300 പേർക്ക് മാത്രം വാങ്ങിക്കാം, ഒന്നാം പിറന്നാൾ ആഘോഷിക്കാൻ വിൻഡ്‌സർ ഇവിയുടെ ഇൻസ്‌പയർ എഡിഷൻ
ഇന്ത്യയിലെ ഇലക്‌ട്രിക് കാർ വിപണിയിൽ തരംഗമായി മാറിയ മോഡലാണ് എംജി വിൻഡ്‌സർ ഇവി. ഏറെ നാൾ വിപണി അടക്കിവാണിരുന്ന ടാറ്റ നെക്സോൺ ഇവിയെ വരെ തൂക്കി രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വൈദ്യുത കാറായി വിൻഡ്‌സർ മാറിയതും എംജിയുടെ വലിയ നേട്ടമായിരുന്നു. ഇപ്പോഴും ജൈത്രയാത്ര തുടരുന്ന സിയുവിയുടെ പുത്തനൊരു മോഡലുമായി എത്തിയിരിക്കുകയാണ് ജെഎസ്‌ഡബ്ല്യു എംജി മോട്ടോർ. വിപണനത്തിന് എത്തിയതിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അവതരിച്ചിരിക്കുന്ന പ്രത്യേക പതിപ്പിന് എംജി വിന്‍ഡ്‌സര്‍ ഇവി ഇന്‍സ്പയര്‍ എഡിഷന്‍ എന്നാണ് പേരിട്ടിരിക്കുന്നത്.
കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി തന്റെ വസതിയിൽ വെച്ചാണ് ഈ പ്രത്യേക പതിപ്പ് അനാച്ഛാദനം ചെയ്തത്. വിൻഡ്‌സർ ഇവിയുടെ 38 kWh പതിപ്പിന്റെ ടോപ്പ്-എൻഡ് വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ഇൻസ്‌പയർ എഡിഷൻ നിർമിച്ചിരിക്കുന്നതും. ഇലക്ട്രിക് ക്രോസ്ഓവർ യൂട്ടിലിറ്റി വാഹനത്തിന്റെ റെഗുലർ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതായതിനാൽ തന്നെ ചെറിയ കോസ്‌മെറ്റിക് മാറ്റങ്ങൾ മാത്രമാണ് ഇൻസ്‌പയർ എഡിഷന് സമ്മാനിച്ചിരിക്കുന്നത്.

ഈഓ സ്‌പെഷ്യൽ എഡിഷൻ സ്റ്റാൻഡേർഡ് വിൻഡ്‌സറിൽ നിന്ന് അൽപം വ്യത്യസ്തമാക്കുന്നതിനുള്ള പൊടികൈകളെല്ലാം നല്ല രീതിയിൽ ആളുകളെ ആകർഷിക്കുമെന്നതിൽ തർക്കമൊന്നും വേണ്ട. ഡിസൈനിന്റെ കാര്യത്തിൽ റെഗുലർ മോഡലുകൾക്ക് സമാനമാണ്. എങ്കിലും കാഴ്ച്ചയിൽ പുതുമ കൊണ്ടുവരാനായി പേൾ വൈറ്റ്, സ്റ്റാറി ബ്ലാക്ക് ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ കളർ ഓപ്ഷൻ കമ്പനി സമ്മാനിച്ചിട്ടുണ്ട്.
ബോണറ്റ് ഉൾപ്പെടെ വിൻഡ്‌സർ ഇവി ഇൻസ്‌പയർ എഡിഷന്റെ മുകൾഭാഗം കറുപ്പ് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. അതേസമയം ബോഡിയുടെ ബാക്കി ഭാഗങ്ങൾ വൈറ്റ് നിറത്തിലും കൊടുത്തിരിക്കുന്നത് മനോഹരമാണ്. വശക്കാഴ്ച്ചയിലേക്ക് വരുമ്പോൾ സ്പെഷ്യൽ എഡിഷന്റെ ഡോറുകളിൽ ക്ലാഡിംഗ് കാണാം. ഈ ക്ലാഡിംഗുകളിൽ റോസ് ഗോൾഡ് നിറമുള്ള ട്രിമ്മാണ് കമ്പനി ഉപയോഗിക്കുന്നത്.

ഇൻസ്‌പയർ എഡിഷനിലെ മറ്റൊരു വ്യത്യാസം വീലുകളാണ്. സ്റ്റാൻഡേർഡ് പതിപ്പുകളിൽ കാണുന്ന അതേ സ്റ്റൈലുള്ള 18 ഇഞ്ച് അലോയ് വീലുകളിലാണ് വാഹനം വരുന്നതെങ്കിലും ഗ്ലോസ് ബ്ലാക്ക് നിറത്തിൽ ഒരുക്കിയിരിക്കുന്നതിനാൽ കാണാൻ വല്ലാത്തൊരു ചേലാണ്. ഈ മാറ്റങ്ങൾക്ക് പുറമെ, വിൻഡ്‌സർ ഇവിയുടെ ഇൻസ്‌പയർ എഡിഷൻ സാധാരണ ഇവിയുടെ അതേ രൂപം തന്നെയാണ് വഹിക്കുന്നത്.
അകത്തേക്ക് കടക്കുമ്പോൾ ക്യാബിൻ തീം മാറിയിരിക്കുന്നത് കാണാം. ഇൻസ്‌പയർ എഡിഷന് സാംഗ്രിയ റെഡ്, ബ്ലാക്ക് ലെതർ അപ്ഹോൾസ്റ്ററിയാണ് എംജി മോട്ടോർ കൊടുത്തിരിക്കുന്നത്. ഹെഡ്‌റെസ്റ്റുകളിൽ ഇൻസ്‌പയർ എഡിഷൻ എംബ്രോയിഡറി ഉണ്ട്. ബാക്കിയെല്ലാം സ്റ്റാൻഡേർഡ് മോഡലുകൾക്ക് സമാനമാണ്. വിൻഡ്‌സർ ഇവിയുടെ ടോപ്പ്-എൻഡ് വേരിയന്റിൽ ലഭ്യമായ എല്ലാ സവിശേഷതകളും ഇത് വാഗ്ദാനം ചെയ്യുന്നുമുണ്ട്.

135-ഡിഗ്രി എയർലൈൻ ലോഞ്ച് പോലുള്ള ചാരിയിരിക്കാവുന്ന റിയർ സീറ്റുകളാണ് എംജി വിൻഡ്‌സറിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ സ്കൈലൈറ്റ് ഇൻഫിനിറ്റി വ്യൂ ഗ്ലാസ് റൂഫും ഇലുമിനേറ്റഡ് സ്‌കഫ് പ്ലേറ്റുകളും കൂടിയാവുമ്പോൾ വണ്ടിക്ക് ലക്ഷ്വറി ലുക്കാണ് കിട്ടുന്നത്. ഏകദേശം ഒരു വർഷം മുമ്പാണ് വിൻഡ്‌സറിന്റെ വിൽപ്പന ആരംഭിച്ചത്. ഇതുവരെ ഏകദേശം 40,000 യൂണിറ്റുകൾ വിറ്റഴിക്കാനും കമ്പനിക്കായിട്ടുണ്ട്.
വിൻഡ്‌സർ ഇവിയുടെ ഇൻസ്‌പയർ പതിപ്പിന്റെ 300 യൂണിറ്റുകൾ മാത്രമേ വിപണിയിൽ ഔദ്യോഗികമായി പുറത്തിറക്കുകയുള്ളൂ. ഇൻസ്‌പയർ പതിപ്പിന്റെ ബുക്കിംഗുകൾ ഇന്ന് മുതൽ ആരംഭിക്കുകയും ചെയ്‌തിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. അധികം കാത്തിരുത്തി മുഷിപ്പിക്കാതെ ഒക്ടോബർ 15 ന് ഇവിയുടെ ഡെലിവറികളും ആരംഭിക്കും. 38 kWh ബാറ്ററി പായ്ക്ക് ഓപ്ഷനാണ് മോഡലിനുള്ളത്. 332 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചാണ് കമ്പനി പറയുന്നത്.


Click it and Unblock the Notifications








