നല്ല എഞ്ചിനുള്ള എസ്‌യുവിയായിരുന്നു! ഇനി വാങ്ങാൻ വരുന്നവരെ നിരാശപ്പെടുത്തുന്ന തീരുമാനമെടുത്ത് എംജി
ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റയോട് മുട്ടിനിൽക്കാൻ ചില മാറ്റങ്ങളുമായി ഏറ്റവും പുതിയ 2025 മോഡൽ എംജി ആസ്റ്റർ വിപണിയിലെത്തുകയുണ്ടായി. തട്ടുപൊളിപ്പൻ ഫീച്ചറുകളെല്ലാം കുത്തിനിറച്ചെത്തിയ വാഹനത്തെ ജനം ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നാണ് അനുമാനം. പക്ഷേ ഇപ്പോഴിതാ ആസ്റ്റർ എസ്‌യുവിയിലെ പവർഫുൾ 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഉടൻ തന്നെ പിൻവലിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് കമ്പനി. ഏറ്റവും പുതുതായി അവതരിപ്പിച്ചിരിക്കുന്ന മോഡൽ നിരയിൽ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ മാത്രമേ ഇനിയുണ്ടാവൂ എന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത്.
താഴ്ന്ന വേരിയന്റുകളിൽ കൂടുതൽ സവിശേഷതകൾ ലഭിക്കുമെങ്കിലും പവർഫുള്ളായ പെട്രോൾ എഞ്ചിന്റെ പടിയിറക്കം എസ്‌യുവിയുടെ പൊലിമ കുറയ്ക്കുമെന്നതിൽ സംശയൊന്നും വേണ്ട. ടർബോ പെട്രോൾ എഞ്ചിൻ നിർത്തലാക്കുന്നത് എംജി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും നിലവിലുള്ള ഓർഡറുകളും ബുക്കിംഗുകളും പൂർത്തീകരിച്ചതിന് ശേഷം എഞ്ചിൻ ഓപ്ഷൻ പൂർണമായും നിർത്തലാക്കാനിയിരിക്കും കമ്പനി ശ്രമിക്കുക.

എംജി ആസ്റ്റർ 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ മൊത്തം വിൽപ്പനയുടെ ഒരു ഭാഗം മാത്രമേ സംഭാവന ചെയ്തിട്ടുള്ളൂ. അതുകൊണ്ടായിരിക്കാം വാഹന നിർമാതാക്കൾ എഞ്ചിൻ നിർത്തലാക്കാൻ നിർബന്ധിതരായത്. ആസ്റ്റർ 1.3 ലിറ്റർ ടർബോ, ഏറ്റവും ഉയർന്ന നിലവാരമുള്ള സാവി പ്രോ വേരിയന്റിലായിരുന്നു കമ്പനി വാഗ്‌ദാനം ചെയ്തിരുന്നത്. ഇതിന് ഏകദേശം 18.07 ലക്ഷം രൂപയായിരുന്നു എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വന്നരുന്നത്.
6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ ഈ എഞ്ചിൻ 138 bhp കരുത്തിൽ പരമാവധി 220 Nm പീക്ക് ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു. 2025 എംജി ആസ്റ്ററിൽ 1.5 ലിറ്റർ പെട്രോളായിരിക്കും ഇനിയുണ്ടാവുക. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 8-സ്റ്റെപ്പ് സിവിടി ഓട്ടോമാറ്റിക്കുമായി ജോടിയാക്കിയിരിക്കുന്ന ഇതിന് 108 bhp പവറിൽ 144 Nm ടോർക്ക് നൽകാൻ വിധത്തിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.

സ്പ്രിന്റ്, ഷൈൻ, സെലക്ട്, ഷാർപ്പ് പ്രോ, സാവി പ്രോ എന്നീ അഞ്ച് വേരിയന്റുകളിൽ ലഭ്യമായ 2025 എംജി ആസ്റ്ററിനായി 10 ലക്ഷം മുതൽ 17.56 ലക്ഷം രൂപ വരെയാണ് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. പനോരമിക് സൺറൂഫ്, ലെവൽ 2 ADAS, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റുള്ള വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, കണക്റ്റഡ് ടെക്നോളജി എന്നിവയുൾപ്പെടെ ഫീച്ചറുകൾ കോർത്തിണക്കിയാണ് എസ്‌യുവി പണികഴിപ്പിച്ചിരിക്കുന്നത്.
2025 ആസ്റ്ററിന്റെ എൻട്രി ലെവൽ സ്പ്രിന്റ്, ഷൈൻ വേരിയന്റുകളിൽ പനോരമിക് സൺറൂഫും 6 സ്പീക്കർ സൗണ്ട് സിസ്റ്റവും എംജി ചേർത്താണ് ഇപ്പോൾ പുറത്തിറക്കുന്നത്. സെലക്ട് വേരിയന്റുകളിൽ ഇപ്പോൾ ആറ് എയർബാഗുകളും പ്രീമിയം ഐവറി ലെതറെറ്റ് സീറ്റുകളും സ്റ്റാൻഡേർഡായി തന്നെ ലഭിക്കും. ഐ-സ്മാർട്ട് 2.0 ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും എംജി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

കാലാവസ്ഥ, ക്രിക്കറ്റ് സ്‌കോറുകൾ, സമയം, തീയതി വിശദാംശങ്ങൾ, ജാതകങ്ങൾ, വാർത്തകൾ എന്നിവയെക്കുറിച്ചുള്ള തത്സമയ അപ്‌ഡേറ്റുകൾ അറിയാൻ AI പവർഡ് ജിയോ വോയ്‌സ് റെക്കഗ്നിഷൻ സംവിധാനവും വാഹനത്തിലുണ്ട്. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഹോണ്ട എലിവേറ്റ്, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ തുടങ്ങിയ ജനപ്രിയ മിഡ്-സൈസ് എസ്‌യുവികളുമായിട്ടാണ് ഇന്ത്യൻ വിപണിയിൽ എംജി ആസ്റ്റർ മത്സരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








