461 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് എസ്‌യുവി 4.44 ലക്ഷം വിലക്കുറവിൽ വിറ്റഴിക്കാൻ എംജി, 1 KM ഓടിക്കാൻ 60 പൈസ മതി
ഇലക്‌ട്രിക് കാറുകളിലൂടെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വാഹന നിർമാതാക്കളായി മാറിയിരിക്കുകയാണ് എംജി മോട്ടോർസ്. ബ്രാൻഡിന്റെ പേര് കേൾക്കുമ്പേഴേ കോമെറ്റ് ഇവി, വിൻഡ്‌സർ ഇവി തുടങ്ങിയ മോഡലുകളാണ് പലർക്കും ഇപ്പോൾ ഓർമ വരിക. എന്നാൽ ഇതിനെല്ലാം മുമ്പേ വിശ്വസ്‌തനെന്ന പേര് സമ്പാദിച്ച് എംജിയുടെ നിരയിൽ വേറിട്ടുനിന്ന മറ്റൊരു വൈദ്യുത എസ്‌യുവിയുണ്ടായിരുന്നു. മറ്റേതുമല്ല, ZS ഇവിയുടെ കാര്യമാണീ പറഞ്ഞുവരുന്നത്. 2019-ൽ എംജി ഹെക്‌ട്ർ എസ്‌യുവി പുറത്തിറക്കിയാണ് ബ്രാൻഡ് അരങ്ങത്തേക്ക് എത്തുന്നത്. തുടർന്ന് വൈദ്യുത വാഹന വിപ്ലവം അലയടിക്കുന്നതിന് മുമ്പേ കമ്പനിയുടെ രണ്ടാമനായി കൊണ്ടുവന്ന കാറാണ് ZS ഇവി.
2020 ജനുവരിയിൽ എംജി അവതരിപ്പിച്ച ZS ഇവി വാങ്ങിയവരാരും ഇതുവരെ കാര്യമായ കുറ്റങ്ങളും കുറവുകളും പറഞ്ഞിട്ടില്ലെന്നതാണ് സത്യം. ടാറ്റ നെക്സോൺ ഇവി പോലുള്ള വാഹനങ്ങളോട് പടവെട്ടിയാണ് ഇത്രയും കാലം പിടിച്ചുനിന്നത് എന്നതുകൂടി ഓർക്കുമ്പോൾ സംഗതി ഉഷാറാവുകയും ചെയ്യും. വിപണിയിലെത്തി ആറാം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ഇലക്‌ട്രിക് എസ്‌യുവിയിൽ കിടിലൻ ഓഫറുകളും ആനുകൂല്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രാൻഡ്.

ആറാം വാർഷികാഘോഷത്തിന്റെ ഭാഗമായി, ജെഎസ്ഡബ്ല്യു എംജി മോട്ടോർ ZS ഇവിയിൽ പ്രത്യേക വൺ-ടൈം ലിമിറ്റഡ് പിരീഡ് ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രത്യേക ആനുകൂല്യം ഉപയോഗിച്ച് 4.44 ലക്ഷം രൂപയോളം വിലക്കുറവ് വാഹനത്തിൽ ഉപയോഗപ്പെടുത്താനും ഉപഭോക്താക്കൾക്ക് സാധിക്കും. പ്രത്യേക വാർഷിക ഓഫറോടെ എംജി ZS ഇവിയുടെ ബേസ് എക്സിക്യൂട്ടീവ് വേരിയന്റ് 16.75 ലക്ഷം രൂപ പ്രാരംഭ വിലയിൽ ലഭ്യമാണ്.
പഴയ വിലയായ 16.88 ലക്ഷം രൂപയിൽ നിന്ന് 13,000 രൂപയോളം ഓഫറാണ് ഇതിൽ ലഭിക്കുക. എംജി ZS ഇവിയുടെ ബേസ് എക്സൈറ്റ് പ്രോ വേരിയന്റാണ് നോക്കുന്നതെങ്കിൽ 18,49,800 രൂപ പ്രാരംഭ വിലയിൽ പോർച്ചിലെത്തിക്കാനാവും. മുമ്പത്തെ വിലയായ 18,97,800 രൂപയിൽ നിന്ന് 48,000 രൂപ വിലക്കുറവാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. എക്സ്ക്ലൂസീവ് പ്ലസ് അല്ലെങ്കിൽ എസെൻസ് എന്ന വേരിയന്റുകൾ തെരഞ്ഞെടുക്കുന്നവർക്കാണ് പരമാവധി ലാഭം നേടാൻ കഴിയുക.

എംജി ZS ഇവിയുടെ എക്സ്ക്ലൂസീവ് പ്ലസ് വേരിയന്റ് ഇപ്പോൾ 19,49,800 രൂപയ്ക്ക് വീട്ടിലെത്തിക്കാം. നേരത്തെയുണ്ടായിരുന്ന 23,64,800 രൂപയിൽ നിന്ന് 4.15 ലക്ഷം രൂപയുടെ വലിയ വിലക്കുറവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഇലക്ട്രിക് എസ്‌യുവിയുടെ ടോപ്പ് എൻഡ് എസെൻസ് വേരിയന്റ് ഇപ്പോൾ 20,49,800 രൂപ പ്രാരംഭ വിലയിൽ ലഭ്യമാണ്. പഴയ വിലയായ 24,93,800 രൂപയിൽ നിന്ന് 4.44 ലക്ഷം രൂപയാണ് ഇതിൽ ലാഭിക്കാനാവുന്നത്.
ഈ ഓഫറുകൾ എത്ര കാലം ലഭ്യമാകുമെന്ന് കൃത്യമായ സമയപരിധി നൽകിയിട്ടില്ല. എങ്കിലും കുറഞ്ഞത് ജൂൺ മുഴുവൻ അല്ലെങ്കിൽ സ്റ്റോക്ക് ലഭ്യത അനുസരിച്ച് ലഭ്യമാകാൻ സാധ്യതയുണ്ടെന്നാണ് വിവരം. ടാറ്റ കർവ് ഇവി, ഹ്യുണ്ടായി ക്രെറ്റ ഇവി, മഹീന്ദ്ര BE 6, ബിവൈഡി അറ്റോ 3, ടാറ്റ നെക്സോൺ ഇവി തുടങ്ങിയ എതിരാളികളുമായാണ് എംജി ZS ഇലക്ട്രിക് എസ്‌യുവി വിപണിയിൽ മത്സരിക്കുന്നത്.

50.3 kWh ബാറ്ററി പായ്ക്കാണ് എംജി ZS ഇവിയിൽ ഉപയോഗിച്ചിരിക്കുന്നത്. സിംഗിൾ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന ഈ ഇലക്ട്രിക് പവർട്രെയിൻ 174 bhp പവറിൽ പരമാവധി 280 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സിംഗിൾ ചാർജിൽ 461 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ ഇലക്‌ട്രിക് എസ്‌യുവി ഡിസി ഫാസ്റ്റ് ചാർജിംഗിനെ വരെ പിന്തുണയ്ക്കുന്നതിനാൽ വേഗത്തിൽ ചാർജ് ചെയ്യാനും കഴിയും. 1 കി.മീ. ഓടിക്കാൻ വാഹനത്തിന് 60 പൈസയാണ് പ്രവർത്തന ചെലവ് വരുന്നത്.
പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും ബാറ്ററിയെ പ്രതിരോധിക്കാൻ കഴിയുന്ന തരത്തിലാണ് കമ്പനി ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മാത്രമല്ല, കർശനമായ സുരക്ഷയും പെർഫോമൻസ് ആവശ്യകതകളും നിറവേറ്റുന്നതിായി വികസിപ്പിച്ച ബാറ്ററിയാണ് ZS ഇവിയിൽ പ്രവർത്തിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. UL2580 സേഫ്റ്റി മാനേജ്‌മെന്റ് സിസ്റ്റവും ASIL-D മെച്ചപ്പെടുത്തിയ സുരക്ഷാ ഇന്റഗ്രിറ്റി ലെവൽ റേറ്റിംഗും ബാറ്ററി പായ്ക്കിനുണ്ട്.


Click it and Unblock the Notifications








