ടൊയോട്ടയുടെ ഹൈബ്രിഡ് കാറിനുള്ള പണി വരുന്നുണ്ട്, എക്സ്പോയിൽ ആളുകളെല്ലാം തടിച്ചു കൂടുന്നത് ഈ കാർ കാണാൻ
എല്ലാത്തവണത്തേയും പോലെ തന്നെ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ കളംനിറഞ്ഞാടുകയാണ് മോറിസ് ഗരാജസ് എന്ന എംജി മോട്ടോർസ് (MG Motor). നിരവധി അനവധി മോഡലുകൾ വാഹനമേളയിലൂടെ പ്രദർശിപ്പിച്ച് ആളുകളെ ഒപ്പം നിർത്തുകയാണ് ബ്രാൻഡിപ്പോൾ. വാഹന പ്രേമികളെ ഒന്നടങ്കം ആകർഷിച്ചിരിക്കുന്ന 7 ട്രോഫി സെഡാനാണ് ഇക്കൂട്ടത്തിൽ ഏറ്റവും വലിയ ഹൈലൈറ്റായിരിക്കുന്നത്. ഏതാണ്ട് സൂപ്പർകാറുകളോട് കിടപിടിക്കുന്ന ഡിസൈനും കാറിന്റെ കളറും ജനശ്രദ്ധനേടുകയാണ്. ടൊയോട്ട കാമ്രി, ഇന്ത്യയിൽ ഉടൻ വരാനിരിക്കുന്ന സ്കോഡ സൂപ്പർബ് എന്നിവയെ വെല്ലുവിളിക്കാനാണ് എംജി 7 ട്രോഫി ഒരുങ്ങുന്നത്.
ആദ്യം ഡിസൈനിൽ നിന്നും തുടങ്ങാം. ആരും കണ്ടാൽ മോഹിക്കുന്ന ബോൾഡായ രൂപമാണ് എംജി 7 ട്രോഫി കാറിനുള്ളത്. മുൻവശത്ത് ക്രോം ഘടകങ്ങൾ കൊണ്ട് അലങ്കരിച്ച ഗ്രില്ലും അതിനരികിലായി സ്ഥിതിചെയ്യുന്ന നേർത്ത എൽഇഡി ഹെഡ്‌ലൈറ്റുകളും അടിപൊളിയാണ്. മോഡലിന്റെ സ്പോർട്ടി ഭാവം വർധിപ്പിക്കുന്നതിനായി സ്ലീക്കായിട്ടുള്ള ടി-ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും കൂടിയാവുമ്പോൾ മുൻവശം മൊത്തത്തിൽ കിടിലമായിട്ടുണ്ട്.

വശക്കാഴ്ച്ചയിലേക്ക് വന്നാൽ എംജി 7 ട്രോഫി സെഡാന്റെ എയറോഡൈനാമിക് ഡിസൈൻ നിലനിർത്തുന്നതിനായി സ്ലോപ്പി ബോണറ്റ് ശൈലി കൊടുത്തിരിക്കുന്നിടത്തേക്കാവും ആദ്യം കണ്ണെത്തുക. പിന്നീട് 19 ഇഞ്ച് അലോയ് വീലുകളും ബോഡി ക്ലാഡിംഗും കാണുന്നതോടെ പ്രീമിയം സെഡാൻ മൊത്തത്തിൽ അഴകനായിട്ടുണ്ടെന്ന് മനസിലാവും. പിൻഭാഗത്ത് ടെയിൽഗേറ്റ് മൗണ്ടഡ് ആക്റ്റീവ് സ്‌പോയിലറും കണക്റ്റഡ് എൽഇഡി ടെയിൽ ലൈറ്റ് സജ്ജീകരണവും ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് ടെയിൽ പൈപ്പുകളും ഉണ്ട്.
എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും അടിപൊളിയാക്കാൻ എംജിക്കായിട്ടുണ്ടെന്ന് വേണം പറയാൻ. ലെതറെറ്റ് റേസിംഗ് സ്റ്റൈൽ ബക്കറ്റ് സീറ്റുകളും ഇന്റീരിയറിൽ ഉടനീളം വ്യാപിക്കുന്ന ഡ്യുവൽ-ടോൺ തീമും മൊത്തത്തിൽ കളറാക്കുന്നുണ്ട്. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും ഉൾക്കൊള്ളുന്ന ഒരു ഇന്റഗ്രേറ്റഡ് പാനലാണ് എംജി 7 ട്രോഫി സെഡാന്റെ ഡാഷ്‌ബോർഡിൽ ഇടംപിടിച്ചിരിക്കുന്നത്.

സെന്റർ കൺസോൾ സിൽവർ നിറത്തിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. കൂടാതെ ഗിയർ ലിവർ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവയും ഇവിടെ കാണാം. പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജർ, പ്രീമിയം 9-സ്പീക്കർ ബോസ് ഓഡിയോ സിസ്റ്റം, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവയും എംജി 7 ട്രോഫിയിലെ പ്രധാന ഫീച്ചറുകളാണ് കേട്ടോ.
മെർസിഡീസ് എഎംജി കാറുകളിൽ കാണുന്നതുപോലുള്ള ഒരു സൂപ്പർസ്‌പോർട്ട് ബട്ടണും ഇതിൽ ഒരുക്കിയിട്ടുണ്ട്. സേഫ്റ്റിക്കും പ്രത്യേക പരിഗണന കൊടുത്തുകൊണ്ടാണ് എംജി മോട്ടോർസ് ട്രോഫി നിർമിച്ചിരിക്കുന്നത്. സെഡാനിൽ ഒന്നിലധികം എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, റിയർ കൊളീഷൻ ഡിറ്റക്ഷൻ, ലെയ്ൻ കീപ്പ് അസിസ്റ്റ് പോലുള്ള അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) എന്നിവ പോലുള്ള ഫീച്ചറുകളാണ് ഒരുക്കിയിരിക്കുന്നത്.

2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് കാറിന്റെ ഹൃദയം. 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന ടർബോ-പെട്രോൾ എഞ്ചിന് 265 bhp പവറിൽ പരമാവധി 405 Nm torque വരെ നിർമിക്കാനാവുമെന്നാണ് എംജി പറയുന്നത്. മുകളിൽ സൂചിപ്പിച്ചത് പോലെ ടൊയോട്ട കാമ്രിക്കും സ്കോഡ സൂപ്പർബിനും എതിരാളിയാവാനാണ് എംജി 7 ട്രോഫിയുടെ ശ്രമം. ഇന്ത്യയിൽ അവതരിപ്പിച്ചാൽ വണ്ടിക്ക് ഏകദേശം 40 ലക്ഷം രൂപ എക്സ്ഷോറൂം വില പ്രതീക്ഷാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








