വീണ്ടും വില കൂട്ടി, ഏറ്റവും കൂടുതൽ കച്ചോടമുള്ള ഇലക്‌ട്രിക് കാർ ഇനി പഴയ വിലയ്ക്ക് വാങ്ങാൻ കിട്ടില്ല!
ഇലക്ട്രിക് കാറുകൾ നിരത്തുകൾക്ക് സുപരിചിതമായി കഴിഞ്ഞു. പഞ്ച നമ്പർ പ്ലേറ്റം വഹിച്ച് ഒച്ചയില്ലാതെ പായുന്ന ഇവയെ കാണാനും പിന്നാലെ കൂടാനും വല്ലാത്തൊരു ചേലാണ്. പെട്രോൾ പമ്പുകളോട് എന്നന്നേക്കുമായി ഗുഡ്ബൈ പറഞ്ഞ് ഇവികൾ ഓടുന്നത് കാണുമ്പോൾ ഏതൊരു പെട്രോൾ വാഹന പ്രേമിയും വൈദ്യുത കാറിലേക്ക് മാറിയാലോയെന്ന് ചിന്തിക്കുന്നുണ്ടാവും. ഭാവി ഇവരാണെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. എംജിയും ടാറ്റയും ഹ്യുണ്ടായിയും കിയയുമെല്ലാം ഇവിടെ മത്സരിക്കുന്നത് വെറുതേയല്ലെന്ന് മനസിലായല്ലോ. എന്തായാലും വ്യത്യസ്‌ത ബോഡി ശൈലിയിൽ കൂടുതൽ മോഡലുകൾ ഇന്ത്യൻ വിപണിയിലേക്ക് എത്താൻ തുടങ്ങിയിട്ടുണ്ടെന്നത് ഉപഭോക്താക്കൾക്ക് സന്തോഷം നൽകുന്ന കാര്യമാണ്.
ആവശ്യകതയ്ക്ക് അനുസരിച്ച് തെരഞ്ഞെടുക്കാൻ നിരവധി തരത്തിലുള്ള ഇവികൾ ഇന്ന് വിപണിയിലുണ്ട്. ഹാച്ച്ബാക്ക്, എസ്‌യുവി, എംപിവി അങ്ങനെ ഇലക്ട്രിക് കാറുകൾ ഇന്ത്യയിൽ സമ്പന്നമായിക്കൊണ്ടിരിക്കുകയാണ്. പക്ഷേ ഇക്കൂട്ടത്തിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാർ എന്ന പദവി അലങ്കരിക്കുന്നത് മറ്റാരുമല്ല, എംജി വിൻഡ്‌സർ ഇവിയാണ്. വിമാനത്തിലെ യാത്രാസുഖവും അടിപൊളി ഫീച്ചറുകളുമായി എത്തിയ മോഡൽ ഇപ്പോൾ പലരുടേയും സ്വപ്നമാണ്.

പക്ഷേ സ്വപ്‌നത്തിന് ഇനി വില അൽപം കൂടുതൽ കൊടുക്കേണ്ടി വരുമെന്ന കാര്യം അറിയിച്ചിരിക്കുകയാണ് ജെഎസ്‌ഡബ്ല്യു എംജി മോട്ടോർ. മറ്റൊന്നുമല്ല, വിൻഡ്‌സർ ഇവിക്ക് വീണ്ടും വില വർധനവ് നടപ്പിലാക്കിയിരിക്കുകയാണ് കമ്പനി. ലൈവ്ഹിന്ദുസ്ഥാൻ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഇലക്ട്രിക് ക്രോസ്ഓവർ വാഹനത്തിന്റെ വില 15,000 രൂപയോളം വീണ്ടും ഉയർത്തിയിരിക്കുകയാണ് ബ്രാൻഡ്.
ബേസ് മോഡലിന്റെയും മിഡ് വേരിയന്റിന്റെയും വിലയിൽ വർധനവുണ്ടായിട്ടില്ലെന്ന് എംജി പ്രത്യേകം പറയുന്നു. 8,000 മുതൽ 15,000 രൂപ വരെയാണ് ഇനി അധികം മുടക്കേണ്ടതായി വരുന്നത്. ജൂലൈയിൽ വിൻഡ്‌സർ ഇവി പ്രോ ടോപ്പ് എൻഡ് വേരിയന്റായ എസെൻസ് പ്രോയ്ക്കാണ് 21,200 രൂപ വില കൂടിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമതും വില വർധനവ് കൊണ്ടുവരുന്നത്. ഇനി ഏതെല്ലാം മോഡലുകൾക്ക് കൂടിയെന്ന് നോക്കിയാലോ?

എംജി വിൻഡ്‌സർ ഇവി എക്‌സ്ക്ല്യൂസിവിന് 10,000 രൂപയാണ് കൂട്ടിയത്. 15.04 ലക്ഷം രൂപയായിരുന്ന വില ഇപ്പോൾ 15.14 ലക്ഷമായി ഉയർന്നിട്ടുണ്ട്. അതേസമയം എസ്‌യുവിയുടെ എസെൻസ് വേരിയന്റിന് 15,000 രൂപയും ഇനി മുതൽ അധികം മുടക്കേണ്ടി വരും. 16.14 ലക്ഷമായിരുന്ന കാറിന് ഇപ്പോൾ 16.29 ലക്ഷമാണ് എക്സ്ഷോറൂം വില വരുന്നത്. എസെൻസ് പ്രോയ്ക്ക് 8,000 രൂപ വർധിച്ചിട്ടുണ്ട്. 18.31 ലക്ഷമായിരുന്ന വില 18.39 ലക്ഷമായി.
അങ്ങനെ എംജി വിൻഡ്‌സർ ഇവി ഇനി സ്വന്തമാക്കണമെങ്കിൽ 13.99 ലക്ഷം മുതൽ 18.39 ലക്ഷം വരെ എക്സ്ഷോറൂം വില നൽകേണ്ടി വരും. വില വർധനവിന് പുറമെ മറ്റ് മാറ്റങ്ങളൊന്നും മോഡലിന് സംഭവിച്ചിട്ടില്ല കേട്ടോ. 38kWh, വലിയ 52.9kWh ബാറ്ററി പായ്ക്ക് എന്നിങ്ങനെ രണ്ട് ഓപ്ഷനുകളിലാണ് സിയുവി വാങ്ങാനാവുന്നത്. ഇവ യഥാക്രമം സിംഗിൾ ചാർജിൽ 332 കിലോമീറ്റർ 449 കിലോമീറ്റർ എന്നിങ്ങനെ റേഞ്ച് നൽകാനാവും.

രണ്ട് ബാറ്ററി പായ്ക്കും സിംഗിൾ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്നതിനാൽ 134 bhp കരുത്തിൽ പരമാവധി 200 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. 7.4kWh AC ചാർജറാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഇത് ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ ഏകദേശം 9.5 മണിക്കൂർ സമയമാണ് വേണ്ടിവരിക. എന്നാൽ 50 മിനിറ്റിനുള്ളിൽ 20 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ അനുവദിക്കുന്ന 60kW DC ഫാസ്റ്റ് ചാർജിംഗും പ്രോയ്ക്കൊപ്പം വരുന്നുണ്ട്.
15.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 8.8 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, പനോരമിക് ഗ്ലാസ് റൂഫ്, വയർലെസ് ഫോൺ ചാർജിംഗ്, 9-സ്പീക്കർ ഇൻഫിനിറ്റി സൗണ്ട് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 6 എയർബാഗുകൾ, ട്രാഫിക് ജാം അസിസ്റ്റുള്ള ലെവൽ 2 ഓട്ടോണമസ് ഡ്രൈവിംഗ് അസിസ്റ്റൻസ് സിസ്റ്റം (ADAS), ഫോർവേഡ് കൊളീഷൻ അലേർട്ട്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളോടെയാണ് എംജി വിൻഡ്‌സർ ഇവി വിപണിയിൽ എത്തുന്നതും.


Click it and Unblock the Notifications








