വെൽഫെയറൊക്കെ ഇനി ആര് വാങ്ങാനാ? അകത്ത് ഫുട്ബോൾ കളിക്കാൻ ഇടമുള്ള എംപിവിയുമായി എംജി വരുന്നു
നല്ല യാത്രാ സുഖം, വിശ്വാസം എന്നിങ്ങനെയുള്ള സ്വഭാവ സവിശേഷതകൾ നോക്കി വണ്ടി വാങ്ങുന്നവർക്കുള്ള ഉത്തരമാണ് ടൊയോട്ട കാറുകൾ. സാധാരണക്കാർക്കായി കമ്പനി ഇന്നോവയ്ക്ക് രൂപം കൊടുത്തപ്പോൾ ആഡംബരം നിറഞ്ഞ യാത്രകൾ ആഗ്രഹിക്കുന്നവർക്ക് ജാപ്പനീസ് വാഹന നിർമാതാക്കൾ സമ്മാനിച്ച വണ്ടിയായിരുന്നു വെൽഫെയർ (Toyota Vellfire). പെട്ടന്ന് തന്നെ സെബ്രിറ്റികൾക്കിടയിലും വലിയ വ്യവസായി പ്രമുഖർക്കിടയിലും ഹിറ്റായി മാറിയ വെൽഫെയർ എന്ന് ആഡംബര കാറുകളേക്കാൾ കൂടുതൽ വിറ്റഴിയുന്നുണ്ടെന്ന് വേണം പറയാൻ. എന്നാൽ അധികകാലം ഈ വിൽപ്പന തുടരില്ലെന്ന സൂചന നൽകിയിരിക്കുകയാണ് എംജി മോട്ടോർ.
വെൽഫെയർ ട്രെൻഡ് പൊളിക്കാൻ പുത്തൻ പ്രീമിയം എംപിവിയുമായി ഇന്ത്യയിലേക്ക് കടന്നുവരാൻ പോവുകയാണ് എംജി മോട്ടോർ. ഇതിന്റെ ഭാഗമായി മിഫ 9 എംപിവിയുടെ പുത്തൻ ടീസറും കമ്പനി പുറത്തുവിട്ടിരിക്കുകയാണ്. ഉടൻ നടക്കാനിരിക്കുന്ന 2025 ഭാരത് മൊബിലിറ്റി എക്സ്പോയിൽ അഡാറ് മോഡലിനെ എംജി അവതരിപ്പിക്കുമെന്നാണ് സ്ഥിരീകരണം. ബ്രാൻഡിൻ്റെ പ്രീമിയം നെറ്റ്‌വർക്കായ എംജി സെലക്റ്റിന് കീഴിലായിരിക്കും വണ്ടിയുടെ വിൽപ്പന നടക്കുക.

എന്തായാലും ഇന്ത്യയിലെ ആഡംബര എംപിവി വിഭാഗത്തിന് പുതിയ തിലകക്കുറിയായിരിക്കും മിഫ എന്നതിൽ സംശയമൊന്നും വേണ്ട. ഭാരത് മൊബിലിറ്റി എക്സ്പോയിലെ അരങ്ങേറ്റത്തിന് ശേഷം അന്താരാഷ്‌ട്ര വിപണിയിൽ മാക്‌സസ് 9 എന്നറിയപ്പെടുന്ന മൾട്ടി പർപ്പസ് വാഹനം 2025 മാർച്ചിൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുമെന്നാണ് വിവരം. ഏകദേശം 65 ലക്ഷം രൂപ മുതൽ വില പ്രതീക്ഷാം കേട്ടോ. അടുത്തിടെ പുറത്തിറക്കിയ കിയ കാർണിവൽ എംപിവി പോലുള്ള വാഹനങ്ങളുമായി മിഫ 9 മത്സരിക്കും.
ഡിസൈനിലേക്ക് നോക്കിയാൽ ആരേയും കൊതിപ്പിക്കുന്ന രൂപം തന്നെയാണ് എംജി മിഫ 9 എംപിവിക്കുള്ളത്. പൂർണ വീതിയുള്ള എൽഇഡി ലൈറ്റ് ബാർ, ക്രോം അലങ്കാരങ്ങൾ, വെർട്ടിക്കൽ ഡ്രോപ്പ്-ഡൗൺ ടെയിൽ ലാമ്പുകൾ എന്നിവ ഉൾക്കൊള്ളുന്ന എക്സ്റ്റീരിയർ ശരിക്കും ആഡംബരത്തം തുളുമ്പുന്നതാണ്. ബോക്‌സി എംപിവി രൂപഘടനയും ശ്രദ്ധേയമായ ഡിസൈൻ ഹൈലൈറ്റുകളും തമ്മിൽ സന്തുലിതമാക്കുന്ന രൂപം ആരേയും മോഹിപ്പിക്കുന്നതാണെന്ന് പറയാതെ വയ്യ.

5.2 മീറ്റർ നീളവും 2 മീറ്റർ വീതിയും 1.8 മീറ്റർ ഉയരവും ഉള്ള മിഫ 9 വലിപ്പത്തിന്റെ കാര്യത്തിൽ കിയ കാർണിവലിനേക്കാളും ടൊയോട്ട വെൽഫറിനേക്കാളും സമ്പന്നമായിരിക്കും. അതിനാൽ യാത്രക്കാർക്ക് ഫുൾബോൾ കളിക്കാനുള്ള സ്ഥലം കാറിനുള്ളിൽ കിട്ടുമെന്നതിൽ സംശയമൊന്നും വേണ്ട. മതിയായ ഇൻ്റീരിയർ സ്പേസുള്ള വാഹനം 7 അല്ലെങ്കിൽ 8 സീറ്റർ ഓപ്ഷനിലും വാങ്ങാനായേക്കും.
ഹീറ്റിംഗ്, വെൻ്റിലേഷൻ, മസാജ് ഫംഗ്‌ഷനുകൾ എന്നിവയുള്ള പവർഡ് ഫ്രണ്ട്, റിയർ സീറ്റുകൾ, ഫോൾഡ്-ഔട്ട് ഓട്ടോമൻ സീറ്റുകൾ, പവർഡ് സ്ലൈഡിംഗ് റിയർ ഡോറുകൾ, ഇരട്ട സൺറൂഫുകൾ എന്നിവയാണ് എംജി മിഫ 9 എംപിവിയിലെ മറ്റ് ആഡംബര സവിശേഷതകൾ. ഇതുകൂടാതെ റിയർ എൻ്റർടെയ്ൻമെൻ്റ് സ്‌ക്രീനുകൾ, പ്രീമിയം ഓഡിയോ സിസ്റ്റം, നൂതന കണക്റ്റിവിറ്റി സവിശേഷതകൾ എന്നിവയാലും വാഹനം സമ്പന്നമായിരിക്കും.

പിന്നെ പറയാൻ മറന്നുകേട്ടോ, ടൊയോട്ട വെൽഫയറും കിയ കാർണിവലും പോലെ ഇതൊരു പെട്രോളോ, ഡീസലോ ഉപയോഗിച്ചായിരിക്കില്ല പ്രവർത്തിക്കുക. എംജി മിഫ 9 എംപിവിയൊരു സമ്പൂർണ ഇലക്ട്രിക് കാറായിരിക്കും. 245 bhp പവറിൽ പരമാവധി 350 Nm torque നൽകുന്ന 90 കിലോവാട്ട് ലിഥിയം അയൺ ബാറ്ററിയാണ് വാഹനത്തിന് കരുത്തേകുന്നത്. പ്രീമിയം ഇലക്ട്രിക് എംപിവി വിഭാഗത്തിൽ ശക്തനാക്കാൻ സിംഗിൾ ചാർജിൽ 430 കിലോമീറ്റർ റേഞ്ചും മിഫ 9 വാഗ്‌ദാനം ചെയ്യും.
മുകളിൽ പറഞ്ഞതുപോലെ എംജി മോട്ടോർ ഇന്ത്യയുടെ പ്രീമിയം ഡീലർഷിപ്പ് നെറ്റ്‌വർക്കായ എംജി സെലക്റ്റിന് കീഴിലായിരിക്കും ലക്ഷ്വറി ഇലക്ട്രിക് എംപിവി വിപണനം ചെയ്യുക. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എംജി സൈബർസ്റ്റർ ഇവിയ്‌ക്കൊപ്പം മിഫ 9 റീട്ടെയിൽ ചെയ്യും. ഈ എക്‌സ്‌ക്ലൂസീവ് റീട്ടെയിൽ പ്ലാറ്റ്‌ഫോം ആഡംബര വാഹനം വാങ്ങാനെത്തുന്നവരെ ലക്ഷ്യംവെച്ചാണ് കമ്പനി ഡിസൈൻ ചെയ്‌തിരിക്കുന്നത്.


Click it and Unblock the Notifications








