രാജ്യത്തെ ഏറ്റവും ചെറിയ കാറിന് വില കൂടി, എന്നിട്ടും സ്‌കൂട്ടറിനേക്കാൾ ലാഭത്തിൽ കൊണ്ടുനടക്കാം ഈ ഇലക്‌ട്രിക് കാർ
ഇന്ത്യക്കാരുടെ കാർ എന്ന സങ്കൽപ്പത്തെ തല്ലിത്തകർത്ത് വെന്നിക്കൊടി പാറിച്ച മോഡലാണ് എംജി കോമെറ്റ് ഇവി. ഇലക്‌ട്രിക് വാഹന രംഗത്ത് വിപ്ലവം തീർത്ത ഇത്തിരി കുഞ്ഞൻ ഇന്ന് സ്ത്രീകളുടെ വരെ ഇഷ്‌ട വാഹനങ്ങളിൽ ഒന്നാണ്. വലിപ്പമല്ല, പ്രായോഗികതയാണ് കാറുകൾക്ക് വേണ്ടതെന്ന് തെളിയിച്ച് കോമെറ്റ് വേറിട്ടവഴിയാണ് സ്വീകരിച്ചത്. നാട്ടിലൂടെ സ്കൂട്ടറിൽ പെട്രോളടിച്ച് കറങ്ങുന്നതിലും ലാഭമാണ് ഇതിലെ സഞ്ചാരം. വീട്ടിൽ സോളാർ കൂടിയുണ്ടെങ്കിൽ ഫ്രീയായി വെയിലും മഴയും ഏൽക്കാതെ യാത്രകൾ നടക്കുകയും ചെയ്യും. എന്തിന് ഓട്ടോറിക്ഷ വിളിച്ചാലും കോമെറ്റ് ഇവി ചാർജ് ചെയ്യുന്നതിലും കൂടുതൽ പൈസ കൊടുക്കേണ്ടി വരുമെന്നതാണ് സത്യം.
എന്നാൽ പിന്നെ ഒരു കോമെറ്റ് ഇവി വാങ്ങിയേക്കാമെന്ന് വിചാരിക്കുന്നവരെ സങ്കടപ്പെടുത്തുന്നൊരു കാര്യമാണ് ഇപ്പോൾ പുറത്തുവരുന്നത്. മറ്റൊന്നുമല്ല, മൈക്രോ ഇലക്ട്രിക് കാർ ഇനി പഴയ വിലയ്ക്ക് വാങ്ങാൻ ഒക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോർസ്. ജൂലൈ മുതൽ ഈ കാർ വാങ്ങാൻ എത്തുന്ന ഉപഭോക്താക്കൾ മുമ്പത്തെ വിലയേക്കാൾ 1.94 ശതമാനം അല്ലെങ്കിൽ 12,700 രൂപ മുതൽ 15,000 രൂപ വരെ കൂടുതൽ ചെലവഴിക്കേണ്ടിവരും.

എംജി കോമെറ്റ് ഇവിയുടെ എല്ലാ വേരിയന്റുകളിലും വില വർധനവ് നടപ്പിലാക്കിയിട്ടുണ്ടെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നേരത്തെ ജനുവരിയിലും മൈക്രോ ഇവിയുടെ വിലയിൽ മാറ്റം വരുത്തിയിരുന്നു. എക്സിക്യൂട്ടീവ്, എക്സൈറ്റ്, എക്സ്ക്ലൂസീവ്, 100 ഇയർ എഡിഷൻ എന്നിവയുൾപ്പെടെ നാല് വേരിയന്റുകളിൽ കോമെറ്റ് ഇവി വാങ്ങാം. പൂർണമായി ചാർജ് ചെയ്താൽ 230 കിലോമീറ്റർ സഞ്ചരിക്കാൻ ഇതിന് കഴിയുമെന്നതിനാൽ ദിവസേനയുള്ള ചാർജിംഗും ആവശ്യമായി വരില്ല.
വില വർധനവിനെ സംബന്ധിച്ച വിവരങ്ങൾ ലൈവ്ഹിന്ദുസ്ഥാൻ പുറത്തുവിട്ടിട്ടുണ്ട്. എംജി കോമെറ്റ് ഇവിയുടെ 3.3kW എസി ചാർജറുമായി വരുന്ന എക്‌സിക്യൂട്ടീവ് ബേസ് മോഡലിന് 7,35,500 രൂപയായിരുന്നു മുമ്പെത്ത വില. ഇതിപ്പോൾ 14,300 രൂപയോളം വർധിച്ച് 7,49,800 രൂപയായി മാറി. കോമെറ്റ് ഇവിയുടെ എക്‌സൈറ്റ് വേരിയന്റിന് 8,56,800 രൂപയാണ് പുതിയ വില. ഇതിന് 15,000 രൂപയോളം കൂടിയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഇനി എക്സ്ക്ല്യൂസീവ് വേരിയന്റാണ് നോക്കുന്നതെങ്കിൽ 9,56,100 രൂപയാണ് പുതിയ എക്സ്ഷോറൂം വില വരുന്നത്. മുമ്പ് 9,41,100 രൂപയായിരുന്ന വില 15,000 രൂപയോളമാണ് വർധിച്ചിരിക്കുന്നത്. 7.4kW എസി ഫാസ്റ്റ് ചാർജറുമായി വരുന്ന എക്സൈറ്റ് FC പതിപ്പിന് 15,000 രൂപ വർധിച്ച് 8,96,800 രൂപയായി വില. എക്സ്ക്ല്യൂസീവ് ഫാസ്റ്റ് ചാർജർ മോഡലാണെങ്കിൽ 9,96,800 രൂപയാണ് വില വരിക. ടോപ്പ് എൻഡ് ബ്ലാക്ക്സ്റ്റോം എഡിഷൻ വാങ്ങുന്നവർ 9,98,800 രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.
വിലയിലെ മാറ്റം ഒഴികെ കുഞ്ഞൻ ഇവിയിൽ മറ്റ് നവീകരണങ്ങളൊന്നും കമ്പനി നടപ്പിലാക്കിയിട്ടില്ലെന്ന് വേണം പറയാൻ. GSEV പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി പണികഴിച്ചിരിക്കുന്ന ഇലക്ട്രിക് കാർ സിറ്റി ഡ്രൈവിംഗ് ആവശ്യങ്ങൾ കണക്കിലെടുത്താണ് പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒതുക്കമുള്ള വലിപ്പമുള്ളതിനാൽ വാഹനം സുരക്ഷിതമാണോയെന്ന് സംശയിക്കുന്നവരും ഏറെയാണ്. എന്നാൽ സേഫ്റ്റി വശങ്ങളിലും ആള് നിസാരക്കാരൻ അല്ലെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

17.4 kWh ബാറ്ററി പായ്ക്കാണ് എംജി കോമെറ്റ് ഇവിയുടെ ഹൃദയം. സിംഗിൾ ചാർജിൽ 230 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചും എംജിയുടെ കുഞ്ഞൻ ഇലക്ട്രിക് കാറിന് നൽകാനാവും. പെർഫോമൻസിലേക്ക് വന്നാൽ ചെറിയ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന ഇവിക്ക് 42 bhp പവറിൽ 110 Nm torque ഉത്പാദിപ്പിക്കാനാവും. 1,000 കിലോമീറ്റര്‍ ഓടാന്‍ വെറും 519 രൂപ മാത്രമാണ് കോമെറ്റിന് ചെലവ് വരുന്നതെന്നാണ് എംജിയുടെ വാദം.
8 വർഷം അല്ലെങ്കിൽ 1.20 ലക്ഷം കിലോമീറ്റർ ബാറ്ററി വാറണ്ടിയാണ് കോമെറ്റ് ഇവിക്കൊപ്പം വാഗ്ദാനം ചെയ്യുന്നത് എന്നതിനാൽ ആശങ്കകളൊന്നും വേണ്ട. എംജി കോമെറ്റ് ഇവി ബ്രാൻഡിന്റെ സമഗ്ര എംജി ഇ-ഷീൽഡ് 3-3-3-8 പാക്കേജുമായാണ് വിപണനത്തിന് എത്തുന്നത്. അതയാത് 3 വർഷം അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ വാറണ്ടി, 3 വർഷത്തെ റോഡ്‌സൈഡ് അസിസ്റ്റൻസ്, 3 സൗജന്യ ലേബർ സർവീസുകൾ, 8 വർഷം അല്ലെങ്കിൽ 1.2 ലക്ഷം കിലോമീറ്റർ ബാറ്ററി വാറണ്ടി എന്നിവയാണ് കാറിൽ ലഭിക്കുക.


Click it and Unblock the Notifications








