ടാറ്റയുടെ ഫ്യൂസൂരിയ ഇവി, 449 കി.മീ. റേഞ്ചുള്ള എംജിയുടെ ഇലക്‌ട്രിക് കാർ ഇതുവരെ വാങ്ങിയത് 27,000 പേർ
ഇലക്‌ട്രിക് കാർ വിപണിയിലെ ടാറ്റയുടെ ആധിപത്യം ഒരൊറ്റ കാറിലൂടെ പൊളിച്ചുകൊടുത്തവരാണ് എംജി മോട്ടോർസ്. ZS ഇവി, കോമെറ്റ് ഇവി പോലുള്ള നല്ല വൈദ്യുത കാറുകളിലൂടെ മികച്ച തുടക്കമാണ് എംജിക്ക് ലഭിച്ചതെങ്കിലും അതുവരെയും ടാറ്റയുടെ വിൽപ്പന കണക്കുകളോടൊന്നും പിടിച്ചുനിൽക്കാനായിരുന്നില്ല. എന്നാൽ തുറുപ്പുചീട്ടായി വിൻഡ്‌സർ ഇവി വന്നതോടെ എതിരാളികളുടെ കോട്ട മൊത്തത്തിൽ പിടിച്ചെടുക്കാൻ ചൈനീസ് വാഹന നിർമാതാക്കൾക്കായി. വിമാനത്തിലേത് പോലെയുള്ള യാത്രാസുഖവും താരതമ്യേന കുറഞ്ഞ വിലയും കൂടിയായതോടെ ആളുകൾ കൂട്ടത്തോടെ ഷോറൂമുകളിലേക്ക് ഒഴുകി. അങ്ങനെ ഒറ്റയടിക്ക് പഞ്ച് ഇവിയുംനെക്സോൺ ഇവിയും വാങ്ങിനിരുന്നവരെല്ലാം വിൻഡ്‌സറിനെ കൂടെക്കൂട്ടി.
അടുത്തിടെ വാഹനത്തിനുണ്ടായിരുന്ന ചില പോരായ്‌മകളെല്ലാം പരിഹരിച്ച് പുത്തനൊരു വേരിയന്റിനെയും കമ്പനി പുറത്തിറക്കിയിരുന്നു. ഇതോടെ വാങ്ങാനെത്തുന്നവരുടെ എണ്ണത്തിലും വലിയ വർധനവാണുണ്ടായത്. 2024 സെപ്റ്റംബറിൽ പുറത്തിറങ്ങിയ വിൻഡ്‌സർ ഇവിയുടെ 27,000 യൂണിറ്റ് വിൽപ്പന മറികടന്നിരിക്കുകയാണ് എംജി മോട്ടോർസ്. ഇത്രവേഗത്തിൽ ഈയൊരു നേട്ടം കൈവരിക്കാനായതിൽ കമ്പനി ഡബിൾ ഹാപ്പിയായിരിക്കും.

വിപണിയിലെത്തിയ ആദ്യനാളുകളിൽ 38 കിലോവാട്ട്സ് ബാറ്ററി പായ്ക്കിലാണ് ഇന്ത്യയുടെ ക്രോസ്ഓവർ യൂട്ടിലിറ്റി വാഹനം പുറത്തിറക്കിയതെങ്കിൽ പിന്നീട് 2025 മെയ് മാസത്തിൽ വലിയ 52.9 കിലോവാട്ട്സ് ബാറ്ററി പായ്ക്കിൽ വിൻഡ്‌സർ പ്രോ മോഡലും വിപണിയിലെത്തി. 2025 മെയ് മാസത്തിൽ ലോഞ്ച് ചെയ്ത് 24 മണിക്കൂറിനുള്ളിൽ പുതിയ വേരിയന്റിന് 8,000 ബുക്കിംഗുകൾ ലഭിച്ചതായി കാർ നിർമാതാവ് പ്രഖ്യാപിച്ചിരുന്നു.
അത്രയേറെ ഇന്ത്യക്കാരുടെ വിശ്വാസം എംജി വിൻഡ്‌സർ ഇവി നേടിയിട്ടുണ്ടെന്ന് വേണം മനസിലാക്കാൻ. മെട്രോ നഗരങ്ങൾക്ക് പുറമേ, വളർന്നുവരുന്ന വിപണികളിൽ നിന്നും എംജി വിൻഡ്‌സർ ഇവിക്ക് ശക്തമായ ഡിമാൻഡ് ഉണ്ടെന്നും മൊത്തം വിൽപ്പനയുടെ 48 ശതമാനവും മെട്രോപൊളിറ്റൻ നഗരങ്ങളല്ലാത്ത വിപണികളിൽ നിന്നാണെന്നും കാർ നിർമാതാക്കൾ അഭിപ്രായപ്പെടുന്നുണ്ട്.

ബാറ്ററി-ആസ്-എ-സർവീസ് (BaaS) ഓപ്ഷനോടുകൂടിയ ബ്രാൻഡിന്റെ ആദ്യ ഓഫറായിരുന്നു വിൻഡ്‌സർ ഇവി എന്നതും വിൽപ്പന വേഗം വർധിക്കാൻ കാരണമായിട്ടുണ്ട്. ഇത് ഇലക്ട്രിക് ക്രോസ്ഓവറിന്റെ വില ഗണ്യമായി കുറയ്ക്കാൻ സഹായിച്ച കാര്യമാണ്. ബാറ്ററി സ്വന്തമായി വാങ്ങുന്നതിന് പകരം വാഹനത്തിലെ ബാറ്ററി പായ്ക്ക് വാടകയ്ക്ക് എടുക്കുന്ന സംവിധാനമാണിത്. പകരം ഓടുന്ന ഓരോ കിലോമീറ്ററിനും 3 രൂപ 50 പൈസ നൽകിയാൽ മതിയാവും.
ബാറ്ററി-ആസ്-എ-സർവീസ് വഴി എംജി വിൻഡ്‌സർ ഇവി വാങ്ങുമ്പോൾ 10 ലക്ഷം മുതൽ 13.10 ലക്ഷം വരെയാണ് വില വരുന്നത്. അതേസമയം കാറിന്റെ ബാറ്ററി ഉൾപ്പടെ സ്വന്തമായി വാങ്ങുകയാണെങ്കിൽ 14 ലക്ഷം മുതൽ 18.10 ലക്ഷം വരെ എക്സ്ഷോറൂം വില നൽകേണ്ടതായും വരും. ഇലക്ട്രിക് സിയുവിയുടെ സ്റ്റാൻഡേർഡ് വേരിയന്റുകൾക്ക് 38 kWh ബാറ്ററി പായ്ക്കാണ് കരുത്ത് പകരുന്നത്.

ഇത് സിംഗിൾ ചാർജിൽ 331 കിലോമീറ്റർ വരെ റേഞ്ചാണ് വാഗ്‌ദാനം ചെയ്യുന്നതും. അതേസമയം എംജി വിൻഡ്‌സർ ഇവി പ്രോ വേരിയന്റുകൾക്ക് 52.9 kWh ബാറ്ററി പായ്ക്കാണ് ഒരുക്കിയിരിക്കുന്നത്. ഇത് ഒറ്റ ചാർജിൽ 449 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ പ്രാപ്‌തമാണെന്നും കമ്പനി പറയുന്നു. പക്ഷേ രണ്ട് വേരിയന്റുകളുടേയും പെർഫോമൻസ് കണക്കുകളിലൊന്നും മാറ്റങ്ങളില്ല കേട്ടോ. രണ്ട് മോഡലുകളും 134 bhp പവറിൽ പരമാവധി 200 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ യോഗ്യമാണ്.
ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ളതിനാൽ 45kW DC ചാർജർ വഴി 55 മിനിറ്റിനുള്ളിൽ 10-80 ശതമാനം വരെ കാറിലെ ബാറ്ററി പായ്ക്ക് വേഗത്തിൽ ചാർജ് ചെയ്യാനാവും. പക്ഷേ എംജി വിൻഡ്‌സർ ഇലക്ട്രിക് കാറിൽ സ്റ്റാൻഡേർഡായി ഒരു പോർട്ടബിൾ ചാർജറാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. എന്നാൽ ഇതോടൊപ്പം കമ്പനി ഒരു വാൾ ബോക്സ് ചാർജറിനുള്ള ഓപ്ഷനും നൽകുന്നുണ്ടെന്നതിനാൽ സംഗതി എളുപ്പമാവും.

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 15.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 9-സ്പീക്കർ ഇൻഫിനിറ്റി സൗണ്ട് സിസ്റ്റം, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് ഗ്ലാസ് റൂഫ്, റീക്ലൈനിംഗ് സീറ്റുകൾ, വയർലെസ് ചാർജിംഗ് തുടങ്ങിയവ ഫീച്ചറുകളാൽ സമ്പന്നമാണ് ഇലക്ട്രിക് കാർ എന്നുവേണം പറയാൻ. സേഫ്റ്റിയുടെ കാര്യത്തിലും ആള് മോശമല്ലെന്ന് എംജി ഉറപ്പുവരുത്തിയിട്ടുണ്ട്. ആറ് എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഹിൽ ഹോൾഡ് ഫംഗ്ഷൻ എന്നിവയെല്ലാം വിൻഡ്‌സറിലുണ്ട്.


Click it and Unblock the Notifications








