548 KM റേഞ്ചുള്ള ഇലക്‌ട്രിക് എംപിവിയുടെ വിലയറിയാൻ മണിക്കൂറുകൾ മാത്രം! ബിസിനസ് ക്ലാസ് യാത്രക്കായി ഒരുങ്ങിക്കോ
ഇലക്ട്രിക് കാർ വിപണിയിൽ അതിവേഗം കുതിക്കുന്ന എംജി മോട്ടോർസ് ഇന്ത്യക്കായി പുതിയൊരു ഇലക്ട്രിക് എംപിവിയെ ഇന്ന് അവതരിപ്പിക്കും. കുറച്ചുനാളുകളായി വണ്ടിഭ്രാന്തൻമാർ കാത്തിരിക്കുന്ന M9 ഇവിയുടെ വിലയറിയാൻ മണിക്കൂറുകൾ മാത്രമാണ് ഇനിയുള്ളത്. ഇന്ത്യയിലെ എംജിയുടെ ആദ്യത്തെ പീപ്പിൾ-കാരിയർ എന്ന നിലയിലാണ് M9 രംഗത്തിറങ്ങുന്നത്. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന CBU ഉൽപ്പന്നമായതിനാൽ ഈ രാജകീയമായ കാറിന് 65 ലക്ഷം മുതൽ 70 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില. എംജിയുടെ പ്രീമിയം റീട്ടെയിൽ ശൃംഖലയായ സെലക്റ്റിലൂടെ വിപണത്തിന് എത്തുന്ന ആദ്യ മോഡൽ കൂടിയായിരിക്കും ഇത്.
എല്ലാ സവിശേഷതകളും ഉൾക്കൊള്ളുന്ന ഒരു ഫുള്ളി ലോഡഡ് പ്രസിഡൻഷ്യൽ ലിമോസിൻ വേരിയന്റിലാവും M9 ഇവി വാഗ്ദാനം ചെയ്യുക. ബോക്സി എംപിവി ഡിസൈനുള്ള വാഹനം ഒരു ചലിക്കുന്ന കൊട്ടാരം പോലെയാവും തോന്നിപ്പിക്കുക. ലോവർ-സെറ്റ് ഹെഡ്‌ലാമ്പുകൾ, വലിയ ഫ്രണ്ട്, റിയർ ഓവർഹാങ്ങുകൾ, വലിയ കണക്റ്റഡ് ടെയിൽ ലാമ്പുകൾ തുടങ്ങിയ ഘടകങ്ങളാണ് മൾട്ടി പർപ്പസ് ഇലക്ട്രിക് കാറിന്റെ അഴകുറ്റതാക്കുന്നത്.

സെൽഫ്-ഹീലിംഗ് കോണ്ടിനെന്റൽ കോണ്ടിസീൽ ടയറുകളുള്ള 19 ഇഞ്ച് അലോയ് വീലുകൾ, പിൻവശത്ത് എൽഇഡി ടെയിൽലൈറ്റുകൾ, ഇലക്ട്രിക് ടെയിൽഗേറ്റ്, റൂഫ് സ്‌പോയിലർ എന്നിവയും വാഹനത്തിന്റെ എക്സ്റ്റീരിയറിന്റെ മനോഹാരിത വർധിപ്പിക്കാനായി ഒരുക്കിയിട്ടുണ്ട്. മൂന്ന് നിരകളും 7 സീറ്റർ ഓപ്ഷനുമായി എത്തുന്ന M9 ഇവിക്ക് മൊത്തത്തിൽ 5,270 mm നീളവും 2,000 mm വീതിയും 1,840 mm ഉയരവും 3,200 mm വീൽബേസുമാണുള്ളത്.
പുംണോടിയേക്കാൾ അകത്തളമായിരിക്കും ഏറ്റവും അടിപൊളി. മൂന്ന് നിര സീറ്റുകളിലും ബ്രൌൺ, ബ്ലാക്ക് നിറങ്ങളുടെ സംയോജനത്തിലാണ് ഇന്റീരിയർ പൂർത്തിയാക്കിയിരിക്കുന്നത്. റിയർ സീറ്റ് പാക്കേജാണ് ഇതിന്റെ പ്രധാന ഹൈലൈറ്റ് എന്നുതന്നെ പറയാം. പവർഡ് ക്യാപ്റ്റൻ സീറ്റുകൾ M9 ഇവിയിലെ യാത്രകൾ കൂടുതൽ സുഖകരമാക്കും. ലെവൽ 2 ADAS, റിയർ സീറ്റ് പാക്കേജ് ഡ്യുവൽ സ്‌ക്രീനുകൾ, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, ഡ്യുവൽ ഡിജിറ്റൽ സ്‌ക്രീനുകൾ, പനോരമിക് സൺറൂഫ് എന്നിവ പോലുള്ള മറ്റ് സൌകര്യങ്ങളും കാറിലുണ്ടാവും.

സേഫ്റ്റിയുടെ കാര്യത്തിലും ആശാൻ ഉഗ്രനാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ ഇതുവരെ പരീക്ഷിച്ചിട്ടില്ലെങ്കിലും യൂറോപ്യൻ, ഓസ്‌ട്രേലിയൻ NCAP ക്രാഷ് ടെസ്റ്റുകളിൽ എംജി M9 ഇലക്ട്രിക് എംപിവിക്ക് 5-സ്റ്റാർ റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. 7 എയർബാഗുകൾ, എബിഎസ്, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ടയർ പ്രഷർ മോണിട്ടറിംഗ് സിസ്റ്റം (TPMS) എന്നീ സേഫ്റ്റി ഫീച്ചറുകളെല്ലാം കോർത്തിണക്കിയാണ് M9 വരുന്നത്.
അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഇന്റഗ്രേറ്റഡ് ക്രൂയിസ് അസിസ്റ്റ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ-കീപ്പിംഗ് അസിസ്റ്റ്, സ്പീഡ് അസിസ്റ്റ് സിസ്റ്റം, 360-ഡിഗ്രി സറൗണ്ട് വ്യൂ സ്ക്രീൻ എന്നിവ അടങ്ങുന്ന ADAS പാക്കേജും ഇതിൽ ഉൾപ്പെടുന്നു. 90 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ഇലക്ട്രിക് എംപിവി ഉപയോഗിക്കുന്നത്. ഇത് സിംഗിൾ ചാർജിൽ 548 കിലോമീറ്റർ റേഞ്ച് വരെ നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഇവിയിൽ ഉപയോഗിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോർ 241 bhp പവറിൽ 350 Nm ടോർക്ക് വരെ നിർമിക്കാനും യോഗ്യമാണ്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയാണ് M9 ഇവിക്ക് പുറത്തെടുക്കാനാവുക. ചാർജിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ 11 kWh ചാർജർ ഉപയോഗിച്ച് ഏകദേശം 8.5 മണിക്കൂറിനുള്ളിൽ ബാറ്ററി 5 ശതമാനത്തിൽ നിന്ന് 100 ശതമാനത്തിലേക്ക് പൂർണമായി ചാർജ് ചെയ്യാൻ കഴിയും.
ഡിസി ഫാസ്റ്റ് ചാർജറാണ് ഉപയോഗിക്കുന്നതെങ്കിൽ വെറും 30 മിനിറ്റിനുള്ളിൽ ബാറ്ററി 30 ശതമാനത്തിൽ നിന്ന് 80 ശതമാനത്തിലേക്ക് ചാർജ് ചെയ്യാനും സാധിക്കുമെന്നാണ് എംജി അവകാശപ്പെടുന്നത്. ഇന്ത്യയിലെ എംജിയുടെ ആദ്യത്തെ പീപ്പിൾ-കാരിയർ എന്ന നിലയിലാണ് M9 അവതരിപ്പിക്കുന്നത്. ഒപ്പം ZS ഇവി, കോമെറ്റ് ഇവി, വിൻഡ്‌സർ ഇവി എന്നിവയ്ക്ക് ശേഷം പുറത്തിറക്കുന്ന എംജിയുടെ നാലാമത്തെ ഇലക്ട്രിക് കാറായിരിക്കും ഇത്.


Click it and Unblock the Notifications








