എക്സ്ഷോറൂം വില കേട്ട് ഷോറൂമിലേക്ക് പോകാൻ വരട്ടെ; കോമെറ്റ് ഇവിയുടെ ഒറിജനൽ വില കേട്ടാൽ പലരും ഞെട്ടും
ഇന്ത്യയിൽ ഇലക്‌ട്രിക് കാറുകളുടെ ഡിമാന്റ് വർധിച്ചുവരികയാണ്. ചെറിയ വിലയിലും ഇവികൾ സുലഭമായതോടെ പുതിയ വണ്ടി വാങ്ങാനിരിക്കുന്നവരും വീട്ടിലേക്ക് മറ്റൊരു കാർ വാങ്ങിനിരിക്കുന്നവരുമെല്ലാം കൂടുതലും അന്വേഷിക്കുന്നത് ബാറ്ററി മോഡലുകളുടെ വിലയെ കുറിച്ചാണ്. വീട്ടിലൊരു സോളാർ പാനൽ കൂടി വെക്കുകയാണെങ്കിൽ ചെറിയ യാത്രകളെല്ലാം ഫ്രീയായി തന്നെ നടത്താമെന്നതാണ് ഇവയുടെ ഗുണം. അവിടെയാണ് എംജി കോമെറ്റ് എന്ന ചെറിയ സിറ്റി കാറിന്റെ പ്രായോഗികത ആളുകൾ മനസിലാക്കിയിരിക്കുന്നത്. തിരക്കുപിടിച്ച നഗര യാത്രൾക്കും ഷോപ്പിംഗിന് പോവാനുമെല്ലാം കക്ഷി ഉഗ്രനാണ്. പലയിടത്തും വില നോക്കുമ്പോൾ കൊക്കിലൊതുങ്ങുന്നതാണല്ലോയെന്ന വിചാരവും ആളുകളിൽ ഉടലെടുത്തിട്ടുണ്ട്.
കോമെറ്റ് മനസിൽ കയറിയാൽ പിന്നെ സ്വപ്‌നം കണ്ട് ഒരുപാടങ്ങ് ചിന്തിച്ചുകൂട്ടല്ലേ. കമ്പനി പരസ്യത്തിൽ പറയുന്നതെല്ലാം എക്സ്ഷോറൂം വിലയാണെന്ന കാര്യം ചെറുതായെന്ന് മനസിൽ കോറിയിടണം. എന്നിട്ട് ഷോറൂമിൽ വിളിച്ച് തിരക്കിയാൽ ചിലരെങ്കിലും നെഞ്ചത്ത് കൈവെച്ച് പോവും കേട്ടോ. ഇനി ഷോറൂമിൽ വിളിക്കാൻ മടിയുള്ളവർക്കായി എംജി കോമെറ്റ് ഇവിയുടെ വേരിയന്റ് തിരിച്ചുള്ള കൊച്ചിയിലെ ഓൺ-റോഡ് വില എങ്ങനെയാണെന്ന് പറഞ്ഞുതരാം.

എക്‌സിക്യൂട്ടീവ്, എക്സൈറ്റ്, എക്സൈറ്റ് ഫാസ്റ്റ് ചാർജർ, എക്‌സ്‌ക്യൂസിവ്, എക്‌സ്‌ക്യൂസിവ് ഫാസ്റ്റ് ചാർജർ, 100 ഇയർ എഡിഷൻ, ബ്ലാക്ക്സ്റ്റോം എഡിഷൻ എന്നിങ്ങനെ വ്യത്യസ്‌തമായ വേരിയന്റുകളിൽ എത്തുന്ന എംജി കോമെറ്റ് ഇവിക്ക് 7.35 ലക്ഷം മുതൽ 9.86 ലക്ഷം വരെയാണ് കമ്പനി പറയുന്ന എക്സ്ഷോറൂം വില. എന്നാൽ ടാക്‌സും ഇൻഷുറൻസും മറ്റ് ചെലവുകളുമെല്ലായി കാറിന് 8.12 ലക്ഷം മുതൽ 10.87 ലക്ഷം വരെ ഓൺ-റോഡ് വില വരുമെന്നതാണ് സത്യം.
അതായത് ചില മിഡ്-സൈസ് എസ്‌യുവികളുടെ വിലയോളം വരും കോമെറ്റ് സ്വന്തമാക്കാനായി എന്ന് സാരം. എക്‌സിക്യൂട്ടീവ് ബേസ് മോഡലിന് 7,35,500 രൂപയാണ് കൃത്യമായ എക്സ്ഷോറൂം വില വരുന്നത്. ഇതോടൊപ്പം രജിസ്ട്രേഷനായി 41,775 രൂപയും ഇൻഷുറൻസിനായി 33,131 രൂപയും ഹൈപ്പോത്തിക്കേഷൻ ചാർജുകൾ, ഫാസ്ടാഗ് എന്നിവക്കായി 2,000 രൂപയും കൈയിൽ നിന്നും ഇറക്കേണ്ടി വരുമ്പോൾ ഇവി വാങ്ങാൻ മൊത്തത്തിൽ 8,12,406 രൂപയോളം ഓൺ-റോഡ് വില കൊടുക്കേണ്ടി വരും.

ഇതിൽ ചില കണക്കുകളിൽ മാറ്റം വന്നേക്കാം കേട്ടോ. ഇനി എംജി കോമെറ്റ് ഇവിയുടെ എക്സൈറ്റ് വേരിയന്റാണ് നോക്കുന്നതെങ്കിൽ 9.31 ലക്ഷം, എക്സൈറ്റ് ഫാസ്റ്റ് ചാർജർ പതിപ്പിനായി 9.74 ലക്ഷം, എക്‌സ്‌ക്യൂസിവിന് 10.38 ലക്ഷം, എക്‌സ്‌ക്യൂസിവ് ഫാസ്റ്റ് ചാർജർ മോഡലിന് 10.84 ലക്ഷം, ഇവിയുടെ 100 ഇയർ എഡിഷനായി 10.85 ലക്ഷം എന്നിങ്ങനെയാണ് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.
അതേസമയം എംജി കോമെറ്റ് ഇവിയുടെ ടോപ്പ് എൻഡ് ബ്ലാക്ക്സ്റ്റോം എഡിഷനായി 10.87 ലക്ഷം വരെയാണ് ഓൺ-റോഡ് വില വരുന്നത്. ഇനി കാറിലെ ബാറ്ററി വാടകയ്ക്ക് വാങ്ങുന്ന സ്‌കീം, അതായത് BaaS തെരഞ്ഞെടുക്കുന്നവർക്ക് 4.99 ലക്ഷമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. ഒപ്പം കാർ ഓടിക്കുന്ന ഓരോ കിലോമീറ്ററിനും 2 രൂപ 50 പൈസ വാടകയായും നൽകണം.

ഇതിന് ഓൺ-റോഡ് വില വരുന്നത് 5.30 ലക്ഷം രൂപയോളമാണെന്ന് കമ്പനി പറയുന്നു. അതേസമയം ബേസിന് തൊട്ടുമുകളിലുള്ള എക്സൈറ്റ് വേരിയന്റ് വാങ്ങുന്നവർക്ക് 6.71 ലക്ഷവും, എക്സൈറ്റ് ഫാസ്റ്റ് ചാർജറിന് 7.14 ലക്ഷവും എക്‌സ്‌ക്യൂസിവിന് 7.78 ലക്ഷവും എക്‌സ്‌ക്യൂസിവ് ഫാസ്റ്റ് ചാർജറിന് 8,24 ലക്ഷവും 100 എഡിഷന് 8.45 ലക്ഷവും ഓൺ-റോഡ് പ്രൈസായി മുടക്കേണ്ടതായി വരും.
അതേസമയം കോമെറ്റ് ബ്ലാക്ക്സ്റ്റോമിന് 8.27 ലക്ഷമാണ് ബാറ്ററി-ആസ്-എ-സർവീസ് സ്‌കീമിൽ വാങ്ങുമ്പോൾ ചെലവഴിക്കേണ്ടതായി വരിക. എന്തായാലും എക്സ്ഷോറൂം വിലയിൽ വീഴാതെ ഓൺ-റോഡ് വില അറിഞ്ഞ് ഷോറൂമിൽ പോവുകയാണെങ്കിൽ പലർക്കും നിരാശപ്പെടേണ്ടി വരില്ല കേട്ടോ. പിന്നെ ഈ പറഞ്ഞ വിലകളിൽ ചെറിയ മാറ്റങ്ങളൊക്കെ സംഭവിച്ചേക്കാനും സാധ്യതയുണ്ടെന്ന കാര്യം മറക്കരുതേ.

ഓഫറുകളും ആനുകൂല്യങ്ങളുമെല്ലാം പ്രയോജനപ്പെടുത്തി എംജി കോമെറ്റ് വാങ്ങുമ്പോൾ മുകളിൽ പറഞ്ഞ വിലകളിൽ മാറ്റമുണ്ടായേക്കും. 17.4 kWh ബാറ്ററി പായ്ക്കാണ് എംജിയുടെ മൈക്രോ ഇവിയുടെ ഹൃദയം. സിംഗിൾ ചാർജിൽ 230 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ചും കുഞ്ഞൻ ഇലക്ട്രിക് കാറിന് നൽകാനാവും. 1,000 കിലോമീറ്റര്‍ ഓടാന്‍ വെറും 519 രൂപ മാത്രമാണ് കോമെറ്റിന് ചെലവ് വരുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.


Click it and Unblock the Notifications








