ബിസിനസ് ക്ലാസ് യാത്ര റോഡിൽ കിട്ടും, ഫുൾ ചാർജിൽ 449 KM ദൂരം ഓടിക്കാവുന്ന വിൻഡ്‌സർ ഇവി വിപണിയിൽ
പെട്രോളിന്റെ വില ഈ അടുത്ത കാലത്തൊന്നും കുറയാൻ യാതൊരു വിധ സാധ്യതയും കാണുന്നില്ലാത്തതിനാൽ ആളുകളെല്ലാം ഇലക്‌ട്രിക് കാറുകളേയും (Electric Cars) സ്നേഹിച്ച് തുടങ്ങിയിരിക്കുകയാണ്. സാധാരണയൊരു പെട്രോൾ കാറിനേക്കാൾ അൽപം കൂടി പൈസ മുടക്കിയാൽ ഇവികൾ സ്വന്തമാക്കാനാവുന്നത് ജനങ്ങൾക്ക് ആശ്വാസകരമാണ്. കറണ്ട് ബില്ലിനെ പേടിച്ച് പലരും പുരപ്പുറത്ത് സോളാവും വെച്ചുതുടങ്ങിയിട്ടുണ്ട്. അത്തരക്കാർ വൈദ്യുത വാഹനം വാങ്ങിയാൽ ഫ്രീയായി നഗര യാത്രകളെല്ലാം ഒരുപരിധി വരെ നടക്കുകയും ചെയ്യും. കോമെറ്റ്, ടിയാഗോ പോലുള്ള ചെറു ഇവികൾക്ക് സ്വീകാര്യത കൂടാനുള്ള പ്രധാന കാരണവും ഇതുതന്നെയാണ്.
ഇപ്പോഴിതാ ഇലക്ട്രിക് വാഹന പ്രേമികളെ സന്തോഷിപ്പിക്കുന്ന മറ്റൊരു വാർത്ത കൂടി പുറത്തുവരികയാണിപ്പോൾ. കുറച്ച് ദിവസങ്ങളായി കാത്തിരുന്ന എംജി വിൻഡ്‌സർ ഇവിയുടെ പ്രോ വേരിയന്റ് വിപണിയിൽ അവതരിച്ചിരിക്കുകയാണ് കമ്പനി. കൂടുതൽ ഫീച്ചറുകളും നൂതന സാങ്കേതികവിദ്യയും കൂടുതൽ റേഞ്ചും കോർത്തിണക്കിയെത്തുന്ന മോഡലിന്റെ വിലയും അടിപൊളിയാണ്.

പുതിയ എംജി വിൻഡ്‌സർ പ്രോയ്ക്ക് 17.49 ലക്ഷം രൂപയാണ് ആമുഖ വിലയായി നിശ്ചയിച്ചിരിക്കുന്നത്. വാഹനം ആദ്യം വാങ്ങാനെത്തുന്ന 8,000 പേർക്ക് മാത്രമാണ് ഈ പ്രത്യേക വിലയിൽ ഇലക്ട്രിക് കാർ സ്വന്തമാക്കാൻ അവസരമുള്ളത്. പുതിയ എംജി വിൻഡ്‌സർ പ്രോയിൽ ബാറ്ററി-ആസ്-എ-സർവീസ് (BaaS) തെരഞ്ഞെടുക്കുന്നവർക്ക് 12.50 ലക്ഷം മുതൽ വണ്ടി വാങ്ങാനാവുകയും ചെയ്യും. അതേസമയം ബാറ്ററി വാടക കിലോമീറ്ററിന് 4.50 രൂപയായിരിക്കും പകരം മുടക്കേണ്ടി വരിക.
പുതിയ എംജി വിൻഡ്‌സർ പ്രോയ്ക്കുള്ള ബുക്കിംഗ് 2025 മെയ് എട്ടിന് ആരംഭിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. രാജ്യത്തെ ആദ്യത്തെ ക്രോസ്ഓവർ യൂട്ടിലിറ്റി ഇലക്ട്രിക് വാഹനത്തിന്റെ ടോപ്പ് എൻഡ് വേരിയന്റായി വരുന്ന മോഡലിന് 52.9 കിലോവാട്ട്സ് ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്. ഇത് സിംഗിൾ ചാർജിൽ 449 കിലോമീറ്റർ വരെ റേഞ്ചാണ് നൽകാനാവുക. മുൻപതിപ്പിനെ അപേക്ഷിച്ച് നോക്കുമ്പോൾ റേഞ്ച് കൂടിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

ഇതുകൂടാതെ ട്രാഫിക് ജാം അസിസ്റ്റുള്ള ലെവൽ 2 ഓട്ടോണമസ് ഡ്രൈവിംഗ് അസിസ്റ്റൻസ് സിസ്റ്റം (ADAS), ഫോർവേഡ് കൊളീഷൻ വാണിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ പുതിയ ഫീച്ചറുകളും എംജി വിൻഡ്‌സർ ഇവി പ്രോ വേരിയന്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വെഹിക്കിൾ-ടു-ലോഡ് (V2L) ഫംഗ്ഷനും വെഹിക്കിൾ-ടു-വെഹിക്കിൾ (V2V) ചാർജിംഗും മോഡലിൽ സജ്ജീകരിച്ചിട്ടുണ്ടെന്നതും പ്രായോഗികത വർധിപ്പിക്കുന്ന കാര്യമാണ്.
ബാറ്ററി ശേഷിയിൽ പുരോഗതി ഉണ്ടായിട്ടും വിൻഡ്‌സർ ഇവി പ്രോയുടെ പവർ, ടോർക്ക് ഔട്ട്‌പുട്ടുകൾ യഥാക്രമം 136 bhp, 200 Nm എന്നിങ്ങനെ മാറ്റമില്ലാതെ തുടരുകയാണ്. ഫ്രണ്ട്-വീൽ ഡ്രൈവ് സെറ്റപ്പോടെയാണ് വാഹനം വിപണനത്തിന് എത്തിക്കുന്നത്. ചാർജിംഗിനെ സംബന്ധിച്ചിടത്തോളം വിൻഡ്‌സർ ഇവി പ്രോയിൽ 7.4kWh AC ചാർജറാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഇത് ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ ഏകദേശം 9.5 മണിക്കൂർ സമയമാണ് ചേദിക്കുന്നത്.

കൂടാതെ 50 മിനിറ്റിനുള്ളിൽ 20 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ അനുവദിക്കുന്ന 60kW DC ഫാസ്റ്റ് ചാർജിംഗിനെയും വാഹനം പിന്തുണയ്ക്കുന്നുണ്ടെന്നതിനാൽ പബ്ലിക് ചാർജിംഗ് എല്ലാം പ്രായോഗികമാണ്. വിൻഡ്‌സർ ഇവി പ്രോ അടിസ്ഥാനപരമായി ഒരു പുതിയ വേരിയന്റായതിനാൽ തന്നെ അതിൽ വലിയ കോസ്‌മെറ്റിക് നവീകരണങ്ങളൊന്നും കമ്പനി ഉൾപ്പെടുത്തിയിട്ടില്ല. എങ്കിലും പുതുമക്കായി എംജി ഹെക്ടർ എസ്‌യുവിയുടേതിന് സമാനമായുള്ള 18 ഇഞ്ച് അലോയ് വീൽ സമ്മാനിച്ചിട്ടുണ്ട്.
മറ്റിടങ്ങളിൽ വിൻഡ്‌സർ ഇവി പ്രോ നിലവിലെ മോഡലിന്റെ അതേ സ്റ്റൈലിംഗ് ഘടകങ്ങൾ തുടരുകയാണ് ചെയ്‌തിരിക്കുന്നത്. മുന്നിലും പിന്നിലും കണക്റ്റഡ് എൽഇഡി ലൈറ്റ്‌ബാറുകളുള്ള സ്പ്ലിറ്റ് ഹെഡ്‌ലൈറ്റ് സജ്ജീകരണം, റിട്രാക്‌ടബികൾ ഫ്ലഷ് ഡോർ ഹാൻഡിലുകൾ, വലിയ വിൻഡോ ഏരിയ എന്നിവയെല്ലാം അന്നും ഇന്നും അടിപൊളിയാണ്. സെലാഡൺ ബ്ലൂ, ഗ്ലേസ് റെഡ്, അറോറ സിൽവർ എന്നീ മൂന്ന് പുതിയ കളർ ഓപ്ഷനുകൾ ബ്രാൻഡ് അവതരിപ്പിച്ചിട്ടുണ്ട്.

സീറ്റുകളിലെ പുതിയ ബീജ് അപ്ഹോൾസ്റ്ററി, ഫ്രണ്ട് ആംറെസ്റ്റ്, റൂഫ്, കോളം ലൈനറുകൾ എന്നിങ്ങനെ ഇന്റീരിയറിൽ ചെറിയ ചില പരിഷ്ക്കാരങ്ങളും എംജി വിൻഡ്‌സർ പ്രോയിൽ കാണാനാവും. ടാറ്റ നെക്‌സോൺ ഇവി, ടാറ്റ കർവ് ഇവി, ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, മഹീന്ദ്ര BE 6, വരാനിരിക്കുന്ന മാരുതി സുസുക്കി ഇ വിറ്റാര എന്നിവയ്‌ക്കെതിരെയായിരിക്കും എംജി വിൻഡ്‌സർ പ്രോ മത്സരിക്കുക.


Click it and Unblock the Notifications








