എംജിയുടെ ഡിങ്കനായി ഇലക്‌ട്രിക് കാർ, ഷോറൂമിൽ വരുന്നവർക്കെല്ലാം 332 കി.മീ. റേഞ്ചുള്ള ഇവി മതി
ഹെക്‌ടർ എന്ന എസ്‌യുവിയിലൂടെ ഇന്ത്യക്കാരുടെ പ്രിയങ്കരായി മാറിയ വാഹന നിർമാതാക്കളാണ് എംജി (MG Motor). ബ്രിട്ടീഷ് പൈതൃകവുമായി എത്തിയ ചൈനീസ് ബ്രാൻഡായിരുന്നുവെങ്കിലും അതിന്റെ യാതൊരുവിധ കുറ്റങ്ങളും കുറവുകളും എംജിക്കില്ലായിരുന്നു. പിന്നീട് ഇന്ത്യയിലെ പ്രധാന ഓഹരി ജെഎസ്‌ഡബ്ല്യു ഗ്രൂപ്പ് വാങ്ങിയതോടെ പാതി ദേസി ആയി മാറാനും കമ്പനിക്കായി. ഹെക്‌ടറും ഗ്ലോസ്റ്ററും ആസ്റ്ററും നീളുന്ന ICE എഞ്ചിൻ മോഡലുകൾക്ക് ഒരു പരിധിക്ക് മുകളിൽ വിൽപ്പന കൊണ്ടുവരാൻ സാധിക്കാതായതോടെ എംജി മോട്ടോർ വൈദ്യുത വാഹനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയുണ്ടായി. പിന്നെ ബ്രാൻഡിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
ZS ഇവിയിലൂടെയായിരുന്നു തുടക്കമെങ്കിലും പിന്നീടെത്തിയ കോമെറ്റ് ഇവിയും വിൻഡ്‌സർ ഇവിയുമാണ് എംജിയുടെ തലവര മാറ്റിയത്. കാർ എന്ന സങ്കൽപ്പത്തെ തന്നെ പൊളിച്ചെഴുതുന്നതായിരുന്നു കോമെറ്റ്. ഉഗ്രൻ സിറ്റി കാറായി പേരെടുത്ത വാഹനത്തെ സ്ത്രീകൾ പോലും കൂടെക്കൂട്ടി. പിന്നീടെത്തിയ വിൻഡ്‌സറാണ് ഗെയിം ചേഞ്ചറായത്. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന ഇലക്ട്രിക് കാറായി ഇതിന് മാറാൻ അധിക സമയമൊന്നും വേണ്ടി വന്നില്ല.

അതും ടാറ്റ നെക്സോൺ ഇവിയെ വരെ അടിച്ചൊതുക്കിയാണ് എംജി വിൻഡ് ഇവി ഈ നേട്ടം കൈവരിച്ചത്. ഇപ്പോഴിതാ 2025 മാർച്ച് മാസത്തെ വിൽപ്പന കണക്കുകളിലും ഇത് പ്രതിഫലിച്ചിരിക്കുകയാണ്. പോയ മാസം ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യയുടെ മൊത്തം ആഭ്യന്തര വിൽപ്പന 5,500 യൂണിറ്റായാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 5,050 യൂണിറ്റുകളെ അപേക്ഷിച്ച് വാർഷികാടിസ്ഥാനത്തിൽ 9 ശതമാനം വിൽപ്പന വളർച്ചയാണ് കമ്പനി നേടിയെടുത്തിരിക്കുന്നത്.
കോമെറ്റ് ഇവി, ZS ഇവി, വിൻഡ്‌സർ ഇവി എന്നിവ ഉൾപ്പെടുന്ന കമ്പനിയുടെ ഇലക്ട്രിക് വാഹന നിരയാണ് ഇതിൽ വലിയൊരു പങ്കുവഹിച്ചിരിക്കുന്നത്. എംജിയുടെ ഇലക്ട്രിക് വാഹന നിരയ്ക്കുള്ള ശക്തമായ ഉപഭോക്തൃ ആവശ്യകതയെയാണ് ഈ മൂന്ന് വാഹനങ്ങളും സൂചിപ്പിക്കുന്നത്. എംജിയുടെ മൊത്തം വിൽപ്പനയുടെ 85 ശതമാനത്തിലധികവും വൈദ്യുത വാഹനങ്ങളിലൂടെ സംഭാവനയാണ്.

ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനമായി അംഗീകരിക്കപ്പെട്ട എംജി വിൻഡ്‌സർ തന്നെയാണ് കമ്പനിയുടെ ടോപ്പ് സെല്ലർ. ആകർഷകമായ വില, വേരിയന്റുകളുടെ നീണ്ട പട്ടിക, കൂടുതൽ നൂതനമായ സവിശേഷതകളും സാങ്കേതികവിദ്യകളും എന്നിവ കാരണം മാർച്ചിലും എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പനയാണ് ഈ ഇലക്ട്രിക് സിയുവിക്ക് നേടാനായിരിക്കുന്നത്.
2025 ഫെബ്രുവരിയിൽ വിൻഡ്‌സർ ഇവി 15,000 യൂണിറ്റ് നിർമാണം എന്ന നാഴികക്കല്ലും മറികടന്നിരുന്നു. 2024 ഒക്ടോബർ മുതൽ 2025 ജനുവരി വരെ തുടർച്ചയായി നാല് മാസത്തേക്ക് ഒന്നാം സ്ഥാനം നിലനിർത്തിക്കൊണ്ട് ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനമായും ഇത് മാറി. വർധിച്ചുവരുന്ന ആവശ്യകതയ്ക്ക് അനുസരിച്ച് വരാനിരിക്കുന്ന ഉൽപ്പന്ന വിപുലീകരണങ്ങൾ സുഗമമാക്കുന്നതിനായി എംജി അവരുടെ ഹാലോൾ പ്ലാന്റിൽ പരിഷ്ക്കാങ്ങളും നടപ്പിലാക്കുന്നുണ്ട്.

വലിയ സ്പേസും ആഡംബര കാറുകളിലേത് പോലത്തെ യാത്രാ സുഖവും ഫീച്ചറുകളുമെല്ലാം എംജി വിൻഡ്‌സർ ഇവിയെ മറ്റ് ഇലക്ട്രിക് വാഹനങ്ങളിൽ നിന്നും വേറിട്ടു നിർത്തുന്ന സംഗതികളാണ്. ഇന്ത്യയിൽ ആദ്യമായി ബാറ്ററി ഒരു സർവീസ് (BaaS) ഓപ്ഷനായി അവതരിപ്പിക്കുന്ന വാഹനവും ഇതുതന്നെയായിരുന്നു. ഇത്തരത്തിൽ എംജി വിൻഡ്‌സർ ഇവി സ്വന്തമാക്കുന്നവർ ബേസ് വേരിയന്റിന് 10 ലക്ഷം രൂപ നൽകിയാൽ മതിയാവും.
ഇതിന് പകരം ഓടുന്ന ഓരോ കിലോമീറ്ററിനും 3.50 രൂപ വാടകയായി നൽകുകയും വേണം. മറുവശത്ത് ഫിക്സഡ് ബാറ്ററി പായ്ക്ക് ഓപ്ഷൻ തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് ഒറ്റത്തവണ ചെലവ് 13.50 ലക്ഷം രൂപ മുതൽ 15.50 ലക്ഷം രൂപ വരെ വരും. 38 kWh ബാറ്ററി പായ്ക്കാണ് എംജി വിൻഡ്‌സർ ഇവിയുടെ ഹൃദയം. സിംഗിൾ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന ഇവിക്ക് 134 bhp കരുത്തിൽ 200 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

സിംഗിൾ ചാർജിൽ 332 കിലോമീറ്റർ റേഞ്ചാണ് വിൻഡ്‌സർ വാഗ്‌ദാനം ചെയ്യുന്നത്. ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ളതിനാൽ 45kW DC ചാർജർ വഴി 55 മിനിറ്റിനുള്ളിൽ 10-80 ശതമാനം വരെ ബാറ്ററി പായ്ക്ക് വേഗത്തിൽ ചാർജ് ചെയ്യാനുമാവും. ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് ക്രോസ്ഓവര്‍ യൂട്ടിലിറ്റി വാഹനം (CUV) ചൂടപ്പം പോലെ വിറ്റഴിയാൻ ഇതിലും വലിയ കാര്യങ്ങളൊന്നും അന്വേഷിച്ച് നടക്കേണ്ടതില്ലല്ലോ.


Click it and Unblock the Notifications








