സ്‌കൂട്ടറിൽ പെട്രോളടിക്കുന്ന കാശിന് കാറ് ചാർജ് ചെയ്യാം, പക്ഷേ ഇനി കോമെറ്റിന് പുതിയ വില വേണമെന്ന് എംജി
നഗരംചുറ്റാൻ ഒരു കുഞ്ഞൻ ഇലക്ട്രിക് കാർ തേടിനടന്നവർക്ക് മുന്നിലേക്ക് എംജി മോട്ടോർസ് അവതരിപ്പിച്ച കാറാണ് കോമെറ്റ് ഇവി. പിന്നീട് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഇത്തിരി കുഞ്ഞന്റെ ഫാൻസായി മാറിയ കാഴ്ച്ചയാണ് പിന്നീട് കാണാനായത്. പ്രായോഗികതയാണ് സാറേ ഇവന്റെ മെയിൻ എന്ന് പറയാം. ഒപ്പം കുറഞ്ഞ വിലയും മാന്യമായ റേഞ്ചും കൂടിയായപ്പോൾ നിരത്തുകളിൽ കോമെറ്റ് നിറഞ്ഞു. ഇന്ത്യക്കാരുടെ കാർ എന്ന സങ്കൽപ്പനത്തിന് ഒട്ടും ചേരുന്നവനായിരുന്നില്ലെങ്കിലും ഇതെല്ലാം പൊളിച്ചെഴുതാനും എംജിയുടെ വൈദ്യുത കാറിനായി. നാട്ടിലൂടെ സ്കൂട്ടറിൽ പെട്രോളടിച്ച് കറങ്ങുന്നതിലും ലാഭമാണ് ഇതിലെ സഞ്ചാരം.
എന്തിന് ഓട്ടോറിക്ഷ വിളിച്ചാലും കോമെറ്റ് ഇവി ചാർജ് ചെയ്യുന്നതിലും കൂടുതൽ പൈസ കൊടുക്കേണ്ടി വരുമെന്നതാണ് സത്യം. എന്നാൽ ഒന്ന് വാങ്ങിയാലോയെന്ന് ആലേചിച്ച് ഷോറൂമിലേക്ക് പോവാനിരിക്കുന്നവരെ നിരാശപ്പെടുത്തുന്നൊരു വാർത്തയാണ് കമ്പനിയിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്. ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ തങ്ങളുടെ തെരഞ്ഞെടുത്ത മോഡലുകൾക്ക് വില പരിഷ്ക്കരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ആയതിനാൽ എംജി കോമെറ്റ് ഇവി ഇനി പഴയ വിലയ്ക്ക് വാങ്ങാനാവില്ല കേട്ടോ. ബ്രാൻഡിന്റെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള കാറായ കോമറ്റിന്റെ വില 35,700 രൂപ വരെയാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ, ഇലക്ട്രിക് കാർ സ്വന്തമാക്കണമെങ്കിൽ 7.35 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില കൊടുക്കേണ്ടതായി വരും. എക്സിക്യൂട്ടീവ്, എക്സൈറ്റ്, എക്സൈറ്റ് എഫ്സി, എക്സ്ക്ലൂസീവ്, എക്സ്ക്ലൂസീവ് എഫ്സി, ബ്ലാക്ക്സ്റ്റോം എഡിഷൻ, 100-ഇയർ എഡിഷൻ എന്നിങ്ങനെ 7 വേരിയന്റുകളിലാണ് ഇവി വിപണനത്തിന് എത്തുന്നത്.
വില പരിഷ്ക്കരണത്തിന്റെ കാര്യത്തിൽ എക്സൈറ്റ്, എക്സൈറ്റ് FC വേരിയന്റുകൾക്ക് ഇപ്പോൾ യഥാക്രമം 16,000 രൂപയും 4,000 രൂപയുമാണ് ഉയർത്തിയിരിക്കുന്നത്. അതേസമയം എംജി കോമെറ്റ് ഇവിയുടെ 100-ഇയർ എഡിഷൻ ഒഴികെയുള്ള മറ്റ് വേരിയന്റുകൾക്ക് 5,300 രൂപയുടെ ഏകീകൃത വില വർധനവും ലഭിച്ചിട്ടുണ്ട്. എംജിയുടെ ഇത്തിരി കുഞ്ഞന്റെ വില ഇപ്പോൾ 7.35 ലക്ഷം മുതൽ 9.84 ലക്ഷം രൂപ വരെയാണ്.

ഇനി ബാറ്ററി-ആസ്-എ-സർവീസ് ഓപ്ഷന് കീഴിലാണെങ്കിൽ 4.99 ലക്ഷത്തിന് കുഞ്ഞൻ ഇലക്ട്രിക് കാർ വീട്ടുമുറ്റത്ത് എത്തിക്കാനാവും കേട്ടോ. പകരം വാഹനം ഓടിക്കുന്ന ഓരോ കിലോമീറ്ററിനും 2.50 രൂപ വാടകയായി നൽകിയാലും മതിയാലും. ഈ വിലയിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോയെന്ന് എംജി മോട്ടോർസ് ഇന്ത്യ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല കേട്ടോ.
അടുത്തിടെ കോമറ്റ് ഇവിയുടെ 2025 പതിപ്പ് നവീകരിച്ച ഫീച്ചറുകളോടെ കമ്പനി പുറത്തിറക്കിയിരുന്നു റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, ഇലക്ട്രിക്കലി ഫോൾഡബിൾ ഒആർവിഎമ്മുകൾ, ലെതറെറ്റ് സീറ്റുകൾ, നാല് സ്പീക്കറുകൾ എന്നിവയാണ് ഇത്തവണ കൂട്ടിച്ചേർത്ത പ്രധാന സവിശേഷതകൾ. ഇതോടൊപ്പം ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവയും എംജി ചേർത്തിട്ടുണ്ട്.

ഇവിയിൽ ക്രീപ്പ് മോഡും എംജി മോട്ടോർസ് ഉൾപ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. അതിനാൽ ഡ്രൈവർ ബ്രേക്കിൽ നിന്ന് കാൽ എടുക്കുമ്പോൾ തന്നെ കാർ ചലിക്കാൻ തുടങ്ങും. അങ്ങനെ മൊത്തത്തിൽ മുമ്പത്തേതിലും മിടുക്കനാവാൻ ഈ മൈക്രോ ഇവിക്കായിട്ടുണ്ട്. കമ്പനി 8 വർഷം അല്ലെങ്കിൽ 1.20 ലക്ഷം കിലോമീറ്റർ ബാറ്ററി വാറണ്ടിയാണ് കോമെറ്റ് ഇവിക്കൊപ്പം വാഗ്ദാനം ചെയ്യുന്നത് എന്നതിനാൽ ആശങ്കകളൊന്നും വേണ്ട.
കൂടുതൽ വ്യക്തമാക്കിയാൽ എംജി കോമെറ്റ് ഇവി ബ്രാൻഡിന്റെ സമഗ്ര എംജി ഇ-ഷീൽഡ് 3-3-3-8 പാക്കേജുമായാണ് വിപണനത്തിന് എത്തുന്നതെന്ന് പറയാം. അതയാത് 3 വർഷം അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ വാറണ്ടി, 3 വർഷത്തെ റോഡ്‌സൈഡ് അസിസ്റ്റൻസ്, 3 സൗജന്യ ലേബർ സർവീസുകൾ, 8 വർഷം അല്ലെങ്കിൽ 1.2 ലക്ഷം കിലോമീറ്റർ ബാറ്ററി വാറണ്ടി എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് സാരം.

17.4 kWh ബാറ്ററി പായ്ക്കാണ് എംജി കോമെറ്റ് ഇവിയുടെ ഹൃദയം. ഒറ്റ ചാർജിൽ 230 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ചും എംജിയുടെ കുഞ്ഞൻ ഇലക്ട്രിക് കാറിന് നൽകാനാവും. 42 bhp കരുത്തിൽ പരമാവധി 110 Nm torque വരെ ഉത്പാദിപ്പിക്കുന്ന ചെറിയ ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ചാണ് വാഹനം പ്രവർത്തിക്കുന്നത്. 1,000 കിലോമീറ്റര്‍ ഓടാന്‍ വെറും 519 രൂപ മാത്രമാണ് കോമെറ്റിന് ചെലവ് വരുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.


Click it and Unblock the Notifications








