പോർഷയുമല്ല ലംബോർഗിനിയുമല്ല, ഇന്ത്യയുടെ ടോപ്പ് സെല്ലിംഗ് സ്പോർട്സ് കാറായി മാറി എംജി സൈബർസ്റ്റർ
രാജ്യത്തെ ഇലക്‌ട്രിക് കാർ വിപണിയിൽ വിസ്‌മയം തീർത്ത് മുന്നേറുകയാണ് എംജി മോട്ടോർസ്. സാക്ഷാൽ ടാറ്റയെയും മഹീന്ദ്രയെയും വിറപ്പിച്ച് ഇവി വിഭാഗത്തിൽ തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയിരിക്കുന്ന കമ്പനി നിലവിൽ നാലോളം വൈദ്യുത കാറുകളാണ് ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നത്. സാധാരണക്കാർക്കായി മാത്രമല്ല, ആഡംബര കാർ വിഭാഗവും കൈയിലെടുക്കാനായി M9, സൈബർസ്റ്റർ എന്നിങ്ങനെ രണ്ട് മോഡലുകളെ വിപണിയിൽ എത്തിച്ചിരുന്നു ബ്രാൻഡ്. കൂട്ടത്തിൽ ഇലക്ട്രിക് സ്പോർട്‌സ് കാറായി രൂപമെടുത്ത സൈബർസ്റ്റർ ആഭ്യന്തര വിപണിയിൽ തരംഗമായി മാറിയിരിക്കുകയാണ്. ബ്രാൻഡിൻ്റെ ഏറ്റവും വേഗമേറിയ പ്രൊഡക്ഷൻ വാഹനം കൂടിയാണിത്.
ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യയുടെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് റോഡ്സ്റ്ററായ സൈബർസ്റ്റർ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്പോർട്സ് കാറായി മാറിയിരിക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഈ വർഷം ജൂലൈയിൽ പുറത്തിറങ്ങിയതിനുശേഷം ഇതുവരെ മോഡലിൻ്റെ 350-ലധികം യൂണിറ്റുകൾ വിറ്റഴിച്ചുവെന്നാണ് ബ്രാൻഡ് അവകാശപ്പെടുന്നത്. നിലവിൽ ബുക്ക് ചെയ്‌താൽ 4-5 മാസത്തെ ബുക്കിംഗ് പീരീഡാണ് ഇവിക്കുള്ളത്.

ആഡംബര റീട്ടെയിൽ ചാനലായ എംജി സെലക്ട് വഴിയാണ് സൈബർസ്റ്റർ ഇലക്ട്രിക് സ്പോർട്‌സ് കാറിൻ്റെ വിപണനം നടക്കുന്നത്. 72.49 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഇവി വിപണനത്തിന് എത്തിയിരിക്കുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലായി 14 എംജി സെലക്ട് എക്സ്പീരിയൻസ് സെൻ്ററുകളാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ പ്രവർത്തിപ്പിക്കുന്നത്. ടൂ സീറ്റർ കൺവെർട്ടിബിളിൽ സ്പോർട്‌സ് കാറായി ഡിസൈൻ ചെയ്‌തിരിക്കുന്ന സൈബർസ്റ്റർ ആദ്യ കാഴ്ച്ചയിൽ തന്നെ ആരുടേയും മനസിൽ കുടിയേറിപ്പാർക്കും.
കിടിലൻ ലുക്കിനൊപ്പം സിസർ ഡോറുകൾ, എൽഇഡി ലൈറ്റിംഗ്, നീളമുള്ള ബോണറ്റ്, കൺവേർട്ടിബിൾ റൂഫ്, എൽഇഡി ലൈറ്റുകൾ, 20 ഇഞ്ച് അലോയ് വീലുകൾ തുടങ്ങിയ ഘടകങ്ങളെല്ലാം ഒന്നിക്കുമ്പോൾ സൈബർസ്റ്ററിന് സമാനതകളില്ലാത്ത ഡിസൈനാണ് ലഭിക്കുന്നത്. 2,690 mm വീൽബേസുള്ള ഒരു ഡെഡിക്കേറ്റഡ് ഇലക്ട്രിക് വെഹിക്കിൾ പ്ലാറ്റ്‌ഫോമിലാണ് എംജി സൈബർസ്റ്റർ പണികഴിപ്പിച്ചിരിക്കുന്നത്. രണ്ട് 7 ഇഞ്ച് ഡിജിറ്റൽ ഡിസ്‌പ്ലേകളും 10.25 ഇഞ്ച് സെൻട്രൽ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനുമാണ് ഇൻ്റീയറിലേക്ക് കയറിയാൽ ആദ്യം കണ്ണിലുടക്കുക.

സ്യൂഡ്, വീഗൻ ലെതർ അപ്ഹോൾസ്റ്ററി എന്നിവയുടെ മിശ്രിതമാണ് ഇൻ്റീരിയറിൽ കാണാനാവുക. യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഒരു PM 2.5 എയർ ഫിൽട്ടർ, ഒരു പ്രീമിയം ബോസ് സൗണ്ട് സിസ്റ്റം എന്നിവ ഉപയോഗിച്ച് സുഖസൗകര്യങ്ങൾ മെച്ചപ്പെടുത്താനും കമ്പനിക്കായിട്ടുണ്ട്. സ്പോർട്ടി ലേഔട്ടിൽ ബക്കറ്റ്-സ്റ്റൈൽ പെർഫോമൻസ് സീറ്റുകൾ, ഇന്റഗ്രേറ്റഡ് കൺട്രോളുകളുള്ള ഒരു ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, ലോഞ്ച് കൺട്രോളിനായി ഒരു റോട്ടറി സെലക്ടർ എന്നിവയാണ് സൈബർസ്റ്ററിലെ യാത്രകൾ മനോഹരമാക്കുന്നത്.
റീജനറേറ്റീവ് ബ്രേക്കിംഗ് ലെവലുകൾ മികച്ചതാക്കാൻ പാഡിൽ ഷിഫ്റ്ററുകളും എംജി സൈബർസ്റ്റർ ഇവിയിൽ നൽകിയിട്ടുണ്ട്. സേഫ്റ്റിക്കും പ്രത്യേക പരിഗണന നൽകിയാണ് ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് റോഡ്സ്റ്ററായ സൈബർസ്റ്റർ പണിതിറക്കിയിരിക്കുന്നത്. ലെവൽ 2 ADAS, ഡ്രൈവർ മോണിറ്ററിംഗ് സിസ്റ്റം, ഒന്നിലധികം എയർബാഗുകൾ, ESC, റോൾഓവർ പ്രൊട്ടക്ഷനായി 1.83 സൈഡ് സ്റ്റെബിലിറ്റി ഫാക്ടർ (SSF) ഉള്ള ശക്തിപ്പെടുത്തിയ ബോഡി ഘടന എന്നിവ സുരക്ഷാ ഫീച്ചറുകൾ.
77 കിലോവാട്ട്സ് ബാറ്ററി പായ്ക്കുമായി വരുന്ന എംജി സ്റ്റൈബർസ്റ്റർ ഇലക്ട്രിക് സ്പോർട്‌സ് കാറിന് സിംഗിൾ ചാർജിൽ 580 കിലോമീറ്റർ റേഞ്ച് വരെ ലഭിക്കും. 503 bhp പവറിൽ പരമാവധി 725 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഡ്യുവൽ മോട്ടോർ സിസ്റ്റമാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. പെർഫോമൻസിലേക്ക് നോക്കിയാൽ 3.2 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ മണിക്കൂറിൽ വേഗത കൈവരിക്കാനും സൈബർസ്റ്റർ ഇവിക്ക് സാധിക്കും.
ഓരോ വാങ്ങലിലും പോർട്ടബിൾ 3.3 കിലോവാട്ട് ചാർജർ, ഇൻസ്റ്റാളേഷനോടുകൂടിയ 7.4 കിലോവാട്ട് വാൾ-ബോക്സ് ചാർജർ, ആദ്യ ഉടമയ്ക്ക് ആജീവനാന്ത ബാറ്ററി വാറണ്ടി, മൂന്ന് വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടി എന്നിവയെല്ലാമാണ് വാഹനം വാങ്ങുന്നവരെ കാത്തിരിക്കുന്നത്. എന്തായാലും ഇന്ത്യക്കാർക്കിടയിൽ നിന്നും ലഭിച്ച സ്വീകാര്യത കണ്ട് സാക്ഷാൽ എംജി വരെ ഞെട്ടിയിട്ടുണ്ടെന്ന് വേണം പറയാൻ.


Click it and Unblock the Notifications








