ബെഡ്റൂമിനേക്കാൾ സൗകര്യമുള്ള കാർ, 430 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് ലിമോസിനായുള്ള ബുക്കിംഗ് തുടങ്ങി എംജി
ഇലക്ട്രിക് കാറുകളിലൂടെ ടാറ്റ മോട്ടോർസ് കാണിച്ച മാജിക്കിനപ്പുറം എന്തെങ്കിലും ഉണ്ടെങ്കിൽ അതിന്റെ ഉടയോനാണ് എംജി. ZS, കോമെറ്റ്, വിൻഡ്‌സർ തുടങ്ങിയ മോഡലുകളിലൂടെ നിശബ്‌ദ വിപ്ലവം രചിച്ച് ബ്രാൻഡ് ഇപ്പോൾ വേറെ ലെവലായിരിക്കുകയാണ്. സാധാരണക്കാരിലേക്ക് കൂടുതൽ അടുത്ത കമ്പനി ഇനിയങ്ങോട്ട് അൽപം പ്രീമിയം മോഡലുകളായ കണ്ട് ഇവികളാണ് പുറത്തിറക്കാൻ പോവുന്നത്. സിനിമക്കാർക്കിടയിൽ ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന കിയ കാർണിവലിന്റേയും ടൊയോട്ട വെൽഫയറിന്റേയുമെല്ലാം അന്തകനായി ഒന്നാന്തരമൊരു ഇലക്ട്രിക് എംപിവിയാണ് എംജി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ഇക്കഴിഞ്ഞ 2025 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച M9 ഇവിയാണ് കക്ഷി.
എംജി സെലക്‌ട് എന്ന പ്രീമിയം ഡീലർഷിപ്പുകളിലൂടെ മാത്രം വിപണനത്തിനായി എത്തുന്ന M9 അൾട്രാ-ലക്ഷ്വറി ഓൾ-ഇലക്ട്രിക് ലിമോസിൻ മോഡലിനായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ. വാഹനം വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 51,000 രൂപ ടോക്കൺ തുക നൽകി എംജി സെലക്ട് വെബ്‌സൈറ്റ് വഴി ഈ പുതിയ ആഡംബര വാഹനം മുൻകൂട്ടി ബുക്ക് ചെയ്യാം.

M9 ഇവിയുടെ വില പ്രഖ്യാപനവും അവതരണവും മാർച്ചിൽ നടക്കുമെന്ന് കമ്പനി അറിയിച്ചിരുന്നുവെങ്കിലും പദ്ധതി വൈകുകയായിരുന്നു. ബുക്കിംഗ് ആരംഭിച്ചതോടെ അധികം വൈകാതെ അൾട്രാ-ലക്ഷ്വറി ഓൾ-ഇലക്ട്രിക് ലിമോസിൻ നിരത്തുകളിലേക്ക് എത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് എംജി മോട്ടോർസിന്റെ ഫ്ലാഗ്ഷിപ്പ് മോഡലായി ഇടംപിടിക്കാൻ ഒരുങ്ങുന്ന കാറിന് ഏകദേശം 65 ലക്ഷം രൂപയോളമാണ് എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്.
5,200 mm നീളവും 2,000 mm വീതിയും 1,800 mm ഉയരവുമുള്ള എംജി M9 ഈ വിഭാഗത്തിൽ കിയ കാർണിവൽ, ടൊയോട്ട വെൽഫയർ തുടങ്ങിയ എതിരാളികളോടാവും ഏറ്റുമുട്ടുക. ഇതിനായി 3,200 mm വലിപ്പമുള്ള വീൽബേസാണ് കാറിൽ ഒരുക്കിയിരിക്കുന്നത്. ആയതിനാൽ അകത്തെല്ലാം അന്യായ സ്പേസായിരിക്കും കാറിനുണ്ടാവുകയെന്ന് ചുരുക്കം. കാഴ്ച്ചയിലായാലും ആരേയും മോഹിപ്പിക്കുന്ന വിധത്തിലാണ് M9 ഇവി പണികഴിപ്പിച്ചിരിക്കുന്നത്.

പൂർണ വീതിയുള്ള എൽഇഡി ലൈറ്റ് ബാർ, ക്രോം അലങ്കാരങ്ങൾ, വെർട്ടിക്കൽ ഡ്രോപ്പ്-ഡൗൺ ടെയിൽ ലാമ്പുകൾ എന്നിവ ഉൾക്കൊള്ളുന്ന എക്സ്റ്റീരിയർ ശരിക്കും ആഡംബരത്തം തുളുമ്പുന്നതാണ്. കൂടാതെ ഇന്റഗ്രേറ്റഡ് ബ്രേക്ക് ലൈറ്റുള്ള റൂഫ് സ്‌പോയിലറും മുകളിൽ ഇന്റഗ്രേറ്റഡ് ബ്രേക്ക് ലൈറ്റും വരെ കൊടുത്തിരിക്കുന്നതും അതിമനോഹരമാണ്. ഇൻ്റീരിയറാണ് M9 അൾട്രാ-ലക്ഷ്വറി ഓൾ-ഇലക്ട്രിക് ലിമോസിന്റെ ഏറ്റവും വലിയ പ്രത്യേകത.
7-സീറ്റർ അല്ലെങ്കിൽ 8-സീറ്റർ ഓപ്ഷനിൽ ഇലക്ട്രിക് എംപിവി തെരഞ്ഞെടുക്കാനാവും. പ്രസിഡൻഷ്യൽ ലിമോസിൻ എന്ന് വിളിക്കപ്പെടുന്ന എംജി M9 ഇവിയുടെ അകത്തളം ഫസ്റ്റ് ക്ലാസ് സുഖസൗകര്യങ്ങളും നൂതന സവിശേഷതകളും വാഗ്ദാനം ചെയ്യുന്നതിനായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. 16-വേ അഡ്ജസ്റ്റ്‌മെന്റുള്ള പ്രസിഡൻഷ്യൽ സീറ്റുകൾ, 8 മസാജ് മോഡുകൾ, വെന്റിലേഷൻ, ഹീറ്റിംഗ് സംവിധാനങ്ങളെല്ലാം സീറ്റിൽ ലഭിക്കും.

64-കളർ ആംബിയന്റ് ലൈറ്റിംഗ് സിസ്റ്റം, 12-സ്പീക്കർ പ്രീമിയം സൗണ്ട് സജ്ജീകരണം, ഡ്യുവൽ യാച്ച്-സ്റ്റൈൽ പനോരമിക് സൺറൂഫ്, പവർഡ് റിയർ-സ്ലൈഡിംഗ് ഡോറുകൾ, റിയർ എന്റർടൈൻമെന്റ് സ്‌ക്രീനുകൾ എന്നിവയാണ് എംജി M9 ഇലക്ട്രിക് എംപിവിയിലെ മറ്റ് പ്രധാന സവിശേഷതകൾ. വലിയ ആഡംബര വാഹനമായതിനാൽ തന്നെ സേഫ്റ്റിയുടെ കാര്യത്തിലും ആള് വിട്ടുവീഴ്ച്ചയൊന്നും വരുത്തിയിട്ടില്ല.
ലെവൽ 2 ADAS, 7 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, പാർക്കിംഗ് സെൻസറുകൾ എന്നിവയെല്ലാം കാറിനെ അടിപൊളിയാക്കുന്ന കാര്യങ്ങളാണ്. 90kWh ലിഥിയം ബാറ്ററി പായ്ക്കുമായാണ് എംജി M9 ഇവി വിപണനത്തിന് എത്തുക. 245 bhp കരുത്തിൽ പരമാവധി 350 Nm torque ഉത്പാദിപ്പിക്കുന്ന ഫ്രണ്ട്-വീൽ-ഡ്രൈവ് മോട്ടോറുമായാണ് ബാറ്ററി ഘടിപ്പിച്ചിരിക്കുന്നത്.

സിംഗിൾ ചാർജിൽ WLTP സൈക്കിൾ സാക്ഷ്യപ്പെടുത്തിയ 430 കിലോമീറ്റർ റേഞ്ച് വരെയാണ് എംജി M9 വാഗ്ദാനം ചെയ്യുന്നത്. ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയോടെ ബാറ്ററി വെറും 30 മിനിറ്റിനുള്ളിൽ 30 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാനും സാധിക്കും. രാജ്യത്തെ ആജ്യത്തെ ഇലക്ട്രിക് ലിമോസിൻ കാറായതിനാൽ തന്നെ അവതരണം ശ്രദ്ധയാകർഷിക്കും. സിനിമാ താരങ്ങൾക്കും വലിയ വ്യവസായി പ്രമുഖരുമെല്ലാം M9 ഇവി വാങ്ങാൻ എത്തുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.


Click it and Unblock the Notifications








