ഇഷ്‌ടപ്പെട്ട് വരുമ്പോൾ വില കൂട്ടി, ഫോർച്യൂണറിനെ വീഴ്ത്താൻ വന്ന 7-സീറ്റർ ഡീസൽ എസ്‌യുവി കൂടുതൽ റിച്ചായി
ഇലക്‌ട്രിക് കാറുകളിലൂടെ ഇന്ത്യക്കാരുടെ മനംകവർന്നവരാണ് നമ്മുടെ സ്വന്തം എംജി മോട്ടോർസ്. കോമെറ്റ്, വിൻഡ്‌സർ ഇവി, ZS ഇവി തുടങ്ങിയ ബാറ്ററി വണ്ടികൾ വാങ്ങാൻ ഷോറൂമിൽ ആളുകളുടെ കൂട്ടയിടിയാണ്. എന്നിരുന്നാലും മറ്റ് ചില യമണ്ടൻ ICE എഞ്ചിൻ എസ്‌യുവികളും കമ്പനിയുടെ ആവനാഴിയിലുണ്ട് കേട്ടോ. ജനപ്രിയനായ ഹെക്‌ടർ മുതൽ അങ്ങ് ഗ്ലോസ്റ്റർ വരെ നീളുന്ന നിര ആരേയും മോഹിപ്പിക്കുന്നതാണ്. ഇക്കൂട്ടത്തിൽ ഏറ്റവും അണ്ടർറേറ്റഡ് ആയിട്ടുള്ള മോഡലാണ് ഗ്ലോസ്റ്റർ. ഫുൾ-സൈസ് എസ്‌യുവി വിഭാഗത്തിൽ ടൊയോട്ട ഫോർച്യൂണർ പോലുള്ള വമ്പൻമാരുമായി ഏറ്റുമുട്ടുന്ന വാഹനം മൊത്തത്തിൽ അടിപൊളിയാണ്.
എങ്കിലും ഇന്ത്യക്കാർ വേണ്ട പരിഗണന കക്ഷിക്ക് ഇതുവരെ കൊടുത്തിട്ടില്ലെന്ന് പറയുന്നതാവും ശരി. ഫോർഡ് എൻഡവറിന്റെ പകരക്കാരനായി പലരും ഇതിനെയാണ് കണ്ടതെങ്കിലും വിൽപ്പനയുടെ കാര്യത്തിൽ വലിയ ഓളം കൊണ്ടുവരാൻ ഫുൾ-സൈസ് എസ്‌യുവിക്കായില്ലെന്നതാണ് സത്യം. പക്ഷേ അധികം വൈകാതെ ഗ്ലോസ്റ്റർ മുഖംമിനുക്കി വിപണിയിലേക്ക് എത്തുമെന്നാണ് വിവരം. അതിന് മുമ്പായി വണ്ടിയുടെ വില ഉടനടി വർധിപ്പിച്ചിരിക്കുകയാണ് എംജി മോട്ടോർസ്.

എംജി ഗ്ലോസ്റ്ററിന്റെ എൻട്രി ലെവൽ ഷാർപ്പ് 7 സീറ്റർ 2.0 ടർബോ 2WD പതിപ്പിന്റെ വില 76,200 രൂപയാണ് കമ്പനി ഉയർത്തിയിരിക്കുന്നത്. അതേസമയം എസ്‌യുവിയുടെ സാവി സീറ്റർ 2.0 ടർബോ 2WD മോഡലിന് ഇനി മുതൽ 80,000 രൂപ അധികം മുടക്കേണ്ടി വരിക. സാവി 6 സീറ്റർ 2.0 ടർബോ 2WD, ബ്ലാക്ക്സ്റ്റോം 6 സീറ്റർ 2.0 ടർബോ 2WD എന്നിവയ്ക്കും 80,000 രൂപയാണ് കമ്പനി വില വർധിപ്പിച്ചിരിക്കുന്നത്.
എംജി ഗ്ലോസ്റ്റർ ബ്ലാക്ക് സ്റ്റോം 7 സീറ്റർ 2.0 ടർബോ 2WD, 7 സീറ്റർ ഡേസേർട്ട്സ്റ്റോം ടർബോ 2WD , സ്നോസ്റ്റോം 6 സീറ്റർ ടർബോ 2WD തുടങ്ങിയ വേരിയന്റുകൾക്കും ഇനി മുതൽ 80,000 രൂപ അധികം മുടക്കാൻ റെഡിയായിക്കോ. എംജി ഗ്ലോസ്റ്റർ ലൈനപ്പിലെ മറ്റെല്ലാ വേരിയൻ്റുകളുടെയും വിലകൾ ഏകീകൃതമായി 87,000 രൂപ വരെ ഉയർത്തുകയും ചെയ്‌തിട്ടുണ്ട്.

പുതുക്കിയ വില പ്രകാരം ഗ്ലോസ്റ്റർ എസ്‌യുവി വാങ്ങണമെങ്കിൽ 39.56 ലക്ഷം രൂപ മുതൽ 44.74 ലക്ഷം രൂപ വരെയാണ് കൈയിൽ നിന്നും ഇറങ്ങുക. ഇതുകൂടാതെ വാഹനത്തിൽ മറ്റ് പരിഷ്ക്കാരങ്ങളൊന്നും കമ്പനി നടപ്പിലാക്കിയിട്ടില്ല. 2.0 ലിറ്റർ ടർബോ ഡീസൽ, 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് എംജി ഗ്ലോസ്റ്ററിന്റെ ഹൃദയം.
എസ്‌യുവിയുടെ ടർബോ ഡീസൽ പതിപ്പിന് 161 bhp പവറിൽ പരമാവധി 375 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ഗ്ലോസ്റ്ററിന്റെ ട്വിൻ-ടർബോ പതിപ്പ് 215 bhp കരുത്തിൽ 480 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. രണ്ട് എഞ്ചിനുകളും 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് വരുന്നത്.

ഫുൾ-സൈസ് എസ്‌യുവിയിൽ മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ ഇല്ലെന്ന് സാരം. 360-ഡിഗ്രി ക്യാമറ, ബ്ലൈൻഡ്‌സ്‌പോട്ട് ഡിറ്റക്ഷനോടുകൂടിയ ലെവൽ 1, ഓട്ടോമേറ്റഡ് എമർജൻസി ബ്രേക്കിംഗ് (AEB), ഹീറ്റഡ് സീറ്റുകൾ, വയർലെസ് ചാർജിംഗ്, ഒരു എയർ ഫിൽട്ടർ, കണക്റ്റഡ് ടെക് എന്നീ സവിശേഷതകളും മറ്റുമാണ് ഗ്ലോസ്റ്ററിലുള്ളത്.
തെരഞ്ഞെടുക്കുന്ന വേരിയന്റുകളെ ആശ്രയിച്ച് ആറ്, ഏഴ് സീറ്റുകളിലും വാഹനം വീട്ടിലെത്തിക്കാം. ഇന്ത്യൻ വിപണിയിലെ ഫുൾ-സൈസ് എസ്‌യുവി വിഭാഗത്തിൽ ടൊയോട്ട ഫോർച്യൂണർ, സ്‌കോഡ കൊഡിയാക്, ജീപ്പ് മെറിഡിയൻ, ഇസൂസു MU-X, നിസാൻ X-ട്രെയിൽ തുടങ്ങിയ വമ്പൻമാരോടാണ് എംജി ഗ്ലോസ്റ്റർ മത്സരിക്കുന്നത്. എംജി മജസ്റ്ററിൻ്റെ രൂപത്തിൽ ഒരു പുതിയ ടോപ്പ്-സ്പെക്ക് വേരിയന്റ് ഗ്ലോസ്റ്റർ നിരയിലേക്ക് വരാനിരിക്കുകയാണ്.
ഗ്ലോസ്റ്ററുമായി താരതമ്യപ്പെടുത്തുമ്പോൾ മജ്റ്ററിന് നിരവധി എക്സ്റ്റീരിയർ പരിഷ്ക്കാരങ്ങൾ ലഭിക്കും. ബ്ലാക്ക്-ഔട്ട് ഫ്രണ്ട് ഗ്രിൽ, സ്ലീക്കർ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ലംബമായി അടുക്കിയിരിക്കുന്ന എൽഇഡി ഹെഡ്‌ലാമ്പുകൾ, റീഡിസൈൻ ചെയ്‌ത എൽഇഡി ടെയിൽ ലാമ്പുകൾ, ഫ്രണ്ട്, റിയർ സ്‌കിഡ് പ്ലേറ്റുകൾ, ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ എന്നിവയെല്ലാം കാഴ്ച്ചയിൽ വണ്ടിയെ കിടിലമാക്കും.


Click it and Unblock the Notifications








