. GLB 200 പ്രോഗ്രസീവ്, 220d 4MATIC, 220d AMG ലൈൻ 4MATIC എന്നീ മൂന്ന് വകഭേദങ്ങളിലാണ് GLB വിൽപ്പനയ്ക്ക് എത്തിയത്. 2022 ഡിസംബറിൽ ഇന്ത്യയിൽ പുറത്തിറങ്ങിയ ഇവ രണ്ട് വർഷത്തിലേറെയായി വിൽപ്പനയിലുണ്ടായിരുന്നെങ്കിലും കാര്യമായ ചലനങ്ങളുണ്ടാക്കാനായില്ലെന്ന് വേണം പറയാൻ.
സമീപഭാവിയിൽ GLB എസ്‌യുവിക്ക് പകരക്കാരനെ മെർസിഡീസ് പുറത്തിറക്കുമെന്ന് ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. എഞ്ചിൻ ഓപ്ഷനുകളിലേക്ക് നോക്കിയാൽ മോഡലിന്റെ 200 പ്രോഗ്രസീവ് വേരിയന്റിന് 163 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കാൻ കഴിവുള്ള 1.3 ലിറ്റർ, ടർബോ പെട്രോൾ എഞ്ചിനായിരുന്നു തുടിപ്പേകിയിരുന്നത്. 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ ഇതൊരു ഫ്രണ്ട് വീൽ വാഹനമായിരുന്നു.

അതേസമയം മെർസിഡീസ് ബെൻസ് GLB 220d 4MATIC, 220d AMG ലൈൻ 4MATIC വേരിയന്റുകളിൽ 190 bhp പവറിൽ പരമാവധി 400 Nm torque നിർമിക്കാൻ കഴിയുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് ഉണ്ടായിരുന്നത്. ഇവ ഫോർവീൽ ഡ്രൈവ് സംവിധാനവുമായാണ് രംഗത്തെത്തിയിരുന്നത്. ഇതിൽ 8-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനായിരുന്നു ജർമൻ ബ്രാൻഡ് ഒരുക്കിയിരുന്നത്.
ICE എഞ്ചിൻ ഘടിപ്പിച്ചുകൊണ്ട് പുറത്തിറക്കിയിരുന്ന GLB നിർത്തലാക്കിയെങ്കിലും 2022 ഡിസംബറിൽ പുറത്തിറക്കിയ ഓൾ-ഇലക്ട്രിക് എൻട്രി-ലെവൽ 7-സീറ്റ് എസ്‌യുവിയായി മെർസിഡീസ് EQB ഇനിയും ആളുകൾക്ക് വാങ്ങാനാവും. കഴിഞ്ഞ വർഷം ജൂലൈയിൽ EQB 250+, 350 വേരിയന്റുകളിൽ ഇവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും രാജ്യത്ത് അവതരിപ്പിക്കപ്പെട്ടിരുന്നു. ഇപ്പോൾ ഇവയുടെ എക്സ്ഷോറൂം വില യഥാക്രമം 72.20 ലക്ഷം രൂപയും 78.90 ലക്ഷം രൂപയുമാണ്.


Click it and Unblock the Notifications








