നെക്സോൺ ഇവി ഇനി എങ്ങനെ പിടിച്ചുനിൽക്കും, 460 കി.മീ. റേഞ്ചുള്ള എംജിയുടെ പുത്തൻ ഇലക്‌ട്രിക് കാർ നാളെ എത്തും
ഇലക്ട്രിക് കാറുകളിലൂടെ (Electric Car) വിസ്‌മയം തീർത്ത് എംജി (MG Motor) പാറിപ്പറക്കാൻ തുടങ്ങിയിട്ട് നാളിമ്മിണിയായി. അതുവരെ വൈദ്യുത വാഹന നിര ഭരിച്ചിരുന്ന ടാറ്റ മോട്ടോർസിനെ വരെ സൈഡാക്കി ചൈനീസ് ബ്രാൻഡ് പറന്നുയരുകയാണ്. കോമെറ്റ്, വിൻഡ്‌സർ എന്നീ രണ്ട് മോഡലുകളുടെ വരവാണ് കമ്പനിയുടെ തലവര തന്നെ മാറ്റിയത്. വിമാനത്തിലേത് പോലെയുള്ള യാത്രാസുഖം സമ്മാനിച്ച് കാറുകളിലെ വിമാനമായി വിൻഡ്‌സർ മാറി. വെറും 6 മാസത്തിനുള്ളിൽ കാറിന്റെ വിൽപ്പന 20,000 യൂണിറ്റ് തൊട്ടപ്പോൾ നെക്സോൺ ഇവി വരെ ഭയന്നുവെന്ന് വേണം പറയാൻ.
എങ്കിലും എതിരാളികളുമായി തട്ടിനോക്കുമ്പോൾ റേഞ്ചിലുള്ള കുറവ് വണ്ടിയിൽ നിഴലിച്ചിരുന്നു. എന്നാൽ കുറവുകളെല്ലാം പരിഹരിച്ച് എല്ലാക്കാര്യത്തിലും പ്രോയായി മാറാൻ ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ് വിൻഡ്‌സർ. ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ തങ്ങളുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനമായ വിൻഡ്‌സർ ഇവിയുടെ പ്രോ വേരിയന്റ് മെയ് ആറിന് അതായത് നാളെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും.

ഉപഭോക്താക്കളിൽ നിന്നുമുള്ള പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ റേഞ്ചും കൂടുതൽ സേഫ്റ്റിയും കൂടുതൽ ഫീച്ചറുകളുമായാണ് എംജി വിൻഡ്‌സർ പ്രോ മോഡൽ പണികഴിപ്പിക്കുന്നത്. വിൻഡ്‌സർ പ്രോയിൽ 50.6 kWh ബാറ്ററി പായ്ക്ക് ഉണ്ടായിരിക്കുമെന്നതും ആദ്യമേ പറഞ്ഞുപോവാം. നിലവിലുള്ള 38 kWh യൂണിറ്റിൽ നിന്നുള്ള ഒരു പ്രധാന നവീകരണമായിരിക്കുമിത്.
വലിയ ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്നതു വഴി നിലവിലെ 332 കിലോമീറ്റർ റേഞ്ച് 460 കിലോമീറ്ററായി ഉയർത്താനും ബ്രാൻഡിനാവും. ബാറ്ററിയിൽ മാറ്റമുണ്ടാവുമെങ്കിലും കാറിന്റെ പെർഫോമൻസിലൊന്നും യാതൊരു മാറ്റവും എംജി മോട്ടോർസ് വരുത്തിയിട്ടില്ലെന്ന് വേണം പറയാൻ. ഇവിയിലെ ഇലക്ട്രിക് മോട്ടോർ 134 bhp കരുത്തിൽ പരമാവധി 200 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് എന്നിവയുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന ലെവൽ 2 ADAS ആദ്യമായി വിൻഡ്‌സർ പ്രോ അവതരിപ്പിക്കും. ഓഡിയോ, വിഷ്വൽ, ഹാപ്‌റ്റിക് മുന്നറിയിപ്പുകൾക്കൊപ്പം ഈ സേഫ്റ്റി ഫീച്ചർ സ്റ്റാൻഡേർഡ് മോഡലിലുണ്ടായിരുന്ന ഒരു പ്രധാന വിടവ് പരിഹരിക്കുകയും വാഹനത്തിന്റെ സേഫ്റ്റി വർധിപ്പിക്കുകയും ചെയ്യും.
വെഹിക്കിൾ-ടു-ലോഡ് (V2L), വെഹിക്കിൾ-ടു-വെഹിക്കിൾ (V2V) ചാർജിംഗ് സവിശേഷതയും എംജി വിൻഡ്‌സർ പ്രോ ഇവിയിൽ ഇത്തവണയുണ്ടാവും. V2L ശേഷി വീട്ടുപകരണങ്ങൾ വരെ പ്രവർത്തിപ്പിക്കാൻ പാകമാണ്. അതായത് ഒരു ജനറേറ്റർ പോലെ വിൻഡ്‌സറിന് പ്രവർത്തിക്കാനാവുമെന്ന് സാരം. V2V ചാർജിംഗ് സംവിധാനത്തിലേക്ക് നോക്കിയാൽ മറ്റൊരു ഇലക്ട്രിക് വാഹനം ചാർജ് ചെയ്യാനുള്ള കാറിന്റെ കഴിവിനെയാണ് ഇത് സൂചിപ്പിക്കുന്നത്.

വൈവിധ്യമാർന്ന ഈ സവിശേഷതകൾ വിൻഡ്‌സർ പ്രോയെ ഒരു മൊബൈൽ പവർ സ്റ്റേഷനാക്കി മാറ്റുന്ന കാര്യങ്ങളാണ്. കഴിഞ്ഞില്ല, ഇനി ഇന്റീരിയറിലും പരിഷ്ക്കാരങ്ങൾ ഉണ്ടാവുമെന്ന് മുമ്പ് എംജി മോട്ടോർസ് പുറത്തുവിട്ട ടീസർ വീഡിയോ സൂചന നൽകിയിരുന്നു. ബ്ലാക്ക്, ബീജ് നിറങ്ങളിലുള്ള ലെതർ അപ്ഹോൾസ്റ്ററി, ഫോക്സ് വുഡ് ട്രിം, കൂടുതൽ പ്രീമിയം അനുഭവത്തിനായി കോപ്പർ ആക്സന്റുകൾ എന്നിവ ഉപയോഗിച്ച് ഇലക്ട്രിക് കാറിന്റെ അകത്തളത്തിന് പുതുക്കിയ രൂപം ലഭിക്കും.
നിലവിലുള്ള 15.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 8.8 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 9-സ്പീക്കർ ഇൻഫിനിറ്റി ഓഡിയോ സിസ്റ്റം എന്നിവ എംജി വിൻഡ്‌സർ ഇവി പ്രോയിൽ അതേപടി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. എക്സ്റ്റീരിയറിലേക്ക് നോക്കിയാൽ നിലവിലെ അടിപൊളി രൂപത്തിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാവില്ല. എങ്കിലും വിൻഡ്‌സർ പ്രോയിൽ പുതിയ അലോയ് വീലുകളും എക്‌സ്‌ക്ലൂസീവ് "പ്രോ" ബാഡ്ജിംഗും ഉണ്ടാവും.

14 ലക്ഷം മുതൽ 16 ലക്ഷം രൂപ വരെയാണ് നിലവിലുള്ള വിൻഡ്‌സർ ഇവിക്ക് വരുന്ന എക്സ്ഷോറൂം വില. കൂടുതൽ റേഞ്ചും ഫീച്ചറുകളും നിറയുന്നതിനാൽ പ്രോ പതിപ്പിന് വില അൽപം കൂടുതൽ മുടക്കാൻ തയാറാവേണ്ടി വരുമേ. വാങ്ങുന്നവർക്ക് വഴക്കം നൽകിക്കൊണ്ട് ബാറ്ററി-ആസ്-എ-സർവീസ് (BaaS) ഓപ്ഷൻ തുടരുമെന്നതിനാൽ വിലയുടെ കാര്യത്തിൽ ആശങ്കകളൊന്നും വേണ്ട കേട്ടോ.
ടാറ്റ നെക്‌സോൺ ഇവി, ടാറ്റ കർവ് ഇവി, ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, മഹീന്ദ്ര BE 6, വരാനിരിക്കുന്ന മാരുതി സുസുക്കി ഇ വിറ്റാര എന്നിവയ്‌ക്കെതിരെയായിരിക്കും എംജി വിൻഡ്‌സർ പ്രോ മത്സരിക്കുക. എന്തായാലും വാഹനത്തിന് വലിയ സ്വീകാര്യത ലഭിച്ചതിനാൽ എംജിക്ക് കൂടുതൽ ആശങ്കകളുടെ കാര്യമൊന്നുമില്ലെന്ന് വേണം പറയാൻ. റേഞ്ച് കൂടുന്നതു പോലെ തന്നെ വാങ്ങാനെത്തുവരുടെ എണ്ണത്തിലും കാര്യമായ വർധനവ് തന്നെ പ്രതീക്ഷിക്കാം.
ഇലക്ട്രിക് ക്രോസ്ഓവർ വാഹനമായ വിൻഡ്‌സർ വലിയ ഹാച്ച്ബാക്ക് പോലെയാണ് കാണപ്പെടുന്നതെങ്കിലും ഒരു എംപിവിയുടെ സ്പേസും പ്രായോഗികതയുമാണ് സമ്മാനിക്കുന്നത്. ഒപ്പം ബിസിനസ് ക്ലാസിലേത് പോലെയുള്ള യാത്രാ സുഖം കൂടിയാവുമ്പോൾ സംഗതി ഉഷാറാവും. ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ശക്തമായ ഡിമാൻഡ് കാരണം 2025 ഏപ്രിൽ മാസത്തെ വിൽപ്പന കണക്കുകളിലും കുതിപ്പ് തുടരാൻ ജെഎസ്‌ഡബ്ല്യു എംജി മോട്ടോർസിനായിട്ടുണ്ട്.
2024 ഏപ്രിലിൽ വിതരണം ചെയ്ത 4,725 വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കഴിഞ്ഞ മാസം 5,829 കാറുകളായിരുന്നു കമ്പനിയുടെ വിൽപ്പന കണക്കുകളിലേക്ക് ചേർത്തത്. അങ്ങനെ വാർഷിക വിൽപ്പന കണക്കുകളിൽ 23 ശതമാനത്തിന്റെ വളർച്ച നേടാനും എംജിക്കായി. വിൻഡ്‌സർ ഇവി നിരയിലേക്ക് പുതിയ പ്രോ മോഡൽ കൂടി ചേരുമ്പോൾ സംഗതി എന്തായാലും അടിപൊളിയാവുമെന്ന് തന്നെയാണ് അനുമാനം.
വിൻഡ്‌സർ ഇവി പ്രോയ്ക്ക് ശേഷം ഈ വർഷം എംജിയുടേതായി പുറത്തിറങ്ങാൻ പോവുന്ന അടുത്ത ഇവി ഇന്ത്യൻ വിപണിയിലെ ആദ്യത്തെ ഓൾ-ഇലക്ട്രിക് ടു-സീറ്റർ റോഡ്സ്റ്ററായ സൈബർസ്റ്റർ ആയിരിക്കും. മോഡലിന്റെ 77 കിലോവാട്ട്സ് ലിഥിയം-അയൺ ബാറ്ററി പായ്ക്ക് ഘടിപ്പിച്ച ഡ്യുവൽ-മോട്ടോർ ഓൾ-വീൽ-ഡ്രൈവ് വേരിയന്റ് അധികം വൈകാതെ തന്നെ നിരത്തിലേക്ക് എത്തുമെന്നാണ് അനുമാനം.
535 bhp കരുത്തിൽ 725 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായ എംജി സൈബർസ്റ്റർ വെറും 3.2 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗതയിൽ കുതിക്കുകയും ചെയ്യും. അതായത് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഇവിയായിരിക്കും ഇതെന്ന് സാരം. സിംഗിൾ ചാർജിൽ ഇവിക്ക് 442 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവുമെന്നതാണ് മറ്റൊരു പ്രത്യേകത. എംജിയുടെ പുതിയ സെലക്ട് ഡീലർഷിപ്പുകൾ വഴിയായിരിക്കും ഇലക്ട്രിക് റോഡ്‌സ്റ്റർ വിൽപ്പനയ്ക്ക് എത്തുക.
7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡാഷ്‌ബോർഡിനെ സെന്റർ കൺസോളുമായി സംയോജിപ്പിക്കുന്ന ഒരു അധിക സ്‌ക്രീൻ, സ്‌പോർട്‌സ് സീറ്റുകൾ, മൾട്ടി-സ്‌പോക്ക് ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, കൺവേർട്ടബിൾ റൂഫ്, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഹീറ്റഡ് സീറ്റുകൾ, എട്ട് സ്പീക്കറുകളുള്ള ബോസ് ഓഡിയോ സിസ്റ്റം, ലെവൽ 2 ADAS എന്നിവ എംജി സൈബർസ്റ്ററിന്റെ മറ്റ് സവിശേഷതകളാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








