യാത്രാസുഖത്തിന്റെ കാര്യത്തിൽ വിമാനം തോറ്റുപോവും, 548 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് എംപിവിയുമായി എംജി
ZS, കോമെറ്റ്, വിൻഡ്‌സർ തുടങ്ങിയ മോഡലുകളിലൂടെ നിശബ്‌ദ വിപ്ലവം രചിച്ച എംജി മോട്ടോർസ് (MG Motor) ഇവി രംഗത്തെ കിങ് മേക്കേഴ്‌സായി മാറിയിക്കഴിഞ്ഞു. ക്ഷീണമൊന്നുമില്ലാതെ ഏത് ദീർഘദൂര യാത്രകൾക്കും പറ്റുന്നൊരു പുത്തൻ വാഹനുമായാണ് ബ്രാൻഡിന്റെ അടുത്ത വരവ്. ഇലക്‌ട്രിക് കാറുകളിലൂടെ (Electric Cars) തരംഗം സൃഷ്‌ടിച്ച കമ്പനി ഇത്തവണ കൊണ്ടുവന്നിരിക്കുന്നത് ആഡംബര ഇലക്ട്രിക് എംപിവിയാണ് എന്നതാണ് രസകരമായ കാര്യം. അതും യാത്രാസുഖത്തിന്റെ കാര്യത്തിൽ വിമാനം തോറ്റുപോവുന്ന വണ്ടിയാണ് ഇന്ത്യയിലേക്ക് എത്തുന്നത് എന്നറിഞ്ഞാൽ പലരും ഷോറൂമിലേക്ക് വെച്ചുപിടിക്കുകയും ചെയ്യും.
മറ്റേതുമല്ല, കുറച്ചുകാലമായി കാത്തിരിക്കുന്ന M9 ഇലക്‌ട്രിക് എംപിവിയാണ് ഉടൻ തന്നെ വിപണിയിലേക്ക് എത്തിനിരിക്കുന്നത്. വാഹനത്തിന്റെ ഔദ്യോഗിക അവതരണത്തിന് മുന്നോടിയായി കാറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ഹൈപ്പ് ഉയർത്തിയിരിക്കുകയാണ് ബ്രാൻഡ്. ഇവിയുടെ ബാറ്ററി വലിപ്പം, റേഞ്ച്, ഫീച്ചറുകൾ തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് എംജി ആളുകളിലേക്ക് എത്തിച്ചിരിക്കുന്നത്.

90kWh ശേഷിയുള്ള നിക്കൽ മാംഗനീസ് കൊബാൾട്ട് (NMC) ബാറ്ററി പായ്ക്കാണ് എംജി M9 ഇവിയിൽ ഘടിപ്പിച്ചിരിക്കുന്നത്. ലിഥിയം-അയൺ ഫോസ്ഫേറ്റ് ബാറ്ററികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇലക്ട്രിക് എംപിവിയിലെ NMC സെൽ കെമിസ്ട്രി ഉപയോഗിക്കുന്നവ ഉയർന്ന ഊർജ സാന്ദ്രതയാണ് വാഗ്ദാനം ചെയ്യുന്നത്. ഫ്രണ്ട് ആക്‌സിലിൽ ഘടിപ്പിച്ചിരിക്കുന്ന മോട്ടോർ 245 bhp പവറിൽ 350 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്.
ബ്രാൻഡിന്റെ ആന്തരിക പരിശോധന ഫലങ്ങൾ പ്രകാരം എംജി M9 ഇവിക്ക് സിംഗിൾ ചാർജിൽ 548 കിലോമീറ്റർ റേഞ്ച് വരെ നൽകാനും സാധിക്കും. ചാർജിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ 160kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ എംപിവി ചാർജാവാൻ വെറും 90 മിനിറ്റ് സമയം മാത്രമാണ് വേണ്ടി വരിക. വീട്ടിലോ ഓഫീസിലോ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന 11kW AC ചാർജർ ഉപയോഗിക്കുകയാണെങ്കിൽ 0-100 ശതമാനം ചാർജ് ചെയ്യാൻ ഏകദേശം 10 മണിക്കൂർ വേണ്ടിവരും.

ഇന്റീരിയറിലേക്ക് കയറിയാൽ പിന്നെ ഇറങ്ങാൻ തോന്നാത്ത വിധമാണ് അകത്തളം പണിതെടുത്തിരിക്കുന്നത്. കോഗ്നാക് ബ്രൗൺ നിറത്തിൽ ഒരുക്കിയിരിക്കുന്ന ലെതർ, സ്യൂഡ് എന്നിവയുടെ സംയോജനമാണ് M9 ഇവിയുടെ അകത്തളത്തിൽ ഉപയോഗിച്ചിരിക്കുന്നത്. 12.23 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഇൻസ്ട്രുമെന്റേഷൻ ചുമതലകൾ നിറവേറ്റുന്ന 7 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ എന്നിവയെല്ലാം ഇലക്ട്രിക് എംപിവിയുടെ ആഡംബരം വർധിപ്പിക്കുന്നുമുണ്ട്.
ഫ്രണ്ടിൽ കൊടുത്തിരിക്കുന്ന ടച്ച്സ്ക്രീൻ വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി എന്നിവയേയും സപ്പോർട്ട് ചെയ്യും. കൂടാതെ ജെബിഎൽ സൗണ്ട് സിസ്റ്റം, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഹീറ്റഡ്, വെന്റിലേറ്റഡ്, മസാജ് ഫങ്ഷനുകളുള്ള ഡ്രൈവർ, പാസഞ്ചർ സീറ്റുകൾ, വയർലെസ് ചാർജർ, സിംഗിൾ-പാനൽ സൺറൂഫ്, ഡ്രൈവ് മോഡുകൾ, ഡിജിറ്റൽ IRVM, PM 2.5 എയർ ഫിൽട്ടർ തുടങ്ങിയ ഗംഭീര ഫീച്ചറുകളും എംജി M9 ഇവിയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

പിന്നിലെ സീറ്റിലേക്ക് വരികയാണെങ്കിൽ പ്രസിഡൻഷ്യൽ സീറ്റുകൾ, മസാജിംഗ്, വെന്റിലേഷൻ, ഹീറ്റഡ് പ്രവർത്തനങ്ങൾ എന്നിവയെല്ലാം സഞ്ചരിക്കുന്നവർക്ക് ഉപയോഗിക്കാനാവും. അധിക സുഖത്തിനായി ഒട്ടോമൻ ഫീച്ചറും കൊടുത്തിട്ടുണ്ട്. ഈ സവിശേഷതകളും ഓരോ സീറ്റിന്റെയും ഹെഡ്‌റെസ്റ്റുകളിലെ ടച്ച്‌സ്‌ക്രീനുകൾ വഴി എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ കഴിയും. ബോസ് മോഡ് ഉപയോഗിച്ച് പിന്നിൽ കൂടുതൽ സ്ഥലം ഒരുക്കുന്നതിനായി കെർബ്-സൈഡ് ഫ്രണ്ട് പാസഞ്ചർ സീറ്റ് മുന്നോട്ട് നീക്കാൻ കഴിയും.
പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റുകൾ, മാനുവൽ വിൻഡോ ഷേഡുകൾ എന്നിവയും കൂടിയാവുമ്പോൾ യാത്രകൾ ഗംഭീരമാവും. മൂന്നാം നിരയിൽ 3 പേർക്ക് സുഖമായി ഇരിക്കാവുന്ന വിധത്തിലാണ് സീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ എസി വെന്റുകളും യുഎസ്ബി-എ കണക്റ്റിവിറ്റിയും കമ്പനി കൊടുത്തിട്ടുണ്ട്. വെഹിക്കിൾ ടു ലോഡ് (V2L), വെഹിക്കിൾ ടു വെഹിക്കിൾ (V2V) ചാർജിംഗും M9 ഇവി നൽകും.

945 ലിറ്റർ ബൂട്ട് സ്പേസും 55 ലിറ്റർ ഫ്രങ്ക് ചാർജറുമാണ് കാറിലെ മറ്റ് സവിശേഷതകൾ. ലെവൽ 2 ADAS, 7 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ESP, EPB, TPMS, നാല് ഡിസ്ക് ബ്രേക്കുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ, എമർജൻസി ബ്രേക്ക് അസിസ്റ്റ് തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും എംജിയുടെ ഇലക്ട്രിക് വാഹനത്തിന്റെ സുരക്ഷാ സവിശേഷതകളാണ്. ഏകദേശം 65 ലക്ഷം രൂപയോളമാണ് M9 ഇവിക്ക് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില.


Click it and Unblock the Notifications








