കാല് കൊടുത്താൽ നൂറിൽ കേറും, ഏഷ്യയിലെ ഏറ്റവും വേഗമേറിയ കാറായി എംജിയുടെ പുതിയ ഇവി; കച്ചോടം ഉടനാരംഭിക്കും
ഇലക്‌ട്രിക് കാറുകളിലൂടെ വിസ്‌മയം തീർക്കുകയാണ് എംജി മോട്ടോർസ് (MG Motor). ZS ഇവി, കോമെറ്റ്, വിൻഡ്‌സർ തുടങ്ങിയ മോഡലുകളെല്ലാം വാങ്ങാൻ ഷോറൂമുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സാക്ഷാൽ ടാറ്റ നെക്സോൺ ഇവിയെ വരെ കടത്തിവെട്ടി രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന വൈദ്യുത വാഹനമായി മാറാൻ വിൻഡ്സർ ഇവിക്ക് (Windsor EV) സാധിച്ചതെല്ലാം കമ്പനിയുടെ പുതിയ പദ്ധതികളുടെ വിജയമായിരുന്നു. അതിന്റെ ചൂടാറുന്നതിന് മുമ്പ് ഒന്നാന്തരമൊരു ഇലക്ട്രിക് സ്പോർട്‌സ് കാർ കൂടി ഇന്ത്യക്കാർക്ക് സമ്മാനിക്കാൻ ഒരുങ്ങുകയാണ് ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ ഭാഗമായ എംജി.
ഇക്കഴിഞ്ഞ 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ പരിചയപ്പെടുത്തിയ സൈബർസ്റ്റർ എന്ന കിടിലൻ കാറിനെയാണ് കമ്പനി കൊണ്ടുവരാൻ ഒരുങ്ങുന്നത്. ഇതിനോടകം ബുക്കിംഗ് എല്ലാം ആരംഭിച്ച ഇവിയുടെ വില പ്രഖ്യാപനത്തിനും വിൽപ്പനക്കുമായി കാത്തിരിക്കുകയാണ് ആളുകൾ. ഇതിനിടയിൽ വാഹനപ്രേമികളെ ത്രസിപ്പിക്കുന്നൊരു വാർത്ത കൂടി പുറത്തുവരുന്നുണ്ട്. എന്താണന്നല്ലേ, ഏഷ്യയിലെ ഏറ്റവും വേഗതയേറിയ കാറായി എംജി സൈബർസ്റ്റർ ലാൻഡ് സ്പീഡ് റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്.

സംഭാർ സാൾട്ട് ലേക്കിലെ പരീക്ഷണത്തിലാണ് വാഹനം പുതുറെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നത്. ഇലക്ട്രിക് റോഡ്സ്റ്റർ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഇവിയായിരിക്കുമെന്ന് സാരം. ഇക്കാര്യം ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സും സ്ഥിരീകരിച്ചു. എംജി സൈബർസ്റ്റർ വെറും 3.2 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗതയിലെത്തിയാണ് നേട്ടം സ്വന്തം പേരിൽ എഴുതി ചേർത്തിരിക്കുന്നത്.
ഇന്ത്യക്കാരിലേക്ക് എത്തുന്നതിന് മുമ്പേ ഇത്തരത്തിലൊരു റെക്കോർഡ് കൈവരിക്കാനായത് മൈലേജാവുമെന്നതിൽ സംശയമൊന്നും വേണ്ട. പുതിയ എംജി സെലക്ട് ഡീലർഷിപ്പുകൾ വഴിയായിരിക്കും ഇലക്ട്രിക് റോഡ്‌സ്റ്റർ വിൽപ്പനയ്ക്ക് എത്തുക കേട്ടോ. ഈ പുതിയ ഡീലർഷിപ്പുകൾ വഴി ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ M9 ഇവി ലിമോസിനും വിപണനം ചെയ്യും. ടൂ സീറ്റർ ഇലക്ട്രിക് റോഡ്‌സ്റ്റർ മോഡൽ ഡ്യുവൽ ഇലക്ട്രിക് മോട്ടോറുകൾ ഉപയോഗിച്ചാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

മോട്ടോറുകൾ ഓരോ ആക്‌സിലും ഘടിപ്പിച്ചിരിക്കുന്നതിനാൽ നാല് വീലുകൾക്കും ഒരുപോലെ പവർ നൽകാൻ കഴിയും. അങ്ങനെ ഏറ്റവും പുതിയ എംജി സൈബർസ്റ്ററിന് 528 bhp കരുത്തിൽ പരമാവധി 725 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്. വെറും 3.2 സെക്കൻഡിനുള്ളിൽ നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇവിക്കാവുന്നതിനാൽ കാല് കൊടുത്താൽ പറക്കുമെന്ന് തന്നെ പറയം.
77 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് എംജി സൈബർസ്റ്ററിന്ഖറെ ഹൃദയം. ഇത് സിംഗിൾ ചാർജിൽ 570 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ ശേഷിയുള്ളതാണ്. ആഗോള വിപണിയിൽ ബ്രാൻഡ് ഒരു റിയർ-വീൽ ഡ്രൈവ് പതിപ്പും വിൽക്കുന്നുണ്ടെങ്കിലും ഇത് ഇന്ത്യയിലേക്ക് എത്തില്ല കേട്ടോ. 64 kWh ബാറ്ററി പായ്ക്ക് ഘടിപ്പിച്ചിരിക്കുന്ന മോഡലിന് 519 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.

ഇതിലെ ഇലക്ട്രിക് മോട്ടോർ പരമാവധി 295 bhp പവർ ഔട്ട്പുട്ട് ഉത്പാദിപ്പിക്കാനാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. വലിപ്പത്തിന്റെ കാര്യത്തിലേക്ക് വന്നാൽ മൊത്തത്തിൽ ഇതിന് 4,533 മില്ലീമീറ്റർ നീളവും 1,912 മില്ലീമീറ്റർ വീതിയും 1,328 മില്ലീമീറ്റർ ഉയരവും 2,689 മില്ലീമീറ്റർ വീൽബേസുമാണ് എംജിയുടെ ഇലക്ട്രിക് സ്പോർട്‌സ് കാറിനുള്ളത്. സേഫ്റ്റിയിലും ഫീച്ചറുകളിലും വരെ കിടിലനായിരിക്കും നമ്മുടെ കക്ഷി.
ഡിജിറ്റൽ ട്രിപ്പിൾ സ്‌ക്രീൻ സജ്ജീകരണത്താൽ അകത്തളം വേറിട്ടുനിൽക്കും. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡാഷ്‌ബോർഡിനെ സെന്റർ കൺസോളുമായി സംയോജിപ്പിക്കുന്ന ഒരു അധിക സ്‌ക്രീൻ, എയർ കണ്ടീഷനിംഗ് നിയന്ത്രണങ്ങൾ എന്നിവയാണ് ട്രിപ്പിൾ സ്‌ക്രീനുകളിൽ ഉൾപ്പെടുന്നത്തിയിരിക്കുന്നത്. സ്‌പോർട്‌സ് സീറ്റുകളും മൾട്ടി-സ്‌പോക്ക് ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലും കൂടിയാവുമ്പോൾ ഇന്റീരിയറിന്റെ ഗാംഭീര്യം കൂടും.
കൂടാതെ ഇലക്ട്രിക്കലി പ്രവർത്തിപ്പിക്കാവുന്നതും മടക്കാവുന്നതുമായ റൂഫ്, മെമ്മറി ഫംഗ്ഷനോടുകൂടിയ ആറ് വിധത്തിൽ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഹീറ്റഡ് സീറ്റുകൾ, എട്ട് സ്പീക്കറുകളുള്ള ബോസ് ഓഡിയോ സിസ്റ്റം എന്നിവ എംജി സൈബർസ്റ്ററിന്റെ മറ്റ് സവിശേഷതകളാണ്. സുരക്ഷ മെച്ചപ്പെടുത്തുന്ന ലെവൽ-2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) സ്യൂട്ടും ഇവിയുടെ കൂട്ടിനായി എത്തും.


Click it and Unblock the Notifications








