4 ലക്ഷം രൂപയുടെ ഓഫറും ലണ്ടനിലേക്ക് ഒരു ട്രിപ്പും! എംജിയുടെ എസ്‌യുവി വാങ്ങാൻ ഇതിലും നല്ല സമയം വേറേയില്ല
എംജി സമം ഇലക്‌ട്രിക് എന്നാണ് ഇപ്പോഴത്തെ ട്രെൻഡ് എങ്കിലും കമ്പനിക്ക് ഇന്ത്യൻ വിപണിയിൽ വേരോട്ടമുണ്ടാക്കി കൊടുത്തത് ഹെക്‌ടർ എന്ന എസ്‌യുവിയാണ്. രാജ്യത്തെ ആദ്യത്തെ ഇന്റർനെറ്റ് കണക്റ്റഡ് സ്പോർട് യൂട്ടിലിറ്റി വാഹനം അതിന്റെ ഡിസൈനിലും ഫീച്ചറുകളിലുമെല്ലാം വേറിട്ടുനിന്നതോടെയാണ് ആളുകളുടെ മനസിലേക്ക് കയറിക്കൂടിയത്. വിൽപ്പനയിൽ കാണിക്കുന്ന ശ്രദ്ധയും മിടുക്കും സർവീസിലും കൂടി കൊടുത്തപ്പോൾ എംജി പ്രശസ്‌തിയിലേക്ക് ഉയർന്നു. ഇന്നും പലരും സ്വന്തമാക്കാൻ കൊതിക്കുന്ന മോഡലുകളിൽ ഒന്നാണ് ഹെക്‌ടർ എന്നതിൽ തർക്കമൊന്നുമില്ല. അന്നും ഇന്നും ഈ സെഗ്മെന്റിൽ ഹെക്‌ടർ പോലൊരു കിടിലൻ എസ്‌യുവിയില്ലെന്ന് പറഞ്ഞാലും തെറ്റുപറയാനാവില്ല.
ഒന്നാന്തരം ഫീച്ചറുകളും ഫ്യൂച്ചറിസ്റ്റിക് ഡിസൈനുമെല്ലാമായി ഹെക്‌ടർ മാന്യമായ വിൽപ്പനയാണ് ഇപ്പോഴും കൊണ്ടുവരുന്നത്. എങ്കിലും കച്ചോടം ഒന്നുകൂടി പൊലിപ്പിക്കാനായി കമ്പനി പുതിയ ഓഫറുകളും കാര്യങ്ങളുമെല്ലാം അടിക്കടി പ്രഖ്യാപിക്കാറുമുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ തങ്ങളുടെ ഹെക്ടർ മിഡ്-സൈസ് എസ്‌യുവിക്കായി പുതിയൊരു സെയിൽ ക്യാമ്പയിൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

'മിഡ്‌നൈറ്റ് കാർണിവൽ' എന്ന് വിളിക്കപ്പെടുന്ന ഈ എക്‌സ്‌ക്ലൂസീവ് ക്യാമ്പയിൻ വഴി എല്ലാ വാരാന്ത്യത്തിലും അർദ്ധരാത്രി വരെ തുറന്നിരിക്കുന്ന ഡീലർഷിപ്പുകൾ സന്ദർശിക്കാൻ ഉപഭോക്താക്കളെ ക്ഷണിക്കുന്നതാണ്. ഈ ഓഫർ കാലയളവിന്റെ ഭാഗമായി 20 ഭാഗ്യശാലികളായ ഹെക്ടർ ഉപഭോക്താക്കൾക്ക് ലണ്ടനിലേക്ക് ഒരു സ്വപ്ന യാത്രയും സമ്മാനമായി ലഭിക്കും. അതുകൊണ്ട് വണ്ടി വാങ്ങാൻ പ്ലാനുണ്ടേൽ കൂടെ ആ പാസ്‌പോർട്ടും ഒന്ന് പുതുക്കിവെച്ചോ.
4 ലക്ഷം രൂപ വരെ വിലയുള്ള പ്രത്യേക ആനുകൂല്യങ്ങളും ഹെക്‌ടർ വാങ്ങാൻ എത്തുന്നവർക്ക് ലഭിക്കും. ഈ പരിമിതകാല ക്യാമ്പയിനിന്റെ ഭാഗമായി വാങ്ങൽ തീരുമാനം കുറച്ചുകൂടി എളുപ്പവും ആകർഷകവുമാക്കുന്നതിന് എംജി ചില ആകർഷകമായ ഓണർഷിപ്പ് ആനുകൂല്യങ്ങളും ഒരുക്കുന്നുണ്ട്. സ്റ്റാൻഡേർഡായി ലഭിക്കുന്ന 3 വർഷത്തെ പ്ലാനിന് പുറമേ പുതിയ ഹെക്‌ടർ ഉപഭോക്താക്കൾക്ക് 2 വർഷത്തെ അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ അധിക വാറണ്ടി കവറേജും എസ്‌യുവിക്ക് ഒപ്പം ലഭിക്കും.

ഇതിനുപുറമെ വാഹനം വാങ്ങുന്നവർക്ക് 2 വർഷത്തെ റോഡ്‌സൈഡ് അസിസ്റ്റൻസും ലഭിക്കും. ഇതുവഴി ആദ്യ ദിവസം മുതൽ 5 വർഷത്തെ തടസരഹിത ഉടമസ്ഥാവകാശ അനുഭവം ഫലപ്രദമായി ഉറപ്പാക്കുന്നു. ഈ ക്യാമ്പയിൻ പുതിയ ഉപഭോക്താക്കളെ മാത്രമല്ല, നിലവിലുള്ള ഹെക്ടർ ഉടമകൾക്കും ഉപയോഗപ്പെടുത്താനാവും എന്നതും ആശ്വാസകരമായ വിഷയം തന്നെയാണ്.
ഇതോടൊപ്പം ഹെക്‌ടർ വാങ്ങുന്നവർക്ക് ആർടിഒ ചാർജുകളിൽ എംജി 50 ശതമാനം ഇളവ് വാഗ്ദാനം ചെയ്യുകയും എക്‌സ്‌ക്ലൂസീവ് ആക്‌സസറികളിലേക്കുള്ള ആക്‌സസും ഒരുക്കിയിട്ടുണ്ട്. ഹെക്ടറിന്റെ വകഭേദങ്ങളെയും ഗ്രേഡ് ലെവലുകളെയും ആശ്രയിച്ച് ഇവ വ്യത്യാസപ്പെടാമെന്നതിനാൽ ഈ ഓഫറുകളെ കുറിച്ചറിയാൻ ഏറ്റവും അടുത്ത എംജി ഡീലർഷിപ്പുമായി ബന്ധപ്പെടുന്നതാവും ഉചിതം.

2019-ലാണ് ഇന്ത്യയിൽ ഹെക്ടർ അവതരിപ്പിക്കുന്നത്. ഹാലോൾ പ്ലാന്റിൽ പ്രാദേശികമായി നിർമിക്കുന്ന വാഹനം നിർമാണ നിലവാരത്തിലും സേഫ്റ്റിയിലുമെല്ലാം ബഹുകേമൻ തന്നെയാണ്. പനോരമിക് സൺറൂഫ്, 70-ലധികം ഇൻ-കാർ കണക്റ്റഡ് സാങ്കേതികവിദ്യയുള്ള 14 ഇഞ്ച് HD ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ADAS തുടങ്ങിയ സവിശേഷതകളോടെയാണ് എംജിയുടെ മിടുക്കൻ വരുന്നത് എന്നതിനാൽ മുടക്കുന്ന കാശ് വസൂലാണ്.
ലെതർ സ്റ്റിയറിംഗ് വീൽ, ഓൾ-ബ്ലാക്ക് ഇൻ്റീരിയർ ക്യാബിൻ, സ്മാർട്ട് കീയുള്ള പുഷ് ബട്ടൺ എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ്, കൂടാതെ സെഗ്‌മെൻ്റിലെ ആദ്യ ഡിജിറ്റൽ ബ്ലൂടൂത്ത് കീ, സ്റ്റീല്‍ ബോഡി, 360 ഡിഗ്രി ക്യാമറ, 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ട്രാഫിക് ജാം അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളും എംജി ഹെക്‌ടർ എസ്‌യുവിയുടെ പ്രത്യേകതകളായി എടുത്ത് പറയാം.

എംജി ഹെക്ടറിൽ 143 bhp പവറിൽ 250 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനും 170 bhp കരുത്തിൽ 350 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിനുമാണ് സജ്ജീകരിച്ചിരിക്കുന്നത്. 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനും സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളാണ് എസ്‌യുവിയുടെ പെട്രോൾ മോഡലുകളിലുള്ളത്. അതേസമയം ഡീസൽ മോഡൽ 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് സംവിധാനം മാത്രമാണ് വാഗ്‌ദാനം ചെയ്യുന്നത്.


Click it and Unblock the Notifications








