വില കുറച്ചതല്ലേ, ഡീസൽ വേണ്ടവർ കാത്തിരിക്കൂ.... ഹെക്‌ടർ വാങ്ങുന്നവർ പെട്രോൾ വാങ്ങി സഹകരിക്കാൻ എംജി
എസ്‌യുവി വിപണിയിലെ അങ്കം മുറുക്കാനായി മുഖംമിനുക്കി വിപണിയിൽ എത്തിയിരിക്കുകയാണ് എംജി ഹെക്‌ടർ (MG Hector Facelift). 5-സീറ്റർ, 7-സീറ്റർ മോഡലുകളിൽ ലഭ്യമായ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് നിലവിലുള്ള മോഡലിനേക്കാൾ 2 ലക്ഷം രൂപ വിലക്കുറവാണെന്നതാണ് ഹൈലൈറ്റ്. മാരുതി സുസുക്കി വിക്ടോറിസ്, ടാറ്റ സിയറ, വരാനിരിക്കുന്ന മഹീന്ദ്ര XUV 7XO തുടങ്ങിയവയുടെ വരവാണ് ഹെക്‌ടറിനും വില കുറയാൻ കാരണമായിരിക്കുന്നത്. ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ് 5-സീറ്റർ മോഡലിന് 11.99 ലക്ഷം മുതൽ 18.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില നൽകേണ്ടി വരിക.
അതേസമയം 7-സീറ്റർ ഹെക്‌ടർ പ്ലസ് ഫെയ്‌സ്‌ലിഫ്റ്റിന് 17.29 ലക്ഷം മുതൽ 19.49 ലക്ഷം വരെയും വില കൊടുക്കേണ്ടി വരും. നിലവിലുള്ള മോഡലിലുള്ള ഡീസൽ എഞ്ചിൻ ഇല്ലാതെയാണ് മുഖംമിനുക്കിയ മോഡലുകളെ കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നത്. ആരോടും പറയാതെ ഡീസൽ എഞ്ചിൻ നിർത്തലാക്കി എന്നല്ല ഇതിനർഥം. പകരം ഓയിൽ ബർണർ മോഡലുകൾ വേണ്ടവർ കുറച്ചുനാൾ കൂടി കാത്തിരിക്കണമെന്നാണ് ബ്രാൻഡ് അറിയിച്ചിരിക്കുന്നത്.

ഡീസൽ പതിപ്പ് 2026-ൽ അവതരിപ്പിക്കുമെന്ന് എംജി സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും നിലവിൽ വാങ്ങുന്നവർ പെട്രോൾ വേരിയൻ്റിൽ തൃപ്ത്തരാവേണ്ടി വരും. പെട്രോൾ ഒൺലി തന്ത്രം എത്രത്തോളം വിജയം കാണുമെന്നത് കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു. നിലവിൽ ഈ വിഭാഗത്തിൽ എസ്‌യുവി വാങ്ങുന്നവരിൽ ഭൂരിഭാഗം ആളുകൾക്കും ഡീസൽ മോഡലുകളോടാണ് താത്പര്യം. ഇത്തരമൊരു സാഹചര്യത്തിൽ ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ് പെട്രോളിൽ മാത്രം വാങ്ങാനാവുന്നത് ഗുണം ചെയ്‌തേക്കില്ല.
പ്രത്യേകിച്ച് ടാറ്റ സിയറയും മഹീന്ദ്ര XUV 3XO എസ്‌യുവിയുമെല്ലാം ഡീസൽ എഞ്ചിൻ ഓപ്ഷൻ നൽകുമ്പോൾ എംജിക്ക് തിരിച്ചടി കിട്ടിയേക്കും. ഡീസൽ ലോഞ്ച് വൈകിപ്പിക്കുന്നതിനുള്ള കാരണം എംജി ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല. എന്നിരുന്നാലും കർശനമായ എമിഷൻ മാനദണ്ഡങ്ങൾ കാരണം ഡീസൽ വാഹന വിലയിലെ വർധനവും നഗര വിപണികളിൽ പെട്രോൾ, ഓട്ടോമാറ്റിക് വേരിയൻ്റുകളോടുള്ള ഉപഭോക്തൃ മുൻഗണനയുമായിരിക്കാം ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചിട്ടുണ്ടാവുക.

പുതിയ എംജി ഹെക്‌ടർ, ഹെക്‌ടർ പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവികൾ നിലവിലുള്ള അതേ എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഹെക്ടർ പെട്രോൾ നിരയിൽ 143 bhp പവറും 250 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിനാണ് വരുന്നത്. 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായോ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായോ പെട്രോൾ വേരിയൻ്റുകൾ തെരഞ്ഞെടുക്കാനാവും.
ഹെക്ടർ ഡീസൽ മോഡലുകളിൽ 170 bhp കരുത്തിൽ 350 Nm ടോർക്കും നൽകുന്ന 2.0 ലിറ്റർ യൂണിറ്റാണ് കമ്പനി വാഗ്‌ദാനം ചെയ്‌തിരുന്നത്. ഡീസൽ ഓട്ടോമാറ്റിക് എസ്‌യുവിയിൽ ഇപ്പോഴും ലഭ്യമല്ലെന്നതാണ് രസകരമായ വിഷയം. ഇത് പലരേയും നിരാശപ്പെടുത്തിയേക്കാവുന്ന വിഷയമാണ്. ഇനി അടുത്ത വർഷം പുറത്തിറക്കുമ്പോൾ ഓട്ടോമാറ്റിക് മോഡൽ കൊണ്ടുവരുമോയെന്നതും കാത്തിരുന്ന് കാണാം. ഇതേക്കുറിച്ച് കമ്പനി നിലവിൽ സൂചനയൊന്നും നൽകിയിട്ടില്ല.

ഹെക്‌സഗണൽ സ്ലാറ്റുകളുള്ള ഗ്രിൽ, അതേ ബമ്പറുകൾ, ബ്ലാക്ക് വീൽ ആർച്ച് ക്ലാഡിംഗുകൾ, നിലവിലെ മോഡലിലെ അതേ എൽഇഡി ഹെഡ്‌ലൈറ്റ്, ഡിആർഎൽ മൊഡ്യൂൾ, സൈഡ് ക്ലാഡിംഗുകൾ, ഷാർക്ക്-ഫിൻ ആൻ്റിന, റീഡിസൈൻ ചെയ്‌ത അലോയ് വീലുകൾ എന്നിവയെല്ലാമാണ് പുതിയ മുഖംമിനുക്കിയ ഹെക്‌ടറിൻ്റെ എക്സ്റ്റീരിയർ ഹൈലൈറ്റുകൾ. സെലാഡൺ ബ്ലൂ, പേൾ വൈറ്റ് എന്നിങ്ങനെ 2 പുതിയ കളർ ഓപ്ഷനുകളും എസ്‌യുവിയിൽ സമ്മാനിച്ചിട്ടുണ്ട്.
ഇനി ഇൻ്റീരിയറിലേക്ക് കയറിയാൽ ഡ്യുവൽ-ടോൺ അർബൻ ടാൻ തീം, 14 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ വഴിയുള്ള പുതിയ ഐ-സ്വൈപ്പ് ടച്ച് അധിഷ്ഠിത ജെസ്റ്റർ കൺട്രോളുകൾ, ഡിജിറ്റൽ ഓട്ടോ കീ, പ്രോക്‌സിമിറ്റി ലോക്ക്/അൺലോക്ക്, പനോരമിക് സൺറൂഫ്, വെൻ്റിലേറ്റഡ് സീറ്റുകൾ, വെർട്ടിക്കൽ എസി വെൻ്റുകൾ, ഇൻഫിനിറ്റി ഹാർമാൻ സൗണ്ട് സിസ്റ്റം പോലുള്ള ഫീച്ചറുകളും കാണാം. ഹെക്‌ടറിൻ്റെ പുതുമോഡലിനായുള്ള ബുക്കിംഗ് എംജി മോട്ടോർസ് ഇന്ന് മുതൽ ആരംഭിക്കും. ഡെലിവറിയും വൈകാതെ ആരംഭിക്കാനാവും കമ്പനിയുടെ പദ്ധതി.


Click it and Unblock the Notifications