ചാർജിംഗ് ഇനി ഫ്രീയല്ല! 332 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് കാർ വാങ്ങിയവർക്ക് ചെറിയൊരു പണിയുമായി എംജി

ഇന്ത്യയിലെ ഇലക്‌ട്രിക് കാർ വിപണിയിൽ തരംഗമായി മുന്നേറുകയാണ് എംജി വിൻഡ്‌സർ ഇവി. വിമാനത്തിലേത് പോലെ യാത്രാ സുഖവും എംപിവിയുടേയും എസ്‌യുവിയുടേയും പ്രായോഗികതയുമായി വന്ന ഇവിയെ ഇന്ത്യക്കാർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. അതിന്റെ പ്രധാന കാരണം പെട്രോൾ കാർ വിലയിൽ വിൻഡ്‌സർ സ്വന്തമാക്കാനാവും എന്നതാണ്. ടാറ്റ നെക്സോൺ ഇവിയിൽ നിന്നും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റു പോയ വൈദ്യുതി കാറെന്ന പദവിയും അടിച്ചെടുക്കാൻ എംജിയുടെ ഈ സുന്ദരക്കുട്ടപ്പനായി. ZS, കോമെറ്റ് എന്നിവയ്ക്ക് ശേഷം ബ്രാൻഡ് ആഭ്യന്തര വിപണിയിൽ അവതരിപ്പിച്ച മൂന്നാമത്തെ വാഹനം വിൽപ്പനയിൽ കുതിക്കുകയാണിപ്പോൾ.

എന്നാൽ ഇതിനിടയിൽ ചെറിയൊരു പണിയുമായി എംജി എത്തിയിരിക്കുകയാണ് കേട്ടോ. വില വർധനവ് ഒന്നുമല്ല സംഭവം. 2024 ഡിസംബർ 31-നോ അതിനുമുമ്പോ വാഹനം വാങ്ങിയ വിൻഡ്‌സർ ഇവി ഉപഭോക്താക്കൾക്ക് കമ്പനിയുടെ സൗജന്യ ഫാസ്റ്റ് ചാർജിംഗിനുള്ള നിബന്ധനകളും വ്യവസ്ഥകളും കമ്പനി ചെറുതായൊന്ന് നവീകരിച്ചിരിക്കുകയാണ്. മുമ്പ് പരിധികളില്ലാതെ എംജിയുടെ ചാർജിംഗ് സ്റ്റേഷനുകളിൽ വാഹനം ഫ്രീയായി ചാർജ് ചെയ്യാനാവുമായിരുന്നു.

MG Windsor EV Free Fast Charging Limited To 1000 Units

എന്നാൽ ഇനി മുതൽ വിൻഡ്‌സർ ഇവി ഉപഭോക്താക്കൾക്ക് 1,000 യൂണിറ്റ് മാത്രമായിരിക്കും സൗജന്യമായി ഉപയോഗിക്കാൻ കഴിയുന്ന പരിധി. പുതിയ നിബന്ധനകളും വ്യവസ്ഥകളും 2025 ഫെബ്രുവരി 7 മുതൽ പ്രാബല്യത്തിൽ വന്നുവെന്നാണ് കമ്പനി ഇപ്പോൾ അറിയിച്ചിരിക്കുന്നത്. പരിധി വ്യക്തമാക്കിയിട്ടില്ലെങ്കിലും ഉപയോഗിക്കാവുന്ന യൂണിറ്റുകളുടെ അളവിൽ 'പരിമിതികളോ നിയന്ത്രണങ്ങളോ ഉണ്ടാകാം' എന്ന് ബ്രാൻഡ് മുമ്പ് സൂചിപ്പിച്ചതായിരുന്നുവെന്നാണ് പറയുന്നത്.

മുൻകൂർ അറിയിപ്പ് കൂടാതെ ഓഫർ അവസാനിപ്പിക്കാനോ പരിഷ്ക്കരിക്കാനോ എംജിക്ക് അവകാശമുണ്ടെന്ന് യഥാർഥ നിബന്ധനകളും വ്യവസ്ഥകളും വ്യക്തമാക്കിയിരുന്നു. സൗജന്യമായി ചാർജിംഗ് നൽകുന്നത് ദുരുപയോഗം ചെയ്യുന്നത് തടയാനാണ് പുതുക്കിയ നയമെന്ന് കമ്പനി അറിയിച്ചു. ഫാസ്റ്റ് ചാർജറുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ വാഹനത്തിൻ്റെ ബാറ്ററി ആയുസ് വർധിപ്പിക്കാനും പുതിയ നടപടിയിലൂടെ സാധിക്കും.

MG Windsor EV Free Fast Charging Limited To 1000 Units

ഡിസി ഫാസ്റ്റ് ചാർജിംഗിൻ്റെ അമിതമായ ഉപയോഗം സാധാരണ എസി ചാർജിംഗിനെക്കാൾ വേഗത്തിൽ ബാറ്ററിയുടെ ഉപയോഗയോഗ്യമായ ആയുസ് ഇല്ലാതാക്കും. എന്തായാലും കമ്പനിയുടെ പുതിയ പ്രഖ്യാപനം ഉടമകളിൽ നിരാശയുണ്ടാക്കിയേക്കാം. സൗജന്യ ഫാസ്റ്റ് ചാർജിംഗ് ഓഫർ വാങ്ങുന്ന ആദ്യ വർഷത്തിൽ ഏകദേശം 26 തവണ 0 മുതൽ 100 ​​ശതമാനം വരെ ചാർജ് ചെയ്യാൻ ഉടമകളെ അനുവദിക്കുന്നതായിരുന്നു.

ഇത് മനസിൽ വെച്ചുകൊണ്ട് പൂർണ ചാർജിൽ 300 കി.മീ റിയൽ-വേൾഡ് റേഞ്ച് ലഭിച്ചാൽ ഉപയോക്താക്കൾക്ക് 7,800 കി.മീ വരെ യാതൊരു ചെലവുമില്ലാതെ യാത്ര ചെയ്യാൻ കഴിയുമായിരുന്നു. എന്തായാലും പുതിയ പരിഷ്ക്കാരം വിൽപ്പനയെ കാര്യമായി ബാധിക്കാൻ ഇടയില്ലെന്നാണ് അനുമാനം. JSW എംജി ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് ക്രോസ്ഓവര്‍ യൂട്ടിലിറ്റി വെഹിക്കിളായ (CUV) വിന്‍ഡ്സർ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്.

MG Windsor EV Free Fast Charging Limited To 1000 Units

38 kWh ബാറ്ററി പായ്ക്കാണ് എംജി വിൻഡ്‌സർ ഇവിയുടെ ഹൃദയം. സിംഗിൾ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന ഇവിക്ക് 134 bhp പവറിൽ പരമാവധി 200 Nm torque വരെ ഉത്പാദിപ്പിക്കാനാവും. സിംഗിൾ ചാർജിൽ 332 കിലോമീറ്റർ റേഞ്ചാണ് വിൻഡ്‌സർ വാഗ്‌ദാനം ചെയ്യുന്നത്. ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ളതിനാൽ 45kW DC ചാർജർ വഴി 55 മിനിറ്റിനുള്ളിൽ 10-80 ശതമാനം വരെ ബാറ്ററി പായ്ക്ക് വേഗത്തിൽ ചാർജ് ചെയ്യാനുമാവും.

ഫീച്ചറുകളിലായാലും ധാരാളിയാണ് എംജിയുടെ സിയു‌വി. 15 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 9 സ്പീക്കർ ഇൻഫിനിറ്റി ഓഡിയോ സിസ്റ്റം, 8.8 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ടിൽറ്റ് ആൻഡ് ടെലിസ്‌കോപ്പിക് അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ് വീൽ എന്നിവയെല്ലാം കമ്പനി ഇതിൽ ഒരുക്കിയിട്ടുണ്ട്.

റിക്ലൈയിൻ ചെയ്യാവുന്ന റിയർ സീറ്റ്, പനോരമിക് ഗ്ലാസ് റൂഫ്, വയർലെസ് ചാർജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, എൽഇഡി ലൈറ്റിംഗ്, 18 ഇഞ്ച് ക്രോം അലോയ് വീലുകൾ, ഫ്ലോട്ടിംഗ് റൂഫ്‌ലൈൻ, പോപ്പ്-ഔട്ട് ഡോർ ഹാൻഡിലുകൾ തുടങ്ങിയ ഫീച്ചറുകളും എംജി വിൻഡ്സർ ഇവിയുടെ പ്രത്യേകതകളാണ്. നിലവിൽ സൈബര്‍സ്റ്റര്‍ ഇലക്ട്രിക് സ്പോർട് കാർ, M9 ഇവി തുടങ്ങിയ പ്രീമിയം കാറുകൾ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബ്രാൻഡ്.

More from DriveSpark

Article Published On: Wednesday, February 12, 2025, 18:10 [IST]
English summary
Mg windsor ev free fast charging limited to 1000 units details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X