580 കിലോമീറ്റർ റേഞ്ചുള്ള 2-ഡോർ ഇവിയുടെ വില ഇന്ന് അറിയാം, പോർഷയുടെ പോഷ് ലുക്കുള്ള എംജി സൈബർസ്റ്റർ
ഇന്ത്യയിലെ ഇലക്‌ട്രിക് കാർ വിപണിയെ കൈപ്പിയിലാക്കുകയാണ് ജെഎസ്‌ഡബ്ല്യു എംജി മോട്ടോർസ്. കോമെറ്റും വിൻഡ്‌സറും തീർത്ത വിസ്‌മയം മറ്റൊരു തലത്തിലെത്തിക്കാൻ അടുത്തിടെ M9 ഇവിയെ കമ്പനി പുറത്തിറക്കുകയുണ്ടായി. അത്യാഡംബര കാർ വിഭാഗത്തിലാണ് എത്തുന്നതെങ്കിലും പലരുടേയും മനസിൽ കയറിക്കൂടാൻ പ്രസിഡൻഷ്യൽ ലിമോസിനായിട്ടുണ്ട്. ഇപ്പോഴിതാ ഇതിന്റെ ഓളം തീരുന്നതിന് മുമ്പായി മറ്റൊരു ഇവിയെ കൂടി രാജ്യത്തിന് സമർപ്പിക്കാൻ ഒരുങ്ങുകയാണ് എംജി. കുറച്ചധികം നാളായി ഇന്ത്യക്കാർ കാത്തിരിക്കുന്ന ഇലക്ട്രിക് സ്പോർട്‌സ് കാറാണ് ഇത്തവണ എത്തുന്നത്. 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ പരിചയപ്പെടുത്തിയ സൈബർസ്റ്റർ ഇന്ന് വിപണിയിലെത്തും.
എംജി സൈബർസ്റ്റർ ജൂലൈ 25-ന് ഔദ്യോഗികമായി രാജ്യത്ത് അവതരിപ്പിക്കുന്ന വിവരം കമ്പനി സ്ഥിരീകരിച്ചുവെന്ന് ചില വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇലക്ട്രിക് ടൂ ഡോർ സ്പോർട്‌സ് കാർ വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് എംജിയുടെ പുതുതായി ആരംഭിച്ച എംജി സെലക്ട് വെബ്‌സൈറ്റ് വഴിയോ ബ്രാൻഡിന്റെ ഏതെങ്കിലും അംഗീകൃത ഡീലർഷിപ്പ് സന്ദർശിച്ചോ ഇലക്ട്രിക് വാഹനം ബുക്ക് ചെയ്യാവുന്നതാണ്.

2025 ഓട്ടോ എക്‌സ്‌പോയിൽ ആദ്യമായി രാജ്യത്ത് അവതരിപ്പിച്ച എംജി സൈബർസ്റ്റർ ബ്രാൻഡിന്റെ പ്രീമിയം റീട്ടെയിൽ ചാനലായ എംജി സെലക്ട് വഴി വാഗ്ദാനം ചെയ്യുന്ന ഒരു പൂർണ ഇലക്ട്രിക് റോഡ്‌സ്റ്ററാണ്. അതേ പരിപാടിയിൽ അരങ്ങേറ്റം കുറിച്ച എംജി M9 ഇലക്ട്രിക് എംപിവിക്കൊപ്പം ഇത് വിൽക്കും. പവർ-ഓപ്പറേറ്റിംഗ് സിസർ ഡോറുകളും, ഫുൾ-വിഡ്ത്ത് ലൈറ്റ്ബാറും യൂണിയൻ-ജാക്ക് ഇൻസ്പൈറായ ഡീറ്റെയിലിംഗും ഉൾക്കൊള്ളുന്ന ടെയിൽ ലാമ്പ് സിഗ്നേച്ചറുകളുമാണ് കാറിന്റെ പുറംകാഴ്ച്ചയിൽ അഴകുറ്റതാക്കുന്നത്.
എക്സ്റ്റീരിയർ പോലെ തന്നെ അതിഗംഭീരമായാണ് സൈബർസ്റ്ററിന്റെ അകത്തളവും ഒരുക്കിയിട്ടുള്ളത്. ഇതിൽ 7 ഇഞ്ച് സെൻട്രൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡാഷ്‌ബോർഡിനെ സെൻട്രൽ കൺസോളുമായി ബന്ധിപ്പിക്കുന്ന ഒരു അധിക സ്‌ക്രീൻ എന്നിവയുൾപ്പെടെയുള്ള ട്രിപ്പിൾ സ്‌ക്രീൻ ലേഔട്ടാണ് ഇന്റീരിയറിന് മിഴിവേകുന്നതെന്ന് പറയാം.
സ്‌പോർട്‌സ്-സ്റ്റൈൽ സീറ്റുകൾ, ഓഡിയോ, ഇൻസ്ട്രുമെന്റേഷനുകൾക്കായി ഇന്റഗ്രേറ്റഡ് കൺട്രോളുകളുള്ള ഫ്ലാറ്റ്-ബോട്ടം, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ലോഞ്ച് കൺട്രോളിനായി ഒരു റോട്ടറി ഡയൽ എന്നിവയും ക്യാബിനിൽ ഉണ്ട്. വ്യത്യസ്ത റീജനറേറ്റീവ് ബ്രേക്കിംഗ് മോഡുകൾക്കിടയിൽ മാറാൻ ഡ്രൈവറെ പ്രാപ്തമാക്കുന്ന പാഡിൽ ഷിഫ്റ്ററുകളും എംജിയുടെ സൈബർസ്റ്റർ ഇലക്ട്രിക് സ്പോർട്‌സ് കാറിലുണ്ട്.
എട്ട് സ്പീക്കറുകളുള്ള ബോസ് ഓഡിയോ സിസ്റ്റം, ഹീറ്റഡ് വെന്റിലേറ്റഡ് സീറ്റുകൾ, ലെവൽ 2 ADAS എന്നിവയായിരിക്കും മറ്റ് പ്രധാന സവിശേഷതകൾ. വലിപ്പത്തിന്റെ കാര്യത്തിലേക്ക് വന്നാൽ മൊത്തത്തിൽ ഇതിന് 4,533 മില്ലീമീറ്റർ നീളവും 1,912 മില്ലീമീറ്റർ വീതിയും 1,328 മില്ലീമീറ്റർ ഉയരവും 2,689 മില്ലീമീറ്റർ വീൽബേസുമാണ് എംജിയുടെ ഇലക്ട്രിക് സ്പോർട്‌സ് കാറിനുള്ളത്. സേഫ്റ്റിയിലും ഫീച്ചറുകളിലും വരെ കിടിലമായിരിക്കും എംജിയുടെ റോഡ്സ്റ്റർ.

ഡ്യുവൽ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 77 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് എംജി സൈബർസ്റ്ററിൽ വാഗ്‌ദാനം ചെയ്യുകയെന്നാണ് വിവരം. ഇത് സിംഗിൾ ചാർജിൽ 580 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ ശേഷിയുള്ളതാണ്. മോട്ടോറുകൾ ഓരോ ആക്‌സിലും ഘടിപ്പിച്ചിരിക്കുന്നതിനാൽ നാല് വീലുകൾക്കും ഒരുപോലെ പവർ നൽകുകയും ചെയ്യും. പെർഫോമൻസിലേക്ക് വന്നാൽ എംജി സൈബർസ്റ്ററിന് 528 bhp പവറിൽ പരമാവധി 725 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും.
അതേസമയം 3.2 സെക്കൻഡിനുള്ളിൽ നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ എംജിയുടെ ഇലക്ട്രിക് സ്പോർട്‌സ് കാറിനാവുകയും ചെയ്യും. ആഗോള വിപണിയിൽ ബ്രാൻഡ് ഒരു റിയർ-വീൽ ഡ്രൈവ് പതിപ്പും വിൽക്കുന്നുണ്ടെങ്കിലും ഇത് ഇന്ത്യയിലേക്ക് എത്തില്ലെന്നാണ് അറിയാൻ കഴിയുന്നത്. 64 kWh ബാറ്ററി പായ്ക്ക് ഘടിപ്പിച്ചിരിക്കുന്ന മോഡലിന് 519 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.


Click it and Unblock the Notifications








