കാറിനകത്ത് നിന്നും രോഗമുണ്ടാവില്ല, കാറുകളിൽ ആ പുതിയ ഫീച്ചർ ചേർത്ത് എംജിയുടെ സമ്മാനം; സംഗതി കൊള്ളാം
വാഹനം വാങ്ങാൻ എത്തുന്നവരുടെ മനസ് കൃത്യമായി മനസിലാക്കാൻ അറിയാവുന്നവരാണ് എംജി മോട്ടോർ. ഹെക്‌ടറിലൂടെ ഇന്ത്യയിൽ വേരോട്ടം നടത്തിയ ബ്രാൻഡ് ഇപ്പോൾ ഇലക്ട്രിക് കാറുകളിലൂടെയാണ് തരംഗം തീർക്കുന്നത്. ഇതോടൊപ്പം തന്നെ ICE എഞ്ചിൻ മോഡലുകളിലും വേണ്ട നവീകരണങ്ങൾ കൃത്യസമയത്ത് അവതരിപ്പിക്കാൻ ബ്രാൻഡിന് നല്ല മിടുക്കാണ്. ഇപ്പോഴിതാ വായൂ മലിനീകരണത്തെ നേരിടാനായി ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ തങ്ങളുടെ വാഹനങ്ങൾക്കുള്ളിൽ PM 2.5 എയർ ഫിൽറ്ററുകൾ ഉൾപ്പെടുത്തിയിരിക്കുകയാണ്. കേരളത്തിൽ വായു മലിനീകരണം പൊതുവേ കുറവാണെങ്കിലും ഡൽഹി പോലുള്ള വലിയ നഗരങ്ങളിൽ വാഹനം ഉപയോഗിക്കുന്നവർക്ക് ഈയൊരു ഫീച്ചർ അനുഗ്രഹമായി തീരും.
PM 2.5 എയർ ഫിൽട്ടറുകളും എയർ പ്യൂരിഫയറുകളും ഉൾപ്പെടുത്തിയിരിക്കുന്നത് തെരഞ്ഞെടുത്ത വേരിയന്റുകളിൽ മാത്രമാണ് കേട്ടോ. പുറത്തെ വായുവിന്റെ ഗുണനിലവാരം കുറയുമ്പോൾ പോലും, വൃത്തിയുള്ളതും ആരോഗ്യകരവുമായ ഇൻ-ക്യാബിൻ അന്തരീക്ഷത്തിൽ എംജി കാർ ഉടമകൾക്ക് ഓരോ യാത്രയും ആസ്വദിക്കാൻ കഴിയും. 2.5 മൈക്രോണിൽ താഴെ വലിപ്പമുള്ള സൂക്ഷ്മ കണികകളെയാണ് PM 2.5 സൂചിപ്പിക്കുന്നത്.

മൂക്കും തൊണ്ടയും മറികടന്ന് ശ്വാസകോശത്തിലെത്തുകയും ദോഷം വരുത്തുകയും ചെയ്യുന്ന തരത്തിൽ വളരെ ചെറുതാണ് 2.5 മൈക്രോണിൽ താഴെ വലിപ്പമുള്ള സൂക്ഷ്മ കണികകൾ. ഈ പ്രത്യേക ഭീഷണിയെ ചെറുക്കുന്നതിനാണ് എംജിയുടെ ശുദ്ധവായു സാങ്കേതികവിദ്യ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആസ്റ്റർ, ഗ്ലോസ്റ്റർ, വിൻഡ്‌സർ, കോമെറ്റ്, ZS ഇവി എന്നിവയുൾപ്പെടെയുള്ള മോഡലുകളിൽ ലഭ്യമായ PM 2.5 എയർ ഫിൽട്ടറുകൾ പൊടി, പുക, കരി, ബാക്ടീരിയ എന്നിവയുൾപ്പെടെ ഈ ദോഷകരമായ കണങ്ങളെ ഇല്ലാതാക്കും.
അങ്ങനെ കാറിനകത്ത് ശുദ്ധവായൂ ഉറപ്പാക്കുകയും ചെയ്യും. ജനപ്രിയായ ഹെക്ടറിൽ ഒരു സമർപ്പിത PM 2.5 എയർ പ്യൂരിഫയറാണ് എംജി മോട്ടോർ അവതരിപ്പിക്കുന്നത്. അത് ക്യാബിൻ സുരക്ഷ കൂടുതൽ ഉറപ്പാക്കും. മലിനീകരണം, അലർജികൾ, ദുർഗന്ധം എന്നിവ ഫലപ്രദമായി നീക്കം ചെയ്യാൻ സിസ്റ്റം ആക്റ്റിവേറ്റഡ് കാർബൺ ഫിൽട്ടറാണ് ഉപയോഗിക്കുന്നത്. ഇതിൽ ഒരു ഇൻബിൽറ്റ് എയർ ക്വാളിറ്റി ഇൻഡക്സ് (AQI) ഡിസ്പ്ലേയും ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ആളുകൾക്ക് വിവരങ്ങൾ അറിയാനും സാധിക്കും.

ഇങ്ങനെ ഉപഭോക്താക്കൾക്ക് വേണ്ടുന്ന ഫീച്ചറുകൾ ഉൾപ്പെടുത്തുന്നതിൽ എംജി എപ്പോഴും വേറിട്ടുനിൽക്കാറുണ്ട്. ഇവികൾക്ക് പുതിയ സാധ്യതകൾ തുറന്നുകൊടുത്ത കമ്പനിയുടെ നിരയിൽ നിന്നും നിലവിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡൽ വിൻഡ്‌സർ ഇലക്ട്രിക് ക്രോസ്ഓവർ വാഹനമാണ്. വിപണി അടക്കിവാണിരുന്ന ടാറ്റ നെക്സോൺ ഇവിയെ വരെ തൂക്കി രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വൈദ്യുത കാറായും വിൻഡ്‌സർ മാറിയിരുന്നു.
വിപണിയിൽ അവതരിപ്പിച്ച് ഒരു വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി വിന്‍ഡ്‌സര്‍ ഇവിക്ക് പുത്തനൊരു ഇന്‍സ്പയര്‍ എഡിഷനും എംജി മോട്ടോർ അവതരിപ്പിച്ചിരുന്നു. വിൻഡ്‌സർ ഇവിയുടെ ഇൻസ്‌പയർ പതിപ്പിന്റെ 300 യൂണിറ്റുകൾ മാത്രമേ വിപണിയിൽ ഔദ്യോഗികമായി പുറത്തിറക്കുകയുള്ളൂ. 38 kWh ബാറ്ററി പായ്ക്കുമായി വരുന്ന ഇലക്ട്രിക് കാറിന് 332 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചാണ് കമ്പനി പറയുന്നത്.
വിൻഡ്‌സറിന്റെ സ്റ്റാൻഡേർഡ് പതിപ്പുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നതിനായി ഒരുപാട് നവീകരണങ്ങളും ഇൻസ്‌പയർ എഡിഷന് കൊടുത്തിട്ടുണ്ട്. ഡിസൈനിന്റെ കാര്യത്തിൽ രൂപഘടന ഒന്നാണെങ്കിലും കാഴ്ച്ചയിൽ പുതുമ കൊണ്ടുവരാനായി പേൾ വൈറ്റ്, സ്റ്റാറി ബ്ലാക്ക് ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ കളർ ഓപ്ഷൻ വാഹനത്തിന് സമ്മാനിച്ചിട്ടുണ്ട്. ബോണറ്റ് ഉൾപ്പെടെ വിൻഡ്‌സർ ഇവി ഇൻസ്‌പയർ എഡിഷന്റെ മുകൾഭാഗം കറുപ്പ് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.
ബോഡിയുടെ ബാക്കി ഭാഗങ്ങൾ വൈറ്റ് നിറത്തിലാണ് പണികഴിച്ചിപ്പിച്ചിരിക്കുന്നത്. വശക്കാഴ്ച്ചയിലേക്ക് വരുമ്പോൾ സ്പെഷ്യൽ എഡിഷന്റെ ഡോറുകളിൽ ക്ലാഡിംഗ് കാണാം. ഈ ക്ലാഡിംഗുകളിൽ റോസ് ഗോൾഡ് നിറമുള്ള ട്രിമ്മാണ് കമ്പനി ഉപയോഗിക്കുന്നത്. ഇൻസ്‌പയർ എഡിഷനിലെ മറ്റൊരു വ്യത്യാസം വീലുകളാണ്. സ്റ്റാൻഡേർഡ് പതിപ്പുകളിൽ കാണുന്ന അതേ സ്റ്റൈലുള്ള 18 ഇഞ്ച് അലോയ് വീലുകളിലാണ് വാഹനം വരുന്നതെങ്കിലും ഗ്ലോസ് ബ്ലാക്ക് നിറത്തിൽ ഒരുക്കിയിരിക്കുന്നതിനാൽ കാണാൻ വല്ലാത്തൊരു ചേലാണ്.
അകത്തേക്ക് കടക്കുമ്പോൾ ക്യാബിൻ തീം മാറിയിരിക്കുന്നത് കാണാം. ഇൻസ്‌പയർ എഡിഷന് സാംഗ്രിയ റെഡ്, ബ്ലാക്ക് ലെതർ അപ്ഹോൾസ്റ്ററിയാണ് എംജി മോട്ടോർ കൊടുത്തിരിക്കുന്നത്. ഹെഡ്‌റെസ്റ്റുകളിൽ ഇൻസ്‌പയർ എഡിഷൻ എംബ്രോയിഡറി ഉണ്ട്. ബാക്കിയെല്ലാം സ്റ്റാൻഡേർഡ് മോഡലുകൾക്ക് സമാനമാണ്. വിൻഡ്‌സർ ഇവിയുടെ ടോപ്പ്-എൻഡ് വേരിയന്റിൽ ലഭ്യമായ എല്ലാ സവിശേഷതകളും ഇത് വാഗ്ദാനം ചെയ്യുന്നുമുണ്ട്.


Click it and Unblock the Notifications








