സ്റ്റോക്ക് വിറ്റഴിച്ച് ഷോറൂം കാലിയാക്കണം, 4 ലക്ഷം വരെ വിലക്കിഴിവുമായി എംജിയുടെ ഇയർ എൻഡ് ഓഫർ
രാജ്യത്ത് ഇലക്‌ട്രിക് കാറുകളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയവരാണ് എംജി മോട്ടോർ. ഹെക്‌ടറുമായി ഇന്ത്യയിലെത്തിയ ചൈനീസ് ബ്രാൻഡ് കണക്റ്റഡ് കാർ സാങ്കേതികവിദ്യയെ രാജ്യത്ത് ജനകീയരാക്കിയവർ കൂടിയാണ് കേട്ടോ. നിലവിൽ ഇവികളിലൂടെ രാജ്യത്ത് പണംവാരുന്ന എംജി നിലവിലെ സ്റ്റോക്കുകളെല്ലാം വിറ്റഴിക്കുന്നതിനായി ഇയർ എൻഡ് ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. മിഡ്‌നൈറ്റ് കാർണിവൽ ഓഫർ എന്ന പേരിൽ അറിയപ്പെടുന്ന ആനുകൂല്യങ്ങൾ ആളുകൾക്ക് ഡിസംബർ 31 വരെ ഉപയോഗപ്പെടുത്താനാവും. 2025 മോഡൽ ഇയർ സ്റ്റോക്കുകൾ വിറ്റഴിയാനും ഷോറൂം കാലിയാക്കാനും ഉദ്ദേശിച്ചുള്ള ഡിസ്കൌണ്ട് ഈ മാസത്തെ വിൽപ്പന ഉയർത്താനും സഹായിക്കും.
എംജി ഗ്ലോസ്റ്റർ: ഷാർപ്പ്, സാവി, സാവി എന്നീ 6 സീറ്റ് വേരിയൻ്റുകളിൽ ലഭ്യമായ എംജി ഗ്ലോസ്റ്ററിന് ഈ മാസം ആകെ 4 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. ടൊയോട്ട ഫോർച്യൂണറിനും സ്കോഡ കൊഡിയാക്കിനും എതിരാളിയായ ഈ വാഹനത്തിന് നിലവിൽ 38.33 ലക്ഷം മുതൽ 42.49 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന ഫുൾ-സൈസ് എസ്‌യുവി 4x2 രൂപത്തിൽ 161 bhp പവറിൽ പരമാവധി 374 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിനും 4x4 രൂപത്തിൽ 216 bhp കരുത്തിൽ 479 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനിലും ലഭ്യമാണ്.
എംജി ഹെക്‌ടർ: ഡിസംബർ മാസത്തിൽ 5-സീറ്റർ എംജി ഹെക്‌ടറിനും 7-സീറ്റർ ഹെക്‌ടർ പ്ലസിനും ആകെ 90,000 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കും. ടാറ്റ ഹാരിയർ, സഫാരി എന്നിവയുമായി മത്സരിക്കുന്ന എസ്‌യുവിക്ക് 14.00 ലക്ഷം മുതൽ 21.34 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ബ്ലാക്ക്‌സ്റ്റോം, സ്നോസ്റ്റോം പതിപ്പുകൾ ഒഴികെ സ്റ്റൈൽ, ഷൈൻ പ്രോ, സെലക്ട് പ്രോ, സ്മാർട്ട് പ്രോ, ഷാർപ്പ് പ്രോ, സാവി പ്രോ എന്നീ 6 വേരിയൻ്റുകളിൽ തെരഞ്ഞെടുക്കാനാവും.

മിഡ്-സൈസ് എസ്‌യുവികൾ വാങ്ങുന്നവർക്ക് സിവിടി ഓട്ടോമാറ്റിക്, മാനുവൽ ഗിയർബോക്‌സ് ഓപ്ഷനുകളുള്ള 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ അല്ലെങ്കിൽ മാനുവൽ മാത്രമുള്ള 2.0 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് എംജി ഹെക്‌ടർ എസ്‌യുവി വാങ്ങാനാവുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഇൻ്റർനെറ്റ് കണക്റ്റഡ് സ്പോർട് യൂട്ടിലിറ്റി വാഹനം ഇന്നും പലരുടേയും ഡ്രീം കാറുകളിൽ ഒന്നാണ് കേട്ടോ.
എംജി ആസ്റ്റർ: ഹ്യുണ്ടായി ക്രെറ്റ, മാരുതി വിക്ടോറിസ് പോലുള്ള മിഡ്-സൈസ് എസ്‌യുവികളോട് മത്സരിക്കുന്ന ആസ്റ്ററിന് ഈ മാസം 50,000 രൂപ വരെയാണ് ഡിസ്കൌണ്ട് ഓഫറുകൾ ഒരുക്കിയിരിക്കുന്നത്. 9.65 ലക്ഷം മുതൽ 15.36 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരുന്ന മോഡൽ സ്പ്രിൻ്റ്, ഷൈൻ, സെലക്ട്, ഷാർപ്പ് പ്രോ, സാവി പ്രോ ട്രിമ്മുകളിലാണ് വിപണനത്തിന് എത്തുന്നത്. 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ആസ്റ്ററിൻ്റെ ഹൃദയം.

എംജി ZS ഇവി: എംജിയുടെ ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രിക് എസ്‌യുവി വാങ്ങുന്നവർക്ക് 1.25 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് കമ്പനി ഒരുക്കിവെച്ചിരിക്കുന്നത്. 50.3 കിലോവാട്ട് ബാറ്ററി പായ്ക്കുമായി വരുന്ന ഇവിക്ക് സിംഗിൾ ചാർജിൽ 461 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കും. എക്സിക്യൂട്ടീവ്, എക്സൈറ്റ് പ്രോ, എക്സ്ക്ലൂസീവ് പ്ലസ്, എസെൻസ് എന്നീ നാല് വേരിയൻ്റുകളിൽ വിപണനത്തിന് എത്തുന്ന മോഡലിന് 17.99 ലക്ഷം മുതൽ 20.50 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരിക.
എംജി വിൻഡ്‌സർ: ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഇലക്ട്രിക് കാറായ വിൻഡ്‌സർ ഇവിക്ക് ഈ മാസം 50,000 രൂപ വരെയാണ് ഓഫർ ഉപയോഗപ്പെടുത്താനാവുക. എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ്, എസെൻസ് എന്നീ മൂന്ന് വേരിയൻ്റുകളിൽ ലഭ്യമായ വിൻഡ്‌സർ 38kWh, 52.9kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളിലും വാങ്ങാനാവും. 14 ലക്ഷം മുതൽ 18.39 ലക്ഷം രൂപ വരെയാണ് ഇവിക്ക് വരുന്ന എക്സ്ഷോറൂം വില. സിംഗിൾ ചാർജിൽ വിൻഡ്‌സറിന് 449 റേഞ്ചും ലഭിക്കും.
എംജി കോമെറ്റ്: കുഞ്ഞൻ ഇലക്ട്രിക് കാറായ കോമെറ്റ് 1 ലക്ഷം രൂപ വരെ ഓഫറിൽ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് ഇത്തവണ കൈവന്നിരിക്കുന്നത്. 7.50 മുതൽ 10.00 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരുന്ന മോഡലിന് 17.3kWh ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്. സിംഗിൾ ചാർജിൽ 230 കിലോമീറ്റർ ARAI റേഞ്ച് വരെ നൽകുന്ന 3-ഡോർ മോഡൽ വീട്ടിലേക്ക് കുഞ്ഞനൊരു ഇവി നോക്കുന്നവർക്ക് കണ്ണുംപൂട്ടി വാങ്ങിക്കാനാവും.


Click it and Unblock the Notifications








